ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ഈശാവാസ്യോപനിഷത്ത് പഠനം - 1

ഈശാവാസ്യോപനിഷത്ത് പഠനം - 1

യജ്ഞസംസ്കാരം

”സനാതനധര്‍മ്മമാണ് നമ്മുടെ ദേശീയത” എന്ന് മഹര്‍ഷി അരവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. സനാതനധര്‍മ്മത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ വേദങ്ങളാണ്. വേദങ്ങളുടെ തനിമ ചോരാതെ നിലനിര്‍ത്തുന്ന സാംസ്‌കാരിക പാഠങ്ങളാണ് ഉപനിഷത്തുകള്‍. ‘വേദാന്തം’ എന്ന പദം ഉപനിഷത്തുകളെയാണ് സൂചിപ്പിക്കുന്നത്. ആയിരത്തിലധികം ഉപനിഷത്തുകളുണ്ട്. അതില്‍ നൂറ്റി എട്ടെണ്ണം പൂര്‍ണ്ണമായും നമുക്ക് കിട്ടിയിട്ടുണ്ട്. ദശോപനിഷത്തുകളായ ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, പ്രശ്‌നോപനിഷത്ത്, മുണ്ഡകോപനിഷത്ത്, മാണ്ഡൂക്യോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, ബൃഹദാരണ്യകോപനിഷത്ത് എന്നിവയാണ് പ്രധാനപ്പെട്ടവ.

‘ഉപനിഷത്ത്’ എന്ന വാക്കിന്റെ അര്‍ത്ഥം അടുത്തിരുത്തി പഠിപ്പിക്കുക, അടുത്തിരിക്കുക എന്നൊക്കെയാണ്. ഈശ്വരനോട് ചേര്‍ന്നിരിക്കുക, ഗുരുവിന്റെ അടുത്തിരുന്ന് പഠിക്കുക എന്നിങ്ങനെ അര്‍ത്ഥവൈപുല്യം ഇതിന് കല്‍പ്പിച്ചുവരുന്നു.

ഗുരുശിഷ്യസംവാദരൂപത്തിലാണ് ഉപനിഷത്തുകളുള്ളത്. സംശയ നിവാരണരീതിയിലും പഠന-പാഠന സംവിധാനത്തിലും ഉപനിഷത്തുകള്‍ കാണുന്നു. വ്യക്തിജീവിതത്തിന്റെ തലങ്ങള്‍ മുതല്‍ രാഷ്ട്രജീവിതവും പ്രപഞ്ചതത്ത്വവും തുടങ്ങി ജനിമൃതി സത്യങ്ങളെയും ജീവിത രഹസ്യത്തേയുമെല്ലാം സമഗ്രമായി ചര്‍ച്ച ചെയ്യുന്നവയാണ് ഉപനിഷത്തുകള്‍. ഭാരതീയ സംസ്‌കൃതിയുടെ ആധാര ദര്‍ശനങ്ങളായ വേദങ്ങളുടെ തനിമ തരിമ്പും ചോര്‍ന്ന് പോകാതെ ഉപനിഷത്തുകള്‍ അവതരിപ്പിക്കുന്നു. നമ്മുടെ സാംസ്‌കാരിക ദേശീയതയുടെ അടിത്തറ ഈ വേദാന്തപാഠങ്ങളില്‍ നിന്ന് തിരിച്ചെടുക്കാമെന്നര്‍ത്ഥം. ഓരോ ഉപനിഷത്തിനേയും വിശേഷിച്ച് ഈയൊരു വീക്ഷണത്തില്‍ വിമര്‍ശനാത്മകമായി സമൂഹത്തിന് മുന്നിലവതരിപ്പിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ഈശാവാസ്യോപനിഷത്ത്
ദശോപനിഷത്തുകളില്‍പ്പെടുന്ന ഈ കൃതി ആദ്യത്തേതാണ്. ശുക്ലയജുര്‍വേദീയമായ ഈ ഉപനിഷത്ത് പതിനെട്ട് മന്ത്രങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നു. കേവല സുഖങ്ങളിലും പ്രാപഞ്ചികതകളിലും മുഴുകി ജീവിക്കുന്ന സാധാരണ മനുഷ്യന് പല ചിന്തകളും അറിവുകളും ഉണ്ട്. എന്നാല്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് ഇന്നും അജ്ഞാതമാണ്. ജനനവും മരണവും തുടങ്ങി, നാം തന്നെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്ന പലതും നമുക്ക് അവ്യക്തമാവുമ്പോള്‍ പലതിനും വ്യക്തമായ ഉത്തരം തരുന്ന ഈ ഉപനിഷത്ത് ഭാരതത്തിന്റെ ദര്‍ശന പാരമ്പര്യം വെളിപ്പെടുത്തുന്നു.

