ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

കേനോപനിഷത്ത് പഠനം - 1

കേനോപനിഷത്ത് പഠനം - 1

സത്യാന്വേഷണത്തിന് പ്രേരണ നല്‍കുന്ന ഉപനിഷത്താണ് കേനോപനിഷത്ത്. ബാഹ്യമായ അറിവുകള്‍ നാം നേടുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ്. ആധുനിക മനഃശാസ്ത്രം ഈ അറിവിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിത്വ പഠനമേഖലയെപ്പോലും കാണുന്നത്. വിഷ്വല്‍, ഓഡിറ്ററി, കിനതെറ്റിക്‌സ് എന്നിങ്ങനെയുള്ള തലങ്ങളില്‍ ഏതിലൂടെയാണോ ‘വ്യക്തിത്വസ്ഥിരീകരണം’ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് വ്യക്തി വ്യത്യാസത്തെപ്പോലും ഇന്നത്തെ പാശ്ചാത്യ മനഃശാസ്ത്ര വിശാരദന്മാര്‍ വിലയിരുത്തുന്നത്. ”എന്‍ഹേവിയറുകളിലൂടെ (ചെറുമാറ്റം) ബിഹേവിയര്‍ (പെരുമാറ്റം) സാധ്യമാവുന്നു” എന്ന് പോലും ചിന്തിക്കവേ സ്വഭാവത്തിന് (ക്യാരക്ടര്‍) യാതൊരു മാറ്റവുമുണ്ടാവില്ല എന്നും സമ്മതിക്കുന്നു. ഇതിനര്‍ത്ഥം സത്യമായ വ്യക്തിതത്ത്വം ബാഹ്യമായ പെരുമാറ്റം അല്ല എന്നുതന്നെയാണ്. ഇതിന്റെ സമഗ്രതയെ നാം പഠിച്ചാല്‍ ഈ ബാഹ്യ പ്രപഞ്ചത്തിന്റെ കേവല പഠനം ഒരിക്കലും ആത്യന്തിക പഠനം ആവില്ല എന്ന് വ്യക്തം. അതുകൊണ്ട് തന്നെ ഉപനിഷത്തുകളുടെ അന്വേഷണം ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും പ്രാണനും ബുദ്ധിക്കും അപ്പുറത്തേക്കാണ് പോകുന്നത്.

സാമവേദീയമായ തളവകാര ബ്രാഹ്മണത്തില്‍പ്പെടുന്നതാണ് കേനോപനിഷത്ത് (തലവകം). കേനേഷിതോപനിഷത്ത്’, ‘തളവകാരോപനിഷത്ത്’ എന്നിങ്ങനെ കൂടി ഇത് അറിയപ്പെടുന്നു. മുപ്പത്തി നാല് മന്ത്രങ്ങളെ നാല് ഭാഗങ്ങളായിത്തിരിച്ചിരിക്കുന്നു.

നേരിട്ട് ബ്രഹ്മ തത്ത്വത്തെ അന്വേഷിക്കുന്ന രീതി ഇതില്‍ക്കാണാം. ഗുരുശിഷ്യ സംവാദ രൂപേണയാണ്, വിവരണ രീതിയിലാണ് കേനോപനിഷത്ത് മുഴുവനും. വേദാന്തികള്‍ ”അനിര്‍വ്വചനീയമായ ബ്രഹ്മം” എന്ന് ചിന്തിക്കുന്ന ഈശ്വരന്‍ എന്താണെന്ന് ഇവിടെ ചര്‍ച്ച ചെയ്യുന്നു. ജീവിതത്തേയും മരണത്തേയും പൂര്‍വ്വജന്മത്തേയും പുനര്‍ജ്ജന്മത്തേയും പറ്റി നിരന്തരം ചിന്തിക്കുന്ന ഇത്തരം ഉപനിഷത്തുകള്‍ മനുഷ്യരാശിയുടെ മാത്രമല്ല, സര്‍വ്വ ചരാചരങ്ങളുടേയും ‘സത്യം’ ഏകമാത്രമെന്ന് ദര്‍ശിക്കുന്നു. ഇത് വ്യക്തമാക്കുന്നത് ഭാരതത്തിന്റെ ദര്‍ശനം ഏകതയിലധിഷ്ഠിതമാണെന്നാണ്. വര്‍ണ്ണ-വര്‍ഗ്ഗ-വ്യത്യാസത്തിലധിഷ്ഠിതമല്ല ഭാരതീയ ജീവിതദര്‍ശനം എന്ന് സാരം. എന്നാല്‍ പാശ്ചാത്യ ചിന്ത നേര്‍വിപരീതമാണ്. മനുഷ്യന്‍ വേറെ, ദൈവം വേറെ എന്നതാണ് അവിടെ മതം.

