ഈശാവാസ്യോപനിഷത്ത് പഠനം - 2
യഥാർത്ഥ ജ്ഞാനം
👉 3) ”അസൂര്യാ നാമ തേ ലോകാ
അന്ധേന തമസാവൃതാ:
താംസ്‌തേ പ്രേത്യാഭിഗച്ഛന്തി
യേ കേ ചാത്മഹനോ ജനാ:”
സൂര്യതേജസ്സ് എത്താത്ത ലോകങ്ങള്‍ അറിവില്ലായ്മയാലും അജ്ഞാനത്താലും അന്ധകാരത്താലും മൂടപ്പെട്ടിരിക്കുന്നു. സ്വയം മരിക്കുന്നവരും ഈശ്വരനെ ചിന്തിക്കാത്തവരുമായ മൂഢന്മാര്‍ ഈ ഇരുളടഞ്ഞ ലോകത്തില്‍ എത്തുന്നു.
ഭൂമിയുടെ ഊര്‍ജ്ജസ്രോതസ്സ്‌സൂര്യനാണ്. സൂര്യനേയും ബുധനേയും ബുദ്ധിയുടെ കേന്ദ്രവും കാരകവുമായി ജ്യോതിഷം അവതരിപ്പിക്കുന്നു. സൂര്യഗായത്രി ജപിച്ചാല്‍ ബുദ്ധിവികാസമുണ്ടാവും എന്ന് വിശ്വാസം. ഇത് ശരിയായാലും തെറ്റായാലും ജീവകോശങ്ങള്‍ക്ക് ആവശ്യത്തിന് ചൂടും ഊര്‍ജ്ജവും ലഭിക്കുന്നത് സൂര്യനില്‍ നിന്നും ചന്ദ്രനില്‍ നിന്നുമാണെന്നും ഈ നക്ഷത്രാദികളില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവുമെന്നതും വസ്തുതയാണ്. സൂര്യതേജസ്സ് സ്വീകരിക്കുന്ന ജീവികളാണ് ബുദ്ധിപരമായ മികവ് പുലര്‍ത്തുന്നതെന്ന് സത്യം. മണ്ണിനടിയിലും കൊടും കാട്ടിലും വെള്ളത്തിലും കഴിയുന്ന ജീവികള്‍ വിവേചനബുദ്ധിയില്ലാത്തവ തന്നെയാണ്.
സ്വഹത്യ ചെയ്യുന്നവരും മറ്റും വീണ്ടും ജനിക്കുന്നതോ, അവരുടെ ആത്മാവ് നിലനില്‍ക്കുന്നതോ അജ്ഞാനത്തിലായിരിക്കുമെന്ന് വ്യക്തം. ആത്മാവിന്റെ തനിമയെക്കുറിച്ചോ ഗതിവിഗതികളെക്കുറിച്ചോ ശാസ്ത്രത്തിനും ഇതുവരെ യാതൊരറിവും ലഭിച്ചിട്ടില്ല. ഈശ്വരന്‍ എന്ന് ജ്ഞാനികള്‍ നിരീക്ഷിക്കുന്നത് ആത്മന്‍ എന്ന ചൈതന്യത്തിന്റെ പ്രഭവത്തെയാണ്. പ്രപഞ്ച രഹസ്യത്തെയറിയാനാഗ്രഹിക്കാത്ത, സനാതനമായ ചൈതന്യത്തില്‍ വിശ്വാസമില്ലാത്ത ആളുകള്‍ മൂഢന്‍മാരാണെന്നും അവര്‍ സൂര്യതേജസ്സില്ലാത്ത ലോകത്തിലായിരിക്കുമെന്നും സാരം.
