ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

മാർക്കണ്ഡേയൻ

മാർക്കണ്ഡേയൻ

സന്താനങ്ങൾ ഇല്ലാത്ത  മൃകണ്ഡു മഹർഷി ശിവനെ തപസ്സു ചെയ്തു. ശിവ ഭഗവാൻ പ്രത്യക്ഷനായി മഹർഷിയോട് അപാരജ്ഞാനിയും ഭക്തനും  നന്മനിറഞ്ഞവനും  പതിനാറു വയസ്സു വരെ മാത്രം ജീവിക്കുന്ന  ഒരു പുത്രൻ വേണോ ദീർഘായുസ്സായ ബുദ്ധിയില്ലാത്ത പുത്രന്മാർ വേണമോ എന്ന് ചോദിച്ചു.  മഹർഷി ജ്ഞാനിയും അല്പായുസ്സുമായ ഒരു മകൻ മതിയെന്നു പറഞ്ഞു.  മൃകണ്ഡു മഹർഷിയുടെ ആ പുത്രനാണ് മാർക്കണ്ഡേയൻ. വേദോച്ചാരണത്തോടെയാണ് മാർക്കേണ്ഡയൻ ജനിച്ചത്.  എന്നാൽ മഹർഷി മകന്റെ ആയുസ്സിനെ ഓർത്ത് ദുഃഖിതനായിരുന്നു. മാതാപിതാക്കളുടെ ദുഃഖ കാരണം ചോദിച്ച  മാർക്കണ്ഡേയനോട് മാതാപിതാക്കൾ അവൻ അല്പായുസ്സാണെന്നുളള സത്യം പറഞ്ഞു.  മാതാപിതാക്കളുടെ ദുഖത്തിനറുതി വരുത്തുന്നതെങ്ങനെയെന്ന് ചിന്തിച്ചു കൊണ്ട്  ആശ്രമം വിട്ട് ഇറങ്ങിയ മാർക്കണ്ഡേയൻ ശിവലിംഗത്തിനു മുന്നിൽ തപസ്സു തുടങ്ങി.  മാർക്കേണ്ഡയന് പതിനാറു വയസ്സു തികയുന്ന അന്ന് യമരാജൻ തന്റെ കർത്തവ്യ നിർവ്വഹണത്തിനായി എത്തി. യമനെ കണ്ട മാർക്കണ്ഡേയൻ ശിവലിംഗത്തിൽ ആലിംഗനം ചെയ്തു.  എന്നാൽ അതിനുമുൻപ് തന്നെ  കാലപാശവീശിയ യമരാജാവിന്റെ കാലപാശം മാർക്കണ്ഡേയന്റെ ശരീരത്തിലും ശിവലിംഗത്തിലും ചേർന്ന് മുറുകി. അപ്പോൾ  അവിടെ  പ്രത്യക്ഷനായ ശിവ ഭഗവാന്റെ തൃക്കണ്ണിലെ അഗ്നിയിൽ യമധർമ്മൻ ഭസ്മമായി.  ശിവനെ പ്രണമിച്ച മാർക്കണ്ഡേയന് പ്രപഞ്ചമുളളിടത്തോളം കാലം  പതിനാറു വയസ്സായിരിക്കുമെന്ന് അനുഗ്രഹിച്ചു. കാലനെ ജയിച്ചു വന്ന മകനേ കണ്ട് മൃകണ്ഡു സന്തോഷിച്ചു. കാലനില്ലാതായതോടെ  മരണമില്ലാത്തവസ്ഥ വന്നു . പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥ തെറ്റി. ദേവവൃന്ദം ശിവനരികിലെത്തി കാലന് മാപ്പ് നല്കി ജീവിപ്പിക്കണമെന്ന് അപേക്ഷിച്ചു. അങ്ങനെ ഭഗവാൻ കാലനെ ജീവിപ്പിച്ചു.

മാർക്കണ്ഡേയന്റെ തപസ്സിൽ പരിഭ്രമിച്ച ഇന്ദ്രൻ തപസ്സിളക്കാൻ അപ്സരസ്സുകളെ അയച്ചു എങ്കിലും ശ്രമം വിഫലമായി. ഭഗവാന്റെ മായയെ അറിയാൻ ആഗ്രഹിച്ച മഹർഷി പ്രളയവും ആലിലയിൽ പളളി കൊള്ളുന്ന ഉണ്ണികണ്ണനെയും ദർശിച്ചു. ആലിംഗനം ചെയ്യാനായി മുനി അടുത്തപ്പോൾ ഭഗവാൻ മറഞ്ഞു.  മായയിൽ നിന്നും മുക്തനാക്കപ്പെട്ട മഹർഷിയുടെ വിഷ്ണു സ്തുതി പ്രപഞ്ചത്തെ രോമാഞ്ചമണിയിച്ചു. പാർവ്വതിസമേതം മഹർഷിക്ക് ദർശനം നല്കിയ പരമേശ്വരൻ കല്പാന്തകാലത്തോളം ജരാനര കൂടാതെ യശസ്വിയും ത്രികാലജ്ഞാനിയമായി വിരജിക്കട്ടെ എന്ന് അനുഗ്രഹിച്ചു.

മാർക്കണ്ഡേയൻ , പാണ്ഡവർക്ക് ധർമോപദേശമരുളി. സരസ്വതി നദിക്കരയിലിരുന്ന് ആ നദിയെയും നൃഗരാജാധിനെയും സ്തുതിച്ചു. മഹാമാരതത്തിലെ കലിയുഗകൽക്കി വർണനകൾ മാർക്കണ്ഡേയന്റെതായി ഉൾപ്പെടുത്തിയിട്ടുണ്ട്. നചികേതസ്സിൽ നിന്നും സഹസ്രനാമം ശ്രവിച്ച് ഉപമന്യുവിനെ കേൾപ്പിച്ചു. ദേവീമാഹാത്മ്യം ഉൾപ്പെട്ട മാർക്കണ്ഡേയപുരാണം കാർത്തിക മാസത്തിലെ പൗർണമി നാൾ പകർന്നു നല്കുക പുണ്യമത്രേ.

ധൂമോർണയാണ് മാർക്കണ്ഡേയ പത്നി. വേദശിരസ്സ് പുത്രനും.

No comments:

Post a Comment