ശങ്കരന്റെ ജനനം
മഹത്തുക്കളുടെ ഈറ്റില്ലമായ ഭാരതവർഷം കലിയുഗത്തില്‍ ജന്മം നൽകിയിട്ടുള്ള മഹത്തുക്കളിൽ അദ്വിതീയസ്ഥാനത്തെ അലങ്കരിക്കുന്ന പ്രതിഭയാണ് ആദിശങ്കരൻ. ശങ്കരന്റെ ജന്മംകൊണ്ട് പരിപാവനമായ പുണ്യഭൂമിയാണ് വിന്ധ്യാചലത്തിനപ്പുറമുള്ള ഭാർഗ്ഗവക്ഷേത്രം. ശൈവവൈഷ്ണവ, ശാക്തേയ, ഗാണപത്യ വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ധയും ബൗദ്ധജൈനാദി ഇതരമതങ്ങളുടെ അമിതപ്രചാരവും സനാതനമായ ഹിന്ദുമതത്തെ ക്ഷീണിപ്പിക്കുകയും, ക്ഷയിപ്പിക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിലാണ് ശങ്കരന്റെ ജനനം. ഒരുപക്ഷേ ശങ്കരൻ ജനിച്ചില്ലായിരുന്നെങ്കിൽ, ഇന്ന് ഹിന്ദുമതം തന്നെ നാമാവിശേഷമായിത്തീർന്നേനെ എന്ന കാര്യം സ്മരണീയമാണ്. മേൽ പറഞ്ഞ ശൈവ, വൈഷ്ണവ, ശാക്തേ, ഗാണപത്യ വിഭാഗങ്ങൾ എല്ലാംതന്നെ അദ്വൈതത്തിലടങ്ങുന്നു എന്ന് ഉദ്‌ഘോഷിച്ച ശങ്കരൻ ഹിന്ദുമതത്തിന്റെ സനാതനമൂല്യങ്ങൾ നശിക്കാതെ കാത്തുസൂക്ഷിച്ച് അതേ ആഴത്തിൽ വേരുറപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മാനവരാശിയുടെ നന്മയ്ക്കുവേണ്ടി മാത്രമായി വേദത്തെ നാലായി വിഭജിച്ച് സരളമായി ആഖ്യാനം ചെയ്ത് അനന്തരം പുരാണരചന നടത്തിയ മഹർഷിവ്യാസൻ തന്റെ പതിനൊന്നാമത്തെ മഹാപുരാണമായ സ്‌കാന്ദമഹാപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള അദ്വൈതസിദ്ധാന്തം പ്രചരിതമാകാതെ വന്നപ്പോൾ അതു പ്രചരിതമാക്കുവാൻ വേണ്ടി വ്യാസന് അതേ ഉപദേശം ചെയ്ത സ്‌കന്ദാചാര്യർ തന്നെയാണ് ദക്ഷിണാമൂർത്തി സ്വരൂപനായ ശങ്കരനെ ഈ ഭൂലോകത്തേയ്ക്കയച്ചത്. ശങ്കരൻ അതു പാലിക്കുകയും ചെയ്തു.
