ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

29 November 2021

അമ്പലവാസികൾ

അമ്പലവാസികൾ

കേരളത്തിലെ അമ്പലങ്ങൾ, കാവുകൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്ത് നിത്യവൃത്തി കഴിച്ചിരുന്ന ഹൈന്ദവജാതികളെ സൂചിപ്പിക്കുന്ന പൊതുസംജ്ഞയാണ് അമ്പലവാസികൾ അഥവാ അന്തരാളജാതികൾ(ബ്രാഹ്മണർക്കും നായർക്കും ഇടയിൽ ആയതിനാൽ). ഇവർ ക്ഷേത്രങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ജീവിച്ചുപോന്നിരുന്നു. കേരളസാംസ്കാരിക മേഖലയിൽ ഇവർക്ക്‌ മുഖ്യസ്ഥാനമുണ്ട്‌. അമ്പലവാസികൾ 15 ജാതികൾ ഉൾക്കൊള്ളുന്നതാണ്‌. അവർ ഏതൊക്കെയെന്ന് അറിയാം.

1. പുഷ്പക ഉണ്ണി - പൂണൂൽ ധാരികൾ. ക്ഷേത്രാരാധനയ്ക്ക്‌ വേണ്ട പൂക്കൾ ശേഖരിച്ച്‌ മാല നിർമ്മിക്കുക, നിവേദ്യവസ്തുക്കൾ തയ്യാറാക്കിക്കൊടുക്കൽ, വിളക്കൊരുക്കുക, എഴുന്നള്ളത്തിനു വിളക്കെടുപ്പ്, ക്ഷേത്രങ്ങളിലെ പുഷ്പാലങ്കാരം, എഴുന്നള്ളത്തിന് വിഗ്രഹം ചുമക്കൽ എന്നിവ കുലത്തൊഴിൽ. പൂജാവിധികളും താന്ത്രികവിദ്യകളും അഭ്യസിച്ചവരുമാണ്‌. വേദഗ്രന്ഥങ്ങളും സംസ്കൃതവും പഠിപ്പിക്കാനുള്ള അവകാശം ലഭിച്ചിട്ടുണ്ട്‌. ഷോഡശസംസ്കാരമുള്ള ജാതിയാണ്‌. ഇവരിലെ സ്ത്രീകളെ " പുഷ്പിണി/ആത്തേരമ്മ " എന്ന് വിളിക്കുന്നു. പുരുഷന്മാർക്ക്‌ " ഉണ്ണി, ശർമ്മ, നമ്പി " എന്ന് പേരിനോട്‌ ചേർക്കാം. പിതൃദായകക്രമം അഥവാ മക്കത്തായം പിന്തുടർന്നിരുന്നു. നമ്പൂതിരിമാരെ പോലെ ഇവരും നായർ സ്ത്രീകളെ സംബന്ധം ചെയ്യാറുണ്ടായിരുന്നു.

2. നമ്പീശ്ശൻ - പൂണൂൽ ധാരികൾ. പുഷ്പക ഉണ്ണികളെ പോലെ ക്ഷേത്രകഴക പ്രവൃത്തിയാണ്‌ കുലത്തൊഴിൽ. എന്നാൽ വേദാവകാശമില്ല. അധ്യാപനവൃത്തിയും ചെയ്തിരുന്നു. ഷോഡശസംസ്കാരമുള്ള ജാതിയാണ്‌. ഇവരിലെ സ്ത്രീകളെ " ബ്രാഹ്മണിയമ്മ " എന്നുവിളിക്കുന്നു. നായർ സ്ത്രീകളെ സംബന്ധം ചെയ്യാറുണ്ടായിരുന്നു.

