ഹിങ്ക്‌ലാജ് മാത
പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ലാസ്ബേല ജില്ലയിലെ മക്രാൻ തീരത്തുള്ള ഹിങ്കളാജ് പട്ടണത്തിനടുത്തുള്ള ഒരു ക്ഷേത്രമാണ് ഹിങ്ക്‌ളാജ് മാത ക്ഷേത്രം. ഹിങ്ക്‌ളാജ് ദേവി, ഹിങ്കുള ദേവി, നാനി മന്ദിർ എന്നീ പേരുകളിലും ഈ ഹിന്ദുക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഹിങ്കോൾ ദേശീയോദ്യാനത്തിന് നടുവിലാണ് ഈ ക്ഷേത്രം. സതിയുടെ ശക്തി പീഠങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ഹിങ്കോൾ നദിയുടെ തീരത്തുള്ള ഒരു മലയിലെ ഗുഹയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഒരു ചെറിയ മലയിടുക്കിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കറാച്ചിയ്ക്ക് 250 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി അറബിക്കടലിൽ നിന്ന് 12 കിമോലീറ്റർ ഉള്ളിലായാണ് ക്ഷേത്രത്തിന്റെ സ്ഥാനം. സിന്ധുനദിയുടെ മുഖത്തിൽ നിന്ന് 80 കിലോമീറ്റർ പടിഞ്ഞാറാണിത്. ഖീർതാർ പർവ്വതനിർകളിലെ ഒരറ്റത്താണിത്. ഹിങ്കോൾ നദിയുടെ പടിഞ്ഞാറേ തീരത്താണ് ഈ ക്ഷേത്രം. ഹിങ്കോൾ ദേശീയോദ്യാനത്തിനുള്ളിലാണ് ക്ഷേത്രം.
ഒരു ചെറിയ സ്വാഭാവിക ഗുഹയ്ക്കുള്ളിലാണ് ക്ഷേത്രം. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പൂജാസ്ഥലമുണ്ട്. ദേവിയുടെ മനുഷ്യനിർമിതമായ രൂപമില്ല. രൂപമില്ലാത്ത ഒരു ചെറിയ കല്ലാണ് ഹിങ്കളാജ് മാതാവായി ആരാധിക്കപ്പെടുന്നത്.
ഹിങ്കളാജ് മാതയെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഗുജറാത്തിലും രാജസ്ഥാനിലുമുണ്ടെങ്കിലും ഇതാണ് പ്രധാന ക്ഷേത്രം.
സതിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഏറ്റവും പ്രധാനം. ദക്ഷ പ്രജാപതിയുടെ മകളായ സതി അദ്ദേഹത്തിന്റെ ഇഷ്ടാനുസരണമല്ലാതെ ശിവനെ വിവാഹം കഴിച്ചു. ദക്ഷൻ ഒരു വലിയ യാഗം നടത്തുവാൻ തീരുമാനിച്ചുവെങ്കിലും സതിയെയും ശിവനെയും ക്ഷണിച്ചില്ല. സതി യാഗം നടക്കുന്ന സ്ഥലത്തെത്തിയെങ്കിലും ദക്ഷൻ സതിയെ ശ്രദ്ധിക്കാതിരിക്കുകയും ശിവനെപ്പറ്റി മോശമായി സംസാരിക്കുകയും ചെയ്തു. ഈ അപമാനം താങ്ങാനാവാതെ സതി യാഗാത്നിയിൽ ചാടി ആത്മഹത്യ ചെയ്തു. സതി മരിച്ചുവെങ്കിലും മൃതദേഹം കത്തിയില്ല. ശിവൻ ദക്ഷനെ വധിച്ചുവെങ്കിലും പിന്നീട് മാപ്പുനൽകി പുനരുജ്ജീവിപ്പിച്ചു. ശിവൻ സതിയുടെ മൃതദേഹവുമായി ദുഃഖാർത്തനായി ലോകമെമ്പാടും അലഞ്ഞു. വിഷ്ണു സതിയുടെ ശരീരം 52 കഷണങ്ങളായി മുറിച്ചു. ഇതിൽ ഓരോ ഭാഗവും വീണ സ്ഥലങ്ങൾ ഓരോ ശക്തി പീഠങ്ങളായി. ശിവനെ ഇവിടെ ഭൈരവരൂപത്തിൽ ആരാധിക്കുന്നുണ്ട്. സതിയുടെ ശിരസ്സ് വീണത് ഹിങ്കളാജിലായിരുന്നു.
