ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 November 2021

ഈശാവാസ്യോപനിഷത്ത് പഠനം - 4

ഈശാവാസ്യോപനിഷത്ത് പഠനം - 4

സ്വര്‍ണ്ണത്തളികയാല്‍ മൂടപ്പെട്ട സത്യം

👉 11)വിദ്യാം ചാവിദ്യാം ച
യസ്തദ് വേദോഭയം സഹ
അവിദ്യയാ മൃത്യും തീര്‍ത്ത്വാ
വിദ്യയാമൃതമശ്‌നുതേ”.

വിദ്യക്കും അവിദ്യക്കും (ജ്ഞാനമില്ലാത്ത കര്‍മ്മം) തുല്യത നല്‍കി അനുഷ്ഠിക്കണം. ജ്ഞാനത്തോട് കൂടിയ കര്‍മ്മാനുഷ്ഠാനമായി അത് മാറും. അത്തരം കര്‍മ്മോപാസകര്‍ മൃത്യുവിനെ മറികടക്കുന്നു.

‘അവിദ്യ’ യെന്നാല്‍ ‘ജ്ഞാനമില്ലാത്ത കര്‍മ്മം’ എന്നാണെന്നിരിക്കിലും, ‘ജ്ഞാനം’ നേടുന്നതോടെ കര്‍മ്മം ‘അവിദ്യ’യല്ലാതാവും. അവിടെ കര്‍മ്മവും ജ്ഞാനവും ചേര്‍ന്ന ‘ജ്ഞാനകര്‍മ്മ’ തലമാണ് ഉണ്ടാവുക. ഇതാണ് ‘മൃത്യുഞ്ജയം’. ഇക്കാലത്ത് സമൂഹത്തില്‍ ‘കര്‍മ്മയോഗി’കള്‍ ധാരാളമുണ്ട്. പക്ഷെ ‘യോഗി’ എന്ന പദം വ്യഥാവിലാവുംവിധം ‘കര്‍മ്മം കൗശലപൂര്‍ണ്ണമായി’ ചെയ്യാതെ, ‘നിഷ്‌കാമ’മായി ചെയ്യാതെ കേവലം ‘കര്‍മ്മി’കളാകുന്നു. ഇത് ‘അവിദ്യ’യാണ്. നമ്മുടെ പാരമ്പര്യത്തില്‍ കാണാം, ശ്രീരാമചന്ദ്രമഹാപ്രഭുവും ലക്ഷ്മണനും ജ്ഞാനവാസിഷ്ഠം കഴിഞ്ഞാണ് വിശ്വാമിത്രനോടൊപ്പം യാഗരക്ഷയ്ക്ക് പോകുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സുദാമാവിനൊപ്പം സാന്ദീപനിയുടെ ആശ്രമത്തില്‍ പഠിച്ചിറങ്ങിയശേഷമാണ് ഗൃഹസ്ഥാശ്രമം കൊള്ളുന്നത്. വനവാസകാലത്ത് ശ്രീരാമാദികള്‍ക്ക് ദുഃഖം ലഘൂകരിക്കാന്‍ സാധിച്ചതും അയോധ്യയെപ്പോലെ കാടിനെ സ്വീകരിക്കാന്‍ കഴിഞ്ഞതും ഗുരുമുഖത്തു നിന്നുള്ള ജ്ഞാനശക്തി തന്നെയായിരുന്നു. വിദുരരില്‍ നിന്ന് ധര്‍മ്മപുത്രര്‍ നേടിയതും മറ്റൊന്നായിരുന്നില്ല. അവിദ്യ മരണകാരിണിയാണ്. വിദ്യ അമൃതകാരിണിയും. വേദം പറയുന്നു, ”പ്രജ്ഞാനം ബ്രഹ്മ:” എന്ന്.

ഈ ചിന്ത ഭാരതത്തിന്റെ ജ്ഞാനത്വരയെ വ്യക്തമാക്കും. ”ഭാസില്‍ രതിയുള്ളത്” എന്ന് ഭാരതത്തെ വ്യാഖ്യാനിക്കാറുണ്ട്. ”ഭാസ്” – വെളിച്ചമാണ് ”രതി” അഭിനിവേശവും. അറിവിനോട് അഭിനിവേശം നിലനിര്‍ത്തിയിരുന്ന ഭാരതം അറിവിനെയാണ് ഈശ്വരനായിക്കണ്ടിരുന്നത്. ”അഹം ബ്രഹ്മാസ്മി” എന്നും ”അയമാത്മാ ബ്രഹ്മ:” എന്നും പറയുമ്പോള്‍ അവനവനിലെ ആത്മതത്ത്വമാണ് അറിവെന്ന് വ്യക്തം. ഇതിനര്‍ത്ഥം ”അവനവനെക്കുറിച്ചുള്ള അറിവാണ് യഥാര്‍ത്ഥ അറിവ്” എന്നാണ്. ഈ അറിവുണ്ടാവാന്‍ ഭൗതിക ജ്ഞാനം പോരാ എന്ന് സനത്കുമാര മഹര്‍ഷി നാരദ മഹര്‍ഷിയോട് വ്യക്തമാക്കുന്നത് ഓര്‍ക്കുക:

