ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

കാർത്ത്യായനീ സ്തോത്രം

കാർത്ത്യായനീ സ്തോത്രം
         
കണ്മഷനാശിനി കാരുണ്യ ശാലിനി
നീർമ്മലരൂപിണി കൈതൊഴുന്നേൻ

കാലിണ കൈതൊഴുതീടും ജനങ്ങൾക്കു
കാലേ ഭയമൊഴിച്ചീടും നാഥേ

കിംപുരുഷന്മാരിൽ മുമ്പനും നിൻപദ
മമ്പോടുസേവിച്ചു വാണീടുന്നു

കീർത്തി പെരുത്തൊരു കാർത്ത്യയനി ദേവി!
കാൽത്തളിരെപ്പൊഴും വന്ദിക്കുന്നേൻ

കുണ്ഠത തീർത്തെന്നെ രക്ഷിച്ചുകൊള്ളണം
തണ്ടാർശരാന്തകാജയോ ദേവി!

കൂടലർ തങ്ങടെ കൂട്ടം മുടിക്കുന്ന
ക്രൂരപരാക്രമമുള്ള നാഥേ

കേല്പേറുമംബികേ മൽപാപം തീർത്തെന്നിൽ
ത്വൽപാദഭക്തി വരുത്തിടേണം

കേടുകളൊക്കെക്കളഞ്ഞരുളീടണം
കോടികടാക്ഷമരുളുമംബേ!

കൈതൊഴുതീടുന്നേൻ ചെയ്തൊരുദോഷങ്ങൾ
കൈതവമെന്നിയേ നീക്കിടേണം

കൊണ്ടൽനിറം പൂണ്ട നിന്തിരുമെയ് മമ
കണ്ടുതൊഴുവാൻ കഴിവേകണം

കോപിച്ചടുത്ത മഹിഷാസുരനായ
പാപിയെപ്പോരിൽ വധിച്ച നാഥേ

കൗതുകമെപ്പോഴും നിൻകഥചൊല്ലുവാൻ
ചേതസ്സിലെപ്പോഴും തോന്നിയ്ക്കണേ

കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞു
മർത്ത്യരുഴലുന്നു മായയാലേ

ദുർമ്മുഖമൊക്കവേ ദൂരെയകറ്റണം
നിർമ്മലഞ്ജാനമുളവാക്കേണം

മറ്റുപിഴകൾ ഞാൻ ചെയ്തുപോയെങ്കിലും
ചെറ്റുമതുള്ളിൽക്കരുതീടൊല്ലേ

മറ്റെനിക്കാശ്രയമില്ല മഹേശ്വരീ
കുറ്റങ്ങൾ തീർത്തെന്നെ രക്ഷിക്കേണം

ആതുരഭാവം കളഞ്ഞരുളീടണ
മാദരമാർന്നെഴും തമ്പുരാട്ടീ

ദുർഗ്ഗെ ഭഗവതി ദേവീ മഹേശ്വരീ
ഭക്തപ്രിയേ ദേവീ
കൈ തൊഴുന്നേൻ

No comments:

Post a Comment