ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 November 2021

വസൂരിമാല

വസൂരിമാല

കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. ദേവീഭക്തയായി മാറിയ ദാരികന്റെ പത്നി മനോദരി ആണിതെന്ന് ഐതിഹ്യം. വടക്കോട്ടാണ് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്. മഞ്ഞൾപ്പൊടി ആടിക്കലാണ് പ്രധാന വഴിപപട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തിവരികയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങൾ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്.

വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.
ദാരികന്റെ വധം ഉറപ്പായപ്പോൾ പത്നിയായ മനോദരി ശിവനെ തപസ്‌ ചെയ്യുകയും വസൂരി രോഗത്തിന്റെ വിത്തുകൾ വരമായി വാങ്ങുകയും ചെയ്തു. മനോദരി ഇത് ആദ്യം പ്രയോഗിച്ചത് തന്റെ ഭർത്താവിന്റെ ഘാതകയായ ഭദ്രകാളിയുടെ നേർക്കാണ്. ഇതറിഞ്ഞ ശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ടിക്കുകയും അദ്ദേഹം ഭഗവതിയുടെ രോഗം ഭേദം ആക്കുകയും ചെയ്തു. പിന്നീട് ദേവി മനോദാരിയുടെ കയ്യും കാലും ഛേദിക്കുകയും പശ്ചാത്തപിച്ച മനോദരിയെ "വസൂരി" എന്ന് പേരിട്ടു കൈലാസത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ട പുരാണകഥ.

സപ്തമാതൃക്കൾ
🌹🌹🌹🌹🌹

ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ ഏഴു ഭാവങ്ങൾ ആണ് സപ്തമാതാക്കൾ എന്നറിയപ്പെടുന്നത് .

ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭഗവതിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും. സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി (ചാമുണ്ഡി) എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവി വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

No comments:

Post a Comment