”കസ്മിന്നു ഭഗവേ വിജ്ഞാതം
സര്‍വ്വമിദം വിജ്ഞാതം ഭവതി” – എന്ന ചോദ്യത്തിന് – ”ദ്വേ വിദ്യേ വേദിതവ്യേ
പരാവിദ്യാ അപരാച” എന്ന് നാരദരോട് സനത് കുമാര മഹര്‍ഷി ബോധിപ്പിക്കുന്നു. ”യാതൊന്നറിഞ്ഞാലാണോ എല്ലാം അറിയുക” എന്ന് ചോദ്യസാംഗത്യം.” രണ്ട് തലം അറിവുനേടുക; അധ്യാത്മികജ്ഞാനം, ഭൗതിക ജ്ഞാനം എന്നിവയാണവ എന്ന് ഉത്തരം.

👉 12) ”അന്ധം തമഃ പ്രവിശന്തി
യേങ്കസംഭൂതിമുപാസതേ
തതോ ഭൂയ ഇവ തേ
തമോ യ ഉ സംഭൂത്യാം രതാഃ”

സത്വ രജ തമോഗുണ പ്രധാനമായ പ്രകൃതിയെ ഉപാസിക്കുന്നവര്‍ കൂരിരുട്ടിലാണ് എത്തിച്ചേരുന്നത് എന്നര്‍ത്ഥം. ഈ ലോകത്തിലെ ഭൗതിക സുഖങ്ങളില്‍പ്പെട്ട് രമിക്കുന്നവരും കൂരിരുട്ടിനെ പ്രാപിക്കുന്നവരാണ്. ഈശ്വരന് വിമുഖരായിരിക്കുന്നവര്‍ തീര്‍ച്ചയായും കൂടുതല്‍ ഇരുട്ടിലാണ് എത്തിച്ചേരുക.

പ്രകൃതി’ ഈശ്വരനല്ല, പരമാത്മാവല്ല. പരമാത്മാവില്‍ നിന്ന് പ്രകടമായ രൂപമാണ് ഭൗതിക പ്രപഞ്ചം. നിറം, ഗന്ധം, സ്പര്‍ശം, രൂപം, രുചി ഇതെല്ലാം പ്രകൃതിയുടെ പ്രത്യേകതകളാണ്. ഇതൊന്നും ആത്മന്റെ തനിമയല്ല. ആത്മന് പകരം പ്രകൃതിയെ ഉപാസിക്കുന്നത് അജ്ഞാനമാണ്. ഭൗതികമായ പ്രത്യേകതകള്‍ അടിസ്ഥാനമാക്കി ആരാധന നടത്തുന്നവര്‍ ശരിയായ ഈശ്വരദര്‍ശനമില്ലാത്തവരാണ്. അവര്‍ ഈശ്വരനിലെത്തുന്നില്ലെന്ന് മാത്രമല്ല, ഇരുട്ടിലാണ് എത്തിച്ചേരുന്നത്. ഈശ്വര വിമുഖമായി ചിന്തിക്കുന്നവരാവട്ടെ ഘനാന്ധകാരത്തിലും എത്തിച്ചേരുന്നു എന്ന് സാരം.
ഭൗതികമായ രൂപ ലാവണ്യങ്ങള്‍, നിറഭേദങ്ങള്‍, രുചി വ്യത്യാസങ്ങള്‍, ഗന്ധങ്ങള്‍ എന്നിവ ഓരോ ജീവിയേയും മോഹാന്ധകാരത്തില്‍ എത്തിക്കുന്നു. അവര്‍ക്ക് ഈ ജീവിതത്തിന്റെ അര്‍ത്ഥമോ പ്രപഞ്ചരഹസ്യമോ അറിയാന്‍ സാധിക്കുന്നില്ല.

