ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

തർക്കം

തർക്കം

ഏതൊരു വിഷയത്തെയും വ്യത്യസ്ത തലങ്ങളിൽ നിന്ന് നിർവ്വചിക്കുക എന്നത് സാർവ്വലൗകികമായ സമ്പ്രദായമാണ്..

വസ്തുത ഒന്ന്, അഭിപ്രായം അനേകം.. ഇത്തരം സന്ദർഭങ്ങളിൽ അഭിപ്രായ സമന്വയത്തിലെത്താനും എന്താണോ വസ്തുത അതിനെ അതുപോലെ പ്രകടിതമാക്കാനുമുള്ള ഭാരതീയ താർക്കിക പദ്ധതിയായിരുന്നു വിദ്വദ് സഭ കൂടുക എന്നത്.

ആചാര സംബന്ധിയായ വിഷയങ്ങളിലും ദാർശനിക വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായക്കാർ ഒരുമിച്ചിരുന്ന് തങ്ങളുടെ അഭിപ്രായങ്ങളെ സയുക്തം സഭയിൽ അവതരിപ്പിക്കുകയും ഒടുവിൽ പ്രസ്തുത വിഷയത്തെ ഇഴകീറി പരിശോധിക്കുകയും അന്തിമ നിർണ്ണയത്തിലേക്ക് എത്തിചേരുകയും ചെയ്യുക എന്നതായിരുന്നു വിദ്വദ് സഭയുടെ സാമാന്യ രീതി.

വാരാണസിയിലെ ഗംഗാഘാട്ടുകളിൽ നൂറ്റാണ്ടുകളായി ഇത്തരം സഭകൾ നടന്നു വന്നിരുന്നു. ഗതകാല പ്രൗഢിയില്ലെങ്കിലും ഇന്നും നടന്നു വരുന്നുണ്ട്.

ദേശകാലങ്ങൾക്കനുസരിച്ച് സ്മൃതി വിഷയങ്ങളിൽ പരിവർത്തനം ഉണ്ടാകുക എന്നതും. വ്യത്യസ്ത അഭിപ്രായങ്ങളെ ഉൾകൊള്ളുക  എന്നതും അതിലൂടെ സമാജത്തിൽ അറിവിൻ്റെ ശാസ്ത്രീയമായ നൈരന്തര്യം ഉണ്ടാക്കുക എന്നതും ഇത്തരം വിദ്വദ് സഭകളിലൂടെ ലഭിച്ചിരുന്ന വലിയ പ്രയോജനമായിരുന്നു

ഇത്തരം ചർച്ചകളെല്ലാം വ്യവസ്ഥാപിതമായ പ്രമാണ പദ്ധതിയിലൂടെ ആയിരുന്നു നടന്നത്.
പറയുന്ന കാര്യങ്ങളെ പ്രാമാണികമായി സ്ഥാപിക്കാനുള്ള കഴിവ് കൂടി പങ്കെടുക്കുന്നവർക്ക് ഉണ്ടാകണം.

സ്വപക്ഷ സ്ഥാപനത്തോടൊപ്പം പരപക്ഷ ഖണ്ഡനവും നടത്തണമല്ലോ. അപ്പോൾ വിജയത്തിന് വേണ്ടി  ആശ്വാസകരമല്ലാത്ത ചില കാര്യങ്ങളും വക്താക്കൾ പ്രയോഗിക്കാറുണ്ട്.

ആധുനിക ചാനൽ ചർച്ചകളുടെ കാലത്ത് ഇത്തരം പ്രയോഗങ്ങളെ കുറിച്ചുള്ള പരിചയവും രസാവഹമായിരിക്കും..

1 - വാദം

ഒരു വിഷയത്തെ ആസ്പദമാക്കി രണ്ട് കൂട്ടർ തമ്മിൽ പ്രമാണ സഹിതമായി നടത്തുന്ന ചർച്ചയാണ് വാദം.

2 - വാക്ഛലം

നമ്മൾ പറഞ്ഞ ഒരു വാക്കിന് നമ്മൾ ഉദ്ദേശിക്കാത്ത അർത്ഥമെടുത്ത് പ്രസ്തുത വാക്കിനെ ഖണ്ഡിക്കാനുള്ള ശ്രമമാണ് വാക് ഛലം.

