ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (51-60)
📝 സ്ലോകം :-
ഭൃംഗീച്ഛാനടനോത്കടഃ കരമദിഗ്രാഹീ സ്ഫുരന്മാധവാ-
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പഞ്ചേഷുണാ ചാദൃതഃ |
സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ-
രാജീവേ ഭ്രമരാധിപോ വിഹരതാം ശ്രീശൈലവാസീ വിഭു: || 51 |
👉 അർത്ഥം :-
ഭൃംഗീച്ഛാനടനോത്കടഃ – ഭക്തനായ ഭൃംഗിയുടെ ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതില്‍ ഉത്സുകനായി, പെണ്‍വണ്ടിനെ ഇച്ഛക്കനുസരിച്ച് പിന്‍തുടരുന്നതിലുത്സുകനായി; കരമദഗ്രാഹീ – ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി, മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി; സ്ഫുരന്മാധവാഹ്ലാദഃ – മഹാവിഷ്ണുവില്‍ സന്തോഷത്തെ പ്രകാശിപ്പിക്കുന്നവനായി, വസന്തത്തിന്റെ ആരംഭത്തില്‍തന്നെ സന്തോഷിക്കുന്നവനായി; നാദയുതഃ നാദത്തോടുകൂടിയവനായി, ഝങ്കാരശബ്ദത്തോടുകൂടിയവനായി; മഹാസിതവപുഃ – ഏറ്റവും (സിതമായ) വെളുത്ത ശരീരത്തോടുകൂടിയവനായി, ഏറ്റവും (അസിതമായ) കറുത്തനിറമുള്ളവനായി; പഞ്ചേഷുണാ – കാമദേവനാല്‍; ആദൃതഃ ച – ഭയഭക്തിയോടെ ആദരിക്കപ്പെട്ടവനായി, (തന്റെ സഹായത്തിന്നായി വാത്സല്യത്തോടെ ആദരിക്കപ്പെട്ടവനായി); സുമനോവനേഷു – ദേവന്മാരെ രക്ഷിക്കുന്നതില്‍ , പുഷ്പവാടികളില്‍; സത്പക്ഷഃ -അതിയായ ആശയോടുകൂടിയവനായി, നല്ല ചിറകുകളുള്ളവനായി; ശ്രീശൈലവാസീ – ശ്രീശൈലമെന്ന പര്‍വ്വതത്തില്‍ വസിച്ചരുളുന്ന; വിഭുഃ – ലോകമെല്ലാം നിറഞ്ഞ, എങ്ങും സഞ്ചരിച്ചെത്തുവാന്‍ കഴിവുള്ള; സഃ ഭ്രമരാധിപഃ – അപ്രകാരമുള്ള; ഭ്രമരാംബാ – സമേതനായ ശ്രീപരമേശ്വരന്‍ ; ഭൃംഗരാജന്‍ പുനഃ മദീയേ – ഇനിമേല്‍ എന്റെ; മനോരാജീവേ – മനസ്സാകുന്ന താമരപ്പൂവില്‍ സാക്ഷാത് പ്രത്യക്ഷരൂപത്തില്‍; വിഹരതാം – വിഹരിച്ചരുളേണമേ.
ഭക്തനായ ഭൃംഗിയുടെ(തന്നിലാസക്തയായ പെണ്‍വണ്ടിന്റെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി(മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി), മോഹിനിരൂപം ധരിച്ച ലക്ഷ്മീവല്ലഭന്റെ(വസന്തന്റെ) ദര്‍ശനത്തില്‍ അതി കുതുകിയായി, ഏറ്റവും വെളുത്ത(അത്യന്തം കറുത്ത) ശരീരശോഭയുള്ളവനായി, ഓങ്കാര(ഝങ്കാര)ശബ്ദത്തോടുകൂടിയവനായി), പഞ്ചബാണനാല്‍ ഭയഭക്തിയോടെ (അതിവാത്സല്യത്തോടെ) ആദരിക്കപ്പെട്ടവനായി ദേവന്മാരെ സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി (പുഷ്പവനികളില്‍ നല്ല ചിറകുകള്ളുവനായി) ശ്രീശൈലവാസിയായി സര്‍വ്വവ്യാപിയായിരിക്കുന്ന ആ ഭ്രമരാധിപന്‍ ഇനിമേലില്‍ എന്റെ മനസ്സാകുന്ന പൊല്‍താമരയില്‍ പ്രത്യക്ഷമായി വിഹരിച്ചരുളേണമേ.
