ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ഈശാവാസ്യോപനിഷത്ത് പഠനം - 3

ഈശാവാസ്യോപനിഷത്ത് പഠനം - 3

ജ്ഞാനാനന്തരം കര്‍മ്മം

👉 7) യസ്മിന്‍ സര്‍വ്വാണി ഭൂതാനി
ആത്മൈവാഭൂത് (ദ്) വിജാനത:
തത്ര കോ മോഹഃ കഃ ശോക
ഏകത്വമനുപശ്യത.

പരമാത്മാവിനെ തിരിച്ചറിയുന്നവനെ ഒരിക്കലും മോഹമോ മോഹഭംഗമോ വലയം ചെയ്യുന്നില്ല. എല്ലാ ജീവജാലങ്ങളിലും ആത്മന്‍ (ബ്രഹ്മം) കുടികൊള്ളുന്നു എന്ന സത്യമാണ് യഥാര്‍ത്ഥ തിരിച്ചറിവ്. യാതൊന്നറിഞ്ഞാലാണോ എല്ലാം അറിയാന്‍ കഴിയുക, അത്തരമൊരറിവാണ് വേണ്ടത്. ഇക്കാര്യം നാരദ – സനത്കുമാര സംവാദത്തില്‍കാണാം.

(”കസ്മിന്നു ഭഗവേ വിജ്ഞാതം
സര്‍വ്വമിദം വിജ്ഞാതം ഭവതി”)
ഇതിന് മറുപടിയായി സനത്കുമാര മഹര്‍ഷി പറയുന്നു: ”ദ്വേവിദ്യേ വേദിതവ്യേ
പരാവിദ്യാ അപരാച:” എന്ന്.

അദ്ധ്യാത്മികവും ഭൗതികവുമായ അറിവ് നേടിയാല്‍ എല്ലാമറിയാമെന്നാണ്. ആത്മീയതയിലടിയുറച്ച ഭൗതിക വിജ്ഞാനം വേണം. വെറും ആത്മീയതയോ വെറും ഭൗതികതയോ മാത്രമാവുമ്പോള്‍ അപൂര്‍ണ്ണമാവുന്നു. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരിക്കല്‍ പറഞ്ഞു:

”മതമില്ലാത്ത ശാസ്ത്രം മുടന്തനും ശാസ്ത്രീയമല്ലാത്ത മതം അന്ധനുമാണ്” എന്ന്. ആത്മ തത്ത്വമറിഞ്ഞ് അതിന്റെ ഭൗതിക മാനം മനസ്സിലാക്കണം; അതോടെ സുഖദുഃഖാദി ദ്വന്ദ്വ ചിന്തകള്‍ക്ക് ജീവിതത്തില്‍ സ്ഥാനമില്ലാതാവും. മോഹവും മോഹഭംഗവും മനുഷ്യനെ വലയം ചെയ്യില്ല. ഈയൊരു വിദ്യാഭ്യാസമായിരുന്നു ഭാരതത്തിന്റെ സംഭാവന.
‘വിദ് ജ്ഞാനേ’ എന്ന ചിന്തയില്‍ വിദ് എന്ന ധാതു ശ്രദ്ധിക്കുക. ആന്തരികമുഖത്തിന്റെ ശക്തിയാണ് ഇതെന്ന് വേദങ്ങള്‍ പറയുന്നു.
(‘അന്തര്‍മുഖാ ശക്തിരേവ വിദ്യാ’)

യഥാര്‍ത്ഥ അറിവ് ബാഹ്യതല സ്പര്‍ശിയല്ല, ആത്മതത്ത്വത്തെ അറിയലാണ്. ഡോ.എസ്.രാധാകൃഷ്ണന്‍ ‘ഇന്‍വേര്‍ഡ് ലൈറ്റ്’ എന്നാണ് അറിവിനെപ്പറ്റി പരാമര്‍ശിക്കുന്നത്. ‘കുണ്ഡലിനി’ എന്നാണ് യോഗശാസ്ത്രവും തന്ത്രശാസ്ത്രവും വ്യക്തമാക്കുന്നത്. ഈ ചൈതന്യം ഉണര്‍ന്നാല്‍ എല്ലാം വ്യക്തം. ഇവിടെ മനസ്സിലാക്കാവുന്നത് കേവലമായ ബാഹ്യ വിഷയങ്ങളില്‍ മുഴുകി ലഹളയും കലഹവുമായി ജീവിക്കുന്നവരായി മനുഷ്യര്‍ ഇന്ന് അധഃപതിക്കുവാന്‍ കാരണം അറിവില്ലായ്മയാണ് എന്നത്രേ. ഏറ്റവും പ്രാചീനമായ ഈ വിദ്യാഭ്യാസ ദര്‍ശനമാണ് സ്വാമി വിവേകാനന്ദന്‍ “Education is the manifestation of the perfection already present in man” എന്ന് വ്യാഖ്യാനിച്ചത്. ഈയറിവ് നേടുമ്പോള്‍ മോഹ-മോഹഭംഗാദി ദ്വന്ദ്വങ്ങളില്‍ നിന്ന് തീര്‍ച്ചയായും മോചനമുണ്ടാവും.

