ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (91-100)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (91-100)

📝 സ്ലോകം :-
ആദ്യാഽവിദ്യാ ഹൃദ്ഗതാ നിര്‍ഗ്ഗതാസീ-
ദ്വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത് |
സേവേ നിത്യം ശ്രീകരം ത്വത്പദാബ്ജം
ഭാവേ മുക്തേര്‍ഭാജനം രാജമൌലേ || 91 ||

👉 അർത്ഥം :-
രാജമൗലേ ചന്ദ്രചൂഡ! ഹൃദ്ഗതാ – ഹൃദയത്തി‌ല്‍ കുടികൊണ്ടിരുന്ന ആദ്യാ; അവിദ്യാ – ആദിയിലുണ്ടായിരുന്ന അജ്ഞാനം; ത്വത് പ്രസാദാത് – അങ്ങയുടെ പ്രസാദംകൊണ്ട്; നിര്‍ഗ്ഗതാ ആസീത് – വിട്ടകന്നുപോയി; ഹൃദ്യ വിദ്യാ – മനോഹരമായ ജ്ഞാനം; ഹൃദ്ഗതാ – ഹൃദയത്തി‍ല്‍ പ്രവേശിച്ചുകഴിഞ്ഞു; ശ്രീകരം – ഐശ്വര്‍യ്യത്തെ നല്‍ക്കുന്നതും; മുക്തേഃ ഭാജനം – മുക്തിക്ക് ഇരിപ്പിടവുമായ; ത്വത് പദാബ്ജം – നിന്തിരുവടിയുടെ തൃപ്പാദപദ്മത്തെ; ഭാവേ നിത്യം സേവേ – മനസ്സി‍ല്‍ എപ്പോഴും സേവിച്ചുകൊള്ളുന്നു.

ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞു; ഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു.

📝 സ്ലോകം :-
ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി
ദൌ‍ഭാഗ്യദുഃഖദുരഹംകൃതിദുര്‍വച‍ാംസി |
സാരം ത്വദീയചരിതം നിതര‍ാം പിബന്തം
ഗൌരീശ മാമിഹ സമുദ്ധര സത്കടാക്ഷൈഃ || 92 ||

👉 അർത്ഥം :-
ഗൗരീശ! ദുരക്ഷരാണി ഉമാവല്ലഭ! – ദുരക്ഷരങ്ങള്‍കൊണ്ടു സൂചിപ്പിക്കപ്പെട്ടിരിക്കുന്നതായും; ദുരിതാനി – ദുരിതങ്ങളാ‍ല്‍ വന്നു ചേര്‍ന്നിരിക്കുന്നവയുമായ; ദൗര്‍ഭാഗ്യദുഃഖദുരഹംകൃതിദിര്‍വച‍ാംസി – ദൗര്‍ഭാഗ്യം, ദുഃഖം, ദുരഹങ്കാരം, ദുര്‍ഭാഷണം എന്നിവയെല്ല‍ാം; ദൂരികൃതാനി – നീക്കംചെയ്യപ്പെട്ടിരിക്കുന്നു; സാരം – അതിശ്രേഷ്ഠമായിരിക്കുന്ന; ത്വദീയചരിതം – അങ്ങയുടെ ചരിതാമൃതത്തെ; നിതര‍ാം പിബന്തം – ഇടവിടാതെ പഠനംചെയ്തുകൊണ്ടിരിക്കുന്ന; മ‍ാം ഇഹ – എന്നെ ഈ ജന്മത്തില്‍തന്നെ; സത്കടാക്ഷൈഃ – കരുണാകടാക്ഷങ്ങള്‍കൊണ്ട്; സമുദ്ധര – കരകയറ്റിയാലും.

