ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2020

ഭരതമുനി

ഭരതമുനി

ഭാരതത്തിൽ ജീവിച്ചിരുന്ന ഭരതമുനിയുടെ നാട്യ ശാസ്ത്ര ഗ്രന്ഥം ലോകപ്രകീർത്തിതമായ ഒന്നാണ്. ഇദ്ദേഹം ദേവകൾക്കും നാട്യകല അഭ്യസിപ്പിച്ചതായി കാളിദാസന്റെ വിക്രമോർവശീയത്തിൽ പറയുന്നു.

ദേവന്മാർ ബ്രഹ്മാവിനോട്,  സാധാരണക്കാർക്ക് ഉൾകൊള്ളാൻ പറ്റുന്ന ഒരു വേദം നിർമ്മിക്കാനായി അപേക്ഷിക്കുകയും  ബ്രഹ്മാവ് 'അഞ്ചാം വേദ 'മായ നാട്യവേദം സൃഷ്ടിക്കുകയും ചെയ്തു.  ഋഗ്വേദത്തിലെ വാക്കുകളും യജുർവേദത്തിൽ നിന്ന് നാട്യരീതികളും സാമവേദത്തിൽ നിന്ന് സംഗീതവും മന്ത്രങ്ങളും ഗീതങ്ങളും സ്വീകരിച്ചു.  അഥർവ വേദത്തിൽ നിന്ന് രസങ്ങൾ കൂടി എടുത്തശേഷം നാട്യവേദം സൃഷ്ടിച്ചു.
        
ബ്രഹ്മാവ് ഈ വേദത്തെ പ്രചരിപ്പിക്കാൻ ഭരതമുനിയെ നിയോഗിച്ചു.  ഭാരതീയ നാട്യകലകളായ നടനം, നൃത്തം,  സംഗീതം എന്നിവയുടെ  അടിസ്ഥാന ശാസ്ത്രം ഭരതൻ എഴുതിയുണ്ടാക്കി.  ശിവൻ തന്റെ പാർഷദനായ താണ്ഡുവിനെ ഭരതമുനിയുടെ അടുക്കലേക്ക് അയച്ചു.  താണ്ഡുവിൽ നിന്ന് ഭരതമുനി നടനത്തിന്റെ നാനാ തത്വങ്ങൾ അഭ്യസിക്കുകയും  'താണ്ഡവ നടനം' അങ്ങനെ ഭരതന്റെ നാട്യശാസ്ത്രത്തിൽ ഉൾച്ചേരുകയും ചെയ്തു.  'താണ്ഡവ ലക്ഷണ' ഒരദ്ധ്യായമായിത്തീരുകയുമുണ്ടായി.

ഭരതമുനി, ശരീരത്തിന്റെ പത്ത് അംഗവിക്ഷേപങ്ങളും കണ്ഠത്തിന്റെ ഒമ്പത് വിക്ഷേപങ്ങളും മുപ്പത്താറ് കൈമുദ്രകളും ശിവന്റെ പതിമൂന്ന് വിക്ഷേപങ്ങളും വഴക്കവും ഒതുക്കവുമുളള ഭാവ പ്രകടനങ്ങളായി രൂപപ്പെടുത്തി. വിവിധ നാട്യകലാ പഠനത്തിന് അടിസ്ഥാന പ്രമാണമായിട്ടുളളത് ഭരതന്റെ നാട്യ ശാസ്ത്രമാണ്.
   
നാട്യ ശാസ്ത്ര ദർശനത്തിന്റെ അടിസ്ഥാന ശിലാ നിർമ്മാണം ഭരതമുനിയിൽ നിർവചിക്കപ്പെട്ടുവെന്ന് കരുതുന്നു.  ആറായിരം ശ്ലോകങ്ങളടങ്ങിയ ഈ നാട്യ ശാസ്ത്ര ഗ്രന്ഥം മാത്രമാണ് പ്രാചീനവും ആധികാരികവുമായിട്ടുളളതും. അഭിനയ രീതിയെ അദ്ദേഹം,  ആംഗികം, വാചികം, സാത്വികം, ആഹാര്യം  (വേഷ മാറ്റം ) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.

ഒരു നിരൂപകനെന്ന നിലയിൽ കൂടി ഭരതമുനി അറിയപ്പെട്ടു. ഉപമ , ദീപകം,  രൂപകം,  യമകം എന്നിങ്ങനെ അലങ്കാരങ്ങളെക്കുറിച്ചും പത്തുവിധ കാവ്യ ഗുണങ്ങളെ കുറിച്ചും കാവ്യ ദോഷങ്ങളെ കുറച്ചും പ്രതിപാദിച്ചിട്ടുണ്ട്. മിത്രഗുപ്തൻ , ഹർഷവർദ്ധൻ,  ശങ്കുകൻ,  ഉൽഭടൻ, ഭട്ടനായകൻ, അഭിനവ ഗുപ്തൻ തുടങ്ങിയ പ്രഗൽഭമതികൾ , നാട്യശാസ്ത്രത്തിന് വ്യാഖ്യാന രചന നടത്തിയിട്ടുണ്ട്.  അഭിനവ ഗുപ്തന്റ ' അഭിനവ ഭാരതി ' മാത്രമാണ് ലഭ്യമായ ഒന്ന്.  നാടകാന്ത്യത്തിലെ  'ഭരതവാക്യം 'എന്ന രീതി ഭരതമുനിയുടെ യശസ്സിനെ പ്രകീർത്തിക്കുന്നു.

No comments:

Post a Comment