👉 8)സ പര്യഗാച്ഛുക്രമകായമവ്രണം
അസ്‌നാവിരം ശുദ്ധമപാപവിദ്ധം
കവിര്‍മനീഷീ പരിഭൂഃ സ്വയംഭൂര്യാഥാ-
തഥ്യതോങ്കര്‍ത്ഥാന്‍ വ്യദ്ധാച്ഛാശ്വതീഭ്യഃ സമാഭ്യഃ

ആത്മാവെന്നത് എല്ലായിടവും നിറഞ്ഞിരിക്കുന്നതും പ്രകാശം നിറഞ്ഞതും ശരീരമില്ലാത്തതും നാശമില്ലാത്തതും പൊടിപടലങ്ങള്‍ പറ്റാത്തതും സ്വയം പിറന്നതും രൂപഭാവങ്ങള്‍ ഇല്ലാത്തതുമാണ്. ഇതേ ആത്മാവാണ് എല്ലാകാലവും നിലനില്‍ക്കുന്ന സംവല്‍സരാദി പ്രജാപതികള്‍ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളെ വിഭജിച്ചു നല്‍കിയത്.

ഈ വിശ്വം ആത്മചൈതന്യത്തിന്റെ സ്ഫുരണം കൊണ്ട് പ്രകാശിതമാണ്. സൂര്യചന്ദ്രന്മാര്‍ മുതല്‍ പുല്‍ക്കൊടി വരെ നിലനില്‍ക്കുന്നത് ഈ ഏകമാത്രമായ ശക്തിയുടെ കരുത്തിലാണ്.
”ഏകമേവാദ്വിതീയം പരം” എന്ന് വേദോപനിഷത്തുകള്‍ ഘോഷിക്കുന്ന സത്യം ആത്മനാണ്. ഈരേഴ് പതിനാല് ലോകത്തിലും ഇതുണ്ട്. അതുകൊണ്ടാണ് ‘വിശ്വചൈതന്യം’ എന്ന അര്‍ത്ഥത്തില്‍ ‘വിഷ്ണു’ എന്ന് നാമതിന് നാമകരണം ചെയ്തത്. ഇത് പ്രകാശമാണ്, ശാശ്വതമാണ്, അശരീരിയാണ്, സനാതനമാണ്. ശ്രീമദ് ഭഗവദ്ഗീത വ്യക്തമാക്കുന്നതോര്‍ക്കുക:

”നാസതോ വിദ്യതേ ഭാവ
നാ ഭാവോ വിദ്യതേങ്കസത” – എന്ന്.
ഇതിന് രൂപഭാവങ്ങളില്ല, അതിനെ നശിപ്പിക്കാനോ ഉണ്ടാക്കുവാനോ സാധ്യമല്ല. “It cannot be destroyed neither be created” എന്ന് ഐന്‍സ്റ്റീന്‍ വ്യക്തമാക്കുന്ന ശാസ്ത്രതത്ത്വം ഇത് തന്നെയാണ്.

”നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത:” – എന്നാണ് ഭഗവദ്ഗീത മറ്റൊരിടത്ത് വ്യക്തമാക്കുന്നത്. നാശരഹിതമാണ് ആത്മനെന്നര്‍ത്ഥം. ഈ ആത്മനില്‍ നിന്നാണ് ഭൗതികമായ കര്‍മ്മ മണ്ഡലത്തിന്റെ ഓരോ തനിമയും രൂപം പ്രാപിച്ചിരിക്കുന്നത്. നിറവും രൂപവുമില്ലാത്ത ആത്മനെ തിരിച്ചറിഞ്ഞാല്‍ ഇന്ന് നാം കാണുന്ന വിഭാഗീയതകളെല്ലാം അസ്തമിക്കും.