👉 4) ”അനേജദേകം മനസോജവീയോ
നൈനദ്ദേവാ ആപ്‌നുവന്‍ പൂര്‍വ്വമര്‍ഷത്
തദ്ധാവതോങ്കന്യാനത്യേതി തിഷ്ഠത്
തസ്മിന്നപോ മാതരിശ്വാ ദധാതി”
പരമാത്മാവ് അഥവാ പരബ്രഹ്മം മനസ്സിനേക്കാള്‍ വേഗമുള്ളതാണ്. പരബ്രഹ്മം എല്ലാത്തിന്റേയും തുടക്കമാവുന്നു; അത് സമ്പൂര്‍ണ്ണമായതാണ്. ഈ പരംപൊരുളിനെ മനസ്സിലാക്കാന്‍ ദേവന്‍മാര്‍ക്കുപോലും കഴിഞ്ഞിട്ടില്ല. ഇക്കാണായ പ്രപഞ്ചത്തിലെ എല്ലാം സംഭവിക്കുന്നത് പരബ്രഹ്മത്തിന്റെ പ്രവര്‍ത്തനത്താലാണ്.
അദ്വൈതസിദ്ധാന്തത്തിന്റെ അടിസ്ഥാനചിന്തകള്‍ ഇവിടെ കാണാം. ഇടക്കാലത്ത് ജാതിയുടെ, മതത്തിന്റെ ചിന്തകള്‍ നമ്മുടെ സമൂഹത്തെയാകെ മന്ദീഭവിപ്പിക്കുകയുണ്ടായി. ഇത് പരിഷ്‌ക്കരിക്കാനാണ് ആദിശങ്കരന്റെ ജന്മം തന്നെ. ഏതൊരു ഏകതാദര്‍ശനമാണോ ഭാരതം ലോകത്തിന് മുമ്പില്‍ അവതരിപ്പിച്ചത് അതിന് വിപരീതമാണ് പാശ്ചാത്യ ജീവിത രീതി. പ്രപഞ്ചത്തില്‍ നിന്ന് വേറിട്ടൊരു ജീവിയായിട്ടാണ് മനുഷ്യനെ പാശ്ചാത്യര്‍ കാണുന്നത്. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ് എന്ന് ഭാരതം പഠിപ്പിക്കുന്നു. പരമമായ ശ്രേയസ്സ് പ്രകൃതിയും മനുഷ്യനും തമ്മിലെ പാരസ്പര്യത്തിലാണെന്ന് ശ്രീമദ് ഭഗവദ് ഗീത വ്യക്തമാക്കുന്നു.
പരമമായ ചൈതന്യത്തില്‍ നിന്നാണ് ഈ ഭൗതിക പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം. ഞാന്‍, നീ എന്നിങ്ങനെയുള്ള ദ്വൈതഭാവത്തിന് ഇവിടെ സ്ഥാനമില്ല. അറിവില്ലായ്മയാണ് ദ്വൈതചിന്ത ഉണ്ടാക്കുന്നത്. ”ഞാന്‍ ഈശ്വരനാണ്” എന്നും, ”ആ ഈശ്വരീയത നിന്നിലുമുണ്ട്” എന്നും, ”ഈ കാണുന്നതെല്ലാം ഈശ്വരീയമാണ്” എന്നും വേദങ്ങള്‍ ഘോഷിക്കുന്നു.
(”അഹം ബ്രഹ്മാസ്മി”,
”തത്ത്വമസി”
”സര്‍വ്വം ഖല്വിദം ബ്രഹ്മാ.”)