ഇന്നത്തെ തലമുറ മതത്തിന്റെയും ജാതിയുടെയും വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ പലപ്പോഴും ഭിന്നിച്ച് നില്‍ക്കുമ്പോള്‍ ഇത്തരം ഭിന്നതകള്‍ കേവലം ബാലിശവും അര്‍ത്ഥശൂന്യവുമാണെന്ന് ഈ ഉപനിഷത്ത് വെളിപ്പെടുത്തും.

ശുക്ല യജുര്‍വേദീയമായ ശാന്തിപാഠമാണ് ഈശാവാസ്യോപനിഷത്തിന്റെ നാന്ദി.
”ഓം പൂര്‍ണ്ണമദ: പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ.
ഓം ശാന്തി: ശാന്തി: ശാന്തി:

ലോകോത്തരമായൊരു തത്ത്വചിന്തയും ഈശ്വര ദര്‍ശനവുമാണ് ഈ ശാന്തിപാഠത്തിലുള്ളത്. ഗണിതശാസ്ത്ര ദൃഷ്ട്യാ പോലും വിലയിരുത്താന്‍ കഴിയുന്ന ഈ മന്ത്രം വളരെ ഗഹനമാണ്. ഭാരതം ലോകത്തിന് മുമ്പിലവതരിപ്പിച്ച പ്രപഞ്ചതത്ത്വം ഒരു മഞ്ഞ് തുള്ളിയില്‍ സൂര്യനെന്നപോലെ അതിമനോഹരമാണ് എന്ന് ഇവിടെക്കാണാം.

ബ്രഹ്മം പൂര്‍ണ്ണമാണ്, പിണ്ഡാണ്ഡവും പൂര്‍ണ്ണമാണ്, ബ്രഹ്മത്തില്‍ നിന്ന് പിണ്ഡാണ്ഡം പോയാലും തിരിച്ചെത്തിയാലും ബ്രഹ്മത്തിന് യാതൊരു മാറ്റവുമുണ്ടാവില്ല എന്നര്‍ത്ഥം.

ഏതെങ്കിലും ഒരു കാര്യത്തില്‍ നിന്ന് എന്തെങ്കിലും എടുത്തുമാറ്റിയാല്‍ അതിന്റെ കുറവ് ഉണ്ടാവും. എന്നാല്‍ ബ്രഹ്മ ചൈതന്യത്തില്‍ നിന്ന് എത്ര ജീവികള്‍ (പിണ്ഡാണ്ഡങ്ങള്‍) ഉടലെടുത്താലും ബ്രഹ്മം അതേ ചൈതന്യശക്തിയായി നിലനില്‍ക്കും. ഈ ബ്രഹ്മ ചൈതന്യത്തില്‍ നിന്നാണ് നാം കാണുന്ന ഈ പ്രപഞ്ചം ഉണ്ടായിട്ടുള്ളത്; സകല ജീവജാലങ്ങളും ഇതില്‍ നിന്നുണ്ടായതാണെന്ന് ചുരുക്കം. അവിടെയാണ് ഭാരതത്തിന്റെ ദര്‍ശനം നാമറിയേണ്ടത്. എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട് എന്നും, ഞാനും നീയും രണ്ടല്ല എന്നും ഇവിടെ വ്യക്തമാവുന്നു. ഓരോ ജന്മം തീരുമ്പോഴും എല്ലാ ചരാചരങ്ങളിലുമുള്ള ചൈതന്യം ബ്രഹ്മത്തില്‍ ലയിക്കും. അങ്ങനെയെങ്കില്‍ ശങ്കരന്റെ ചിന്തയിലെ ‘ചിദാനന്ദ രൂപ’മാണ് നാമെല്ലാമെന്ന് വ്യക്തം. ഈ സത്യം തിരിച്ചറിയുന്നതോടെ നമ്മിലെ അഹങ്കാരം ഇല്ലാതാവാന്‍ തുടങ്ങും. ഞാന്‍ ബ്രാഹ്മണനാണ്, ഞാന്‍ ആഢ്യനാണ്, ഞാന്‍ രാജാവാണ് എന്ന ചിന്തക്കെന്ത് സ്ഥാനം? ‘ശരീരം ക്ഷണിക’മാണെന്നും അതോടെ നാം തിരിച്ചറിയും. ബന്ധങ്ങളിലെ താല്‍ക്കാലികമായ കെട്ടുപാടുകള്‍ക്കും സ്വാര്‍ത്ഥതയ്ക്കും പിന്നെ സ്ഥാനമുണ്ടാവില്ല.