3. തീയ്യാട്ടുണ്ണി - പൂണൂൽ ധാരികൾ. പാരമ്പര്യ കലാരൂപമായ ഭദ്രകാളീതീയ്യാട്ട്‌ അനുഷ്ഠിക്കുന്ന ഇവർ പണ്ട്‌ നമ്പൂതിരിമാരിൽ നിന്ന് ഭ്രഷ്ട്‌ കൽപിക്കപ്പെട്ട്‌ പുറത്തായി അമ്പലവാസി ആയതാണ്‌. താന്ത്രികപൂജാവകാശങ്ങൾ ഇവർക്കുണ്ട്‌. ഷോഡശസംസ്കാരമുള്ള ജാതി.  " ഉണ്ണി " എന്ന് പുരുഷന്മാർ പേരിനോട്‌ ചേർക്കും. മക്കത്തായികൾ ആയിരുന്നെങ്കിലും നായർ സ്ത്രീകളെ സംബന്ധം ചെയ്യാറുണ്ടായിരുന്നു.

4. കുരിക്കൾ - പൂണൂൽ ധാരികൾ. ക്ഷേത്രങ്ങളിൽ പാലും നെയ്യും എത്തിക്കുന്നവരാണ്‌. ഷോഡശസംസ്കാരമുള്ള ജാതി. കേരളത്തിന്റെ തെക്കുഭാഗത്ത്‌ കൂടുതലായി കാണപ്പെട്ടു.

5. ചാക്യാർ - പൂണൂൽ ധാരികൾ. ക്ഷേത്രങ്ങളിൽ കൂത്ത്‌, കൂടിയാട്ടം നടത്തുന്നു. ഇവരിലെ സ്ത്രീകൾ " ഇല്ലോട്ടമ്മ " എന്നറിയപ്പെടുന്നു. മരുമക്കത്തായികളാണ്‌.

6. പൂപ്പള്ളി/പിലാപ്പള്ളി - പൂണൂൽ ധാരികൾ. ഷോഡശസംസ്കാരമുള്ള ജാതി. ക്ഷേത്ര ദേവന്‌ മാല നിർമ്മിക്കുന്നവർ. തിരുവിതാംകൂറിൽ കാണപ്പെട്ടു.

7. ദൈവമ്പാടി/തെയ്യമ്പാടി/ബ്രാഹ്മണി - പൂണൂൽ ധാരികൾ. ക്ഷേത്രത്തിൽ കളമെഴുത്തുപാട്ട്‌ നടത്തുന്നു. മലബാറിൽ കാണപ്പെട്ടു.

8. മിഴാവ്‌ നമ്പ്യാർ, തീയ്യാടി നമ്പ്യാർ - പൂണൂൽ ധാരികൾ. കൂത്ത്‌, കൂടിയാട്ടം, തുള്ളൽ എന്നീ കലാരൂപങ്ങൾ നടത്തുന്നവരാണ്‌ മിഴാവ്‌ നമ്പ്യാർ. ഇവരിലെ സ്ത്രീകളെ " നങ്ങ്യാരമ്മ " എന്ന് വിളിക്കുന്നു. എന്നാൽ അയ്യപ്പൻ തീയാട്ട്‌ എന്ന കലാരൂപം നടത്തുന്നവരെ തീയ്യാടി നമ്പ്യാർ എന്ന് പറയുന്നു. ഇവരിലെ സ്ത്രീകൾ " മരുമകളമ്മ " എന്നറിയപ്പെടുന്നു.  പുരുഷന്മാർ " നമ്പ്യാർ " എന്ന് പേരിനോട്‌ ചേർക്കും. ("നമ്പ്യാർ" എന്ന് ചേർക്കുന്ന മറ്റൊരു വിഭാഗം കിരിയത്ത്‌ നായന്മാരാണ്‌). മരുമക്കത്തായികൾ ആയിരുന്നു.

9. പിഷാരടി - ക്ഷേത്രങ്ങളിലെ കഴകം ഉപജീവനമാർഗ്ഗമായി സ്വീകരിച്ചിരുന്ന ഒരു വിഭാഗമായിരുന്നു ഇവർ. കുലത്തൊഴിലായ കഴകപ്രവൃത്തിയ്ക്കു പുറമെ സംസ്കൃതാധ്യയനം ഒരു പ്രധാന കർമ്മമായി സ്വീകരിച്ചുപോന്നിരുന്നു. ഇവരിലെ സ്ത്രീകളെ " ഷാരസ്യാർ " എന്ന് വിളിക്കും. ഇവർ വൈഷ്ണവരാണ്‌.