മഹാഭാരതത്തിലെ അഷ്ടാവക്രന്റെ കഥ ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. കഹോഡമുനിയുടെ മകനായിരുന്ന അഷ്ടാവക്രന്‍ ജന്‍മനാ എട്ട് വളവുള്ളവനായിരുന്നു. ജനകന്റെ കൊട്ടാരത്തിലേയ്ക്ക് തന്റെ ദാരിദ്ര്യം മാറ്റാന്‍ വേണ്ടി അപേക്ഷിക്കാന്‍ പോയ കഹോഡ മുനിയെ വാന്ദികന്‍ തര്‍ക്കത്തില്‍ തോല്‍പ്പിക്കുന്നു. വീട്ടിലേക്ക് തിരിച്ചെത്താത്ത കഹോഡനെ രക്ഷപ്പെടുത്താന്‍ അഷ്ടാവക്രന്‍ ജനകന്റെ കൊട്ടാരത്തിലെത്തുന്നു. വാന്ദികനുമായി തര്‍ക്കത്തിലേര്‍പ്പെടുന്ന അഷ്ടാവക്രന്‍ വാന്ദികനെ പരാജയപ്പെടുത്തുന്നു; അച്ഛനെ രക്ഷിക്കുന്നു. ഇതിനര്‍ത്ഥം തന്റെ തനിമയെ, പിതൃത്വത്തെ നിലനിര്‍ത്താന്‍, രക്ഷിക്കാന്‍ സ്വയം തിരിച്ചറിവുള്ള പുതുതലമുറയുണ്ടാവണമെന്നാണ്. എട്ട് വളവുകളും കറുത്ത നിറവുമുള്ള അഷ്ടാവക്രനെക്കണ്ട് ചിരിച്ച രാജസദസ്സിനോട് ഉറക്കെ ചിരിച്ചുകൊണ്ട് ആ കുട്ടി ചോദിച്ച ചോദ്യങ്ങള്‍ക്ക് യാജ്ഞവല്‍ക്യ മഹര്‍ഷിക്ക് പോലും ഉത്തരമുണ്ടായിരുന്നില്ല. പുഴ വളഞ്ഞതാണെന്നാല്‍ പുഴയിലെ വെള്ളം വളഞ്ഞതാണോ എന്ന ചോദ്യത്തില്‍ നാം കണ്ടെത്തേണ്ടത് തന്റെ ശരീരം കറുത്തതും വളഞ്ഞതുമാണെങ്കിലും ആത്മന് വളവില്ലല്ലോ എന്ന ചിന്തയാണ്. ഒന്നിനേയും കേവല ബാഹ്യമായി വിലയിരുത്തിക്കൂടാ എന്ന സന്ദേശം ഇതില്‍ക്കാണാം.

ബാഹ്യ പ്രകൃതിയില്‍ ലയിക്കുന്നവര്‍ ആന്തരതത്ത്വം അറിയുന്നില്ലെന്ന് ചുരുക്കം. ഈശാവാസ്യോപനിഷത്ത് നല്‍കുന്നതും ഈയൊരു ദര്‍ശനം തന്നെയാണ്.

👉 13) ”അന്യദേവാഹു: സംഭവാ-
ദന്യദാഹുരസംഭവാത്
ഇതി ശുശ്രുമ ധീരാണാം
യേ നസ്തദ് വിചചക്ഷിരേ”.

അസംഭൂതിയുടേയും സംഭൂതിയുടേയും ഫലം വ്യത്യസ്തമായിരിക്കണം. ബുദ്ധിമാന്മാര്‍ ഈ കാര്യം മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്. കേവലം ഭൗതികമായ കാര്യങ്ങളിലൂടെ ഉപാസിച്ചാലുണ്ടാവുന്ന ഫലം ശാശ്വതമായിരിക്കില്ല. ശാശ്വതമായ ശാന്തിയും സമാധാനവും നേടാന്‍ സത്വരജതമോ ഗുണങ്ങളില്‍ അധിഷ്ഠിതമായ യാതൊരു ഉപാസനാമാര്‍ഗ്ഗവും ഫലവത്തല്ല എന്നര്‍ത്ഥം. താല്‍ക്കാലികമായ സുഖാനുഭൂതികള്‍ ഉണ്ടാവാം. അതുകൊണ്ട് തൃപ്തിപ്പെടുന്നവര്‍ ആഗ്രഹങ്ങള്‍ പോലും ഒടുങ്ങാതെ ജന്‍മാന്തരങ്ങളില്‍പ്പെട്ട് ഉഴലും.