പ്രാരംഭം

👉 1) ”ഈശാവാസ്യമിദം സര്‍വ്വം
യത് കിഞ്ച ജഗത്യാംജഗത്
തേന ത്യക്തേന ഭുഞ്ജീഥാ:
മാഗൃധ: കസ്യസ്വിദ്ധനം” –

ഈ കാണുന്നതും കാണാത്തതുമായ പ്രപഞ്ചം മുഴുവന്‍ ഈശ്വരനാല്‍ നിറഞ്ഞിരിക്കുകയാണ്. ഒരുകാര്യത്തിലും അവിഹിതമോ അനാവശ്യമോ ആയ ആഗ്രഹം ഉണ്ടാവരുത്.
ഭാരതീയദര്‍ശനമനുസരിച്ച് പതിനാല് ലോകങ്ങളുണ്ട്. ഓരോ ലോകത്തിലും ഓരോരോ തരം ജീവകണങ്ങളാണ്, പക്ഷെ അവയെല്ലാം ഒരേയൊരു ചൈതന്യമായ ഈശ്വരനില്‍ നിന്നു തന്നെയാണ് ഉടലെടുത്തിരിക്കുന്നത്. ഉറുമ്പുകളും പാമ്പുകളും ക്ഷുദ്രജീവികളും അടങ്ങുന്ന പാതാളലോകം പോലെ ഭുവര്‍ലോകത്തിലും മറ്റും അണുപ്രായമായ കോടാനുകോടി ജീവകണങ്ങളുണ്ട്. ഇവയെല്ലാം ഒരേ ചൈതന്യത്തിന്റെ ശക്തിയില്‍ നിന്ന് ഉടലെടുത്തവയാണ്.