മംഗളാചാരണം
”യോ ബ്രഹ്മാണം വിദധാതി പൂര്‍വ്വം
യോ വൈ വേദാംശ്ച പ്രഹിണോതി തസ്‌മൈ
തം ഹ ദേവം ആത്മബുദ്ധിപ്രകാശം
മുമുക്ഷുര്‍വൈ ശരണമഹം പ്രപദ്യേ.”
ആരാണോ ബ്രഹ്മാവിന് പോലും ആദിയില്‍ ജന്മം നല്‍കിയത്, ബ്രഹ്മാവിന് വേദങ്ങള്‍ ഉപദേശിച്ചത്, ആ ദേവനെ, ആത്മസ്വരൂപനും ചൈതന്യരൂപനും ജ്ഞാനസ്വരൂപനുമായ ദേവനെ ഞാന്‍ ശരണം പ്രാപിക്കുന്നു എന്നര്‍ത്ഥം.

ബ്രഹ്മാ വിഷ്ണു മഹേശ്വരന്‍മാരാണ് ത്രിമൂര്‍ത്തികള്‍ എന്ന് നമുക്കറിയാം. ബ്രഹ്മാവ് സൃഷ്ടികര്‍ത്താവും വിഷ്ണു സംരക്ഷകനും മഹേശ്വരന്‍ സംഹാരകാരകനുമാണെന്നാണ് കാഴ്ചപ്പാട്. അപ്പോള്‍ ഒരു സംശയം; ദൈവം ഒന്നോ പലതോ? അതും മനുഷ്യനുള്‍പ്പടെയുള്ള ജീവികളെ സൃഷ്ടിക്കുന്ന ബ്രഹ്മാവ് മനുഷ്യനില്‍ നിന്ന് വേറിട്ടതല്ലെ? മാത്രവുമല്ല ഈ ത്രിമൂര്‍ത്തികളെ കണ്ടവര്‍ ആര്? അവിടെയാണ് ഈ മംഗളാചരണത്തിന്റെ സമഗ്രത നമുക്ക് കാഴ്ചപ്പാട് തരുന്നത്.

ബ്രഹ്മാവ് സൃഷ്ടികര്‍ത്താവാണെന്നിരിക്കെ ബ്രഹ്മാവിനെ സൃഷ്ടിച്ചതും ബ്രഹ്മാവിന് വേദങ്ങള്‍ ഉപദേശിച്ചതും ആരെന്ന ചോദ്യമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഇതിനര്‍ത്ഥം നാം വ്യാഖ്യാനിക്കുന്ന ദേവ-ദാനവ-ഗന്ധര്‍വ്വ സമുച്ചയങ്ങളൊന്നും യാഥാര്‍ ത്ഥ്യമായതിനെ സൂചിപ്പിക്കുന്നില്ല എന്നാണ്. പ്രപഞ്ചത്തിലെ ഏകമാത്രമായൊരു ശക്തിചൈതന്യമാണ് ഇക്കാണായ സകലതിന്റെയും കേന്ദ്രം. അതിനെ ബ്രഹ്മം എന്നാണ് വേദാന്തികള്‍ പറയുന്നത്.

”യം വൈദികാ മന്ത്രദൃശഃപുരാണാം
ഇന്ദ്രം യമം മാതരിശ്വാനമാഹു
വേദാന്തിനോങ്കനിര്‍വചനീയമേകം
യം ബ്രഹ്മ ശബ്‌ദേന വിനിര്‍ദിശന്തി”