അതായത് ദേവദത്തൻ നവകംബളനാണെന്ന് നാം പറഞ്ഞു.
പുതിയ കംബളം ഉള്ളയാളാണ് എന്നാണ് നവകംബളം എന്ന വാക്കിൻ്റെ അർത്ഥം
എന്നാൽ നവ എന്നതിന് ഒൻപത് എന്നും അർത്ഥമുണ്ട്.. അപ്പോൾ നവകംബളൻ എന്ന് പറഞ്ഞാൽ ഒമ്പത് കംബളം ഉള്ളയാൾ എന്നും അർത്ഥമെടുക്കാം.

നമ്മൾ ഉദ്ദേശിച്ചത് ദേവദത്തൻ പുതിയ കംബളം ഉള്ളവനാണ് എന്നാണ്. എന്നാൽ  എതിരാളി പറയുകയാണ് 'നിങ്ങൾ പറഞ്ഞത് തെറ്റാണ് ദേവദത്തന് ഒരു കംബളമേ ഉള്ളൂ എങ്ങനെയാണ് ഒമ്പത് കംബളം ഉണ്ടെന്ന് പറയുക...

നവ എന്നതിന് ഒമ്പത് എന്നല്ല നമ്മൾ ഉദ്ദേശിച്ചത്... പുതിയത് എന്നാണ് ഉദ്ദേശിച്ചത്...  അപ്പോൾ നമ്മൾ ' നവ ' ശബ്ദത്തിന്  ഉദ്ദേശിക്കാത്ത ഒമ്പത് എന്ന അർത്ഥമെടുത്ത് നമ്മുടെ വാക്കിനെ ഖണ്ഡിക്കാൻ ശ്രമിക്കുന്നതിനെയാണ് വാക് ഛലം എന്ന് പറയുന്നത്....

3- സാമാന്യഛലം

വിശേഷമായി പറഞ്ഞ ഒരു അർത്ഥത്തെ സാമാന്യവത്ക്കരിച്ച് കൊണ്ട് വക്താവ് ഉദ്ദേശിക്കാത്ത അർത്ഥത്തെ ആരോപിക്കുന്നതാണ് സാമാന്യ ഛലം

ഈ മലയാളി ഉയരം കുറഞ്ഞവനാണല്ലോ എന്ന വക്താവിൻ്റെ പ്രസ്ഥാവനയെ മലയാളികൾ ഉയരം കുറഞ്ഞവരാണെന്ന വക്താവിൻ്റെ പ്രസ്ഥാവന അത്യന്തം ഖേദകരമാണ് എന്ന് എതിരാളി ആരോപിച്ചാൽ എങ്ങനെയിരിക്കും..

ഏതോ ഒരു മലയാളിയെ മാത്രം സൂചിപ്പിച്ച് പറഞ്ഞതിനെ മലയാളികൾ എന്ന് സാമാന്യവത്ക്കരിച്ച് ആരോപിക്കുന്നതാണ് ഇവിടെ കാണാൻ കഴിയുന്നത്

4 - ഉപചാരഛലം

വക്താവ് ലക്ഷണാർത്ഥത്തിൽ പറഞ്ഞ ഒന്നിനെ വാച്യാർത്ഥത്തിൽ കൊണ്ട് വന്ന് എതിർക്കുന്നതിനെയാണ് ഉപചാരഛലം എന്ന് പറയുന്നത്.

കരുത്തനായ ഒരാളെ കണ്ടപ്പോൾ 'ഇവൻ പുലി തന്നെ' എന്ന് വക്താവ് പറഞ്ഞു.
ഇത് കേട്ട മറ്റൊരാൾ നിങ്ങൾ എന്ത് വിഡ്ഢിത്തരമാണ് പറയുന്നത്.. ഇവൻ പുലിയൊന്നുമല്ല ഇത് മനുഷ്യനാണ് എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും.

പുലിയെ പോലെ കരുത്തനാണ് എന്ന ലക്ഷണത്തെ വാച്യാർത്ഥത്തിലേക്ക് കൊണ്ട് വരുന്നതാണ് ഇതിന് കാരണം.

ഹിന്ദുമതത്തെ ആക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ മഹിമയാർന്ന ശാസ്ത്ര ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കാൻ പല പുരോഗമന വക്താക്കളും ശ്രമിക്കാറുണ്ട് എന്നാൽ അവരുടെയൊക്കെ നിഗമനങ്ങൾ അബദ്ധമായി തീരാനുള്ള മുഖ്യകാരണം വാച്യാർത്ഥ ലക്ഷ്യാർത്ഥ ഭേദങ്ങളെ മനസ്സിലാകത്തത് കൊണ്ടാണ്..