📝 സ്ലോകം :-
കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാകര്‍ മഠം
വിദ്യാസസ്യഫലോദയായ സുമനഃസംസേവ്യമിച്ഛാകൃതിം |
നൃത്യദ്ഭക്തമയൂരമദ്രിനിലയം ചഞ്ചജ്ജടാമണ്ഡലം
ശംഭോ വാഞ്ഛതി നീലകന്ധര സദാ ത്വാം മേ മനശ്ചാതകഃ || 52 ||
👉 അർത്ഥം :-
ശംഭോ! – മംഗളപ്രദനായിരിക്കുന്ന(സുഖത്തെ ജനിപ്പിക്കുന്ന); നീലകന്ധര! – നീലകണ്ഠ!(നീല മേഘമേ!); മേ മനഃശ്ചാതകഃ – എന്റെ മനസ്സാകുന്ന ചാതകം; കാരുണ്യാമൃതവര്‍ഷിണം – കാരുണ്യമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നവനും; ഘനവിപദ്ഗ്രീഷ്മച്ഛിദാകമഠം – വലിയ ആപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും വിദ്യാസസ്യഫലോദയായ ജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലം ലഭിക്കുവാനായി; സുമനഃസംസേവ്യം – വിദ്വാന്മാരാകുന്ന കര്‍ഷകന്മാരാല്‍ വഴിപോലെ സേവിക്കപ്പെടുന്നവനും; ഇച്ഛാകൃതിം – ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും; നൃത്യദ്ഭക്തമയൂരം – ഭക്തന്മാരാകുന്ന മയൂരങ്ങള്‍ നൃത്തംവെക്കുന്നവനും; ആദ്രിനിലയം – മലയില്‍ (കൈലാസത്തില്‍ ) വസിക്കുന്നവനും; ചഞ്ചജ്ജടാമണ്ഡലംത്വാം – ഇളകിക്കൊണ്ടിരിക്കുന്ന ജടാമണ്ഡലമാകുന്ന മിന്നല്‍ പിണരുകളോടുകൂടിയവനുമായ നിന്തിരുവടിയെ; സദാ വാഞ്ഛതി – എല്ലായ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.
അല്ലേ മംഗളപ്രദനായ നീലകണ്ഠ! കാരുണ്യമൃതം വര്‍ഷിക്കുന്നവനും, അത്യാപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും, ജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലത്തിനായി വിദ്വാന്മാരാകുന്ന കര്‍ഷകന്മാരാല്‍ വഴിപോലെ സേവിക്കപ്പെടുന്നവനും, ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും ഭക്തന്മാരാകുന്ന മയൂരങ്ങളെ ആനന്ദനര്‍ത്തനം ചെയ്യിക്കുന്നവനും, പര്‍വ്വതവാസിയും, ഇളകികൊണ്ടിരിക്കുന്ന ജടാഭാരമെന്ന മിന്നല്‍ പിണരുകളോടുകൂടിയവനും, ഇങ്ങിനെ മേഘതുല്യനായ നിന്തിരുവടിയെ എന്റെ മനസ്സാകുന്ന ചാതകം എല്ലായ്പോഴും ഉല്‍കണ്ഠയോടെ കാത്തുകൊണ്ടിരിക്കുന്നു.
📝 സ്ലോകം :-
ആകാശേന ശിഖീ സമസ്തഫണിനാം നേത്രാ കലാപീനതാ-
നുഗ്രാഹിപ്രണവോപദേശനിനദൈഃ കേകീതി യോ ഗീയതേ |
ശ്യാമാം ശൈലസമുദ്ഭവാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാരരസികം തം നീലകണ്ഠം ഭജേ || 53 ||
👉 അർത്ഥം :-
ആകാശേന ശിഖീ – ആകാശംകൊണ്ട് ശിഖിയെന്നും; സമസ്തഫണിനാം – പാമ്പുകള്‍ക്കെല്ലാം; നേത്രാ – നായകനായ ആദിശേഷനെക്കൊണ്ട്; കലാപീ – കലാപിയെന്നു; നതാനുഗ്രാഹിപ്രണവോപദേശനിനദൈഃ – തന്നെ വണങ്ങുന്നവരെ അനുഗ്രഹിക്കുന്നതായ പ്രണവത്തെ ഉപദേശിക്കുന്ന ശബ്ദംകൊണ്ട്; കേകി ഇതി – കേകിയെന്നും; യഃ ഗീയതേ – ആര്‍ ഗാനംചെയ്യപ്പെടുന്നുവോ; ശൈലസമുദ്ഭവാം – പര്‍വ്വതകുമാരിയും; ഘനരുചിംശ്യാമാം – മേഘത്തിന്റെ നിബിഡമായ കാന്തിയാര്‍ന്നവളുമായ യുവതീരത്നത്തെ; ദൃഷ്ട്വാ മുദാ – വീക്ഷിച്ച് വര്‍ദ്ധിച്ച പുഷ്പവാടിയില്‍ ; വിഹാരരസികാം – വിഹരിക്കുന്നതിലാനന്ദംകൊള്ളുന്നവനുമായ; തം നീലകണ്ഠം – അപ്രകാരമുള്ള നീലനിറമാര്‍ന്ന കഴുത്തോടുകൂടിയ ശംഭുവിനെ(മയിലിനെ എന്നും); ഭജേ – ഞാന്‍ സേവിക്കുന്നു.
യാതൊരുവന്‍ ആകാശത്താല്‍ ശിഖിയോ(വ്യോമകേശനോ) സര്‍പ്പരാജനായ ആദിശേഷനെ ഭൂഷണമാക്കിയിരിക്കുന്നതിനാല്‍ കലാപിയോ, തന്നെ നമസ്മരിക്കുന്നവരെ അനുഗ്രഹിക്കുന്ന ഓങ്കാരത്തിന്റെ ഉപദേശധ്വനിയാല്‍ കേകിയെന്ന് ആര്‍ ഗാനംചെയ്യപ്പെടുന്നുവോ, മേഘകാന്തിയായിരിക്കുന്ന ശൈലരാജകുമാരിയെ വീക്ഷിച്ച് ആനന്ദാതിരേകത്താല്‍ നൃത്തംചെയ്യുന്ന വേദാന്തോദ്യാനത്തില്‍ വിഹരിച്ചരുളുന്ന ആ നീലകണ്ഠനെ (കയിലിനെ എന്നും) ഞാന്‍ സേവിക്കുന്നു.
📝 സ്ലോകം :-
സന്ധ്യാഘര്‍മ്മദിനാത്യയോ ഹരികരാഘാതപ്രഭൂതാനക-
ധ്വാനോ വാരിദഗര്‍ജ്ജിതം ദിവിഷദാം ദൃഷ്ടിച്ഛടാ ചഞ്ചലാ |
ഭക്താനാം പരിതോഷബാഷ്പവിതതിര്വൃഷ്ടിര്‍മയൂരീ ശിവാ
യസ്മിന്നുജ്ജ്വലതാണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ || 54 ||
👉 അർത്ഥം :-
സന്ധ്യാ – സായംസന്ധ്യാസമയം; ഘര്‍മ്മദിനാത്യയഃ – ഗ്രീഷ്മകാലത്തിന്റെ അവസാനദിവസവും; ഹരികാരാഘാതപ്രഭൂതാനകധ്വാനഃ – മാഹവിഷ്ണുവിന്റെ കൈകള്‍കൊണ്ട് അടിച്ചുമുഴക്കപ്പെട്ട മൃദംഗത്തിന്റെ ശബ്ദം; വാരിദഗര്‍ജ്ജിതം – ഇടിമുഴക്കവും; ദിവിഷദാം – ദേവന്മാരുടെ; ദൃഷ്ടിച്ഛടാ ചഞ്ചലാ – ഭക്താനാം ഭക്തന്മാരുടെ; പരിതോഷബാഷ്പവിരുതിഃ വൃഷ്ടിഃ – സന്തോഷശ്രുധാര മഴയും; ശിവാ മയൂരീ – പാര്‍വ്വതീദേവി മയില്‍പേടയും; യസ്മിന്‍ – ഇപ്രകാരമുള്ള യാതൊരുവനില്‍; ഉജ്ജ്വലതാണ്ഡവം – ഉത്കൃഷ്ടമായ നൃത്തം; വിജയതേ – വിജയിച്ചരുളുന്നുവോ; തം നീലകണ്ഠം – അങ്ങിനെയുള്ള ഈശ്വരനായ മയിലിനെ; ഭജേ – ഞാന്‍ ഭജിക്കുന്നു.