ത്രേതായുഗത്തിൽ വിചിത്രന്റെ മക്കളായിരുന്ന ഹിങ്കോളും സുന്ദറുമാണ് മറ്റൊരു ഐതിഹ്യത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹിങ്കോളിനെ ഈ ഗുഹയിൽ വച്ചാണ് ദേവി വധിച്ചതെന്നാണ് വിശ്വാസം. ബ്രഹ്മക്ഷത്രിയ എന്നൊരു ജാതികകർ ഹിങ്കളാജ് മാതാവിനെ തങ്ങളുടെ കുലദൈവമായി ആരാധിക്കുന്നുണ്ട്. പരശുരാമൻ ക്ഷത്രിയരെ വധിച്ചുകൊണ്ടിരുന്ന കാലത്ത് ചില ബ്രാഹ്മണർ 12 ക്ഷത്രിയരെ സംരക്ഷിച്ചുവെന്നും ഇവരെ ഹിങ്കളാജ് മാതയും സംരക്ഷിക്കുവാൻ സഹായിച്ചുവെന്നുമാണ് ഐതിഹ്യം. ഇവരുടെ പിൻതലമുറക്കാരാണ് ഈ ജാതിക്കാർ.
"നാനി മന്ദിർ" (അമ്മവഴിയുള്ള മുത്തശ്ശിയുടെ ക്ഷേത്രം) എന്നാണ് വിളിക്കുന്നത്. പ്രതിഷ്ടയെ മുസ്ലീങ്ങൾ ബീബി നാനി എന്നാണ് വിളിക്കുന്നത്. കുശാന നാണയങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നാന എന്ന ദേവതയായിരിക്കാം ഒരു പക്ഷേ ബീബി നാനി. പശ്ചിമേഷ്യയിലും മദ്ധ്യേഷ്യയിലും നാന എന്ന ദേവത പരക്കെ ആരാധിക്കപ്പെട്ടിരുന്നു. നാട്ടുകാരായ മുസ്ലീങ്ങളും തീർത്ഥാടനത്തിൽ പങ്കുചേരാറുണ്ട്. "നാനി കി ഹജ്ജ്" എന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്.
എല്ലാ വർഷവും ഏപ്രിൽ മാസത്തിലാണ് ഹിങ്കളാജ് മാത ക്ഷേത്രത്തിലേയ്ക്ക് നാലു ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം നടക്കുന്നത്. മൂന്നാം ദിവസമാണ് പ്രധാന ചടങ്ങ്. പൂജാരിമാർ മന്ത്രങ്ങൾ ചൊല്ലുകയും ഭക്തരുടെ സമ്മാനങ്ങൾ സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്യും. മൂന്ന് തേങ്ങകൾ വീതമാണ് നേർച്ചയായി നൽകുന്നത്. ചിലർ നാല് ദിവസവും ഹിങ്കളാജിൽ തങ്ങുന്നവരാണ്. മറ്റുള്ളവർ ഒരു ദിവസം മാത്രം ഇവിടം സന്ദർശിച്ച് തിരികെപ്പോവുകയാണ് ചെയ്യുന്നത്. കറാച്ചിയിലെ നാനാദ് പന്തി അഖാടയിൽ നിന്നാണ് സാധാരണഗതിയിൽ തീർത്ഥാടനം ആരംഭിക്കുന്നത്. സംഘങ്ങളായി പോകുന്ന തീർത്ഥാടകർക്ക് നേതൃസ്ഥാനത്ത് ഒരു വടി പിടിച്ചയാളുണ്ടാകും (ചാഡിദാർ).
പാകിസ്താനിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള തീർത്ഥാടകർ ഇവിടം സന്ദർശിക്കാറുണ്ട്.
No comments:
Post a Comment