ഭാരത പുണ്യഭൂമിയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറുഭാഗത്തേയ്ക്കു ചേർന്ന് നീണ്ടുകിടക്കുന്ന ഈ കൊച്ചു കേരളത്തിൽ പെരിയാറ്റിന്റെ തീരഭൂമിയായ കാലടി എന്ന കൊച്ചുഗ്രാമത്തിൽ ജാതനായി ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ജഗദ്ഗുരു ശങ്കരാചാര്യരുടെ ജീവിതകാലഘട്ടത്തെപ്പറ്റി ഇന്നും വിവാദങ്ങളുണ്ട്. ജഗദ്ഗുരു ശങ്കരാചാര്യരെ കുറിച്ച്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച്, ശങ്കരൻ ലോകത്തിനു കാഴ്ചവച്ച സംഭാവനകളെ കുറിച്ച് ശങ്കര സാഹിത്യത്തെ കുറിച്ച് ഒക്കെ അനവധി ഗ്രന്ഥങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. എങ്കിലും ശങ്കരന്റെ കാലഘട്ടത്തെ കുറിച്ച് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുവാൻ കഴിഞ്ഞിട്ടില്ല. ശങ്കരൻ സ്ഥാപിച്ച മഠങ്ങളിലൊന്നായ ശൃംഗേരിമഠത്തിൽ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് 2020 ശങ്കരന്റെ 1232 മത്തെ ജന്മദിനമാണ് എന്നാൽ കാഞ്ചീമഠം അത് അംഗീകരിക്കുന്നില്ല,
അവരുടെ പക്ഷപ്രകാരം ഇത് ശങ്കരന്റെ 2528 - മത് ജന്മദിനമാണ്. ഈ വിപരീതാഭിപ്രായങ്ങൾ ലോജനതയോടൊപ്പം തന്നെ ശങ്കരൻ ജനിച്ചു മണ്ണിലെ ജനങ്ങളേയും ചിന്താക്കുഴപ്പത്തിലാക്കുന്നു. അതുകൊണ്ട് ശങ്കരന്റെ കാലഘട്ടത്തെ കുറിച്ചുള്ള ചില വിവരങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കുകയാണ്,. ശങ്കരാചാര്യരുടെ പൂർവ്വജന്മകാര്യങ്ങളെപ്പറ്റിയും തുടർന്ന് ശങ്കരനായി ജനിച്ചശേഷമുള്ള ചില കാര്യങ്ങളെപ്പറ്റിയും സുബ്രഹ്മണ്യഅഗസ്ത്യസംവാദ രൂപമായ ‘മരണാനന്തരരഹസ്യം’ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.
ആ കഥ എന്താണ് എന്ന് ഒന്ന് നോക്കാം --
കാവേരിയാറിന്റെ തീരഭൂമിയിൽ കറുപ്പിനോട് അധികപ്രിയമുണ്ടായിരുന്ന ഒരു കുശവൻ വസിച്ചിരുന്നു. മണ്‍പാത്ര നിർമ്മാണമായിരുന്നു അയാളുടെ ഉപജീവനമാർഗം. കൃഷ്ണഭക്തനായിരുന്ന നിരക്ഷരകുക്ഷിയായ അയാൾക്ക് കറുപ്പുനിറം ദേവപ്രതീകമായിരുന്നു. ഇപ്രകാരം കറുപ്പുനിറമുള്ള കാക്കയെയും കൃഷ്ണഭഗവാനായിതന്നെ അയാൾകണ്ടിരുന്നു. കാരണം കാകനും കറുപ്പ് അയ്യനും കറുപ്പ്. ഇപ്രകാരം സങ്കല്പത്തെ വളർത്തി ആണ്ടുകൾ പലതു കഴിഞ്ഞു. പിതൃശ്രാദ്ധാദികർമങ്ങളിൽ വിശ്വാസമുണ്ടായിരുന്ന അയാൾ ആണ്ടുബലികൾ കൃഷ്ണാർപ്പണമായി തന്നെ ചെയ്തിരുന്നു. കാലാന്തരത്തിൽ ഒരു ബലിക്കാക്ക അയാളുടെ സന്തത സഹചാരിയായി മാറി. ശനിദശ പിടിച്ചപ്പോൾ ഈ കുശവന്റെ കുടിൽ അഗ്നിക്കിരയായിപ്പോയി. തന്റെ സന്തതസഹചാരിയായ, കാകനോടയാൾ സങ്കടം ഉണർത്തിച്ചു. ആ കാകൻ അനേകം കാകന്മാരെക്കൂട്ടി കാക്കകൾ കൂടുണ്ടാക്കുന്നതുപോലെ ചുള്ളിയും കമ്പും വച്ച് ഒരു കുടിൽ പണിത് അയാൾക്കു കൊടുത്തു. കുശവൻ സന്തുഷ്ടനായി. എന്നാൽ കാകനുണ്ടാക്കിയ കുടിൽ അൽപ്പകൊല്ലംപോലും നിലനിക്കുകയില്ല എന്ന് ചില വിദ്വാന്മാർ പ്രവചിച്ചു. ഇതു ശ്രവിച്ച കാക്കകൾ ഒരു പാതിരാവിൽ ഒച്ചപ്പാടുണ്ടാക്കി അയാളുടെ പറമ്പിൽ ഈശാനഭാഗത്തായി കൊക്കുകൊണ്ട് നിലത്തുകൊത്തി ഒരു ഗർത്തം തുരന്നുണ്ടാക്കി. കാകന്മാരുടെ ചെയ്തികളെ ഏകനായി സശ്രദ്ധം വീക്ഷിച്ചിരുന്ന കുശവൻ കാകന്മാർ പിന്മാറിയപ്പോൾ അവിടത്തിൽ ചെന്നുനോക്കി. ആശ്ചര്യമെന്നേ പറയേണ്ടു ഒരു ചെമ്പുകുടം നിറയെ സ്വർണ്ണമുത്തുകളും ഒരു മൺകുടത്തില്‍ ഒരു കൃഷ്ണവിഗ്രഹവും അയാൾക്കവിടെനിന്നു ലഭിച്ചു. പൊന്നുകൊണ്ട് ധനമാർജിച്ച അയാൾ കുടിലിന്റെ സ്ഥാനത്ത് ഒരു ഗൃഹം പണിതു. കൃഷ്ണവിഗ്രഹം അറയിൽവച്ച് നിത്യപൂജയും, തനിക്കറിയുന്ന വിധത്തിൽ ചെയ്തുതുടങ്ങി. നാളുകൾതോറും കുശവനും വളർന്നു, വിഗ്രഹവും വളർന്നു. കൈ എത്തിച്ചു കുളിപ്പിക്കുവാൻ പറ്റാത്ത അവസ്ഥയെത്തിയപ്പോൾ കുശവൻ അയ്യനോട് കിടന്നുകൊടുക്കുവാൻ യാചിച്ചു. അയ്യൻ കിടന്നുകൊടുക്കുകയും ചെയ്തു നിത്യപൂജകൾ തുടര്‍ന്നുകൊണ്ടുമിരുന്നു. കാലാന്തരത്തിൽ കുശവൻ ശരീരത്യാഗം ചെയ്ത് വൈകുണ്ഠമെത്തി
കുശവൻ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാൻ അനന്തരഗാമികളില്ലാതായി. ആ കാലത്ത് അരംഗന്റെ നാടുവാണിരുന്ന ചോളരാജ്യത്തിന്റെ സ്ഥാപകനായിരുന്ന രാജാവു നാരായണഭക്തനായിരുന്നു. കുശവൻ പൂജിച്ചിരുന്ന അരംഗനെ പൂജിക്കുവാൻ അദ്ദേഹം ബ്രഹ്മണരോടു കല്പിച്ചു. കുശവൻ പൂജിച്ചിരുന്ന വിഗ്രഹത്തെ പൂജിക്കുന്നത് ബ്രാഹ്മണ്യത്തിനു തന്നെ കളങ്കമായി തീരും എന്നവർ ശഠിച്ചു. എങ്കിലും രാജകല്പനയെ ഭയന്ന് അവർ പൂജ ചെയ്യുവാൻ ഒരുങ്ങി. അവര്‍ ചെമ്പുകൊണ്ട് ശ്രീചക്രം നിർമ്മിച്ച് അതിൽ മഹാലക്ഷ്മിയെ ആവാഹിച്ചു