ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 November 2021

വിഘ്‌ന വിനാശകാനായ ഗണപതി

വിഘ്‌ന വിനാശകാനായ ഗണപതി

നമ്മള്‍ ഏതൊരു കാര്യത്തിനൊരുങ്ങിയാലും ആദ്യം വിഘ്‌ന വിനാശകാനായ ഗണപതി പ്രീതി വരുത്താറുണ്ട്. എന്നാലേ ആ കാര്യം വിജയപ്രദമാകൂ എന്നാണ് വിശ്വാസം. അത് ശരിയുമാണ്. ഗണേശമന്ത്രങ്ങളും നാമങ്ങളും ജപിക്കുന്നതും ഉത്തമമാണ്. ഗണേശപൂജയ്ക്ക്, ഉണ്ടാക്കുന്നതോ, വാങ്ങിക്കുന്നതോ ആയ വിഗ്രഹങ്ങള്‍ ലക്ഷണമുള്ളതായിരിക്കണം; ജീവനുറ്റതായിരിക്കണം.ഗണേശ വിഗ്രഹങ്ങളുടെ മുമ്പില്‍ പ്രസാദം (തേങ്ങ, അട, മോദകം, ഉണ്ണിയപ്പം, പഴങ്ങള്‍ എന്നിവ അവല്‍ മലരിനോടൊപ്പം ചേര്‍ത്ത പ്രസാദം) സമര്‍പ്പിച്ച്‌ കറുകപ്പുല്ല്, മുക്കുറ്റി, ചുവന്ന പുഷ്പങ്ങള്‍ എന്നിവ മന്ത്രം ചൊല്ലി അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാവുന്നതാണ്.

പൂജാ ഹോമങ്ങള്‍ അറിയാവുന്നവര്‍ക്ക് പൂജ ചെയ്ത് മന്ത്രങ്ങളാല്‍ അര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കാം.പൂജയ്ക്കായാലും, അര്‍ച്ചനയ്ക്കായാലും അര്‍പ്പണ മനോഭാവത്തോടെ പൂജ ചെയ്ത് മന്ത്രാര്‍ച്ചന, നടത്തിയാല്‍ ഫലം ഇരട്ടിയാകും. ഇടയ്ക്ക് വര്‍ത്തമാനം പറയാനോ, എഴുന്നേല്‍ക്കാനോ പാടില്ല. പൂജ ചെയ്ത വിഗ്രഹം വിനായക ചതുര്‍ത്ഥിയുടെ അന്നത്തെ ആഘോഷത്തോടെ ജലാശയത്തില്‍ ഒഴുക്കിവിടണം. ഗണേശ ചതുര്‍ത്ഥിക്ക് വ്രതം എടുക്കുന്നതും നല്ലതാണ്. ഏത് കാര്യത്തിനൊരുങ്ങിയാലും തടസ്സങ്ങള്‍, മറവി, ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വ്രതത്തോടെ മന്ത്രങ്ങളും നാമങ്ങളും ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഗണേശാനുഗ്രഹം ഉണ്ടാകും.

ഗണേശാഷ്‌ടോത്തരം, ഗണേശ സഹസ്രനാമം എന്നിവ വ്രതത്തോടെ ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ വിദ്യയില്‍ എത്ര മോശമായ കുട്ടികളും മിടുക്കരായിത്തീരും. മാത്രമല്ല ഗണേശ ചതുര്‍ത്ഥി ദിവസം ചെയ്യുന്ന പൂജ ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും ഇല്ലാതാക്കാനും അഭീഷ്ടസിദ്ധിക്കും ഫലപ്രദം. വിനായക ചതുര്‍ത്ഥിക്ക് ക്ഷേത്ര ദര്‍ശനം നടത്തിയാലും സര്‍വ്വ ദോഷങ്ങളും ഹനിക്കപ്പെടും.ബുദ്ധിയുടെയും ശക്തിയുടെയും ദേവനാണ് ഗണപതി. അതിനാല്‍ എല്ലാ വിദ്യയുടെയും അറിവിന്റെയും അടിത്തറയായി ഗണേശനെ ആരാധിക്കാം. ഉന്നത വിദ്യാഭ്യാസത്തിന് കാത്തിരിക്കുന്ന കുട്ടികള്‍ ഗണേശപൂജ നടത്തിയോ, നടത്തിച്ചോ, ഗണപതി മന്ത്രങ്ങള്‍ ജപിച്ചാല്‍ ഉദ്ദേശിച്ച ഫലപ്രാപ്തിയുണ്ടാകും.