ഏതൊരു വസ്തുവും പ്രകൃതി എല്ലാ ജീവജാലങ്ങള്‍ക്കും കൂടി കനിഞ്ഞരുളിയതാണ്. പക്ഷെ മനുഷ്യര്‍ ഇതൊന്നും ഗണിക്കാതെ അനാവശ്യമായി എല്ലാം സ്വരൂപിക്കുന്നു. എന്നാല്‍ ഇവിടെ ഉപനിഷത്ത് പറയുന്നു: എന്തും ത്യജിച്ചുകൊണ്ടേ എടുക്കാവൂ എന്ന്. ‘യജ്ഞസംസ്‌കാരം’ എന്നാണിതിന് പറയുക. പ്രധാനമായും അഞ്ച് തരത്തില്‍ യജ്ഞത്തെ ഭാരതീയര്‍ കണ്ടു. ഇവയോരോന്നും പഠിച്ചാല്‍ ഇന്നത്തെ പ്രകൃതി ദുരന്തങ്ങള്‍ക്കുപോലും ശമനമുണ്ടാവും എന്ന് മനസ്സിലാവും. ”ഭൂത യജ്ഞം’, ‘നൃയജ്ഞം’, ‘പിതൃയജ്ഞം’, ‘ദേവയജ്ഞം’, ‘ബ്രഹ്മയജ്ഞം’ എന്നിവയാണ് പഞ്ചമഹായജ്ഞങ്ങള്‍. വീട്ടമ്മമാര്‍ പ്രഭാതത്തില്‍ ഭക്ഷണം പാകം ചെയ്യും മുമ്പ് അഗ്നിയില്‍ ധാന്യം ഹോമിച്ചിരുന്നു. ഇത് ഭൂത യജ്ഞമാണ്. ബലിതര്‍പ്പണവും മറ്റും പിതൃയജ്ഞത്തില്‍പ്പെടുന്നു. പൂജാദി ബലികള്‍ ദേവയജ്ഞമാണ്; അതിഥി പൂജനവും സല്‍ക്കാരവും നൃയജ്ഞമാണ്. യാഗങ്ങള്‍, യജ്ഞങ്ങള്‍ എന്നിവ ബ്രഹ്മയജ്ഞമാണ്. ഇവ മനുഷ്യന് സഹജീവികളോടും പ്രകൃതിയോടുമുള്ള ബഹുമാനാദരങ്ങളെ വ്യക്തമാക്കുന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ല എന്നുള്ള സന്ദേശവും ഇതിലടങ്ങുന്നു.

”പരസ്പരം ഭാവയന്ത:
ശ്രേയ: പരമവാപ്‌സ്യഥ” – എന്ന ഗീതാതത്ത്വവും ഇത് വ്യക്തമാക്കും. അഷ്ടാംഗ മാര്‍ഗ്ഗത്തില്‍ പതഞ്ജലി മഹര്‍ഷി അസ്‌തേയവും അപരിഗ്രഹവും പറയുന്നു. ഇതും നമ്മുടെ സാംസ്‌കാരിക ദര്‍ശനം വ്യക്തമാക്കും. നമ്മുടേതല്ലാത്തവ ആഗ്രഹിക്കാതിരിക്കുക, കക്കാതിരിക്കുക എന്നെല്ലാം ചിന്തിക്കുക വഴി യഥാര്‍ത്ഥ ശാന്തിയും സമാധാനവും മാനവകുലത്തിനേകുക എന്നതാണ് ആ ആര്‍ഷദര്‍ശനം.

👉 2) ”കുര്‍വ്വന്നേവേഹ കര്‍മ്മാണി
ജിജീവിഷേച്ഛതം സമാ:
ഏവം ത്വയി നാന്യഥേതോങ്കസ്തി
ന കര്‍മ്മ ലിപ്യതേ നരേ” –

കര്‍മ്മം വേണ്ടവിധത്തില്‍ ചെയ്യുക എന്നതാണ് മനുഷ്യജീവിതത്തില്‍ ചെയ്യാനുള്ള കാര്യം. ശരിയായ രീതിയില്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങള്‍ യാതൊരു കാരണവശാലും മനുഷ്യനെ ബാധിക്കുന്നില്ല. അതുകൊണ്ട് കര്‍മ്മം ചെയ്യുകയെന്ന കാര്യത്തെ യാതൊരു കാരണവശാലും ഒഴിവാക്കിക്കൂടാ.
ഭാരതം ലോകത്തിന് നല്‍കിയിട്ടുള്ള ഏറ്റവും ശ്രേഷ്ഠമായ സന്ദേശമാണ് ‘കര്‍മ്മയോഗ’ത്തിലുള്ളത്. കര്‍മ്മവും കര്‍മ്മഫല സിദ്ധാന്തവുമാണ് ജന്മാന്തരങ്ങള്‍ക്ക് പോലും കാരണമായി നാം കാണുന്നത്.

”പൂര്‍വ്വജന്മകൃതം പാപം
വ്യാധി രൂപേണ ജായതേ” – എന്നാണ് ആയുര്‍വേദ ചിന്ത. ”വിധി” യെന്ന് പലരും മനുഷ്യാനുഭവങ്ങളെ വിലയിടാറുണ്ട്, എന്നാല്‍ വിധിക്ക് ഭാരതീയ ദര്‍ശനവുമായി ബന്ധമില്ല. ”കര്‍മ്മണ്യേവാധികാരസ്‌തേ” – എന്ന് ഗീത പഠിപ്പിക്കുന്നു.

