ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 November 2020

കൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾ

കൈലാസ ദർശനത്തിന്റെ ഫലം നേടാൻ ഈ മൂന്ന് ക്ഷേത്രങ്ങൾ

ഓരോ ക്ഷേത്രങ്ങൾക്കും ഓരോ പ്രത്യേകതകളുണ്ട്. ചില ക്ഷേത്രങ്ങളിലെ ദർശനം പാപങ്ങൾക്ക് പരിഹാരമാകുമ്പോൾ ചിലയിടങ്ങൾ ആഗ്രഹ സാധ്യത്തിനു സഹായിക്കുന്നു. ഇങ്ങനെ ആയിരക്കണക്കിനു ക്ഷേത്രങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കോട്ടയം ജില്ലയിലെ ഈ ക്ഷേത്രങ്ങൾ. പരശുരാമൻ സ്ഥാപിച്ച 108 ശിവാലയങ്ങളിൽ ഏറെ പ്രത്യേകതകൾ നിറഞ്ഞവയാണ് വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവ. ഈ മൂന്നു ക്ഷേത്രങ്ങളെക്കുറിച്ചും ഇവിടെ ദർശനം നടത്തിയാൽ ലഭിക്കുന്ന ഫലങ്ങളെക്കുറിച്ചും കൂടുതൽ അറിയാം...

അക്ഷരങ്ങളുടെ നാടായ കോട്ടയത്തിന്റെ മറ്റൊരു അഭിമാനമാണ് ഇവിടുത്തെ ആരാധനാലയങ്ങൾ. അതിൽ പ്രധാനപ്പെട്ടവയാണ് 108 ശിവ ക്ഷേത്രങ്ങളിലുൾപ്പെട്ട വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ ശിവ ക്ഷേത്രം, കടുത്തുരുത്തി തളി ക്ഷേത്രം എന്നിവ. തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ ഒരൊറ്റ ദിവസം കൊണ്ട് ദർശനം നടത്തണം എന്നാണ് വിശ്വാസം.

ഖരനും മൂന്നു ക്ഷേത്രങ്ങളും

പുരാണത്തിലെ ഖരൻ എന്ന അസുരനുമായി ബന്ധപ്പെട്ടാണ് ഈ മൂന്നു ക്ഷേത്രങ്ങളുടെയും ചരിത്രമുള്ളത്. ഖരൻ ചിദംബരത്തിൽ ചെന്ന് തപസ്സ് ആരംഭിച്ചു. ശിവനെ പ്രീതിപ്പെടുത്തി വരം സമ്പാദിക്കുക എന്നതായിരുന്നു ലക്ഷ്യം. ഖരന്റെ തപസ്സിൽ പ്രീതിപ്പെട്ട ശിവൻ അമൂല്യങ്ങളായ മൂന്ന് ശിവലിംഗങ്ങൾ സമ്മാനമായി നല്കി. അത് വലതുകയ്യിലും ഇടതുകയ്യിലും കഴുത്തിലുമായി വച്ച് ഖരൻ യാത്രയായി. യാത്രയിൽ ക്ഷീണിച്ചപ്പോൾ വൈക്കത്ത് വിശ്രമിക്കാനായി ഇറങ്ങി. വലതു കയ്യിലെ വിഗ്രഹം അവിടെ വെച്ചു. പിന്നീട് വിഗ്രഹം എടുക്കുവാൻ നോക്കിയപ്പോൾ അത് അവിടെ നിന്നും അനങ്ങിയില്ല. തുടർന്ന് അവിടെ കണ്ട വ്യാഘ്രപാദൻ മഹർഷിയെ അത് ഏൽപ്പിച്ച് യാത്ര തുടർന്നു. ഇടതുകയ്യിലെ ശിവലിംഗം ഖരൻ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലും മൂന്നാമത്തെ ശിവലിംഗം കടുത്തുരുത്തി തളി മഹാദേവക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. ഏഴരപ്പൊന്നാന പുറത്ത് എഴുന്നള്ളുന്ന മഹാദേവനാണ് ഇവിടെയുള്ളത്.

ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ പഴക്കത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും കൃത്യമായ രേഖകൾ ഒന്നും നിലവിലില്ല. അഘോരി സങ്കൽപ്പത്തിലുള്ള ശിവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദിവസവും മൂന്നു വ്യത്യസ്ത ഭാവങ്ങളിലാണ് ശിവനെ ആരാധിക്കുന്നത്. രാവിലെ അർദ്ധനാരീശ്വരനായും, ഉച്ചയ്ക്ക് അർജ്ജുനനെ പരീക്ഷിച്ച് പാശുപതാസ്ത്രം നൽകിയ കിരാതമൂർത്തിയായും, വൈകീട്ട് സംഹാരരുദ്രനായും ശിവനെ ആരാധിക്കുന്നു.

കെടാവിളക്കും വിശ്വാസങ്ങളും

ഏഴരപ്പൊന്നാന പുറത്ത് എഴുന്നള്ളുന്ന ദേവൻ എന്ന വിശ്വാസത്തോടൊപ്പം ചേർത്തു നിർത്തേണ്ടതാണ് ഇവിടുത്തെ കെടാവിളക്കും. വലിയ ബലിക്കല്ലിന് മുൻപിലുള്ള കെടാവിളക്കിൽ എണ്ണയൊഴിച്ച് പ്രാർഥിക്കുന്നത് ഇവിടുത്തെ ഏറ്റവും പ്രധാന വഴിപാടാണ്. ഇവിടെ വിളക്കിൽ എണ്ണയൊഴിച്ചു മനസ്സു നൊന്തു പ്രാർഥിക്കുന്നവരെ മഹാദേവൻ കൈവിടില്ല എന്നൊരു വിശ്വാസവുമുണ്ട്. 1540-ലാണ് അഞ്ച് തിരികളോടു കൂടിയ ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. ഭഗവാൻ സ്വയം കൊളുത്തിയ ദീപമാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ആസ്ഥാന മണ്ഡപത്തിലാണ് ഇവിടെ കാണിക്കയർപ്പിക്കുന്നത്.

വൈക്കം മഹാദേവ ക്ഷേത്രം

അന്നദാന പ്രഭുവായി മഹാദേവനെ ആരാധിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രമാണ് അടുത്ത ക്ഷേത്രം. പാർവ്വതി ദേവിയോടൊപ്പമാണ് മഹാദേവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിലൊന്നായ ഇത് ദക്ഷിണ കാശി എന്നും അറിയപ്പെടുന്നു. വേമ്പനാട്ടു കായലിൻരെ തീരത്തു സ്ഥിതി ചെയ്യുന്ന ഇവിടെ ശൈവ,വൈഷ്ണവ രീതികളോട് സമാനതയുള്ള പൂജാ രീതികളാണ് ഉള്ളത്.

പ്രഭാതത്തിൽ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകിട്ട് രാജരാജേശ്വരനായും ഭഗവാൻ ഉവിടെ ദർശനം നല്കുന്നു. അണ്ഡാകൃതിയിലുള്ള ശ്രീകോവിലുള്ള ഏക ക്ഷേത്രവും ഇതാണ്. ഈ ശ്രീകോവിൻ പെരുന്തച്ചൻ നിർമ്മിച്ചതാണെന്നാണ് വിശ്വാസം. കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വൈക്കം മഹാദേവക്ഷേത്രം.ഗണപതി. പനച്ചിക്കൽ ഭഗവതി, നാഗദൈവങ്ങൾ തുടങ്ങിയവരാണ് ഇവിടുത്തെ ഉപ പ്രതിഷ്ഠകൾ.