അതേസമയം നമ്മുടെ കാഴ്ചകള്‍ക്കപ്പുറം, നമ്മുടെ കേള്‍വികള്‍ക്കപ്പുറം, നമ്മുടെ രസനകള്‍ക്കപ്പുറം, നമ്മുടെ സ്പര്‍ശനങ്ങള്‍ക്കും വാക്കുകള്‍ക്കുമപ്പുറമാണ് യാഥാര്‍ത്ഥ്യം. ദര്‍ശനം, സ്പര്‍ശനം, ഘ്രാണനം തുടങ്ങിയ പഞ്ചേന്ദ്രിയാനുഭൂതികള്‍ക്കപ്പുറമാണ് ശാശ്വതമായ സത്യം എന്നര്‍ത്ഥം. ഇതിനെയറിയുകയാണ് യഥാര്‍ത്ഥ അറിവ്. ശ്രീമദ് ഭഗവദ്ഗീതയില്‍ നാല് വിധത്തിലുള്ള ഭക്തന്മാരെപ്പറ്റി വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക. ആര്‍ത്തന്മാരും അര്‍ത്ഥാര്‍ത്ഥികളും ജിജ്ഞാസുക്കളും ജ്ഞാനികളുമാണ് അത്തരം ഗുണങ്ങള്‍ ഉള്ളവര്‍. ഇതില്‍ രോഗാദി ദുഃഖബന്ധിയായി ഭക്തിയും ഉപാസനയും സ്വീകരിക്കുന്നവരാണ് ഒന്നാമത്തെക്കൂട്ടര്‍. സമ്പത്തും സുഖവുമാഗ്രഹിക്കുന്നവരാണ് രണ്ടാമത്തെ ഗണം. എപ്പോഴും സംശയാലുക്കളാണ് മൂന്നാമത്തെ വര്‍ഗ്ഗം. എന്നാല്‍ യഥാര്‍ത്ഥജ്ഞാനികളാണ് യഥാര്‍ത്ഥ ഭക്തര്‍. ഇവിടെ വ്യക്തമാവുന്നത് ശരിയായ അറിവാണ് ആവശ്യമെന്നാണ്. ഭാരതത്തിലെ ഋഷിവര്യന്മാരുടെ ദൗത്യവും മാര്‍ഗ്ഗവും ഇതായിരുന്നു എന്ന് തുടര്‍ന്ന് വ്യക്തവുമാവും.

👉 14) ”(അ)സംഭൂതിം ച വിനാശം ച
യസ്തദ് വേദോഭയം സഹ
വിനാശേന മൃത്യും തീര്‍ത്ത്വാ
സംഭൂത്യാമൃതമശ്‌നുതേ.”

പ്രകൃതിഭോഗങ്ങളേയും പ്രപഞ്ചത്തേയും മനസ്സിലാക്കി ഇവയെല്ലാം അവ്യക്തവും നശ്വരവുമാണെന്ന് കണ്ടെത്തി, ഈ വിനാശത്തില്‍ നിന്ന് സ്വയം മോചിതനായി അസംഭൂതിയാല്‍ അമൃതതത്ത്വത്തെ പ്രാപിക്കുന്നു.
പ്രകൃതി അവ്യക്തമാണ്, ദൃശ്യമായിരിക്കുന്ന ലോകം നശ്വരവുമാണ്. ഇവ രണ്ടിനേയും ആര് വിലയിരുത്തി മനസ്സിലാക്കി അവയെ അതിജീവിക്കുന്നുവോ അവര്‍ മരണത്തെയും അതിജീവിക്കുന്നു.
ഇവിടെ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്: ഒന്ന് അവ്യക്തപ്രകൃതിയേയും ദൃശ്യപ്രപഞ്ചത്തേയും മനസ്സിലാക്കിയേ മതിയാവൂ, ഇവയെ അവഗണിച്ചുകൂടാ. അതോടൊപ്പം അവ്യക്ത പ്രകൃതിയിലോ ദൃശ്യപ്രപഞ്ചത്തിലോ കെട്ട്പിണഞ്ഞ് കാലം കഴിക്കുന്നവര്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ക്ക് ജനിമൃതികള്‍ വീണ്ടും വന്നുചേരുന്നു. ഭൗതിക സുഖങ്ങളില്‍പ്പെട്ടുഴലുന്നവര്‍ക്ക് ആശയും ദുഃഖവും ആസക്തിയും നശിക്കുന്നില്ല എന്ന് അര്‍ത്ഥം. അത്തരക്കാര്‍ മരണസമയത്തുപോലും പലതും ആശിച്ചുകൊണ്ടിരിക്കും. ഈ മനോഗതി പ്രാണനെ ബാധിക്കുന്നു. പ്രാണന്‍ വീണ്ടും പുതിയ യോനിയില്‍ പ്രവേശിക്കുന്നു. എന്നാല്‍ ആശയും ആസക്തിയും ദുഃഖവും ദൃശ്യപ്രപഞ്ചത്തില്‍ നിന്ന് ഉണ്ടാകുന്നതാണെന്ന് തിരിച്ചറിഞ്ഞ് സാവധാനം അതിനെ മനസ്സിലാക്കി ഉപേക്ഷിക്കുക. പ്രകൃതി നശ്വരമാണെന്ന് കണ്ടെത്തി അതിനെ സാവധാനം ഉപേക്ഷിക്കുക, അതിലൂടെ അദൃശ്യമായ കാരണത്തനിമയെ അറിയാന്‍ സാധിക്കുന്നു. ഈ അറിവാണ് ശരിയായ അറിവ്.