എന്ന സമന്വയ മന്ത്രം (ഏകാത്മതാമന്ത്രം) ശ്രദ്ധിക്കുക. ഇന്ദ്രന്‍, യമന്‍, മാതരിശ്വാന്‍ എന്നു തുടങ്ങി ശിവന്‍, വിഷ്ണു, ബുദ്ധന്‍, ആര്‍ഹന്‍, സത്ശ്രീ അകാല്‍, ശാസ്താവ്, പ്രകൃതി, കുമാരന്‍, സ്വാമി, മാതാവ്, പിതാവ് ഇതെല്ലാം ഏകമാത്രമായ തനിമയാണെന്നും ”അനിര്‍വ്വചനീയമായ ബ്രഹ്മം” എന്ന് വേദാന്തികള്‍ ഇതിനെയാണ് കാണുന്നത് എന്നും സാരം. ഈ തനിമയില്‍ നിന്നുണ്ടായ ക്രിയാത്മക-സൃഷ്ടി-വിശേഷണമാണ് ബ്രഹ്മാവ്. ഈ ക്രിയേറ്റിവ് എനിര്‍ജിയില്‍ നിന്നുണ്ടാകുന്ന രൂപ ലാവണ്യങ്ങള്‍ പ്രകൃതിയിലെ ഓക്‌സിജന്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ് തുടങ്ങിയ മൂലകങ്ങള്‍ ജലം, ലവണം തുടങ്ങിയ ധാതുക്കള്‍ എന്നിവയാല്‍ നിലനില്‍ക്കുന്നു. ഇങ്ങനെ ബാഹ്യ പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന എനര്‍ജിയെ ‘മഹാവിഷ്ണു’ എന്ന് പറയുന്നു. ഇവയെല്ലാം ഒരു ഘട്ടം കഴിയുമ്പോള്‍ ആത്യന്തികമായ പരബ്രഹ്മതത്ത്വത്തില്‍ ലയിച്ച് ”അണോരണീയ” മായിത്തീരാന്‍ ഒരു എനര്‍ജി പ്രവര്‍ത്തനക്ഷമമാണ്, ഇതിനെ മഹേശ്വരന്‍ എന്ന് ചിന്തിക്കുന്നു.

വ്യക്തമാണ്; എല്ലാ അറിവിന്റെയും ചിന്തയുടേയും കായ-കര്‍മ്മങ്ങളുടേയും കേന്ദ്രം ഈ അനശ്വര ചൈതന്യമാണ്.
”വന്ദനം, സനാതനാനുക്ഷണ
വികസ്വര സുന്ദര
പ്രപഞ്ചാദി കന്ധമാം
പ്രഭാവമേ”
എന്ന്. ജി. ശങ്കരക്കുറുപ്പ് സംബോധന ചെയ്യുന്ന സത്യം ഇതാണ്. ഇതാണ് ”ബ്രഹ്മാവിനെ സൃഷ്ടിച്ച” എന്നതിലെ രഹസ്യം.
ഇവിടെ നാം തിരിച്ചറിയേണ്ടത് ഭാരതീയ ഈശ്വരദര്‍ശനത്തില്‍ സര്‍വ്വവ്യാപിയായ സത്യം ഒന്നുമാത്രമാണെന്ന കാഴ്ചപ്പാടാണ്. ഇത് മതാതീതമാണ്, കാലാതീതമാണ്.

”യ ഏകോങ്കവര്‍ണ്ണോ ബഹുധാ ശക്തിയോഗാദ്
വര്‍ണ്ണാനനേകാന്‍ നിഹിതാര്‍ത്ഥോ ദധാതി
വിചൈതി ചാന്തേ വിശ്വമാദൗ ച ദേവഃ
സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു.”

തുടക്കത്തില്‍ ഒരൊറ്റ ചൈതന്യമായും, പ്രത്യേകിച്ച് നിറവുമില്ലാത്തവനും പിന്നീട് പല നിറത്തിലും കാണപ്പെട്ട് വീണ്ടും അവയെല്ലാം തന്നില്‍ത്തന്നെ ലയിപ്പിക്കുകയും ചെയ്യുന്ന ആ ദേവന്‍ നമുക്ക് ശുഭമായ ബുദ്ധിയേകട്ടെ എന്നര്‍ത്ഥം.

ഈശ്വരീയ ചൈതന്യത്തിന് നിറമോ രൂപമോ ഇല്ല. ഇന്ന് സഗുണോപാസനയായി നാം ചിത്രരൂപത്തിലും വിഗ്രഹരൂപത്തിലും ചല പ്രതിഷ്ഠയായും സ്ഥിരപ്രതിഷ്ഠയായും നടത്തുന്ന ആരാധനകളെല്ലാം വളരെ ലളിതവും കേവല ബാഹ്യവുമാണ്. പ്രപഞ്ച ചൈതന്യത്തിന്റെ ആത്യന്തികമായ ഉണ്‍മയിലേക്ക് ചിന്തിക്കുമ്പോള്‍ ‘നിര്‍ഗ്ഗുണം’ എന്നാണ് പറയാവുന്നത്. ഈ നിര്‍ഗ്ഗുണ, നിരാകാര, വര്‍ണ്ണരഹിത സത്യമാണ് ഈശ്വരന്‍.

