ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 November 2020

പങ്കജാസനം [ഹരിഹരാത്മജം]

പങ്കജാസനം [ഹരിഹരാത്മജം]

'ഹരിവരാസനം' അയ്യപ്പന്റെ ഉറക്കുപാട്ടാണെങ്കില്‍ 'പങ്കജാസനം' ഉണര്‍ത്തുപാട്ടാകുന്നു...

ഹരിഹരാത്മജൻ സ്വാമി വിശ്വകാരണൻ
ഭുവനരക്ഷകൻ സ്വാമി ഭൂതനായകൻI

നിഗമഭൂഷണൻ സ്വാമി നിത്യമംഗളൻ
വരദമോക്ഷദൻ സ്വാമി ഉണരുവാൻ തൊഴാംII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും മുന്നിൽ തൊഴുതു നിൽക്കയായ്I

ഉണരുകയ്യപ്പാ ഭവൽ ചരണപങ്കജം
വരദമോക്ഷദം ഞങ്ങൾക്കഭയദായകംII

പ്രണതരൂപനായ് സ്വാമി മലനിരകളിൽ
അരുണകാന്തിമാൻ സൂര്യൻ തൊഴുതു നിൽക്കയായ്I

ഇരുളിരുമുടിപ്പൊന്നിൻ കെട്ടണിഞ്ഞപോൽ
ഗഗനവീഥിയിൽ വ്രതം നോറ്റുനിൽക്കയായ്II

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉണരുകീശ്വരാ ലോക മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
അഭയമേകണേ സ്വാമി ശരണമയ്യപ്പാII

ഗിരിനിരകളിൽ ഗംഗ പമ്പയായി നിൻ
ഹരിവരാസനം ശിവം തഴുകി മോക്ഷദംI

കളകളാരവം ഭവൽ ശരണ കീർത്തനം
പരമപാവനം പാടി പാപമോക്ഷദംII

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
വരദമോക്ഷദം ഭവൽ സുകൃത ദർശനംI

ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാ
ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാII

ശബരിമാമല സ്വാമി തൊഴുതു നിൽക്കയായ്
പ്രണവ കോമളം ഭവൽ സുകൃതദർശനംI

ഭുവന മോഹനം സ്വാമി മോഹിനീ സുതം
ശരണകീർത്തനം സ്വാമി വിശ്വ മംഗളംII

ഉണരുകയ്യപ്പാ സ്വാമി! ശബരിവാസിനേ
ശരണമയ്യപ്പാ സ്വാമി! ഹരിഹരാത്മമേl

ഉണരുകയ്യപ്പാ സ്വാമി വിശ്വതേജസ്സേ
ഭുവനമംഗളം സ്വാമി ഉണരുകയ്യപ്പാII

ദേവസഞ്ചയം ഭവൽ സേവ ചെയ്യുവാൻ
ഗിരിനിരകളിൽ ദിവ്യ ഹവി സ്സൊരുക്കയായ്I

ബ്രഹ്മനീശനും മഹാ വിഷ്ണുവും ഭവൽ
ചിന്മയം പദം കണ്ട് നിൽക്കയായ് വിഭോII

ഉലകിനുത്സവം തീർക്കാനുണരുകയ്യപ്പാ
ഹരിഹരാത്മജൻ സ്വാമി ഉണരുകയ്യപ്പാI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉലകപാലകൻ സ്വാമി ഉണരുകയ്യപ്പാII

മഹർഷി മണ്ഡലം സ്വാമി കാത്ത് നിൽക്കയായ്
മഹിഷി മർദ്ദനൻ സ്വാമി പൂജ ചെയ്യുവാൻl

മഹിതമായ നിൻ ശരണ കീർത്തനം
മനസ്സിൽ മന്ത്രമായ് തീർന്ന സുകൃതസൂരികൾII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും ഭവൽ പൂജ ചെയ്കയായ്I