സന്ധ്യാകാലം ഗിഷ്മാവസാന(വര്‍ഷ ഋതുവിന്റെ ആരംഭ)വും വിഷ്ണുവിനാല്‍ അടിക്കപ്പെടുന്ന മൃദംഗധ്വനി ഇടിമുഴക്കവും ദേവന്മാരുടെ ദൃഷ്ടിവിക്ഷേപങ്ങള്‍ മിന്നല്‍ പിണരുകളും ഭക്തന്മാരുടെ സന്തോഷാശ്രുധാര മഴ പൊഴിയുന്നതും പാര്‍വ്വതീദേവി മയില്‍പേടയുമായി യാതൊരുവനില്‍ ഉല്‍കൃഷ്ഠമായ പ്രദോഷ നൃത്തം വിജയിച്ചരുളുന്നുവോ ആ നീലകണ്ഠനായിരിക്കുന്ന പരമേശ്വരനെ, മയൂരത്തെ, ഞാന്‍ ഭജിക്കുന്നു.
📝 സ്ലോകം :-
ആദ്യായാമിതതേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതഃ സംരക്ഷണോദ്യോഗിനേ |
ധ്യേയായാഖിലയോഗിഭിഃ സുരഗണൈര്‍ഗേയായ മായാവിനേ
സമ്യക്താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 55 ||
👉 അർത്ഥം :-
ആദ്യായ – ആദിപുരുഷനായി; അമിതതേജസേ – അളവറ്റ തേജസ്സാര്‍ന്നവനായി; ശ്രുതിപദൈഃ – വേദവാക്യങ്ങളാല്‍ വേദ്യായ അറിയപ്പെടാവുന്നവനായി; സാദ്ധ്യായ – ഭക്തന്മാരെ അനുഗ്രഹിക്കുന്നതിന്നു അര്‍ച്ചനാദിരൂപത്തില്‍ പ്രതിഷ്ഠിപ്പാന്‍ കഴിവുള്ളവനായി; വിദ്യാനന്ദമയാത്മനേ – ചിദാനന്ദമായ സ്വരുപത്തോടുകൂടിയവനായി; ത്രിജഗതഃ – മൂന്നു ലോകത്തിന്റേയും; സംരക്ഷണോദ്യോഗിനേ – രക്ഷയിലും അതിതല്പരനായി; അഖിലയോഗിഭിഃ – എല്ലാ യോഗീശ്വരന്മാരാലും; ധ്യേയായ – ധ്യാനിക്കപ്പെടത്തക്കവനായി; സുരഗണൈഃ – ദേവഗണങ്ങളാല്‍ ; ഗേയായ – വാഴ്ത്തിസ്തുതിക്കപ്പെടുന്നവനായി; മായാവിനേ – മായയെ സ്വാധീനപ്പെടുത്തിയവനായി; സമ്യക്‍ – നന്നായി നൃത്തംചെയ്യുന്നതില്‍ അത്യുത്സുകനായി; ജടിനേ ശംഭവേ – ജടാധാരിയായി മംഗളകരനായിരിക്കുന്ന; തേ – നിന്തിരുവടിക്കായ്ക്കൊണ്ട്; സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം ഭവിക്കട്ടെ.