”ഏക വര്‍ണ്ണമിദം സര്‍വ്വം
പൂര്‍വ്വമാസീദ് യുധിഷ്ഠിരാ” –
എന്ന് ഭീഷ്മാചാര്യര്‍ യുധിഷ്ഠിരനോട് പറയുന്നതോര്‍ക്കുക.

ഇതില്‍ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും ഏകമായ ബ്രഹ്മസത്യത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളതാണ്. നിറത്തിന്റെ, രൂപത്തിന്റെ, ജാതിയുടെ, മതത്തിന്റെ പേരില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഇന്നും പല രീതിയില്‍ നമ്മില്‍ നിലനില്‍ക്കു

മ്പോള്‍ നമ്മുടെ സനാതനധര്‍മ്മം ഇതിലുപരിയാണ്. നമ്മുടെ ദേശീയത ഒന്നിന്റെയും പേരില്‍ മനുഷ്യരെയോ ഇതര ജീവികളെപ്പോലുമോ വിഭജിക്കുന്നില്ല.

ശാന്തിപാഠം
”ഓം സഹനാവവതു, സഹനൗഭുനക്തു
സഹവീര്യം കരവാവഹൈ, തേജസ്വി-
നാവധീതമസ്തു, മാവിദ്വിഷാവഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:”

”നമ്മെ ഒന്നിച്ച് രക്ഷിക്കുമാറാകട്ടെ, നമ്മെ ഒന്നിച്ച് പാലിച്ചിടട്ടെ, നമുക്കൊരുമിച്ച് വീര്യം സമ്പാദിക്കാം, നാം പഠിച്ചതെല്ലാം തേജസ്സുറ്റതായിത്തീരട്ടെ, നാമാരും അന്യോന്യം ദ്വേഷിക്കാതിരിക്കട്ടെ” എന്നാണ് ഇതിനര്‍ത്ഥം.
ഗുരുശിഷ്യന്മാര്‍ അധ്യയനം തുടങ്ങും മുമ്പ് ഒന്നിച്ച് ചൊല്ലുന്ന മന്ത്രമാണിത്.

അറിവ് നേടുകയെന്നത് ഈശ്വരീയമായ കര്‍മ്മമാണ്. ഗുരുശിഷ്യന്മാര്‍ ഇക്കാര്യം മനസ്സിലാക്കിയാല്‍ മാത്രമേ യഥാര്‍ത്ഥ വിദ്യാഭ്യാസം സാധ്യമാവൂ. വിദ്യകൊണ്ട് തേജസ്സുണ്ടാവട്ടെ എന്ന് ചിന്തിക്കുന്നിടത്ത് വ്യക്തമാണ് തേജസ്സ് മറ്റൊന്നിലൂടെയും നേടാന്‍ സാധിക്കില്ലെന്ന്. ആധി ദൈവികവും ആധി ഭൗതികവും ആധ്യാത്മികവുമായ ശാന്തിക്കുവേണ്ടിയാണ് പ്രാര്‍ത്ഥന. ഈ ശാന്തിയാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് മനുഷ്യരാശിക്ക് നഷ്ടപ്രായമായിക്കൊണ്ടിരിക്കുന്നത്.

ഭാരതത്തിന്റെ പ്രാചീനമായ വിദ്യാഭ്യാസ സമ്പ്രദായത്തെ പഠിച്ചാലറിയാം ഭഗവാന്‍ കൃഷ്ണന്‍ മുതല്‍ അങ്ങ് നിന്നിങ്ങോളം ഗുരുദര്‍ശനത്തില്‍ അടിയുറച്ച് ജീവിച്ചവരായിരുന്നു. ഗുരുവിന് വളരെയേറെ പ്രാധാന്യം നല്‍കിയിരുന്നു നാം. അമ്മയും അച്ഛനും ഗുരുവും ദൈവം തന്നെയാണ് എന്ന് ഭാരതം പഠിപ്പിക്കുന്നു.