👉 9) ”അന്ധം തമഃ പ്രവിശന്തി
യേങ്കവിദ്യാമുപാസതേ
തതോ ഭൂയ ഇവ തേ തമോ
യ ഉ വിദ്യായാം രതാഃ”
അവിദ്യയിലൂടെ ഉപാസന നടത്തുന്നവര്‍, അഥവാ ജ്ഞാനം നേടാതെ കര്‍മ്മം ചെയ്യുന്നവര്‍ അന്ധകാരത്തിലായിരിക്കും എത്തുക. തീരെ കര്‍മ്മം ചെയ്യാതെ ജ്ഞാനികളായിക്കഴിയുന്നവര്‍ ഘോരാന്ധകാരത്തില്‍ എത്തിച്ചേരും.

യഥാര്‍ത്ഥ അറിവ് വെളിച്ചവും അറിവില്ലായ്മ അന്ധകാരവുമാണ്. ഏതൊരു കാര്യം ചെയ്യുമ്പോഴും അതിനെക്കുറിച്ച് ശരിയായ അറിവില്ലാതെ ചെയ്താല്‍ അന്ധകാരത്തിലാണ് എത്തിച്ചേരുക. അതേപോലെ അലസന്‍മാരായി യാതൊരു കാര്യവും ചെയ്യാതെ അറിവുള്ളവരായിരുന്നാല്‍ ഘോരമായ ഇരുട്ടില്‍ എത്തും.

ഇവിടെ രണ്ട് കാര്യങ്ങളാണ് പറയുന്നത് – ഒന്ന്; ഏതൊരുകാര്യം ചെയ്യുമ്പോഴും എന്താണ് ചെയ്യാന്‍ പോകുന്നത്, എന്തിനാണ് ചെയ്യുന്നത്, എങ്ങനെ ചെയ്യണം? എന്നിങ്ങനെയുള്ള അറിവ് ഉണ്ടായേ പറ്റൂ. ഇത്തരം അറിവില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ നമ്മെ ദുഃഖിതരാക്കും. ദുഃഖം ഇരുട്ട് തന്നെയാണ്. അറിവില്ലാതെ ചെയ്യുന്ന കാര്യങ്ങള്‍ ഭാവിയില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാക്കും. സാമ്പത്തിക നഷ്ടവും സമയനഷ്ടവും നമുക്ക് മാനസിക വിഭ്രാന്തിവരെ ഉണ്ടാക്കാം. ഇതേപോലെ ജപം, ധ്യാനം, സാധന, ഉപാസന എന്നിവ എങ്ങനെ, എപ്പോള്‍, ഏത് രീതിയില്‍ എന്നറിയാതെ ചെയ്താല്‍ രോഗം, ദാരിദ്ര്യം, ദുഃഖം, കുടുംബനാശം എന്നിവ ഫലം. ഈശ്വരാരാധനയുടെ കാര്യത്തിലായാല്‍ ഇത് ഏറെ ശ്രദ്ധേയമാണ്. നാം കാണുന്ന പ്രകൃതിയെ ബ്രഹ്മമെന്ന് കണ്ട് ഉപാസിക്കുന്നവര്‍ അറിവില്ലായ്മയാണ് ചെയ്യുന്നത്. ഈ പ്രകൃതിക്ക് കാരണം യാതൊന്നാണോ അതിനെ ഈശ്വരനായ ആര് ഉപാസിക്കുന്നുവോ അവര്‍ എത്തിച്ചേരുന്നതും ദുഃഖത്തിലായിരിക്കും. ഈ ലോകത്തിലും പരലോകത്തിലും ദുഃഖനിവൃത്തിവരാന്‍ അവരവര്‍ ചെയ്യുന്നതെന്ത് എന്ന് സ്വയം അറിഞ്ഞ് പ്രവര്‍ത്തിക്കണം എന്നര്‍ത്ഥം.

ഇവിടെ കര്‍മ്മവും ഫലവുമാണ് ചര്‍ച്ച ചെയ്യുന്നത്. ഓരോ വ്യക്തിയും ചെയ്യുന്ന കര്‍മ്മം അനുസരിച്ചാണ് ശാന്തിയും അശാന്തിയും ഉണ്ടാവുന്നത്. ‘വിധി’ യെന്ന് വിശ്വസിച്ച് ദുഃഖിച്ച് കഴിയുകയല്ല വേണ്ടത്. സ്വധര്‍മ്മമനുസരിച്ച് കര്‍മ്മം ചെയ്യുക. ‘പരധര്‍മ്മോ ഭയാവഹ’ – എന്ന് ശ്രീമദ് ഭഗവദ്ഗീത ചിന്തിക്കുന്നത് ഇവിടെ ഓര്‍ക്കുക.