എല്ലാറ്റിന്നുമാദിയായി, അതിതേജസ്വിയായി വേദവാക്യങ്ങളാല്‍ അറിയപ്പെടാവുന്നവനായി അര്‍ച്ചനാരൂപത്തില്‍ ഭക്തന്മാര്‍ക്കനുഗ്രഹം നല്‍ക്കുന്നവനായി ചിദാനന്ദസ്വരൂപിയായി മൂന്നു ലോകത്തിന്റെ രക്ഷയിലും അതിതല്പരനായി,യോഗീന്ദ്രന്മാരാല്‍ ധ്യാനിക്കപ്പെട്ടവനായി ദേവന്മാരാല്‍ സ്തുതിക്കപ്പെട്ടവനായി മായയെ സ്വാധീനപ്പെടുത്തിയവനും, നന്നായി നൃത്തംചെയ്യുന്നവനും ജടാധാരിയും മംഗളവിഗ്രഹനുമായിരിക്കുന്ന
📝 സ്ലോകം :-
നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷചിന്മൂര്‍ത്തയേ |
മായാസൃഷ്ടജഗത്ത്രയായ സകലാമ്നായാന്തസംഞ്ചാരിണേ
സായം താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 56 ||
👉 അർത്ഥം :-
നിത്യായ – നാശമില്ലാത്തവനും; ത്രിഗുണാത്മനേ – സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങളോടുകൂടിയ ശരീരം ധരിച്ചവനായി; പുരജിതേ – സ്ഥൂലസൂക്ഷ്മാകാരങ്ങളെന്ന മുപ്പുരങ്ങളേയും നശിപ്പിച്ചവനായി; കാത്യായനീശ്രേയസേ – പാര്‍വ്വതീദേവിയുടെ തപസ്സിന്റെ ഫലഭൂതനായി; സത്യായ -സത്യസ്വരൂപനായി ആദികുടുംബിനേ ആദികുഡുംബിയായിരിക്കുന്നവനും; മുനിമനഃപ്രത്യക്ഷചിന്മൂര്‍ത്തയേ – മുനിമാരുടെ മനസ്സില്‍ പ്രത്യക്ഷമാവുന്ന ചിത്‍സ്വരൂപിയും മായാസൃഷ്ടജഗത് ത്രയായ മായയാല്‍ സൃഷ്ടിക്കപ്പെട്ട മൂന്നുലോകങ്ങളോടുകൂടിയവനും; സകലാമ്നായന്ത – സഞ്ചാരിണേ എല്ലാ ഉപനിഷത്തുകളിലും സഞ്ചരിക്കുന്നവനും; സായം – സായംസന്ധ്യാകാലത്തില്‍ താണ്ഡവസംഭ്രമായ നര്‍ത്തനം ചെയ്യുന്നതിലതികതുകിയും; ജടിനേ – ജടാധാരിയുമായിരിക്കുന്ന; ശംഭവേ – പരമശിവന്നയ്ക്കൊണ്ട്; സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം.
നാശമില്ലാത്തവനും, സത്വം, രജസ്സ്, തമസ്സ്, എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സില്‍ ചിത്‍സ്വരൂപത്തില്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം.