”സ്വധര്‍മ്മേ നിധനം ശ്രേയ
പരധര്‍മ്മോ ഭയാവഹ”

– എന്ന് മറ്റൊരിടത്തും കാണാം. ‘കര്‍മ്മയോഗ’ വുമാണ് ഗീതയുടെ ആത്മാവ്. ഓരോ ജീവിക്കും അതതിന്റേതായ കര്‍മ്മമുണ്ട്, ഇതില്‍ നിന്ന് മാറി ജീവിച്ചാല്‍ മരണമാണ് ഫലം.ഇന്ന് ഭൂരിപക്ഷം മനുഷ്യരും മാനസിക സമ്മര്‍ദ്ദത്തില്‍ ജീവിക്കുന്നു. വൈകാരിക വിമ്മിട്ടവും പിരിമുറുക്കവും ശാരീരികമായ രോഗങ്ങള്‍ക്ക് കാരണമാവുന്നു. 70% രോഗങ്ങളും ഇപ്പോള്‍ സൈക്കോ സൊമാറ്റിക്ക് ഡിസീസാണ്. ഇവ കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ വേറെയും. സദ് കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് മനസ്സ് ശാന്തമായിരിക്കും ഭയം ഉണ്ടാവില്ല.

”അഭയം വൈ ബ്രഹ്മ:” – എന്ന് ഉപനിഷത്ത് ഘോഷിക്കുമ്പോള്‍ ബ്രഹ്മചൈതന്യമായി കലര്‍പ്പില്ലാതെ ജീവിക്കുന്ന വ്യക്തിക്ക് ‘അഭയത്വം’ ഉണ്ടാകും. ഒരാള്‍ എന്തെങ്കിലും കളവു ചെയ്താല്‍ അത് മറ്റുള്ളവരാരെങ്കിലും അറിയുമോ എന്നുള്ള വിചാരം എന്നും അയാളുടെ ഉപബോധമനസ്സില്‍ ഉണ്ടാവും. മറ്റൊരാളെ കൊല ചെയ്താല്‍ ആ നിമിഷം മുതല്‍ കൊലപാതകിയുടെ മനസ്സ് അശാന്തമായിരിക്കും. ഇത്തരം കാര്യങ്ങള്‍ മരണ സമയത്ത് ആ വ്യക്തിയെ വിഷമിപ്പിച്ചുകൊണ്ടിരിക്കും. മാത്രവുമല്ല, മരണ സമയത്തുള്ള വാക്കുകള്‍ സത്യമായിരിക്കുകയും ചെയ്യും എന്നത് അന്തര്‍ദ്ദേശീയതലത്തില്‍ത്തന്നെ ക്രിമിനോളജി വ്യക്തമാക്കുന്നു.

ഇക്കാര്യം വ്യക്തമായറിയുന്ന ഋഷിവര്യര്‍ ചാതുര്‍വര്‍ണ്ണ്യം പോലും ഗുണകര്‍മ്മള്‍ക്കനുസരിച്ച് ആണെന്ന് വ്യക്തമാക്കുന്നു. ഓരോ വ്യക്തിയുടേയും കര്‍മ്മവും മാനസികഗുണവുമാണ് വര്‍ണ്ണ വ്യവസ്ഥക്കുപോലും അടിസ്ഥാനമെന്നര്‍ത്ഥം. ജനനമോ കുടുംബമോ അല്ല, ആ കര്‍മ്മവും അതിന്റെ ഫലവും ജന്മാന്തരങ്ങള്‍ക്ക് കാരണവുമാവുന്നു. ദേവന്‍മാരുടേയും അസുരന്‍മാരുടേയും സ്വഭാവ വിശേഷതകള്‍ ശ്രീമദ് ഭഗവദ്ഗീത വ്യക്തമാക്കുന്നതും ഓര്‍ക്കുക.

(തുടരും)

No comments:

Post a Comment