”ദ്വേവിദ്യേ വേദിതവ്യോ
പരാവിദ്യാ അപരാച” – എന്ന് ഉപനിഷത്ത് മറ്റൊരിടത്ത് ഇത് വ്യക്തമാക്കുന്നു. ”പരാവിദ്യ” ആത്മജ്ഞാനമാണ്, ആത്മജ്ഞാനം നേടുന്നത് ഭൗതിക ജ്ഞാനാനന്തരമാണ്; കേവല ഭൗതികതയെ അവഗണിച്ചുകൊണ്ടല്ല ആത്മീയതലത്തിലെത്തേണ്ടത്: അറിഞ്ഞ് ആദരിച്ച് വേണം അതിജീവിക്കാന്‍. ഇത് ഭാരതത്തിന്റെ വിദ്യാഭ്യാസദര്‍ശനമാണ്.

”കസ്മിന്നു ഭഗവേ വിജ്ഞാതം
സര്‍വ്വമിദം വിജ്ഞാതം ഭവതി?”

എന്ന നാരദര്‍ഷിയുടെ ചോദ്യവും സനത് കുമാര മഹര്‍ഷിയുടെ ഉത്തരവും യഥാര്‍ത്ഥമായ ജ്ഞാനത്തെ ദ്യോതിപ്പിക്കുന്നു. കേവല ജന്മത്തിനപ്പുറം രഹസ്യം തേടുന്ന ഈ ദര്‍ശനമാണ് ഋഷി അടുത്ത ശ്ലോകത്തില്‍ വ്യക്തമാക്കുന്നതും.

👉 15) ”ഹിരണ്‍മയേന പാത്രേണ
സത്യസ്യാപിഹിതം മുഖം
തത്ത്വം പൂഷന്നപാവൃണു
സത്യധര്‍മായ ദൃഷ്ടയേ”.

ശാശ്വതമായ സത്യം നശ്വരമായ ഭൗതിക വലയത്തിലാണ്: സ്വര്‍ണ്ണത്തളികയാല്‍ മൂടപ്പെട്ടാണ് യാഥാര്‍ത്ഥ്യം നിലകൊള്ളുന്നത്. ഹേ പോഷകനായ ഈശ്വരാ, ഈ മൂടുപടത്തെ നീക്കി സത്യത്തെ എനിക്ക് വ്യക്തമാക്കിത്തരേണമേ.

എന്താണ് ജീവിതത്തിന്റെ രഹസ്യം? എന്താണ് ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനും ഉല്‍പ്പത്തിക്കും ആധാരം? യുഗസഹസ്രങ്ങളുടെ ചോദ്യമാണിത്. അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ബന്ധങ്ങള്‍, സ്‌നേഹം എന്നിവയ്ക്ക് എന്താണ് സാംഗത്യം? മനുഷ്യരാശിയോളം കാലത്തെ വയസ്സുണ്ട് ഇത്തരം ചോദ്യങ്ങള്‍ക്ക്. ഭൂരിപക്ഷം ആളുകളും സത്യാന്വേഷണം നടത്തുന്നത് ഭൗതിക തലത്തിലാണ്. ഭൗതിക ശാസ്ത്രത്തിന് പൂര്‍ണ്ണമായ ഉത്തരം ഇല്ലതാനും. വസ്തുവിനെ പഠിച്ച് പഠിച്ച് ഒടുവില്‍ അണുവിലെത്തുമ്പോള്‍ അതിനകത്തെ ഊര്‍ജ്ജം വെളിച്ചമാകുന്നു. ഇതാണ് ശാശ്വത സത്യത്തിന്റെ മുഖം സ്വര്‍ണ്ണപ്പാത്രത്താല്‍ മൂടപ്പെട്ടിരിക്കുന്നു എന്ന ചിന്തയുടെ അര്‍ത്ഥം.