📝 സ്ലോകം :-
നിത്യം സ്വോദരപോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്‍ത്ഥം പര്യടനം കരോമി ഭവതഃ സേവാം ന ജാനേ വിഭോ |
മജ്ജന്മാന്തരപുണ്യപാകബലതസ്ത്വം ശര്വ സര്‍വ്വാന്തര-
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷനീയോഽസ്മ്യഹം || 57 ||
👉 അർത്ഥം :-
നിത്യം – ദിവസേന; സ്വോദരപൂരണായ – തന്റെ വയറുനിറപ്പാന്‍വേണ്ടി; വിത്താശയാ – പണത്തിലുള്ള ആശകൊണ്ട്; സകലാന്‍ ഉദ്ദിശ്യ – സത്തുക്കളും ദുഷ്ടന്മാരുമടക്കം എല്ലാവരുടെ അടുക്കലും; വ്യര്‍ത്ഥം – യാതൊരു ഫലവുമില്ലാതെ; പര്‍യ്യടനം കരോമി – ഞാന്‍ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുന്നു; വിഭോ! – എല്ലാടവും നിറഞ്ഞ പരമാത്മാവേ!; ഭവതഃ സേവാം ന ജാനേ – നിന്തിരുവടിയെ പരിചരിക്കുന്നതെങ്ങിനെയെന്ന് എനിക്കറിഞ്ഞുകൂട; പശുപതേ! ശര്‍വ്വ! – ലോകനാഥനായിരിക്കുന്ന ഭക്തസംരക്ഷക!; ഹി ത്വം – യാതൊന്നുകൊണ്ട് നിന്തിരുവടി; മജ്ജന്മാന്തരപുണ്യപാകബലതഃ – എന്റെ പൂര്‍വജന്മങ്ങളിലെ പുണ്യപരിപാകത്തിന്റെ ബലത്താല്‍ ; സര്‍വ്വാന്തരഃ – പ്രാണികള്‍ എല്ലാറ്റിന്നുമുള്ളില്‍; തിഷ്ഠസി ഏവ – സ്ഥിതിചെയ്യുന്നുവോ; തേന വാ – അതുകൊണ്ടെങ്കിലും; അഹം തേ – ഞാന്‍ നിന്തിരുവടിക്ക്; രക്ഷണീയഃ അസ്മി – രക്ഷിക്കപ്പെടത്തക്കവനായിരിക്കുന്നുണ്ട്.
ഞാന്‍ എന്റെ വയറുനിറപ്പാന്‍വേണ്ടി പണത്തില്‍ ആര്‍ത്തി പിടിച്ചവനായി ആര്‍ തരും, ആര്‍ തരില്ല എന്നൊന്നും നോക്കാതെ കണ്ടവരോടെല്ലാം ഇരന്നുകൊണ്ട് അലഞ്ഞുനടന്നിട്ടും യാതൊരു ഫലവുമില്ലാതിരിക്കുകയാണ്. ഹേ സര്‍വ്വവ്യാപീയായുള്ളോവേ ! നിന്തിരുവടിയെ സേവിക്കുന്നതിന്നെനിക്കറിഞ്ഞുകൂട, ഭക്തരക്ഷക! എന്റെ പൂര്‍വ്വപുണ്യപരിപാകത്താല്‍ നിന്തിരുവടി ഓരോ പ്രാണികളുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന സര്‍വ്വന്തര്‍യ്യാമിയാണെന്ന് എനിക്കു മനസ്സിലായി. അതിനാല്‍ ഇനിയെങ്കിലും എന്നെ കാത്തു രക്ഷിച്ചുകൂടെ ?
📝 സ്ലോകം :-
ഏകോ വാരിജബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോമണ്ഡലം
ഭിത്ത്വാ ലോചനഗോചരോഽപി ഭവതി ത്വം കോടിസൂര്യപ്രഭഃ |
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ-
സ്തത്സവ്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ || 58 ||
👉 അർത്ഥം :-
പശുപതേ! – ലോകേശ!; വാരിജബാന്ധവഃ – ആദിത്യന്‍; ഏകഃ – ഒരുവന്‍തന്നെ; ക്ഷിതിനഭോവ്യാപ്തം – ഭൂമിയിലും ആകാശത്തിലും വ്യാപിച്ചുകിടക്കുന്ന; തമോമണ്ഡലം ഭിത്വാ – ഇരുളിന്‍കൂട്ടത്തെ നശിപ്പിച്ച്; ലോചനഗോചരഃ – കണ്ണിന്നു കാണ്മാന്‍ കഴിവുള്ളവനായി; ഭവതി – ഭവിക്കുന്നു ത്വം; കോടിസൂര്‍യ്യപ്രഭഃ അപി – നിന്തിരുവടി അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായീരുന്നിട്ടും; വേദ്യ – അറിയപ്പെടാവുന്നവനായി; കിം ന ഭവസി? – എന്തുകൊണ്ടു ഭവിക്കുന്നില്ല?; അഹോ! – വലിയ ആശ്ചര്‍യ്യംതന്നെ!; ഘനതരം മത്തമഃ – ഏറ്റവും വമ്പിച്ച എന്റെ കൂരിരുട്ട്; കീദൃക്‍ ഭവേത്? – എങ്ങിനെയുള്ളതായിരിക്കും?; തത് സര്‍വ്വം വ്യപനീയ – അത് എല്ലാറ്റിനേയും ദൂരികരിച്ച്; മേ സാക്ഷാത് -എനിക്കു പ്രത്യക്ഷനായി; പ്രസന്നഃ ഭവ -തെളിഞ്ഞുകാണാറാകേണമേ.