ഉണരുകയ്യപ്പാ സ്വാമി ഉണരുകയ്യപ്പാ
ശരണ കീർത്തനം പാടി നിൽക്കയാണഹംII

ശബരിമാമല സ്വാമി ത്രിഭുവനങ്ങളിൽ
ദുരിത സഞ്ചയം തീർക്കും സുകൃത ഭൂമികI

അഖിലലോകവും സ്വാമി ദർശനാർത്ഥമായ്
ശരണകണ്ഠരായ് വന്നു നിൽക്കയായ് പ്രഭോII

ഭുവനമംഗളം സ്വാമി ഉണരുകൈതൊഴാം
ശരണമയ്യപ്പാ സ്വാമി!ധർമ്മസാക്ഷിണേI

ഉണരുകയ്യപ്പാ സ്വാമി മോക്ഷദായിനേ
ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

ഇവിടെ ജാതിയും സർവ്വ ഭേദചിന്തയും
ഹരിഹരാത്മമായ് തീർന്ന വിശ്വവേദികl

നിഗമ ദർശനം സ്വാമി ശബരി ദർശനം
മനുജനീശനായ് തീർന്ന തത്ത്വദർശനംII

ഉണരുകയ്യപ്പാ സ്വാമി പ്രണവരൂപിണേ
ഹരിഹരാത്മജൻ സ്വാമി ബ്രഹ്മരൂപിണേl

ഉണരുകയ്യപ്പാ സ്വാമി വിശ്വ സാക്ഷിണേ.
ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്II

അഖില ചിന്തയും സ്വാമി സുകൃതദർശനം
ജന്മലക്ഷ്യമേ സ്വാമി മോക്ഷദർശനംI

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
അഖിലലോകവും കൃപാ മംഗളം കുരുII

ഉണരുകയ്യപ്പാ സ്വാമി സുപ്രഭാതമായ്
ഉണരുകയ്യപ്പാ വിശ്വ മംഗളാർത്ഥമായ്I

ഉണരുകയ്യപ്പാ സ്വാമി ഭുവനപാലകാ
ഉണരുകയ്യപ്പാ സർവ്വ മംഗള പ്രദാII

ശബരിമല ശ്രീ ധർമ്മ ശാസ്‌താവിന്റ ഉറക്ക് പാട്ട് നമ്മളെല്ലാവരും കേട്ടിട്ടുള്ളതല്ലേ. അതേ ഈണത്തിൽ അയ്യപ്പസ്വാമിയുടെ മനോഹരമായ മറ്റൊരു ഉണർത്തു പാട്ട് ചിട്ടപ്പെടുത്തിയിരിക്കുകയാണ്.. അഭിവന്ദ്യനായ ശ്രീ വൈക്കം രാമചന്ദ്രൻ. നിരവധി ക്ഷേത്രങ്ങളിൽ ഇന്ന് നാം കേൾക്കുന്ന സുപ്രഭാതങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ വരികളിൽ വിരിഞ്ഞതാണ്. വൈക്കത്തപ്പനും, ചോറ്റാനിക്കരയമ്മയും, പൂർണ്ണത്രയീശനും, തൈക്കാട്ടപ്പനും ശ്രീ വൈക്കം രാമചന്ദ്രന്റെ വരികളിൽ പിറന്ന ഈണങ്ങൾ കേട്ടാണ് പള്ളിയുണരുന്നത്. ശബരിമലയിലെ ഹരിവരാസനത്തിന്റെ ഈണത്തിൽ ആണ് ഇദ്ദേഹം വരികൾ രചിച്ചത്.

ഹരിഹരാത്മജം എന്നണ് ഈ കീർത്തനം നാമകരണം ചെയ്തിരിക്കുന്നത്

1 comment:

  1. ഈ മഹാ പാപത്തിന് മുതിരണോ... വാക്കുകൾ നല്ലതു തന്നെ, ഹരിവരാസനത്തിൻറ ട്യൂൺ എടുത്ത് ഈ അവഹേളനം വേണ്ടായിരുന്നു... ഇതു ഭക്തിയല്ല, വിൽപ്പന ചരക്കാണ്... എത്ര നല്ല വരികളാണിതെന്നോ... ഇതിനു സുപ്രഭാതത്തിനു പറ്റിയ നല്ല ഒരു ട്യൂൺ ചിട്ടപ്പെടുത്താമായിരുന്നില്ലേ... കഷ്ടായി പോയി... ഭക്തിയെ നിന്ദിച്ചാവരുത് പ്രശസ്തി നേടുന്നത്. അതു പണത്തിനാലും, പദവിക്കായാലും. കഷ്ടമുണ്ട്....

    ReplyDelete