ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

21 November 2020

ഹനുമാന്റെ വിവാഹം

ഹനുമാന്റെ വിവാഹം

ഹനുമദ്‌ ചരിത്രം പരാമർശിക്കപ്പെടുന്ന പരാശര സംഹിത എന്ന ഗ്രന്ഥത്തിലാണ് ഹനുമാന്റെ വിവാഹത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്. വിദ്യാഭ്യാസം നേടുവാൻ ഹനുമാൻ സൂര്യനെയാണ് സ്വന്തം ഗുരുവായി സ്വീകരിച്ചത്. സൂര്യന്റെ പക്കൽ നവവിദ്യകൾ എന്നറിയപ്പെടുന്ന ഒൻപത് ദിവ്യ വിദ്യകൾ ഉണ്ടായിരുന്നു. ഇവയെല്ലാം പഠിക്കണമെന്ന് ഹനുമാൻ ആഗ്രഹിച്ചു. പക്ഷെ സൂര്യൻ ഹനുമാനെ ഒൻപതു വിദ്യകളിൽ അഞ്ചെണ്ണം മാത്രമാണ് പഠിപ്പിച്ചത്. ബാക്കിയുള്ള നാല് വിദ്യകൾ വിവാഹിതരായ വ്യക്തികൾക്ക് മാത്രമേ ഉപദേശിക്കാവൂ എന്നൊരു നിയമം ഉള്ളതുകൊണ്ടാണ് സൂര്യൻ ഹനുമാനെ പഠിപ്പിക്കാതിരുന്നത്.

ഹനുമാൻ ആണെങ്കിലോ ബാല്യം മുതൽക്കേ ബ്രഹ്മചാരി എന്ന് വിശേഷിപ്പിക്കപ്പെട്ടവനും ആണ്. അതിനാൽ തന്നെ ഹനുമാൻ ശേഷിക്കുന്ന നാല് വിദ്യകൾ പകർന്നു കൊടുക്കാൻ സൂര്യന് സാധിക്കുകയുമില്ല. ഈ പ്രശ്നം പരിഹരിക്കുവാനായി സൂര്യദേവൻ ഹനുമാനോട് വിവാഹിതനാകാൻ ആവശ്യപ്പെട്ടു. പക്ഷെ ആദ്യമൊന്നും ഹനുമാൻ സൂര്യദേവനെ അനുസരിക്കാൻ തയ്യാറായില്ല. പക്ഷെ ശേഷിക്കുന്ന നാല് വിദ്യകൾ ഹനുമാന് പഠിക്കുകയും വേണം. അവസാനം ഹനുമാൻ വിവാഹം ചെയ്യാൻ സമ്മതിച്ചു.

ഹനുമാൻ വിവാഹത്തിന് സമ്മതം മൂളിയതോടെ സൂര്യൻ സ്വന്തം തേജസിൽ നിന്നും ഒരു കന്യകയെ സൃഷ്ടിച്ചു. വർച്ചസിൽ നിന്നും അഥവാ പ്രകാശ കിരണങ്ങളിൽ നിന്നും ജന്മം കൊണ്ട അവൾക്ക് സുവർചല എന്ന് നാമവും നൽകി. ഹനുമാനോട് സുവർചലയെ വിവാഹം ചെയ്യാൻ ഉപദേശിച്ച സൂര്യദേവൻ വിവാഹശേഷവും ഹനുമാൻ നിത്യബ്രഹ്മചാരി ആയി തുടരുമെന്നും അരുൾ ചെയ്തു. എന്തുകൊണ്ടെന്നാൽ സൂര്യതേജസ്സിൽ നിന്നും രൂപം പൂണ്ട സുവർചല നിത്യതപസ്സിൽ ഏർപ്പെടും.

ബ്രഹ്‌മചര്യ നിയമങ്ങൾ അനുസരിച്ച് ഏതെങ്കിലും ഒരു ജീവിയുടെ ഗർഭപാത്രത്തിൽ നിന്നും ജന്മം കൊള്ളുന്ന ഒരാളെ വിവാഹം ചെയ്‌താൽ മാത്രമാണ് ബ്രഹ്മചര്യം ഇല്ലാതാകുന്നത്. സുവർചല ആണെങ്കിൽ ആരും പ്രസവിച്ച സന്തതിയുമല്ല. അതുകൊണ്ടു തന്നെ വിവാഹശേഷവും ഹനുമാൻ നിത്യബ്രഹ്മചാരി ആയി തന്നെ അറിയപ്പെടുമെന്നും സൂര്യൻ അറിയിച്ചു. മന്വന്തരങ്ങൾ കടന്നു പോകുമ്പോൾ ഹനുമാന് ബ്രഹ്മപദവി ലഭിക്കുമെന്നും, അന്ന് സുവർചല സരസ്വതീ സ്ഥാനം അലങ്കരിക്കുമെന്നും സൂര്യൻ അനുഗ്രഹിച്ചു.

No comments:

Post a Comment