ഹേ ദേവ! ബ്രഹ്മാവിനാല്‍ എഴുതപ്പെട്ടിരിക്കുന്നവയും ദുരിതഫലമായി വന്നുചേര്‍ന്നിരിക്കുന്നവയുമായ ദൗര്‍ഭാഗ്യം, വ്യസനം, അഹങ്കാരം, ദുര്‍ഭഷണം എന്നിവയെല്ല‍ാം നീങ്ങിപ്പോയിരിക്കുന്നു; അത്യുത്തമമായ അങ്ങയുടെ ചരിതാമൃതത്തെ അനുനിമിഷവും പാനംചെയ്തുകൊണ്ടിരിക്കുന്ന എന്നെ കരുണയോടെ കടാക്ഷിച്ചരുളിയാലും.

📝 സ്ലോകം :-
സോമകലാധരമൌലൌ
കോമളഘനകന്ധരേ മഹാമഹസി |
സ്വാമിനി ഗിരിജാനാഥേ
മാമകഹൃദയം നിരന്തരം രമത‍ാം || 93 ||

👉 അർത്ഥം :-
സോമകലാധരമൌലൌ – മൗലിയി‍ല്‍ ചന്ദ്രക്കല ചാര്‍ത്തിയവനും; കോമളഘനകന്ധരേ – കാര്‍മുകില്‍പോലെ കമനീയമായ കഴുത്തോടുകൂടിയവനും; മഹാമഹസി – അതിതേജസ്വിയുമായ; ഗിരിജാനാഥേ – പാര്‍വ്വതി പതിയായ സ്വാമിനി ദേവനി‍ല്‍ ; മാമകഹൃദയം – എന്റെ മനസ്സ്; നിരന്തരം രമത‍ാം – ഇടവിടാതെ രമിക്കട്ടെ.

മൗലിയില്‍ ചന്ദ്രകലയണിഞ്ഞവനും നീലകണ്ഠനും തേജോനിധിയുമായ പാര്‍വ്വതീപതിയില്‍ എന്റെ ഹൃദയം എല്ലായ്പോഴും രമിക്കട്ടെ.

📝 സ്ലോകം :-
സാ രസനാ തേ നയനേ
താവേവ കരൌ സ ഏവ കൃതകൃത്യഃ |
യാ യേ യൌ യോ ഭര്‍ഗ്ഗം
വദതീക്ഷേതേ സദാര്‍ച്ചതഃ സ്മരതി || 94 ||

👉 അർത്ഥം :-
യാ – യാതൊരു നാവ്; സദാ – എല്ലായ്പോഴും; ഭര്‍ഗ്ഗം വദതി – പരമശിവനെ സ്തുതിക്കുന്നുവോ; സാ – അതുതന്നെയാണ്; രസനാ നാവ്; യേ ഈക്ഷേതേ – യാതൊരു കണ്ണുകള്‍ ദര്‍ശിക്കുന്നുവോ; തേ നയനേ – അവതന്നെയാണ് കണ്ണുകള്‍ ; യൗ അര്‍ച്ചതഃ – യാതൊരു കൈക‍ള്‍ പൂജിക്കുന്നുവോ; തൗ ഏവ കരൗ – അവതന്നെയാണ് കൈക‍ള്‍ ‍; യഃ സ്മരതി – യാതൊരുവന്‍ സ്മരിക്കുന്നുവോച സഃ ഏവ – അവ‍ന്‍ തന്നെയാണ്; കൃതകൃത്യഃ – കൃതകൃത്യതയെ പ്രാപിച്ചവ‍ന്‍‍ .

ഭഗവനേ സ്ത്രോത്രംചെയ്യുന്ന രസനയും ഭഗവദ്ദര്‍ശനം ചെയ്യുന്ന നേത്രങ്ങളും പൂജിക്കുന്ന ധ്യാനിക്കുന്ന ദേഹവും ആണ് കൃതകൃത്യതയെ പ്രാപിക്കുന്നത്.