ശിവൻ സ്വയം കണ്ടെത്തിയ ഇടം

വിശ്വാസങ്ങളനുസരിച്ച് ശിവൻ സ്വയം കണ്ടെത്തിയ ഇടമാണത്രെ ഇത്. ഒരിക്കൽ കള്ളം പറഞ്ഞ ബ്രഹ്മാവിന്റെ അഞ്ച് തലകളിലൊന്ന് ശിവൻ വെട്ടിമാറ്റി. പിന്നീട് താൻ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ ശിവൻ പാപം പരിഹരിയ്ക്കാനായി ബ്രഹ്മാവിന്റെ തലയോട്ടിയും കയ്യിലേന്തിക്കൊണ്ട് പാർവ്വതീദേവിയ്ക്കൊപ്പം നാടുമുഴുവൻ നടന്ന് ഭിക്ഷ യാചിച്ചു നടന്നു. പലരും ഭിക്ഷയായി പലതും കൊടുത്തുവെങ്കിലും അത് നിറഞ്ഞു കഴിഞ്ഞാൽ ഉടനേ ശിവൻ അത് ഭസ്മമാക്കിക്കളയും. അങ്ങനെ 12 വർഷം ശിവൻ പാർവ്വതിയോടൊപ്പം നടന്ന് ക്ഷേത്രമിരിക്കുന്ന സ്ഥലത്തെത്തി. അപ്പോൾ തലയോട്ടി നിറഞ്ഞിരുന്നതിനാൽ ഭഗവാൻ അവിടെ തലയോട്ടി വയ്ക്കാമെന്നു പറഞ്ഞു. അങ്ങനെയാണ് ഇവിടം വൈക്കം ആയതെന്നാണ് വിശ്വാസം.

ശിവൻ സ്വയം സംതൃപ്തനായി കണ്ടെത്തിയ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ വിശ്വാസികൾക്കും ഇവിടെ വളരെ പ്രിയപ്പെട്ട ഇടമാണ്.

കടുത്തുരുത്തി തളി ക്ഷേത്രം

കോട്ടയത്തെ അടുത്ത ക്ഷേത്രമാണ് കടുത്തുരുത്തി തളി ക്ഷേത്രം. വൈക്കം ക്ഷേത്രത്തിൽ നിന്നും ഏറ്റുമാനൂർ ക്ഷേത്രത്തിൽ നിന്നും തുല്യ അകലത്തിലാണ് ഈ ക്ഷേത്രമുളളത്. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായാണ് വൈക്കത്തപ്പന്റെ ശ്രീകോവിലുള്ളത്. ഇതിന്റെ എതിര്‍വശത്ത് ഏറ്റുമാനൂരപ്പന്റെ ശ്രീകോവിലും കിഴക്കേ മൂലയില്‍ ഭഗവതി പ്രതിഷ്ഠയും കാണാം. ബലിക്കല്ല് ഇവിടെ യഥാര്‍ഥ രൂപത്തിലാണ് കാണുന്നത്. കൂടാതെ മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായ രണ്ടു നിലകളോടുകൂടിയ ചതുര ശ്രീകോവിലാണ് ഇവിടുത്തേത്.

ഏറ്റുമാനൂര്‍എറണാകുളം റോഡില്‍ കടുത്തുരുത്തി ജംഗ്ഷനിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 25 കിലോമീറ്റര്‍ അകലെയുള്ള കോട്ടയമാണ് അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍.

കൈലാസ ദർശനത്തിനു തുല്യം

തുല്യ അകലത്തിലായി സ്ഥിതി ചെയ്യുന്ന ഈ മൂന്നു ക്ഷേത്രങ്ങളിലും ഒരു ദിവസം അതായത് ഉച്ചയ്ക്ക് മുൻപ് ദർശനംപൂർത്തിയാക്കണം എന്നാണ് വിശ്വാസം. അങ്ങനെ ചെയ്യുന്നത് കൈലാസത്തിൽ എത്തി ശിവനെ ദർശിക്കുന്നതിനു തുല്യമാണത്രെ.

No comments:

Post a Comment