5 - സ്വതോ വ്യാഘാത ദർശനം

ഇത് എതിർവാദക്കാരെ പരാജയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു താർക്കിക തന്ത്രമാണ്...

ഒരാളുടെ വാദമുഖങ്ങളെ ശരിയല്ല എന്ന് പറഞ്ഞ് ഖണ്ഡിച്ചാൽ അയാൾ അത് ഒരിക്കലും സമ്മതിച്ചു തരില്ല... നേരെ മറിച്ച് അയാൾ പറഞ്ഞ ഒരു വാക്ക് ഉപയോഗിച്ച് തന്നെ അയാളുടെ ആശയത്തെ ഖണ്ഡിക്കുകയാണെങ്കിൽ അയാൾ ഉത്തരമില്ലാതെ നിശബ്ദനാകും..

ഉദാഹരണത്തിന്  രണ്ട് പേർ തമ്മിലുള്ള സംവാദത്തിൽ ഒന്നാമൻ പറയുകയാണ്

നിങ്ങളുടെ ഉപനിഷത്തുക്കളിലും ഗീതയിലും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞങ്ങളുടെ മതഗ്രന്ഥത്തിൽ അതിനേക്കാളേറെ സ്പഷ്ടമായി പറഞ്ഞിട്ടുണ്ട്.. ഞങ്ങളുടെ മതഗ്രന്ഥത്തിൽ പറഞ്ഞ പലകാര്യങ്ങളെയും സാധൂകരിക്കുന്ന ശ്ലോകങ്ങൾ നിങ്ങളുടെ ഉപനിഷത്തുക്കളിലും ഗീതയിലും ഉണ്ട്..
തൻ്റെ മത ഗ്രന്ഥത്തെ സാധൂകരിക്കാൻ ഒന്നാമൻ ഒന്ന് രണ്ട് ഗീതാശ്ലോകങ്ങളെയും ഉദ്ധരിക്കുന്നു...

രണ്ടാമൻ - നിങ്ങൾക്ക് നിങ്ങളുടെ മതഗ്രന്ഥത്തെ കുറിച്ച് ആത്മവിശ്വാസമില്ലാത്തത് കൊണ്ടാണ് അതിനെ സാധൂകരിക്കാൻ എൻ്റെ ഗീതയേയും ഉപനിഷത്തുക്കളെയും ആശ്രയിക്കേണ്ടി വന്നത്.. എനിക്ക് ഗീതയിലും ഉപനിഷത്തുക്കളിലും പരിപൂർണ്ണ വിശ്വാസമുണ്ട്.. അവ പ്രാമാണ്യങ്ങളാണെന്ന് ഉത്തമബോധ്യമുണ്ട് അതുകൊണ്ട് അവയെ സമർത്ഥിക്കാൻ മറ്റൊരു ഗ്രന്ഥത്തിൻ്റെയും സഹായം ആവശ്യമില്ല..

രണ്ടാമൻ്റെ ഈ വക്തവ്യത്തെയാണ് വ്യാഘാത പ്രദർശനമെന്ന് പറയുന്നത്.. എതിരാളിയെ ഖണ്ഡിക്കാതെ എതിരാളി പറഞ്ഞ ആശയം എതിരാളിയുടെ മുന്നിൽ വെച്ച് കൊടുത്തു.. പിന്നെ എതിർവാദക്കാരന് തൻ്റെ വാദം ഉന്നയിക്കാനുള്ള ശക്തിയേ ഉണ്ടാവില്ല..

ഗൗതമ മഹർഷിയും കണാദ മഹർഷിയുമാണ് പ്രമാണ വിചാരത്തിൻ്റെ അംഗമായി താർക്കികപദ്ധതിയെ വളരെയേറെ വികസിപ്പിച്ചത്...

നമ്മുടെ ഋഷിമാർ കൈയൊപ്പ് പതിപ്പിക്കാത്ത ഒരു മേഖലയും ഇവിടെയില്ല... അത് തർക്കമാകട്ടെ, ഭക്തിയാകട്ടെ, യുക്തിയാകട്ടെ, വിജ്ഞാനമാകട്ടെ എന്തുമാകട്ടെ... ഋഷിപ്രോക്തമായ ഏത് പദ്ധതിക്കും അതിൻ്റെതായ ഒരു സൗന്ദര്യമുണ്ട്...

No comments:

Post a Comment