പൂജകളർപ്പിച്ചു. അരംഗൻ ആ പൂജ കൈക്കൊണ്ടില്ല. മഹാലക്ഷ്മിയും ആ പൂജ സ്വീകരിച്ചില്ല. അരംഗന്റെ കോപത്തിനിരയായ ആ ബ്രാഹ്മണമാരുടെ ഇല്ലങ്ങളിൽ ലോഹനിർമ്മിതപാത്രങ്ങൾ മൺപാത്രങ്ങളായി മാറി. കുശവൻ പൂജിച്ച വിഗ്രഹത്തെ പൂജിച്ചതു കാരണമാണ് തങ്ങൾക്ക് ഈ ദുർഗതി വന്നുചേർന്നത് എന്നവർ വാദിച്ചു. രാജാവിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. വിഷ്ണുഭക്തനായിരുന്ന രാജാവ് ചിന്താകുലനായി. അവസാനം താൻതന്നെ അരംഗനെ പൂജിക്കാമെന്നദ്ദേഹം നിശ്ചയിച്ച് ഗർഭഗൃഹത്തിൽ പ്രവേശിച്ചു. തൽസമയം അവിടത്തെ ദീപങ്ങളടക്കമുള്ള സകല പൂജാപാത്രങ്ങളും പൊന്നായി കാണപ്പെട്ടു. അരംഗന്റെ അനുഗ്രഹം കൊണ്ടാണ് ഇപ്രകാരം സംഭവിച്ചതെന്നും ബ്രഹ്മണർ ചതിച്ചതാണെന്നും മന്നൻ അവകാശപ്പെട്ടു. അവിടെ സംഭവിച്ച പരിണാമങ്ങൾ മന്നൺ ബ്രാഹ്മണരെ വിളിച്ചറിയിച്ചു. അപ്പോഴാണ് ശ്രീചക്രത്തിനു വ്യതിയാനം സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. ചെമ്പുകൊണ്ടു നിർമ്മിച്ച ആ ശ്രീചക്രമേരു തങ്കനിർമ്മിതവും വൈരക്കല്ലുകൾ പതിച്ചതുമായി കാണപ്പെട്ടു. അപ്പോൾ ശ്രീചക്രത്തിൽ തങ്ങൾ ലക്ഷ്മിയെ പൂജിച്ചതുകൊണ്ടാണ് ഇപ്രകാരം സംഭവിച്ചത് എന്നും അതിനാൽ ശ്രീചക്രം അതിന്റെ ഉടമസ്ഥരായ തങ്ങൾക്കു തിരിച്ചു നല്കണമെന്നു ബ്രാഹ്മണരാവശ്യപ്പെട്ടു. ശ്രീചക്രം വീണ്ടും ചെമ്പാകുകയാണെങ്കിൽ തിരിച്ചുതരാമെന്ന് മന്നനും ന്യായവാദമുന്നയിച്ചു. ബ്രാഹ്മണർ കുണ്ഠിതരായി. അരംഗനെ ‘അബ്രാഹ്മണൻ’ എന്നു വിളിച്ചു പുലഭ്യം പറഞ്ഞുകൊണ്ടവർ ഇല്ലങ്ങളിലേക്ക് മടങ്ങി. അരംഗകോപത്താൽ അവരുടെ ഭാര്യമാരുടെ കെട്ടുതാലിയടക്കമുള്ള സ്വർണ്ണാഭരണങ്ങൾ ചെമ്പും കാരിരുമ്പുമായി മാറി. സ്ത്രീധനം നല്കിയപ്പോൾ ശ്വശൂരന്മാർ തങ്ങളെ ചതിച്ചതാണ് എന്നവർ കരുതി. തത്ഫലമായി അവരുടെ ദാമ്പത്യം പോലും വിഛേദിക്കപ്പെട്ടു. കുശവന്റെ പക്ഷംചേർന്ന ഭഗവാൻ വിഷ്ണുവിനെ ഇനി ആദരിക്കരുത് എന്നവർ നിശ്ചയിച്ച് അവരിൽ ചിലർ അവിടന്നു പലായനം ചെയ്ത് കുമരിദേശഭാഗത്തെത്തിച്ചേർന്ന് വീരശൈവമതം സ്വീകരിച്ച് ശിവനെ ആരാധിക്കുകയും ഒപ്പംതന്നെ വിഷ്ണുവിനെ ദ്വേഷിക്കുകയും ചെയ്തുവന്നു ഈ സമയത്താണ് മലയാളദേശത്തിലെ അഭിനവശങ്കരൻ സവർജ്ഞപീഠം കയറി അദ്വൈതത്തെ പ്രചരിപ്പിച്ചത്.