ചിട്ടയോടുകൂടിയുള്ള ജീവിതം തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്. നിത്യവും സൂര്യോദയത്തിനു മുന്നേ കുളിച്ച് നിലവിളക്കു തെളിച്ചു പ്രാർഥിക്കുന്നത് ആ ദിനം മുഴുവൻ പോസിറ്റീവ് ഊർജ്ജം നിറഞ്ഞതാവാൻ സഹായിക്കും. പ്രാർഥനകളിൽ  മനസ്സിനെ ത്രാണനം ചെയ്യുന്ന മന്ത്രങ്ങൾ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ശക്തിയുടെ ഉറവിടങ്ങളാണ് മന്ത്രങ്ങൾ.
ബുദ്ധികാരകനായ ഗണപതിയുടെ മന്ത്രങ്ങള്‍ എല്ലാ ചതുര്‍ത്ഥി ദിവസവും (എല്ലാ മാസത്തിലെയും ചതുര്‍ത്ഥി ദിവസം) 108 പ്രാവശ്യം ജപിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഇഷ്ടസിദ്ധിയാണ് ഫലം.

ഉത്തമനായ ഗുരുവിൽ നിന്ന് മന്ത്രം സ്വീകരിക്കുന്നതാണ് ഏറെ നല്ലത്. സ്വീകരിച്ചതിന് ശേഷം മന്ത്രങ്ങൾ ജപിക്കുമ്പോൾ വ്യക്തതയോടെയും സാവകാശത്തിലും മാത്രം ജപിച്ച് ശീലിക്കണം. ആവശ്യമുള്ളവർക്ക് മാനസപൂജയും ചെയ്യാവുന്നതാകുന്നു.

‘ഓം ഗം ഗണപതയെ നമഃ’ ഇതാണ് മൂലമന്ത്രം.

ഓം ഗം നമഃ ബീജഗണപതിമന്ത്രം

മഹാഗണപതി മന്ത്രം
അഭീഷ്ടസിദ്ധി മന്ത്രമാണ്.

”ഓം ശ്രീം ക്ലീം ഗ്ലൗം ഗം ഗണപതയെ വരവരദ സര്‍വ്വ ജനം മേ വശമാനായ സ്വാഹഃ”

ഈ അത്ഭുത ശക്തിയുള്ള മന്ത്രം നിത്യേന രാവിലെ 108 പ്രാവശ്യം ജപിച്ചാല്‍ ധനലാഭം, വശ്യശക്തി എന്നിവയും ഉന്നത വിദ്യാഭ്യാസവും തൊഴിലും ലഭിക്കും.
മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവർക്ക് അത്ഭുതകരമായ ഒരു വശ്യശക്തി ലഭിക്കും. ആർക്കും ബഹുമാനിക്കണം എന്ന ചിന്തയുണ്ടാകും. സർവ്വ സിദ്ധികളും ലഭിക്കുന്ന അത്യുത്തമം ആയതും ഗണപതിമന്ത്രങ്ങളിൽ വെച്ചേറ്റവും ഫലപ്രദവുമായ മന്ത്രവുമാണിത്. സത്സ്വഭാവാണ് മന്ത്രജപത്തിന്റെ മറ്റൊരു ഫലപ്രാപ്തി.

ലക്ഷ്മീവിനായകം

സാമ്പത്തികസ്ഥിതി മോശമായാല്‍ സ്വഭവനത്തില്‍ നിത്യവും പ്രഭാതങ്ങളില്‍ ജപിക്കാവുന്ന ഗണപതിമന്ത്രങ്ങളില്‍ ഒന്നാണ് 'ലക്ഷ്മീവിനായകം'.

സൂര്യോദയത്തിന് മുമ്പ് ജപിച്ചാല്‍ ഫലം സുനിശ്ചിതം.

ആദ്യം ഗണപതി ധ്യാനം (ഒരു പ്രാവശ്യം):

'ഓം ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോധരം വിശാലാക്ഷം
വന്ദേഹം ഗണനായകം'

തുടര്‍ന്ന്‍, 108 ഉരുജപിക്കുക ലക്ഷ്മീവിനായകമന്ത്രജപം.

ലക്ഷ്മീവിനായകമന്ത്രം:

ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വര വരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ.

ഇത് ദാരിദ്യശാന്തി നൽകും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തിൽ ഓജരാശിയിൽ നിൽക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തിൽ കേതു നിൽക്കുന്ന ജാതകർക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.

ക്ഷിപ്രഗണപതി മന്ത്രം:

'ഗം ക്ഷിപ്ര പ്രസാദനായ നമഃ'

തടസശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു. 108 ആണ് ജപസംഖ്യ.

വശ്യഗണപതി മന്ത്രം

ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ'

ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു. 108 ആണ് ജപസംഖ്യ.