”നേതി നേതി” – എന്ന് ഉപനിഷദ്കാരന്‍മാര്‍ ചിന്തിപ്പിക്കുന്നത് മറ്റൊന്നല്ല. ഇതിനും അപ്പുറത്ത് അന്വേഷിച്ചേ മതിയാവൂ. എല്ലാ ഭൗതികമായ മേലങ്കികളും മാറ്റിപ്പഠിക്കണം. ആത്മാന്വേഷണത്തിലൂടെ മാത്രമേ ശാശ്വതസത്യം വെളിപ്പെടൂ. സുഖദുഃഖാദിദ്വന്ദ്വങ്ങളും രാഗദ്വേഷങ്ങളും ശീതോഷ്ണവുമെല്ലാം കേവല ഭൗതികമാണ്. നിറഭേദങ്ങള്‍ വലിപ്പച്ചെറുപ്പങ്ങള്‍ എല്ലാം നിരര്‍ത്ഥകം. ജാതി, മതം, വര്‍ണ്ണം, വര്‍ഗ്ഗം എന്നിവ അപ്രസക്തം. പിന്നെന്തിന് മദമാത്സര്യങ്ങള്‍? ഇന്ന് പുറംപൂച്ചുകളില്‍ തടഞ്ഞ് സ്വയം നാശം കാണുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. യാഥാര്‍ത്ഥ്യം കാണാനാവാത്ത അവര്‍ നമ്മുടെ ദര്‍ശനങ്ങള്‍ തിരിച്ചറിയണം. ഭാരതീയര്‍ക്ക് ജാതി വ്യത്യാസങ്ങളും മതഭേദങ്ങളുമില്ലെന്നും, കര്‍മ്മമാണ് വേര്‍തിരിവുകള്‍ക്ക് അടിസ്ഥാനം എന്നും ഇത്തരം ചിന്തകളില്‍ നിന്ന് വ്യക്തമാവണം. സത്യാന്വേഷണത്തിന്റെ തലം ഗഹനമാണ്. മതചിന്തകള്‍ ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്.

👉 16) ”പൂഷന്നേകര്‍ഷേ യമ സൂര്യ
പ്രാജാപത്യ വ്യൂഹ രശ്മീന്‍ സമൂഹ
തേജോയത്തേ രൂപം
കല്യാണതമം തത്തേ പശ്യാമി
യോങ്കസാവസൗ പുരുഷഃ സോങ്കഹമസ്മി.”

ഹേ സൂര്യസമാനമായി ജ്വലിക്കുന്ന ചൈതന്യമേ, ശരിയാംവിധം ഞങ്ങളെ നേര്‍വഴിക്ക് നയിക്കേണമേ എന്ന് വിശ്വ ചൈതന്യത്തോട് പ്രാര്‍ത്ഥിക്കുകയാണിവിടെ. സൂര്യനാണ് ഭൂമിയിലേക്ക് തേജസ്സരുളുന്നത്. ഒരര്‍ത്ഥത്തില്‍ സൂര്യോപാസനാതുല്യമാണ് പതിനഞ്ചും പതിനാറും ശ്ലോകങ്ങള്‍. സൂര്യനെ ഉപാസിക്കുന്നതിലൂടെ അനാദിയായ ഈശ്വര ചൈതന്യത്തെയാണ് ഋഷി ലക്ഷ്യമാക്കുന്നത്. കേവലമായ സഗുണോപാസനയല്ല ഇത്. നിര്‍ഗ്ഗുണ ബ്രഹ്മത്തിന്റെ തനിമ ജീവജാലങ്ങള്‍ക്കരുളുന്ന സൂര്യനെ ഉദാഹരിക്കുന്നു എന്ന് മാത്രം. ജ്വലിക്കുന്ന പ്രപഞ്ച സത്യത്തിന്റെ പ്രകടിത രൂപമാണ് സൂര്യന്‍. അന്വേഷണത്തിന്റെയും യാത്രയുടേയും നൈരന്തര്യത്തിന്റേയും ശക്തിയാണ് സൂര്യനില്‍ നിന്ന് നാം സാക്ഷാത്ക്കരിക്കേണ്ടത്. അതുകൊണ്ടാണ് സൂര്യനെ പ്രതീകവല്‍ക്കരിച്ചുകൊണ്ട് ഋഷി അര്‍ത്ഥന ചെയ്യുന്നത്.