മറുഭാഗത്ത് അരംഗനെ പൂജിച്ച മന്നൻ നാൾക്കുനാൾ അഭിവൃദ്ധിപ്രാപിച്ചു ഭക്തവത്സലനായ രംഗനാഥൻ മന്നന്റെ നാടു സുഭിക്ഷമാക്കി. പന്ത്രണ്ടു സംവത്സരങ്ങൾ കടന്നുപോയി. ഒരു നാൾ പ്രാതപകാലത്ത് മന്നൻ പൂജ ചെയ്തുകൊണ്ടിരിക്കെ ധ്യാനനിരതനായിരുന്ന മന്നന് ഭഗവാൻ നാരായണൻ ദർശനം നല്കി. ഭഗവാനോടൊപ്പം കുശവൻ ഇരിക്കുന്നതായും കണ്ടു. ‘ഉടയും, കുടം, ഒടുക്കമുടയും, ഉടഞ്ഞാലൊട്ടും, ഒട്ടിയാലൂട്ടും’പഴമൊഴിയെ നാരായണൻ ചൊല്ലുന്നതായി മന്നൻ കേട്ടു. പരമഭക്തനായിരുന്ന മന്നൻ രാജസദസ്സിലെത്തി ആസ്ഥാനപണ്ഡിതന്മാരെയും കവികളെയും വിളിച്ചുവരുത്തി ഈ പദ്യശകലത്തിന്റെ ശൂദ്ധാർത്ഥത്തെ ചോദിച്ചു, ഏതോ വേദാന്തരഹസ്യം അതിലടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞതല്ലാതെ അതേ വർണ്ണിക്കുവാൻ തമിഴകത്തെ പണ്ഡിതഗണത്തിനുകഴിഞ്ഞില്ല. അനന്തരം വസന്തകാലത്ത് നടത്താറുണ്ടായിരുന്ന കവിയരങ്ങ് നടന്നപ്പോൾ കേരളം ഒഴിച്ചുള്ള ഭാരതദേശത്തിലെ സർവ സ്ഥലങ്ങളിൽ നിന്നുമുള്ള കവികളും സഭാമണ്ഡപത്തിലണിനിരന്നപ്പോൾ മന്നൻ ഈ പ്രശ്‌നം മുന്നോട്ടുവച്ചു. അക്കാലത്തു കവിയരങ്ങുനടക്കുമ്പോൾ മലയാളക്കരയിൽ വിദ്വാന്മാരില്ല എന്ന നിഗമനത്തിൽ കോട്ടയുടെ ദക്ഷിണകവാടം അടച്ചിടുക പതിവായിരുന്നു. ആസ്ഥാനമണ്ഡപത്തിലുന്ന സർവപണ്ഡിതന്മാരും കവികളും മേൽ ചൊന്ന പദ്യശകലത്തിന്റെ അർത്ഥത്തെ വിവരിക്കുവാൻ അപ്രാപ്തരായിരുന്നു. ഈയവസരത്തിലാണ് ആദിശങ്കരൻ അവിടത്തിൽ ദിഗ്വിജയം ചെയ്തത്. അടഞ്ഞുകിടക്കുന്ന ദക്ഷിണ കവാടത്തിനുപുറത്തുനിന്ന് അകത്തെ ചർച്ചാവിഷയത്തെ അദ്ദേഹം ഗ്രഹിച്ചു നിമിഷകവിയായ അദ്ദേഹം ആ പദ്യശകലത്തിന്റെ അർത്ഥത്തെ വ്യാഖ്യാനം ചെയ്ത് വിഷ്ണുഭുജംഗകാവ്യത്തെ രചിച്ച് ഉച്ചൈസ്തരം ഘോഷിച്ചു. രംഗനാഥന്റെ ആലയം കമ്പനംകൊള്ളുകയും കോട്ടയുടെ ദക്ഷിണകവാടം താനെ തുറക്കുകയും ചെയ്തു. ഭാരതദേശത്തിന്റെ ഇതരഭാഗങ്ങളിൽ നിന്നും വന്ന പണ്ഡിത സമൂഹത്തിന് വ്യാഖ്യാനം നൽകുവാൻ കഴിയാതെവന്ന ആ പദ്യശകലത്തെ പണ്ഡിതന്മാരില്ല എന്നു നിശ്ചയിച്ചിരുന്ന മലയാളക്കരയിൽ നിന്നും ആഗതനായ ആ സന്യാസിക്കുമാത്രമേ വ്യാഖ്യാനിക്കുവാൻ കഴിഞ്ഞുള്ളൂ. മന്നൻ വിനയപുരസ്സരം ശങ്കരനു വരവേല്പു നല്കി. മലയാള ദേശത്തിന്റെ തലവൻ എന്ന ഖ്യാതി ശങ്കരനു ലഭിക്കുകയും ചെയ്തു. തന്റെ തെറ്റിനു കുറിച്ചു ബോധവാനായ മന്നൻ പിന്നീടൊരിക്കലും കോട്ടയുടെ ദക്ഷിണകവാടം അച്ചടിച്ചിട്ടില്ല, എന്നും തുറന്നു തന്നെ ഇട്ടിരുന്നു. കുശവൻ പൂജിച്ചിരുന്ന അരംഗന്റെ ആലയം തന്നെയാണ് ഇന്ന് തിരിച്ചിറ പള്ളിക്കു സമീപം സ്ഥിതിചെയ്യുന്ന ശ്രീരംഗത്തെ ശ്രീരംഗനാഥന്റെ ആലയം,