ഗണപതിഹോമം

ഹിന്ദു വിശ്വാസികള്‍ ഏത് പുണ്യകര്‍മ്മം തുടങ്ങുമ്പോഴും ഗണപതിയെ ആദ്യം വന്ദിക്കുന്നു. പുര വാസ്തുബലി തുടങ്ങിയ വലിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഗണപതി ഹോമം പ്രധാനമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ഗണപതി ഹോമങ്ങള്‍ നടത്തുക പതിവുണ്ട്. വിഘ്നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങള്‍ വര്‍ദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. തീരെ കുറഞ്ഞ ചെലവില്‍ ഗണപതിഹോമം നടത്താനാവും. ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

മാസം തോറും ജന്മനക്ഷത്രത്തിന് ഗണപതി ഹോമം നടത്തുന്നത് ജീവിതത്തില്‍ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും ഉത്തമമാണ്. ഒരു നാളീകേരം കൊണ്ട് ഏറ്റവും ചെറിയ രീതിയില്‍ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളീകേരമാണ് ഉപയോഗിക്കുക പതിവ്.

എട്ട് നാളീകേരം കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. കൊട്ടത്തേങ്ങ അല്ലെങ്കില്‍ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്, തേന്‍, ശര്‍ക്കര, അപ്പം, മലര്‍, എള്ള്, ഗണപതി നാരങ്ങ എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.

നാളീകേരത്തിന്‍റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയില്‍ ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്‍റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേര്‍ത്ത് ഹോമിച്ചാല്‍ ഫലസിദ്ധി പരിപൂര്‍ണ്ണമായിരിക്കും എന്നാണ് വിശ്വാസം.

ഗണപതി ഹോമം നടത്തി തരുന്ന ആള്‍ക്ക് നാലു വെറ്റിലയില്‍ അടയ്ക്കയും സംഖ്യയും വച്ച് ദക്ഷിണ നല്‍കണം. അമ്മ, അച്ഛന്‍, ഗുരു, ഈശ്വരന്‍ എന്നീ നാലു പേരെയാണ് ഈ വെറ്റിലകള്‍ സൂചിപ്പിക്കുന്നത്.

ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാന്‍ പാടില്ല. എല്ലാം ഭഗവാന് സമര്‍പ്പിച്ച് ദക്ഷിണ കൊടുത്ത് പിന്‍‌വാങ്ങുകയാണ് വേണ്ടത്. പലര്‍ക്കും ദക്ഷിണ കൊടുക്കാന്‍ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.

ഗണപതിഹോമവും ഫലങ്ങളും

പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :

അഭീഷ്ടസിദ്ധി :

അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.

ഐശ്വര്യം :

കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.

മംഗല്യസിദ്ധി :

ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയം‌വര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.

സന്താനഭാഗ്യം :

സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.

ഭൂമിലാഭം :

താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.

പിതൃക്കളുടെ പ്രീതി:

എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.

ആകര്‍ഷണത്തിന് :

മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം

കലഹം തീരാന്‍ :

ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.

ഏറ്റവും വേഗത്തില്‍ ഫലം തരുന്ന കര്‍മ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.

ചെംഗണപതിഹോമം

വീട്ടമ്മമാർ‌ക്കു നിത്യവും വീട്ടിൽ ചെയ്യാവുന്ന ഗണപതിഹോമമാണു ചെംഗണപതിഹോമം. അശുദ്ധി കാലങ്ങളിലൊഴികെ സ്ത്രീകൾ ചെയ്യുന്ന ഹോമം എന്ന പ്രത്യേകതയും ഇതിനുണ്ട്. രാവിലെ കുളിച്ച് ശുദ്ധിയോടെ അടുപ്പു കത്തിച്ച്, അതിൽ തേങ്ങാപ്പൂളും ശര്‍ക്കരയും അൽപം നെയ്യും ഗണപതിയെ ധ്യാനിച്ച് ഹോമിക്കുന്നതാണു ചടങ്ങ്. ഇന്നു മിക്ക വീടുകളിലും അടുപ്പു കത്തിക്കാത്തതിനാൽ ചകിരിത്തൊണ്ടിൽ തീ കത്തിച്ചു ചെംഗണപതി ഹോമം ചെയ്യാവുന്നതാണ്. നേദിക്കുമ്പോൾ ഗണേശന്റെ മൂലമന്ത്രമായ

‘‘ഓം ഗം ഗണപ തയേ നമഃ’’

ജപിക്കണം. ഇങ്ങനെ ചെയ്യുന്നതു കുടുംബത്തിൽ‌ സർ‌വവിഘ്നങ്ങളും നീങ്ങി ഐശ്വര്യം നിറയും എന്നാണു വിശ്വാസം.

ഗണപതി ഗായത്രികൾ:

ഓം ഏക ദന്തായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
(ഫലം: ഉദ്ദിഷ്ടകാര്യസിദ്ധി)

ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
(ഫലം: സർ‌വ തടസ്സങ്ങളും അകന്നു വിജയം നേടും)

No comments:

Post a Comment