അധ്യാത്മികാചാര്യന്‍മാരുടെ ദര്‍ശനം വിശദമാക്കുന്ന ‘ഏകാത്മതാ മന്ത്രം’ അഥവാ ‘സമന്വയമന്ത്രം’ ശ്രദ്ധിക്കുക; ”വൈദിക മന്ത്രങ്ങളില്‍ കാണപ്പെടുന്ന ഇന്ദ്രന്‍, യമന്‍, മാതരിശ്വാനന്‍ എന്നിവരെല്ലാം അനിര്‍വ്വചനീയമായ ‘ബ്രഹ്മം’ എന്ന പദത്താലാണ് വേദാന്തികളാല്‍ പരാമര്‍ശിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നു. ശൈവന്‍മാര്‍ (ശിവഭക്തരായ മുനിമാര്‍) ‘ശിവന്‍’ എന്നു പറയുന്നു, വൈഷ്ണവാചാര്യന്‍മാര്‍ ‘വിഷ്ണു’ എന്നു സ്തുതിക്കുന്ന, ‘ബുദ്ധ’നെന്ന് ബൗദ്ധന്മാരും ‘സത്ശ്രീ’ ‘അകാല്‍’ എന്നിങ്ങനെ സിക്കുകാരും സ്തുതിക്കുന്ന, ശാസ്താവ്, കുമാരന്‍, പ്രകൃതി ‘സ്വാമി’ ‘മാതാവ്’ ‘പിതാവ്’ എന്നിങ്ങനെ ഭക്തിപുരസ്സരം പ്രാര്‍ത്ഥിക്കുന്നു – ആ ചൈതന്യം ഏറ്റവും അദ്വിതീയമായ പ്രഭുവാണ് എന്ന് ഇവിടെ വ്യക്തമാക്കുന്നു. എന്നിട്ടും ചിലര്‍ പറയും മുപ്പത്തി മുക്കോടി ദേവതകളാണ് ഭാരതീയര്‍ക്ക് എന്ന്. ഏക ദൈവ വിശ്വാസികളെന്ന് അഭിമാനിക്കുന്നവരിലാണ് വിഭാഗീയത. അറിവ് നേടുന്നതോടെ കാട്ടാളന്‍ ആദി കവിയാണ്, ഋഷിയാണ്. ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ടാണ് എന്ന് ശ്രീമദ് ഭഗവദ്ഗീതയും മനുസ്മൃതിയുമെല്ലാം വ്യക്തമാക്കുന്നു.
ഏറ്റവും അദ്വിതീയമായ പരബ്രഹ്മം അതിവേഗവും പ്രപഞ്ചത്തിന്റെ അന്തഃസത്തയുമാണ്. ഈ പരമാത്മവിനെക്കുറിച്ചാണ് ജീവകണമെന്ന തലത്തില്‍ കണ്ടെത്താനുള്ള ശ്രമം ശാസ്ത്രദൃഷ്ട്യാ ഇന്ന് ജനീവയില്‍ നടക്കുന്നത്. എല്ലാ ജീവജാലങ്ങളും ഈ അനശ്വര ചൈതന്യത്തില്‍ നിന്നാണ് ആരംഭിക്കുന്നതും അവിടെത്തന്നെയാണ് വിലയം കൊള്ളുന്നതും. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയാണ് യഥാര്‍ത്ഥ ജ്ഞാനം. ഇത് വെളിപ്പെടുന്നതോടെ നമ്മിലെ ഉച്ചനീചത്വങ്ങളും വിഭാഗീയതകളും ഇല്ലാതാവും. അന്ധമായ ജാതിമത സ്പര്‍ദ്ധകളും തമ്മിലടികളും അസ്തമിക്കും. ഇവിടെയാണ് നമ്മുടെ ഏകാത്മ മാനവ ദര്‍ശനത്തിന്റെ തനിമ നാം തിരിച്ചറിയുക.
👉 5) ”തദേജതി തന്നൈജതി
തദ്ദൂരേ തദ്വന്തികേ
തദന്തരസ്യസര്‍വ്വസ്യ
തദു സര്‍വ്വസ്യാസ്യബാഹ്യതഃ”
ഈ പരമാത്മാവ് സഞ്ചരിക്കാന്‍ കഴിവുള്ളതും, ചിലേടത്ത് കുടികൊള്ളുന്നതുമാണ്. ദൂരത്തിലെന്ന് തോന്നുമെങ്കിലും അത് അടുത്താണ് ഉള്ളത്. പ്രപഞ്ചത്തിന്റെ ഉള്ളിലും പുറത്തും ഇതാണ് ഉള്ളത്.