പ്രിയശിഷ്യൻ അഗസ്ത്യന് ചരിത്രത്തെ ചൊല്ലികൊടുത്തശേഷം സ്‌കന്ദൻ ഇപ്രകാരം പറയുന്നു ‘മഹര്‍ഷേ’ ! ഈ ശങ്കരൻ ആരാണ് എന്നറിയണം. പൂർവ്വ ജന്മത്തിലെ കുശവൻ തന്നെയായിരുന്നു ഈ ശങ്കരൻ. അതിന്റെ തത്വമായിരുന്നു കവിതാശകലത്തിൽ അടങ്ങിയിരുന്നത്. മേൽ ചൊന്ന കാര്യങ്ങളെ ആസ്പദമാക്കി ശങ്കരാചാര്യരുടെ കാലഘട്ടത്തെ നിർണ്ണയം ചെയ്യുകയാണ് എങ്കിൽ ഇത് ശങ്കരന്റെ 1232 -മതു ജന്മദിനമാണ് എന്ന വചനത്തിന് കൂടുതൽ പ്രസക്തി ലഭിക്കുന്നു. ദക്ഷിണ ഭാരതത്തിലെ പ്രശക്തവും പ്രാചീനവുമായ രാജപരമ്പരയായ പാണ്ഡ്യരാജ്യത്തിന്റെ ആസ്ഥാനം ആദികാലത്ത് ഇന്നത്തെ തിരുനെൽവേലിക്കടുത്ത് ശ്രീവൈകുണ്ഠം താലൂക്കിൽ പെടുന്ന ‘കോർകൈ’ എന്ന സ്ഥലത്തായിരുന്നു എന്ന വസ്തുത പ്രസിദ്ധ എഴുത്തകാരനായിരുന്ന പെരിപ്ലസ്മാറിസ് എറിത്രൈയും ടോളമിയുടെയും ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്രപണ്ഡിതനായ വരാഹമിഹിരാചാര്യന്റെ ബൃഹത്സംഹിതയിൽ താംസരപരണിയുടെ തീരത്തുണ്ടായിരുന്ന പാണ്ഡിരാജ്യത്തെ കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. അനന്തരം എ.ഡി.7ാം നൂറ്റാണ്ടിനു ശേഷം അന്നത്തെ പാണ്ഡ്യന്റെ സഹോദരൻമാരായിരുന്ന ചോരനും, ചേരനും ഒരു വിഭജനത്തെ തുടർന്ന്, ചോരൻ ഇന്നത്തെ തഞ്ചാവൂർ തിരുച്ചിറ പള്ളിഭാഗത്ത് രാജ്യം സ്ഥാപിക്കുകയും ,ചേരൻ ഇന്നത്തെ തിരുവിതാംകൂര്‍, മലബാര്‍ കോയമ്പത്തൂര്‍ ഭാഗത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്തു എന്ന് ചരിത്രഗ്രന്ഥങ്ങളിൽ പ്രതിപാദനം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ചരിത്രമാനദണ്ഡങ്ങളെ ആശ്രയിക്കുമ്പോൾ ശങ്കരൻ 1232 സംവത്സരങ്ങൾക്കുമുമ്പാണ് ജനിച്ചത് എന്ന കാര്യം വ്യക്തമാകും കൂടാതെ ശങ്കരനാൽ സ്ഥാപിതമായ ശൃംഗേരിഠത്തിൽ ശങ്കരന്റെ തന്നെ കൈപ്പടയിലുള്ള ചെമ്പോലകളിൽ നിന്നും ഈ വസ്തുത വ്യക്തമാകുന്നുണ്ട്. അതുകൊണ്ട് ശങ്കരന്റെ ജനനം 1232 വർഷങ്ങൾക്കുമുമ്പായിരുന്നു എന്നതാണ് കൂടുതൽ പ്രസക്തി. ഭാരതവർഷത്തിലെ ഇതരഭാഗങ്ങളെക്കാളും ഉന്നതമായ ഒരു സ്ഥാനം ശങ്കരന്റെ ജനനം കൊണ്ട് കേരളക്കരക്കു ലഭിച്ചിട്ടുണ്ട്. കേരളാംബയുടെ തിരുനെറ്റിയിലെ തിലകക്കുറിയായി പരിശോഭിക്കുന്ന ആദിശങ്കരനെ കുറിച്ച് നാം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന കാര്യം ഒരു യാഥാർത്ഥ്യമായി അവശേഷിക്കുന്നു.
No comments:
Post a Comment