📝 സ്ലോകം :-
അതിമൃദുലൌ മമ ചരണാ-
വതികഠിനം തേ മനോ ഭവാനീശ |
ഇതി വിചികിത്സ‍ാം സംത്യജ
ശിവ കഥമാസീദ്ഗിരൌ തഥാ പ്രവേശഃ || 95 ||

👉 അർത്ഥം :-
ഭവാനീശ! – ഭവാനീപതേ!; മമ ചരണൗ – എന്റെ കാലിണക‍ള്‍ ; അതിമൃദുലൗ – മാര്‍ദ്ദവമേറിയവ; തേ മനഃ – അതികഠിനം നിന്റെ മനസ്സ് ഏറ്റവും കഠിനമായത് ഇതി; വിചികിത്സ‍ാം – എന്നുള്ള സംശയത്തെ; സന്ത്യജ – വിട്ടൊഴിച്ചാലും ശിവ! ദേവ!; ഗിരൗ തഥാ വേശഃ – പര്‍വ്വതത്തി‍ല്‍ അപ്രകാരമുള്ള; സഞ്ചാരം കഥം ആസീത് ? – എങ്ങിനെ സംഭവിച്ചു?

ഹേ ദേവ! നിന്തിരുവടിയുടെ അതിമൃദുലമായ കാല്‍കൊണ്ട് കാഠിന്യമേറിയ എന്റെ ഹൃദയത്തില്‍ സഞ്ചരിക്കുന്നതെങ്ങിനെ എന്ന വിചാരമുണ്ടായിരിക്ക‍ാം. പര്‍വ്വതസഞ്ചാരിയായ ഭവാന്ന് അങ്ങിനെ ഒരു വിചാരമേ ആവശ്യമുള്ളതായി കാണപ്പെടുന്നില്ല.

📝 സ്ലോകം :-
ധൈര്യാങ്കുശേന നിഭൃതം
രഭസാദാകൃഷ്യ ഭക്തിശൃംഖലയാ |
പുരഹര ചരണാലാനേ
ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ || 96 ||

👉 അർത്ഥം :-
പുരഹര! – മുപ്പുരങ്ങളേയും നശിപ്പിച്ചവനേ!; ഹൃദയമഭേദം – മനസ്സാകുന്ന മദിച്ച മാതംഗത്തെ; ധൈര്‍യ്യങ്കുശേന – ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട്; രഭസാത് ആകൃഷ്യ – വേഗത്തി‍ല്‍ ആകര്‍ഷിച്ച്; ഭക്തിശൃംഖലയാ – ഭക്തിയാകുന്ന ചങ്ങലകൊണ്ട്; ചരണാളാണേ – നിന്തിരുവടിയുടെ പാദപങ്കജമാകുന്ന കെട്ടുതറയില്‍; ചിദ്യന്ത്രൈഃ – ബ്രഹ്മജ്ഞാനമാകുന്ന യന്ത്രങ്ങളാ‍ല്‍; നിഭൃതം ബധാന – മുറുകെ ബന്ധിച്ചാലും.

മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.

📝 സ്ലോകം :-
പ്രചരത്യഭിതഃ പ്രഗല്ഭവൃത്ത്യാ
മദവാനേഷ മനഃ കരീ ഗരീയാന്‍ |
പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ
പരമ സ്ഥാണുപദം ദൃഢം നയാമും || 97 ||

👉 അർത്ഥം :-
പരമ! – പരമേശ്വര!; മദവാന്‍ ഗരീയാ‍ന്‍ – മദിച്ചതും വമ്പിച്ചതുമായ; ഏഷഃ മനുഃകരീ – ഈ എന്റെ മനസ്സാകുന്ന ആന; പ്രഗല്‍ഭവൃത്യാ – തടുപ്പാ‍ന്‍ കഴിയാത്തവിധം; അഭിതഃ പ്രചരതി – ചുറ്റും ഓടിനടക്കുന്നു; അമും ഭക്തിരജ്ജ്വാ – ഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട്; നയേന പരിഗൃഹ്യ – നയത്തി‍ല്‍ പിടിച്ചുകെട്ടി; സ്ഥാണു പദം – സുസ്ഥിരമായ സ്ഥാനത്തേക്ക്; ദൃഢം നയ – പിടിയില്‍നിന്നും വിട്ടുപോകാത്തവിധം ബലമായി നയിക്കേണമേ.