പരമാത്മാവിന് സഞ്ചരിക്കാന്‍ കഴിവുണ്ട് എന്ന് പറയുമ്പോള്‍ അത് ചലനാത്മകമാണ് എന്ന് അര്‍ത്ഥം. ചലനാത്മകമാവുമ്പോഴും അത് എല്ലാ ജീവികളിലും നിശ്ചിതകാലം വരെ നിശ്ചലമായി കുടികൊള്ളുകയും ചെയ്യുന്നു. എവിടെയാണ് ആത്മാവെന്ന് ചിന്തിച്ചാല്‍ നമ്മുടെ ബാഹ്യേന്ദ്രിയത്താല്‍ കാണാനോ തൊടാനോ കേള്‍ക്കാനോ ശ്വസിക്കാനോ രുചിക്കാനോ സാധിക്കാത്തതിനാല്‍ നമ്മില്‍ നിന്ന് ‘അകലെയാവാം’ എന്ന് നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ ചെവിയും കണ്ണും മൂക്കും നാക്കും ത്വക്കും എങ്ങനെ കേള്‍ക്കുവാനും കാണുവാനും ശ്വസിക്കുവാനും രുചിക്കുവാനും സ്പര്‍ശിച്ചറിയുവാനും പ്രാപ്തിയുള്ളവയാകുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ആ ചൈതന്യത്തിന്റെ തനിമയല്ലേ ഇവയ്ക്ക് അത്തരം കഴിവ് നല്‍കുന്നത് എന്ന് നാം ചിന്തിക്കുക; അത് നമ്മോട് ചേര്‍ന്ന് നില്‍ക്കാതെ എങ്ങനെ ഇത് സാധ്യമാവും?
പ്രപഞ്ചത്തിന്റെ ഉള്ളിലും പുറത്തും ഇത് സ്ഥിതിചെയ്യുന്നു എന്ന് ഋഷി പറയുമ്പോള്‍ ഈ പ്രപഞ്ചത്തിന്റെ ഉള്ള് എവിടെയാണെന്ന ചിന്ത നമുക്കുണ്ടാവും. ഇതിന് ഉള്ളുണ്ടോ? പുറം ഉണ്ടോ? നാം കാണുന്ന ബാഹ്യപ്രപഞ്ചം ഉള്ളാണോ പുറമാണോ?
ഇവിടെയാണ് ആദിശങ്കരന്റെ ചിന്ത നമ്മെ ഉണര്‍ത്തുക. ”ജഗത് മിഥ്യ”യാണ് എന്ന് പറയുമ്പോള്‍ ഈ കാണായ പ്രപഞ്ചം ‘പുറ’മാണെന്ന് വ്യക്തം. സത്തായി സത്തായി, ബ്രഹ്മം ഇതിന്റെയെല്ലാം ചൈതന്യമായി കുടികൊള്ളുന്നു എന്ന് സത്യം. പക്ഷെ ചൈതന്യത്തിന്റെ ബഹിര്‍സ്ഫുരണം മാത്രമാണിതെന്ന് ബാഹ്യ പ്രപഞ്ചത്തെയറിയുന്നതോടെ ദ്വൈതം അസ്തമിക്കുന്നു; ഇരുളും വെളിച്ചവുമില്ലാതാവുന്നു: അതാണ് സത്യം.
👉 6) ”യസ്തു സര്‍വ്വാണിഭൂതാനി
ആത്മന്യേവാനുപശ്യതി
സര്‍വ്വഭൂതേഷുചാത്മാനം
തതോ ന വിജുഗുപ്‌സതേ”
ഈശാവാസ്യോപനിഷത്തിലെ വളരെ ശ്രദ്ധേയമായ ഒരു ശ്ലോകമാണിത്. എല്ലാ ജീവികളേയും പരമാത്മാവില്‍ കാണുകയും എല്ലാ ജീവികളിലും പരമാത്മാവിനെ കാണുകയും ചെയ്യുന്നവന്‍ ഒരിക്കലും ആരെയും തള്ളിപ്പറയുന്നില്ല എന്നര്‍ത്ഥം വരുന്ന ശ്ലോകമാണിത്.
എല്ലാ ജീവികളേയും പരമാത്മാവില്‍ കാണുക എന്നത് എളുപ്പമല്ല. ഭാരതീയ സംസ്‌കാരത്തില്‍ ഇതാണ് ‘യഥാര്‍ത്ഥ ജ്ഞാനം.’ ഗോമാതാവിന്റെ ശരീരത്തില്‍ എല്ലാ ദേവതകളും കുടികൊള്ളുന്നു എന്ന ദര്‍ശനവും ഓരോ ദേവതാ ദര്‍ശനത്തോടുമൊപ്പം ഓരോ ജീവികളും, നമ്മുടെ നക്ഷത്രത്തോടൊത്ത് ഓരോ ജീവിയും മൃഗവും പക്ഷിയും വൃക്ഷവും പഞ്ചഭൂതവുമുണ്ടെന്ന കാഴ്ചപ്പാടും ഇത് വ്യക്തമാക്കും.