”ഓം ആപ്യായന്തു മമാംഗാനി
വാക് പ്രാണശ്ചക്ഷുഃ ശ്രോത്രമഥോ
ബലമിന്ദ്രിയാണി ച സര്‍വ്വാണി,
സര്‍വ്വം ബ്രഹ്മൗപനിഷദം,
മാഹം ബ്രഹ്മനിരാകുര്യാം,
മാ മാ ബ്രഹ്മ നിരാകരോദനിരാകരണമസ്തു,
അനിരാകരണം മേങ്കസ്തു
തദാത്മനി നിരതേ യ ഉപ-
നിഷത്സു ധര്‍മ്മാ സ്‌തേ മയി
സന്തു, തേ മയി സന്തു.
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ”

എന്റെ അല്ലാ അംഗങ്ങളും വാക്കും പ്രാണനും കണ്ണുകളും ചെവിയും ബലവും എല്ലാ ഇന്ദ്രിയങ്ങളും കഴിവുള്ളതായിത്തീരട്ടെ. ഉപനിഷത്തില്‍ വിശദമാക്കുന്ന ‘ബ്രഹ്മം’ തന്നെയാണ് എല്ലാം എന്നറിഞ്ഞ്, ഞാന്‍ ബ്രഹ്മത്തെ നിരാകരിക്കാതിരിക്കട്ടെ. ബ്രഹ്മം എന്നെയും കൈവെടിയാതിരിക്കട്ടെ. ഉപനിഷത്തുകളില്‍പ്പറയുന്ന ധര്‍മ്മങ്ങള്‍ ആത്മ തത്പരനായ എന്നില്‍ ഉണ്ടാവട്ടെ. അതിനായിക്കൊണ്ട് ത്രിവിധ ശാന്തി ജപിക്കുന്നു.
ഇതാണ് ഇവിടെത്തെ ആശയം. എപ്പോഴും ധനാത്മകമായി ചിന്തിക്കുക. പോസിറ്റീവ് എന്നത് ഭാരതീയതയുടെ അടിസ്ഥാനമാണ്. ‘ഉണ്‍മ’ യില്‍ ജീവിക്കുന്നവരാണ് ഭാരതീയര്‍; ‘വെണ്‍മ’ യില്‍ അഥവാ വെളിച്ചത്തില്‍ ജീവിക്കുന്നവരാണ്. ഇരുട്ടിനെ ഭയന്നിരുന്നില്ല, ഇരുട്ട് അഥവാ അജ്ഞാനം യാഥാര്‍ത്ഥ്യമല്ലെന്ന് നാം ചിന്തിച്ചു. വെളിച്ചമാണ് ശാശ്വതം. വെളിച്ചമുള്ള സ്ഥലത്ത് ഇരുട്ടിന് സ്ഥാനമില്ല. ഇരുട്ട് വെളിച്ചത്തെ ഭയക്കുന്നു. വെളിച്ചത്തിന് എപ്പോള്‍ വേണമെങ്കിലും ഇരുട്ടിലേയ്ക്ക് ചെല്ലാം, അപ്പോള്‍ അവിടെ ഇരുട്ടില്ലാതാവും. ദൗര്‍ബല്യത്തെപ്പറ്റി ഒരിടത്തും ഉപനിഷത്തുകള്‍ പറയുന്നില്ല, ശക്തിയെപ്പറ്റി മാത്രമാണ് ചിന്ത. എന്റെ വാക്കും അവയവങ്ങളും പ്രാണനും ഇന്ദ്രിയങ്ങളുമെല്ലാം കഴിവുള്ളതായിത്തീരട്ടെ എന്നാണ് ചിന്ത. അനുദിനം ഉന്നതിയിലേക്ക് ശക്തിയിലേക്ക്, കുതിക്കാന്‍, മരണത്തെ അതിജീവിക്കാന്‍ ആഗ്രഹിക്കുന്ന കീഴടങ്ങാത്ത മനഃസ്ഥിതിയാണ് ഋഷിയില്‍ നിന്ന് സനാതനധര്‍മ്മം നേടുന്നത് എന്ന് ചുരുക്കം.

ഉപനിഷത്തുക്കളില്‍ പ്രപഞ്ച ചൈതന്യത്തെ ‘ബ്രഹ്മം’ എന്നാണ് സംബോധന ചെയ്യുന്നത്. ഈ ബ്രഹ്മം തന്നിലും താന്‍ ബ്രഹ്മത്തിലും നിലനില്‍ക്കണേ എന്നാണ് പ്രാര്‍ത്ഥന. ഉപനിഷത്തുകളില്‍പ്പറയുന്ന ധര്‍മ്മം എന്നില്‍ നിലനില്‍ക്കട്ടെ എന്ന് ഇവിടെ ചിന്തിക്കുന്നു.

(തുടരും)

No comments:

Post a Comment