ഹേ ഈശ! മദംകൊണ്ടതും വമ്പിച്ചതുമായ എന്റെ മനസ്സാകുന്ന ഈ കുലയാന അടക്കുവാന്‍ കഴിയാത്തവിധം ഇതാചുറ്റും ഓടിത്തിരിയുന്നു, ഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട് ചാതുര്‍യ്യത്തോടെ പിടിച്ചുകെട്ടി ശാശ്വതമായ സ്ഥാനത്തേക്കു ദൃഢമായി പിടിച്ചുകൊണ്ടുപോയി ചേര്‍ത്തേണമേ.

📝 സ്ലോകം :-
സര്‍വ്വാലങ്കാരയുക്ത‍ാം സരലപദയുത‍ാം സാധുവൃത്ത‍ാം സുവര്‍ണ്ണം
സദ്ഭിഃസംസ്തൂയമാന‍ാം സരസഗുണയുത‍ാം ലക്ഷിത‍ാം ലക്ഷണാഢ്യ‍ാം |
ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയ‍ാം ദ്യോതമാനാര്‍ത്ഥ രേഖ‍ാം
കല്യാണീം ദേവ ഗൌരീപ്രിയ മമ കവിതാകന്യക‍ാം ത്വം ഗൃഹാണ || 98 ||

👉 അർത്ഥം :-
ഗൗരീപ്രിയ ദേവ – ഉമാകാന്തനായ ഈശ്വ!; സര്‍വ്വാലങ്കാരയുക്ത‍ാം – ഉപമ മുതലായ എല്ലാവിധ അലങ്കാരങ്ങളോടുകൂടിയതും, എല്ലാ ആഭരണങ്ങളോടുകൂടിയതും; സരളപ്രദയുത‍ാം – മൃദുപദങ്ങളോടുകൂടിയതും, മൃദുവായ കാലുകളോടുകൂടിയവളും; സാധുവൃത്ത‍ാം ആര്‍യ്യ – മുതലായ നല്ല വൃത്തങ്ങളോടുകൂടിയതും; സച്ചരിതയും സുവര്‍ണ്ണ‍ാം – മൃദുക്കളായ അക്ഷരങ്ങളോടുകൂടിയതും നല്ല നിറത്തോടുകൂടിയവളും; സംസ്‍തൂയമാന‍ാം – സ്തുരിക്കപ്പെട്ടതും, സ്തുതിക്കപ്പെട്ടവളും; സരസഗുണയുത‍ാം ശൃംഗാരം – തുടങ്ങിയ രസങ്ങളിണങ്ങിയ; മാധൂര്‍യ്യം – മുതലായ ഗുണങ്ങളോടുകൂടിയതും, ശൃംഗാരാദിരസങ്ങളോടും; ഔദാര്‍യ്യം – മുതലായ ഗുണങ്ങളോടും കൂടിയവളും; ലക്ഷിത‍ാം പ്രതിപാദ്യവസ്തുവോടുകൂടിയതും, കന്യാര്‍ത്ഥികളാ‍ല്‍ വരണിയയായ് നിശ്ചയിക്കപ്പെട്ടവളും; ലക്ഷണാഢ്യ‍ാം – കാവ്യലക്ഷണങ്ങളോടുകൂടിയതും സ്ത്രീലക്ഷണങ്ങളെല്ല‍ാം തികഞ്ഞവളും; ഉദ്യത്‍ഭൂഷാവിശേഷ‍ാം – പ്രകാശിക്കുന്ന ശബ്ദാലങ്കാരങ്ങളോടുകൂടിയതും; സൗശില്യാദി – ഗുണവിശേഷങ്ങളര്‍ന്നവളും; ഉപഗതവിനയ‍ാം – കവിവിനയത്തോടുകൂടിയതും, വിനയഗുണത്തോടുകൂടിയവളും; ദ്യോതമാനര്‍ത്ഥരേഖ‍ാം – പ്രാകാശിക്കുന്ന അര്‍ത്ഥപാരംപര്‍യ്യത്തോടു കൂടിയതും, പ്രകാശിക്കുന്ന ധനരേഖയോടുകൂടിയവളും; കല്യാണീം – അര്‍ത്ഥപുഷ്ടിയോടുകൂടിയതും, കല്യാണഗുണങ്ങളോടുകൂടിയവളും ആയ; മമ കവിതാകന്യ‍ാം – എന്റെ കവിതാകന്യയെ; ത്വ‍ാം ഗൃഹാണ് – നിന്തിരുവടി കൈകോണ്ടരുളിയാലും.