ഏകനായ ആദിത്യന്‍ ഭൂമിമുതല്‍ ആകാശംവരെ വ്യാപിച്ചു കിടക്കുന്ന ഇരുള്‍കൂട്ടത്തെ പാടെ നീക്കംചെയ്ത് പ്രത്യക്ഷനായി പ്രകാശിക്കുന്നു. അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായിരുന്നിട്ടും നിന്തിരുവടി എനിക്ക് അറിയപ്പെടാവുന്നവനായി കൂടി ഭവിക്കുന്നില്ല, എന്താശ്ചര്‍യ്യം. എന്റെ ഹൃദയത്തിലുള്ള കൂരിരുട്ടു എത്രമേല്‍ കടുത്തതായിരിക്കണം! ഹേ ലോകേശ! അതിനാല്‍ ഈ ഇരുളാകമാനം തുടച്ചുനീക്കി എന്റെ മനോദൃഷ്ടിക്കു തെളിഞ്ഞു കാണപ്പെടാവുന്നവനായി ഭവിക്കേണമേ.
📝 സ്ലോകം :-
ഹംസഃ പദ്മവനം സമിച്ഛതി യഥാ നീലാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ |
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്‍ഗ്ഗമൃഗ്യം വിഭോ
ഗൌരീനാഥ ഭവത്പദാബ്ജയുഗലം കൈവല്യസൌഖ്യപ്രദം || 59 ||
👉 അർത്ഥം :-
പശുപതേ! വിഭോ! – ലോകേശനായി സര്‍വ്വവ്യാപിയായിരിക്കുന്ന; ഗൗരീനാഥ! – പാര്‍വ്വതിവല്ലഭ!; ഹംസഃ പദ്മവനം – അരയന്നം താമരപ്പിയ്ക്കയേയും; ചാതകഃ നീലാംബുദം – ചാതകപ്പക്ഷി കാര്‍മേഘത്തേയും; കോകഃ -ചക്രവാകം; കോകാനദപ്രിയംഅരവിന്ദബന്ധുവി – (ആദിത്യ)നേയും; ചകോരഃചന്ദ്രം – ചകോരം ചന്ദ്രനേയും; പ്രതിദിനം യഥാ – ദിനംതോറും ഏതുവിധം; സമിച്ഛരി – കൊതിച്ചുകൊണ്ടിരിക്കുന്നുവോ; തഥാ മാമകം ചേതഃ -അപ്രകാരം എന്റെ മനസ്സു; ചിന്മാര്‍ഗമൃഗ്യം – ജ്ഞാനമാര്‍ഗ്ഗത്താല്‍ തിരഞ്ഞു പിടിക്കേണ്ടതായും; കൈവല്യസൗഖ്യപ്രദം – കൈവല്യസുഖത്തെ നല്‍ക്കുന്നതായുമിരിക്കുന്ന; ഭവത്പദാബ്‍ജയുഗളം – അങ്ങയുടെ താമരക്കു തുല്യമായ ചേവടികളെ; വാഞ്ഛതി – അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.
ഹേ പാര്‍വ്വതീനാഥ! അരയന്നം താമരപ്പൊയ്മയേയും ചാതകം കാര്‍മേഘത്തേയും ചക്രവാകം ആദിത്യനേയും ചകോരം ചന്ദ്രനേയും പ്രതിദിനവും ആശിച്ചുകൊണ്ടിരിക്കുന്നതുപോലെ ജ്ഞാനമാര്‍ഗ്ഗത്താല്‍ തിരഞ്ഞുപിടിക്കേണ്ടതും കൈവല്യസുഖത്തെ നല്‍ക്കുന്നതുമായ അങ്ങയുടെ പൊല്‍ത്താരടികളെ എന്റെ മനസ്സ് ഏതു സമയത്തിലും ആഗ്രഹിച്ചു കൊണ്ടുതന്നെയിരിക്കുന്നു.