പ്രപഞ്ച തേജസ്സ് സര്‍വ്വവ്യാപിയാണ്. സകല ജീവ പ്രാണികള്‍ക്കും ആശ്രയമാണ്. ഈ സത്യം വ്യക്തമാക്കുന്നു. അദ്വൈത ദര്‍ശനത്തിന്റെ ആദികന്ദളങ്ങള്‍ ഇവിടെ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം.

👉 17) ”വായുരനിലമമൃതമഥേദം
ഭസ്മാന്തം ശരീരം
ഓം ക്രതോ സ്മര കൃതം സ്മര
ക്രതോ സ്മര കൃതം സ്മര.”

ശരീരത്തിലെ വായു വരികയും പോവുകയും ചെയ്യുന്ന അമരനാണ്. എന്നാല്‍ ഈ ശരീരം നശ്വരമാണ്. കേവലം ഭസ്മമായി മാറേണ്ടുന്നത് മാത്രമാണ് ഈ ദേഹം. അതുകൊണ്ട് ആര് എന്ത് ചെയ്തു എന്ന് മാത്രം ഓര്‍ക്കുക. ചെയ്ത കര്‍മ്മങ്ങളും ചെയ്തവരുമാണ് ഓര്‍മ്മിക്കപ്പെടേണ്ടത്. നശ്വരമായവയെക്കുറിച്ചല്ല ഓര്‍ക്കേണ്ടത്. കര്‍മ്മവും സുകൃതവുമാണ് അനശ്വരം.

ശരീരം ഭസ്മാന്തമാണ്. കര്‍മ്മത്തിലുറച്ച, ധര്‍മ്മത്തിലുറച്ച ജീവിതത്തില്‍ ആര് എന്ത് കര്‍മ്മം ചെയ്തു എന്നതാണ് കാര്യം. ശരീരം കേവലമായ ഉപകരണമാണ്.

ഇവിടെ അനശ്വര ചൈതന്യമായ ജീവന്‍ ആത്മ തത്ത്വമായി നമ്മില്‍ നിലനില്‍ക്കുന്നിടത്തോളം കാലമേ ശരീരത്തിന് അര്‍ത്ഥമുള്ളൂ എന്ന് വ്യക്തം. മലമൂത്രാദി ധാതുക്കളും അവയുടെ കേന്ദ്രിത സഞ്ചികളും നമ്മുടെ ശരീരത്തില്‍ ശുദ്ധമായിരിക്കുന്നത് ബ്രഹ്മചൈതന്യം ജീവനാളമായി നമ്മില്‍ ഉള്ളകാലം വരെയാണ്. ശരീരത്തിലുള്ള ജീവചേതനയില്‍ നിന്ന് നിഷ്‌ക്രമിച്ചു കഴിഞ്ഞാല്‍ ഇത്തരം ധാതുക്കള്‍ ‘മല’മായിത്തീരും.
”ശീര്യതേ ഇതി ശരീര” എന്നര്‍ത്ഥം. എന്നാല്‍ ഈ ശരീരത്തില്‍ അഹങ്കരിച്ചുകൊണ്ടാണ് മനുഷ്യര്‍ ഞാന്‍ ബ്രാഹ്മണനാണ്, രാജാവാണ് എന്നെല്ലാം ചിന്തിക്കുന്നത് എന്നും ശരീരം മണ്ണില്‍ ലയിക്കുന്നതോടെ കൃമിയായും മരിച്ച് ജന്തുക്കള്‍ ഭക്ഷിച്ചു വെന്തുവെണ്ണീറായും മാറുന്നുവെന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്.

ഇത് നവോത്ഥാനമാണ്, ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വെറിയുമായി, സ്ഥാനമാനാദി അഹങ്കാര ലിപ്തരായവരെ എത്തരത്തില്‍ ഋഷികവികള്‍ കാണുന്നു എന്നും വിമര്‍ശിക്കുന്നു എന്നും പഠിച്ചാല്‍ നമ്മുടെ പാരമ്പര്യം വ്യക്തമാവും. എഴുത്തച്ഛനെയും ശ്രീശങ്കരനേയും ശ്രീനാരായണഗുരുവിനേ യും ഒരു കാലത്ത് തമസ്‌ക്കരിക്കാന്‍ തുനിഞ്ഞവരുടെ ലക്ഷ്യവും ഇവിടെ വ്യക്തമാവും.