സാത്വികാഹാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ശ്രീമദ് ഭഗവദ്ഗീത പറയുന്നത് ശ്രദ്ധിക്കുക; നമ്മിലെ തമോഗുണത്തെ ഉണര്‍ത്തുന്നതാവരുത് അവയൊന്നും. സകല ജീവികളേയും ഈശ്വരീയമായിമാത്രം ഉള്‍ക്കൊള്ളണം. പഞ്ചപ്രാണങ്ങളും ഉപപ്രാണങ്ങളും തികഞ്ഞ ജീവികളെ ഹനിക്കാനോ വേദനിപ്പിക്കാനോ പാടില്ല. ഭക്തന്റെ ലക്ഷണം അവതരിപ്പിക്കുമ്പോഴും ഭഗവദ്ഗീത ഇതേകാര്യം വ്യക്തമാക്കുന്നുണ്ട്:
”അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്ര കരുണ ഏവ ച” –
ഈയൊരു ദര്‍ശനം ഉണ്ടായാല്‍ ഒരു ജീവിയേയും നാം തള്ളിപ്പറയില്ല. അങ്ങനെയാവുമ്പോള്‍ പ്രകൃതി അതിന്റെ തനിമയോടെ നിലനില്‍ക്കും. പല ജീവികളും വംശനാശത്തെ നേരിടുമ്പോള്‍, പല ജീവികളേയും ആഗോളതലത്തില്‍ സംരക്ഷിക്കാനായി ഫോറസ്റ്റ് ആക്ടുകള്‍ നിലനില്‍ക്കുമ്പോള്‍, അത്തരം ചിന്തയും ആക്ടും നിലവില്‍ വരുന്നതിന് യുഗസഹസ്രങ്ങള്‍ക്ക് മുമ്പാണ് ഉപനിഷത്തില്‍ ഇക്കാര്യം ചിന്തിക്കുന്നത് എന്നറിയുക. ഇവിടെയാണ് നമ്മുടെ സനാതന ദര്‍ശനത്തിന്റെ മഹത്വം തിരിച്ചറിയേണ്ടത്.
ചിലര്‍ ‘ഭക്ഷണത്തിനായി’ എന്ന് പറഞ്ഞുകൊണ്ട് മത്സ്യമാംസാദികള്‍ കഴിക്കാറുണ്ട്. ചിലര്‍ പറയും ”ഞങ്ങള്‍ ഇതല്ലാതെ എന്തു കഴിക്കും?” എന്ത് കഴിക്കേണ്ട എന്നല്ല, നിവൃത്തിയില്ലെങ്കില്‍, സാഹചര്യമനുസരിച്ച് കഴിച്ചോട്ടെ. പക്ഷെ ദിവസവും മൃഗപക്ഷികളെക്കഴിച്ചാലേ വിശപ്പ് മാറൂ എന്ന് ചിന്തിക്കുന്നവര്‍ ധാരാളം നമുക്കിടയിലുണ്ട്. അവരറിയണം ഓരോ മിണ്ടാപ്രാണിയും നമ്മുടെ പരമാത്മന്റെ ഭാഗമാണ്, അവ പൂര്‍ണ്ണമായും നശിച്ചാല്‍ മനുഷ്യകുലവും നശിക്കും. ഇവിടത്തെ ഈച്ചയും തുമ്പിയും പൂമ്പാറ്റയും വണ്ടും തേനീച്ചയുമൊക്കെ നശിച്ചാല്‍ പൂക്കളും കായ്കളും പഴങ്ങളും ഉണ്ടാവില്ല. ഇതേപോലെ നമുക്ക് നേരിട്ടറിയാന്‍ പറ്റാത്ത ഒട്ടനവധി ഗുണങ്ങള്‍ പല ജീവികളില്‍ നിന്നും നമുക്ക് കിട്ടുന്നു. ഈയൊരു വീക്ഷണമാണ് മുകളില്‍ ചൊന്ന ശ്ലോകം വ്യക്തമാക്കുന്നത്.
(തുടരും)
No comments:
Post a Comment