📝 സ്ലോകം :-
രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായാം തരോര്‍ വൃഷ്ടിതോ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥമതിഥിര്‍ദീനഃ പ്രഭും ധാര്‍മ്മികം |
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതഃ സര്‍വ്വഭയാപഹം വ്രജ സുഖം ശംഭോഃ പദാംഭോരുഹം || 60 ||
👉 അർത്ഥം :-
ചേതഃ! – അല്ലേ ഹൃദയമേ!; തോയഹൃതഃരോധഃ – നീരൊഴുക്കിന്‍ വേഗത്താല്‍ വലിച്ചിസുക്കപ്പെട്ടവന്‍ തീരത്തേയും; പഥികഃ ശ്രമേണ – വഴിനടക്കുന്നവന്‍ ക്ഷീണത്താല്‍ ; തരോഃ ഛായാം – മരത്തിന്റെ നിഴലിനേയും; വൃഷ്ടിതഃ ഭീതഃ – മഴയില്‍നിന്നു ഭയമാര്‍ന്നവന്‍ ; സ്വസ്ഥഗൃഹം – സുഖകരമായ ഭവനത്തേയും; അതിഥിഃഗൃഹസ്ഥം – വിരുന്നുകാരന്‍ വീട്ടുകാരനേയും; ദീനഃധാര്‍മികംപ്രഭും – ദരിദ്രന്‍ ദര്‍മ്മിഷ്ഠനായ ദാതവിനേയും; സതമസാകുലഃ – കൂരിരുട്ടിനാല്‍ കഷ്ടപ്പെടുന്നവന്‍ ; ദീപം – ദീപത്തേയും; ശീതവൃതഃ – തണുപ്പുകൊണ്ട് കുഴങ്ങുന്നവന്‍; ശിഖിനം തു – തീയ്യിനേയും; യഥാ തഥാ ത്വം – എപ്രകാരമോ അപ്രകാരം നീ; സര്‍വ്വഭയാപഹം – എല്ലാവിധ ഭയത്തേയും നീക്കംചെയ്യുന്നതും സുഖം; ശംഭോ – സുഖപ്രദവുമായ പരമശിവന്റെ; പാദാംഭോരുഹം – പാദാരവിന്ദത്തെ; വ്രജ – ശരണം പ്രാപിച്ചുകൊള്‍ക.
അല്ലേ ഹൃദയമേ! ജലപ്രവാഹത്തില്‍പെട്ട് ഒലിച്ച്പോകുന്ന ഒരുവന്‍ നദീതീരത്തേയും, വഴിനടന്നു ക്ഷീണിച്ച ഒരുവന്‍ വൃക്ഷച്ഛായയേയും, മഴകൊണ്ടു മതിയായവന്‍ സുഖകരമായ ഭവനത്തേയും, അതിഥി ഗൃഹസ്ഥനേയും, ദരിദ്രന്‍ ധര്‍മ്മിഷ്ഠനായ ദാതാവിനേയും, കൂരിരുട്ടില്‍ കഷ്ടപ്പെടുന്നവന്‍ ദീപത്തേയും, തണുത്തു വിറയ്ക്കുന്നവന്‍ തീയ്യിനേയും, ഏതുവിധത്തി ല്‍ ശരണം പ്രാപിക്കുന്നുവോ അതുപോലെ നീയ്യും എല്ലാവിധ ഭയത്തേയും വേരോടെ നശിപ്പിക്കുന്നതും പരമസൗഖ്യത്തെ നല്‍ക്കുന്നതുമായ ശ്രീ ശംഭുവിന്റെ പാദാരവിന്ദത്തെ ശരണംപ്രാപിച്ചുകൊള്ളുക..
No comments:
Post a Comment