👉 18) ”അഗ്നേ നയ സുപഥാ രായേ അസ്മാന്‍
വിശ്വാനി ദേവ വയുനാനി വിദ്വാന്‍
യുയോധ്യസ്മജ്ജുഹുരാണമേനോ
ഭൂയിഷ്ഠാം തേ നമ ഉക്തിം വിധേമ.”

ഹേ അഗ്നിസമാനനായ തേജോരൂപീ ഞങ്ങളെ ഐശ്വര്യത്തിലേക്ക് നയിച്ചാലും. ദേവാ! അങ്ങ് ഞങ്ങളുടെ സര്‍വ്വ കര്‍മ്മങ്ങളും അറിയുന്നു. മറുവഴിയിലെ പാപങ്ങളില്‍ വീഴാതെ ഞങ്ങളെ നയിക്കേണമേ! ്യൂഞങ്ങള്‍ അങ്ങയെ അതിനായി എന്നെന്നും നമിക്കുന്നു. ഞങ്ങളെ അജ്ഞാനത്തില്‍ നിന്ന് ജ്ഞാനമാര്‍ഗ്ഗത്തില്‍ എന്നെന്നും നയിക്കുക.

ഓരോ ജീവിയും കര്‍മ്മത്താല്‍ ബന്ധിതമായി ജീവിക്കുന്നു. ഈ കര്‍മ്മം ധര്‍മ്മമാണോ എന്നത് ചിന്തിച്ചേ പറ്റൂ. ഏത് കര്‍മ്മം, ഏത് അകര്‍മ്മം എന്ന് സ്വയം തിരിച്ചറിയണം. സ്വധര്‍മ്മം വ്യക്തമാവണം. സ്വധര്‍മ്മം തിരിച്ചറിയുന്നവര്‍ പാപകര്‍മ്മത്തില്‍ വീഴാതെ രക്ഷപ്രാപിക്കും. ധര്‍മ്മ വിമൂഢരായവര്‍ വഴിയറിയാതെ ഉഴലും. ആത്മഹത്യയും സര്‍വ്വനാശവും കര്‍മ്മ വിമുഖതയുടേയും കര്‍മ്മ വിമൂഢതയുടേയും ഫലമാണ്.
തന്റെ ആത്മാവിനോട് സ്വയം അര്‍ത്ഥിക്കുകയാണിവിടെ. തന്നത്താന്‍ തിരിച്ചറിഞ്ഞ് കര്‍മ്മധീരരാവണം. ഗാന്ധിജിയും ബുദ്ധനും ശങ്കരനും ശ്രീനാരായണ ഗുരുദേവനും വിവേകാനന്ദനും ഇതിനുദാഹരണമാണ്.

ശാന്തിമന്ത്രം
”ഓം പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം
പൂര്‍ണ്ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ
ഓം ശാന്തി! ശാന്തി ! ശാന്തി!”

ഓരോ ഉപനിഷത്തും പറഞ്ഞവസാനിപ്പിക്കുന്നത് ശാന്തിമന്ത്രത്തിലാണ്. പരബ്രഹ്മവും ജീവാത്മാവും രണ്ടല്ല എന്ന ചിന്ത അവതരിപ്പിക്കുന്നു ഇവിടെ. ഗണിതശാസ്ത്ര ദൃഷ്ട്യാ ചിന്തിച്ചാല്‍ പൂജ്യത്തില്‍ നിന്ന് പൂജ്യം കുറച്ചാലും തമ്മില്‍ കൂട്ടിയാലും ഗുണിച്ചാലും അവശേഷിക്കുന്നത് പൂജ്യമാണെന്നതുപോലെ പരബ്രഹ്മത്തില്‍ നിന്നു വരുന്ന ജീവാത്മ തത്ത്വം യാതൊരു കാരണവശാലും പരബ്രഹ്മത്തെ ബാധിക്കുന്നില്ല എന്നും, ബ്രഹ്മാണ്ഡത്തോട് എത്ര പിണ്ഡാണ്ഡങ്ങള്‍ ചേര്‍ന്നാലും ബ്രഹ്മാണ്ഡത്തിന് ലോപമുണ്ടാവില്ല എന്നും ഇവിടെ വ്യക്തമാക്കുന്നു.
ആധി ദൈവികവും ആധിഭൗതികവും അധ്യാത്മികവുമായ ശാന്തിനേര്‍ന്ന് ഇത് പൂര്‍ണ്ണമാകുന്നു.

No comments:

Post a Comment