ഹേ ഉമാപതേ! നന്നായലങ്കരിക്കപ്പെട്ടവളും സരസപദ വിന്യാസത്തോടുകൂടിയവളും സാധുവൃത്തയും വര്‍ണ്ണഗുണമിണങ്ങിയവളും സജ്ജനസത്കൃതയും സരസഗുണങ്ങളാര്‍ന്നവളും എല്ലാവരാലും ലക്ഷീകരിക്കപ്പെട്ടവളും സകലവിധ ലക്ഷണങ്ങളുമുള്ളവളും വിശിഷ്ടാലങ്കാരങ്ങളാല്‍ അഴകാര്‍ന്ന് വിളങ്ങുന്നവളും വിനയഗുണസമ്പന്നയും തെളിഞ്ഞുകാണുന്ന ശുഭരേഖയോടുകൂടിയവളും മംഗളവിഗ്രഹയുമായ എന്റെ കവിതയാകുന്ന കന്യകയെ അവിടുന്നു സ്വീകരിച്ചരുളിയാലും.

📝 സ്ലോകം :-
ഇദം തേ യുക്തം വാ പരമശിവ കാരുണ്യജലധേ
ഗതൌ തിര്‍യ്യഗ്‍രൂപം തവ പദശിരോദര്‍ശനധിയാ |
ഹരിബ്രഹ്മാണൌ തൌ ദിവി ഭുവി ചരന്തൌ ശ്രമയുതൌ
കഥം ശംഭോ സ്വാമിന്‍ കഥയ മമ വേദ്യോഽസി പുരതഃ || 99 ||

👉 അർത്ഥം :-
കാരൂണ്യജലധേ! – കരുണാസിന്ധോ!; പരമശിവ! – തവ മംഗളമൂര്‍ത്തേ! നിന്തിരുവടിയുടെ; പദശിരോദര്‍ശനധിയാ – പാദവും ശിരസ്സും കാണേണമെന്ന ആഗ്രഹത്തോടെ; തിര്‍യ്യഗ്‍രൂപം ഗതൗ – തിര്‍യ്യക്‍സ്വരൂപത്തെ ധരിച്ച; തൗ ഹരിബ്രാഹ്മണൗ – ആ വിഷ്ണുവും ബ്രഹ്മദേവനും; ദിവി ഭുവി – ആകാശത്തിലും ഭൂമിയിലും; ചരന്തൗ – സഞ്ചരിക്കുന്നവരായി; ശ്രമയുതൗ – ഓട്ടേറേ കഷ്ടപ്പെട്ടു സ്വാമിന്‍ ; ശംഭോ! ലോകേശ! മമ പുരതഃ – എന്റെ മുമ്പി‍ല്‍ ; കഥം വേദ്യഃ – അസി? എങ്ങിനെയാണ് പ്രത്യക്ഷനായിത്തീരുക? കഥയ പറഞ്ഞാലും; തേ ഇദം യുക്തം വാ? – അങ്ങക്ക് ഇത് യോജിച്ചതായിരിക്കുമോ?