👉 10) ”അന്യദേവാഹുര്‍വിദ്യയാ
അന്യദാഹുരവിദ്യയാ
ഇതി ശുശ്രുമ ധീരാണാം
യേ നസ്തദ് വിചചക്ഷിരേ.”

ജ്ഞാനോപാസനയും കര്‍മ്മോപാസനയും രണ്ടാണ്: രണ്ടിന്റേയും ഫലവും വേറെയാണ്, ഇതിനെപ്പറ്റി പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അറിവ് നേടിയിട്ടുള്ള കര്‍മ്മവും അറിവില്ലാതെ ചെയ്യുന്ന കര്‍മ്മവും രണ്ടാണ്.

ഇവിടെ ‘ജ്ഞാനം’ ‘കര്‍മ്മം’ എന്നിവയുടെ വ്യത്യാസവും ഗുണവും വ്യക്തമാക്കുന്നു. ശ്രീമദ് ഭഗവദ്ഗീതയില്‍ ഓരോ യോഗത്തിലും ഇത് വിശദമാക്കിയത് ഓര്‍ക്കുക: ‘ജ്ഞാനയോഗം’, ‘കര്‍മ്മയോഗം’ എന്നിങ്ങനെ. ഓരോ വ്യക്തിയും അവരവരുടെ പൂര്‍വ്വജന്മവാസനയനുസരിച്ച് ജ്ഞാനികളോ കര്‍മ്മികളോ ആവുന്നു. എന്നാല്‍ ഇവ രണ്ടും ഇഴചേരുകയും ‘ജ്ഞാനാനന്തരം കര്‍മ്മം’ എന്ന നിലയിലേക്ക് ഉയരുകയും വേണം. ഇന്ന് അറിവില്ലായ്മയാണ് മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്നത്. അവനവന്റെ കര്‍മ്മ മണ്ഡലമെന്ത് എന്ന് തിരിച്ചറിയാതെ ‘കോലം കെട്ടിയ’വരായി ചിലര്‍ അധഃപതിക്കുന്നു. ഇതാണ് ദോഷമായി പരിണമിക്കുന്നത്.
പ്രാചീന ഭാരതത്തിലെ വിദ്യാഭ്യാസരീതി ശ്രദ്ധിക്കുക. അറിവ് നല്‍കിയശേഷമേ ജീവിത അനുഭവങ്ങളിലേക്ക് പോയിരുന്നുള്ളൂ. ‘ജ്ഞാനവാസിഷ്ഠ’ ത്തിന് ശേഷം വിശ്വാമിത്രന്റെ കൂടെ ‘യാഗരക്ഷ’യനുഷ്ഠിച്ചശേഷമാണ് രാമലക്ഷ്മണാദികള്‍ ഗൃഹസ്ഥാശ്രമികളാവുന്നത്. ‘ബ്രഹ്മചര്യം’ എന്ന ആശ്രമം അറിവ് നേടാനുള്ളതാണ്. ശേഷമാണ് അര്‍ത്ഥകാമ സംതൃപ്തിക്കുള്ള ഗാര്‍ഹസ്ഥ്യം. ഇവിടെ ബ്രഹ്മചര്യാശ്രമം ധര്‍മ്മത്തിന്റെ പാഠശാലയാണ്. ധര്‍മ്മമില്ലാതെ അര്‍ത്ഥകാമങ്ങള്‍ പാടില്ല. മോക്ഷത്തിന്റെ വഴിയിതാണ്.

ഇന്ന് പക്വത നേടും മുമ്പ് വിവാഹവും, അതുകൊണ്ട് തന്നെ താമസിയാതെ വേര്‍പിരിയലും നടക്കുന്നു. കേവലമായ സുഖങ്ങളില്‍ മുഴുകുന്നതിന് കാരണം ധര്‍മ്മനിഷ്ഠയില്ലായ്മയാണ്. 14 വര്‍ഷം വനവാസമനുഷ്ഠിച്ചപ്പോഴും രാമനും സീതയും ബ്രഹ്മചാരികളായിരുന്നു എന്നോര്‍ക്കുക, ഇതാണ് ധര്‍മ്മം, അര്‍ത്ഥകാമങ്ങള്‍ പിന്നീടായിരുന്നു.
(തുടരും)

No comments:

Post a Comment