10. വാര്യർ - ക്ഷേത്രകഴകസംബന്ധമായ ജോലികൾ ചെയ്യുന്നവർ. നമ്പൂതിരിമാരെ സഹായിക്കുന്നവരും ക്ഷേത്രകണക്കുകൾ നോക്കുന്നവരും. വേദം പഠിക്കാൻ അധികാരികളല്ലാത്ത ഈ സമൂഹം സംസ്കൃതം, ജ്യോതിഷം തുടങ്ങി വേദാംഗങ്ങളിലെ പണ്ഡിതർ എന്ന നിലക്ക് പ്രശസ്തരാണ്. സ്ത്രീകളെ " വാരസ്യാർ " എന്ന് വിളിക്കുന്നു. ശൈവരാണ്‌ ഇവർ. മരുമക്കത്തായികളും ന്യൂനപക്ഷം മക്കത്തായികളും ഉണ്ട്‌. തിരുവിതാംകൂറിലെ വാര്യന്മാർ ഓണാട്ടുകര, വേണാട്ടുകര, ഇളയേടത്തുനാട്‌, തെക്കുംകൂർ എന്നിങ്ങനെ നാലു വിഭാഗം ഉണ്ട്‌.

11. പൊതുവാൾ - കഴകവൃത്തി ഉള്ളവർ. ക്ഷേത്ര കാവലാൾ. സോപാനസംഗീതം നടത്തുന്നു. ചെണ്ടകൊട്ടുകൊണ്ട്‌ ഉപജീവനം കഴിക്കുന്നവരുമുണ്ട്‌. സ്ത്രീകളെ " പൊതുവാളസ്യാർ " എന്ന് വിളിക്കുന്നു. അകം പൊതുവാൾ, പുറം പൊതുവാൾ എന്ന് രണ്ട്‌ വിഭാഗങ്ങൾ. (പുറം പൊതുവാൾമാരിൽ ചെണ്ടപ്പൊതുവാൾ, മാലപ്പൊതുവാൾ എന്നും വിഭജനം ഉണ്ട്‌).

12. മാരാർ - ഇവർ സോപാനസംഗീതം നടത്തുന്നവരാണ്‌. ക്ഷേത്ര അടിയന്തര വാദ്യോപകരണ പ്രയോഗം ആണ് പ്രധാന ജോലി. കൂടാതെ കഴകം ചെയ്യുന്നവരും ഉണ്ട്. ഇവരിലെ സ്ത്രീകളെ " മാരാസ്യാർ " എന്ന് വിളിക്കുന്നു. ഇവരിലെ ഒരു വിഭാഗം ഭഗവതീക്ഷേത്രങ്ങളിൽ ദേവീസ്തുതികൾ പാടാറുണ്ട്‌, അവരെ 'മാരാർകുറുപ്പ്‌' എന്ന് വിളിക്കുന്നു.

13. അടികൾ - ഭദ്രകാളിക്ഷേത്രങ്ങളായ കാവുകളിൽ അർച്ചനയാണ് ഇവരുടെ പ്രവൃത്തി. അടിച്ച്തളിക്കാരുമാണ്‌. മന്ത്രവാദികളുമാണ്‌. മക്കത്തായികൾ. സ്ത്രീകളെ " അടിസ്യാർ/അടിയമ്മ " എന്ന് വിളിക്കും. കൊടുങ്ങല്ലൂർ ഭാഗത്ത്‌ കാണപ്പെടുന്നു.

14. നാട്ടുപട്ടർ - ക്ഷേത്രങ്ങളിൽ മാല കെട്ടുന്നവരും അടിച്ച്തളിക്കാരും. കരപ്പുറം ഉണ്ണി എന്നും പട്ടരുണ്ണി എന്നും വിളിക്കും. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ കാണപ്പെടുന്നു.

15. പിടാരർ - ഭദ്രകാളീക്ഷേത്രത്തിൽ മദ്യമാംസാദികൾ സമർപ്പിക്കുന്നവർ.

No comments:

Post a Comment