ഹേ ദേവ! അങ്ങയുടെ തൃപ്പാദത്തേയും തിരുമുടിയേയും ദര്‍ശിക്കേണമെന്ന ഉല്‍കണ്ഠയോടേ തീര്‍യ്യക്കുകളുടെ രൂപം ധരിച്ച് മഹാവിഷ്ണുവും ബ്രഹ്മദേവനും ഭൂമിയിലും ആകാശത്തിലും സഞ്ചരിച്ചുകൊണ്ട് ഒട്ടേറെ കഷ്ടപ്പെട്ടു. എന്നിട്ടും അതിന്ന് സാധിക്കാതെ പിന്‍താങ്ങി. ഇത് അങ്ങക്ക് അനുയോജിച്ചതാണോ? ഇങ്ങിനെയിരിക്കെ ഈ ഏറ്റവും ഏളിയവനായ എനിക്ക് എങ്ങിനെയാണ് അവിടുന്ന് ദര്‍ശനം നല്‍കുക?

📝 സ്ലോകം :-
സ്തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാ വിരിഞ്ചാദയഃ
സ്തുത്യാനം ഗണനാപ്രസംഗസമയേ ത്വാമഗ്രഗണ്യം വിദുഃ |
മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്തോമവ-
ദ്ധൂതാസ്ത്വ‍ാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാഃ || 100 ||

👉 അർത്ഥം :-
ശംഭോ! – അല്ലേ ഭഗവ‍ന്‍ !; സ്ത്രോത്രേണ അലം – സ്തുരിവചനങ്ങ‍ള്‍ പരിപൂര്‍ണ്ണമായി; അഹം – ഞാ‍ന്‍ ; മൃഷാ ന പ്രവച്മി – പഴുതായൊന്നും പറയുന്നില്ല; ഭവത്സേവകാഃ – അങ്ങയുടെ പാദഭക്തന്മാരായ; വിരിഞ്ചാദയഃ – ബ്രഹ്മാവു മുതലായ; ദേവാഃ – ദേവന്മാര്‍ ; സ്തുത്യാന‍ാം – സ്ത്രോത്രം ചെയ്പാ‍ന്‍ അര്‍ഹതയുള്ളവരെ ഗണനാപ്രസംഗസമയേ എണ്ണിക്കണക്കാക്കുവാ‍ന്‍ ആരംഭിച്ചപ്പോള്‍ ; ത്വ‍ാം – നിന്തിരുവടിയെയാണ്; അഗ്രഗണ്യം വിദുഃ – അഗ്രഗണ്യനായി തീരുമാനിച്ചിരിക്കുന്നതു മഹാത്മ്യാഗ്രവിചാരണപ്രകരണേ മാഹാത്മ്യത്തിന്റെ ഒന്നാമത്തെ ആലോചനയില്‍ ; ധാനാതുഷസ്തോമവത് – ചെറിയ ധാന്യങ്ങളുടെ ഉമിപോലെ; ധൂതാഃ – പറപ്പിക്കപ്പെട്ട്; ത്വ‍ാം – നിന്തിരുവടിയെ; ഉത്തമോത്തമഫലം വിദുഃ – എല്ലാറ്റിലുംവെച്ച് ശ്രേഷ്ഠമായ ഫലമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.

ഹേ ഭഗവന്‍ ! ഞാന്‍ വെറുതെയൊന്നും പറയുന്നില്ല; സ്തുതിച്ചതും മതിയാക്കുകയാണ് ത്വത്പാദഭക്തന്മാരായ നാന്മുഖന്‍ മുമ്പായ ദേവകളെല്ല‍ാം അങ്ങയെത്തന്നെയാണ് സ്തുത്യര്‍ഹന്മാരില്‍ അഗ്രഗണ്യനായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹാത്മാക്കളില്‍വെച്ച് പ്രഥമസ്ഥാനവും അങ്ങയ്ക്കുതന്നെയാണ് നല്കിയിരിക്കുന്നതും..

|| ഇതി ശ്രീമച്ഛങ്കരാചാര്യവിരചിത ശിവാനന്ദലഹരീ സംപൂര്‍ണ്ണം ||

No comments:

Post a Comment