ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

9 November 2021

സമയത്തിന്റെ വില മനസ്സിലാക്കൂ...

സമയത്തിന്റെ വില മനസ്സിലാക്കൂ...

ഈ ലോകത്ത് ഏറ്റവും വിലയുള്ള വസ്തു എന്തെന്ന് ചോദിച്ചാല്‍ അത് സമയംതന്നെ ആണ്. സമയത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല. ലോകത്തെല്ലാവര്‍ക്കും ഒരു ദിവസം അനുവദിക്കപ്പെട്ടിട്ടുള്ള സമയം 24 മണിക്കൂറാണ്. എന്നാല്‍ ചിലര്‍ അതിനെ ഫലപ്രദമായി ഉപയോഗിക്കുന്നു. അവര്‍ ജീവിതവിജയം നേടുന്നു. സമയത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിലാണ് ജീവിതവിജയമിരിക്കുന്നത്.

സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്ന ഒരു ഋഗ്വേദമന്ത്രത്തിലേക്ക് നമുക്കൊന്നു കടന്നുചെല്ലാം. കാണുക:
ഓം പുനഃ പുനര്ജായമാനാ പുരാണീ സമാനം വര്ണമഭി ശുംഭമാനാ.
ശ്വഘ്‌നീവ കൃത്‌നുര്‍വിജ ആമിനാനാ മര്തസ്യ ദേവീ ജരയന്ത്യായുഃ.
(ഋഗ്വേദം 1.92.10)

പദം പിരിച്ചുള്ള അര്‍ത്ഥം:

(പുനഃ പുനഃ ജായമാനാ=) വീണ്ടും വീണ്ടും പിറക്കുന്ന 
(പുരാണീ=) ആദികാലം മുതല്‍ക്കേ ഉള്ള
ഉഷസ്സ് 
(സമാനം വര്ണം=) സമാനമായ രൂപത്തെ 
(അഭി=) പ്രാപിച്ചുകൊണ്ട് 
(ശുംഭമാനാ=) ശോഭിക്കുന്നു. എന്നാല്‍ ഇപ്രകാരം കടന്നുവരുന്ന ഈ (ദേവീ=) പ്രകാശമയിയായ ഉഷസ്സ് 
(മര്തസ്യ=) മര്‍ത്യരുടെ അഥവാ മരണധര്‍മികളായ മനുഷ്യരുടെ 
(ആയുഃ=) ആയുസ്സിനെ 
(ജരയന്തീ=) ജീര്‍ണമാക്കുന്നു. (ഇവ=) ഏതുപോലെയാണോ 
(കൃത്‌നുഃ=) വെട്ടിമുറിവേല്‍പ്പിക്കുന്ന 
(ശ്വഘ്‌നീ=) വേട്ടക്കാരി 
(വിജഃ=) ഭയന്ന് പാറിപ്പോകാന്‍ ഒരുമ്പെടുന്ന പക്ഷികളെ 
(ആമിനാനാ=) ചിറകരിഞ്ഞ് ഹിംസിക്കുന്നത് അതുപോലെ
സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് വാസ്തവത്തില്‍ ഉഷസ്സിനെ സംബന്ധിച്ച ഈ വര്‍ണനയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നിനുപുറകേ ഒന്നായി ഓരോ ദിനവും ഉഷസ്സ് വന്നെത്തുന്നു. മാത്രമല്ല, സമാനമായ രൂപത്തിലാണ് എന്നും വന്നെത്തുന്നത്. ഇന്നലെ വന്ന അതേ രൂപത്തില്‍തന്നെ ഇന്നും അതേ രൂപത്തില്‍തന്നെ നാളെയും വന്നെത്തുന്നു. അതുകൊണ്ട് നമ്മളാരും കാലം കടന്നുപോകുന്നതിനെക്കുറിച്ച് ബോധവാന്മാരാകുന്നില്ല.

ദീര്‍ഘകാലത്തിനു ശേഷം ഓര്‍ത്തുനോക്കുമ്പോള്‍ കുട്ടിക്കാലത്ത് നടന്ന സംഭവങ്ങള്‍പോലും 'ഇന്നലെ നടന്നതുപോലെ' നമുക്കൊക്കെ തോന്നാന്‍ കാരണവും ഇതുതന്നെ. പ്രകൃതിയിലെ ഋതം, അതായത് ചാക്രികമായ താളം കാലത്തിന്റെ മുന്നോട്ടുള്ള ഗതിയെ
നമ്മില്‍ നിന്ന് മറച്ചുപിടിക്കുന്നു. അത് നമ്മെ അലസന്മാരാക്കുന്നു. എന്നാല്‍ വാസ്തവത്തില്‍ പ്രതിദിനവും നമ്മുടെ ആയുസ്സ് ക്ഷയിച്ചു ക്ഷയിച്ചുവരികയാണെന്ന സത്യത്തെ നാം മനസ്സിലാക്കേണ്ടതുണ്ട്. അതുള്‍ക്കൊണ്ട് ജീവിക്കേണ്ടതുണ്ട്. ഈയൊരു തത്ത്വത്തെയാണ് ഉഷസ്സിനെ വേട്ടക്കാരിയോട് ഉപമിച്ചുകൊണ്ടുള്ള ആലങ്കാരികവര്‍ണനയിലൂടെ നമ്മോട് വേദമന്ത്രം പറഞ്ഞുതരുന്നത്.

ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചവരായിരുന്നു നമ്മുടെ പൂര്‍വ ഋഷിമാര്‍. അവര്‍ക്ക് ജീവിതത്തിന് ഒരു ചിട്ടയുണ്ടായിരുന്നു. ആചരണങ്ങളിലൂടെയായിരുന്നു അവര്‍ ആ ചിട്ടയെ സംരക്ഷിച്ചതും തലമുറകളിലേക്ക് കൈമാറിവന്നതും. അവരുടെ ഓരോ ദിനവും തുടങ്ങിയത് വൈദികകര്‍മങ്ങളിലൂടെയായിരുന്നു. പഞ്ച മഹായജ്ഞങ്ങളാണ് വൈദികകര്‍മങ്ങള്‍. അവ നിത്യവും ചെയ്യേണ്ടുന്നതാണ്. അവയില്‍ ആദ്യത്തേതായ ബ്രഹ്മയജ്ഞം സന്ധ്യക്ക് ചെയ്യേണ്ടുന്ന ഉപാസനയാണ്. തുടര്‍ന്ന് അഗ്നിഹോത്രവും ബലിവൈശ്വദേവയജ്ഞവും ചെയ്യണം. ഇങ്ങനെ എല്ലാംകൂടി രാവിലെ ഒരു മണിക്കൂറില്‍ കുറവ് സമയമേ ഉപാസനയ്ക്കായി എടുക്കൂ. എന്നാല്‍ ഇവയുടെ ഫലങ്ങളോ അനന്തങ്ങളാണുതാനും.
ഈ നിത്യകര്‍മങ്ങള്‍ സമയത്തിന് അനുഷ്ഠിക്കുന്നതിലൂടെ നാമറിയാതെ ഒരു ചിട്ട നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ഒന്നിനും ഒരു ചിട്ടയില്ലാത്തതാണ് പലരുടെയും ജീവിത പരാജയത്തിന് മൂലകാരണം. ഒരു കാര്യമെങ്കിലും പ്രതിദിനം സമയത്തിന് നടക്കുകയാണെങ്കില്‍ അതിനെ ആശ്രയിച്ച് മറ്റുള്ള കാര്യങ്ങളും സമയത്തിന് നടക്കാന്‍ തുടങ്ങും. ഇങ്ങനെ ഉപാസനാ കര്‍മങ്ങളാല്‍
കൈവന്ന സമയ ക്രമീകരണമാണ് നമ്മുടെ പൂര്‍വികരുടെ ജീവിത വിജയത്തിന്റെ പ്രധാന ഹേതു. അഗ്നിഹോത്രയജ്ഞത്തിലൂടെ നാമറിയാതെ നമ്മില്‍ വന്നുദിക്കുന്ന യജ്ഞീയ ഭാവമാകട്ടെ, അലസതയില്ലാതെ കര്‍മം ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യും. അങ്ങനെ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ സമയത്തിന് ചെയ്യാനും സമയ ബന്ധിതമായി ചെയ്യാനും വേണ്ട പ്രേരണ നമുക്ക് നല്‍കുന്ന ആ ഉപാസനപദ്ധതികളെയാണ് ജീവിതവിജയത്തിന് ആഗ്രഹിക്കുന്നവര്‍ ആദ്യം ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടത്. സമാനമായ രൂപത്തോടുകൂടിയ ഓരോ ദിനത്തെയും ഓരോന്നായിക്കാണാന്‍ നമുക്ക് കഴിയണം.

അലസത വെടിഞ്ഞ് അന്നന്ന് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ അന്നന്നുതന്നെ ചെയ്തുതീര്‍ക്കണം. ചെയ്ത കാര്യങ്ങളെക്കുറിച്ച് ഉറങ്ങുന്നതിനുമുന്‍പ് ഓര്‍മ്മിക്കണം. ഓരോ ദിനവും തനിക്ക് ഈശ്വരന്‍ നല്‍കിയ വിലപ്പെട്ട സമയത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെവേണം ഉറങ്ങാന്‍ കിടക്കാന്‍. അതു നല്‍കുന്ന ആത്മവിശ്വാസത്തോടെ വേണം പിറ്റേന്ന് പുതിയ ഉഷസ്സിനെ സ്വാഗതം ചെയ്യാന്‍.

ആചാര്യശ്രീ രാജേഷ്

No comments:

Post a Comment