ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

13 November 2020

ശിവാനന്ദലഹരീ – (41-50)

ശിവാനന്ദലഹരീ – ശങ്കരാചാര്യര്‍ (41-50)

📝 സ്ലോകം :-
പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണ്ണനേ |
ജിഹ്വാചിത്തശിരോംഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാ‍ര്‍ത്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ || 41 ||

👉 അർത്ഥം :-
മൃത്യുഞ്ജയ! – യമനെ കീഴടക്കിയവനെ!; പാപോത്പാതവിമോചനായ – പാപത്തിന്റെ ഉപദ്രവത്തില്‍ നിന്നും മോചനം നല്‍ക്കുന്നതിന്നും; രുചിരൈശ്വര്‍യ്യായ – ശാശ്വതമായ ഐശ്വര്‍യ്യത്തിന്നായും; സ്ത്രോത്രധ്യാനനതി പ്രദക്ഷിണസപര്‍യ്യാലോകനാകര്‍ണ്ണനേ – നാമകീര്‍ത്തനം, ധ്യാനം, നമസ്കാരം, പ്രദക്ഷിണം, അര്‍ച്ചന, ദര്‍ശനം, ആകര്‍ണ്ണനം എന്നിവയി‍ല്‍; ജിഹ്വാചിത്ത ശിരോംഘ്രിഹസ്ത നയനശ്രോത്രൈഃ – നാവ്, മനസ്സ്, ശിരസ്സ്, പാദം, കൈയ്യ്, കണ്ണ്, ചെവി എന്നിവയാല്‍; അഹം പ്രാര്‍ത്ഥിതഃ – ഞാ‍ന്‍ അപേക്ഷിക്കപ്പെട്ടവനായിരിക്കുന്നു; മ‍ാം ആജ്ഞാപയ – എനിക്കു അനുജ്ഞനല്‍കിയാലും; തത് മ‍ാം – അതിനെപറ്റി എന്നെ; മുഹുഃ നിരുപയ – അടിക്കടി ഓര്‍മ്മപ്പെടുത്തിയാലും; മേ അവചഃ – എനിക്കു മൂകനായിരിക്കുക എന്ന അവസ്ഥ; മാ ഏവ – വേണ്ടവേ വേണ്ട.

ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും, ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും ഭവാന്റെ സ്ത്രോത്രം, ധ്യാന, നമസ്കാരദികള്‍ക്കായി എന്റെ ജിഹ്വ, ചിത്തം, ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു. എനിക്കതിന്നു അനുജ്ഞനല്‍കി അനുഗ്രഹിച്ചാലും; എന്നെ അടിക്കടി സ്മരിപ്പിച്ചാലും; എനിക്കു മൂകനായുക എന്ന അവസ്ഥയേ വേണ്ട!

📝 സ്ലോകം :-
ഗ‍ാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ-
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ |
വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേ സദാ
ദുര്‍ഗ്ഗാതിപ്രിയദേവ മാമകമനോദുര്‍ഗ്ഗേ നിവാസം കുരു || 42 ||

👉 അർത്ഥം :-
ദുര്‍ഗ്ഗാതിപ്രിയദേവ – ദുര്‍ഗ്ഗത്തിലതിപ്രിയനായ (ദുര്‍ഗാദേവിയി‍ല്‍ പ്രിയമേറിയവനായ) ഭഗവന്‍!; പരിഖാപദം – കിടങ്ങിന്റെ സ്ഥാനത്ത്; ഗ‍ാംഭീര്‍യ്യം ഘനധൃതിഃ – ഗംഭീരതയും കുറവറ്റ ധൈര്‍യ്യമായ; പ്രാകാരഃ – മതില്‍ക്കെട്ടും; ഉദ്യദ്ഗുണസ്തോമഃ – ശുഷ്കാന്തിയോടെ മുന്നിട്ടുനില്‍ക്കുന്ന ഗുണഗണങ്ങളായ; ആപ്തബലം – വിശ്വസിക്കത്തക സൈന്യവും; ദേഹേ സ്ഥിതഃ – ശരീരത്തിലുള്ള; ഘനേന്ദ്രിയചയഃ – ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന; ദ്വാരാണി – ഗോപുരങ്ങളും(പ്രവേശനദ്വാരങ്ങളും) വിദ്യാ ശിവതത്വജ്ഞാനമാകുന്ന വിദ്യയെന്ന; വസ്തുസമൃദ്ധിഃ ഇതി – ഭണ്ഡാരവും എന്നീവിധമുള്ള; അഖിലസാമഗിസമേതേ – എല്ലാവിധ സാമഗ്രികളും തികഞ്ഞ; മാമകമനോദുര്‍ഗേ – എന്റെ മനസ്സാകുന്ന കോട്ടയി‍ല്‍; സദാ നിവാസം – കുരു എല്ലായ്പോഴും നിവസിച്ചാലും.

പര്‍വ്വതദുര്‍ഗ്ഗത്തി‍ല്‍ അതിപ്രിയമുള്ളവനായ ഭഗവ‍ന്‍! മനസ്സിന്റെ ഗ‍ാംഭീര്‍യ്യമാകുന്ന(ആഴമേറിയ) കിടങ്ങും ആരാലും ഭേദിക്കുവാ‍ന്‍ കഴിയാത്ത ധൈര്‍യ്യമായ മതില്‍ക്കെട്ടും സാത്വികഗുണങ്ങളായ വിശ്വസ്തമായ സൈന്യവും ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന പ്രവേശനദ്വാരങ്ങളും ശിവതത്വജ്ഞാനവിദ്യയാകുന്ന ഭണ്ഡാരവും ഇങ്ങിനെ സകലസാമഗ്രികളും തികച്ചും തികഞ്ഞിരിക്കുന്ന എന്റെ ഹൃദയമാകുന്ന കോട്ടയി‍ല്‍ എന്നും നിന്തിരുവടി അധിവസിച്ചരുളിയാലും.

📝 സ്ലോകം :-
മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃകാന്താരസീമാന്തരേ |
വര്‍ത്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യമോഹാദയ-
സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാലാഭം ച സംപ്രാപ്സ്യസി || 43 ||

👉 അർത്ഥം :-
സ്വാമി‍ന്‍ ! – ജഗദീശ്വര!; ആദികിരാത! – ഒന്നാമത്തെ കാട്ടളനായുള്ളോവേ!; ഭോ ഗിരിശ! – ഹേ പര്‍വ്വതവാസി‍ന്‍!;
ത്വം ഇതസ്തതഃ – ഭവാ‍ന്‍ ഇങ്ങുമങ്ങും; മാ ഗച്ഛ – (വേട്ടക്കായി)ചുറ്റിത്തിരിയേണ്ട; മയ്യേവ വാസം കുരു – എന്നില്‍തന്നെ വാസമുറപ്പിച്ചാലും; മാമകമനഃകാന്താരസീമാന്തരേ – എന്റെ മനസ്സാകുന്ന വന്‍കാട്ടിന്‍ നടുവില്‍; മദജുഷഃ – മദംകൊണ്ട മാത്സര്‍യ്യമോഹാദയഃ – മത്സരബുദ്ധി ആഗ്രഹം മുതലായ; മൃഗാഃ ബഹുശഃ – മൃഗങ്ങ‍ള്‍ കൂട്ടംകൂട്ടമായി; വര്‍ത്തന്തേഃ – ചുറ്റിത്തിരിയുന്നുണ്ട്; താന്‍ ഹത്വാ – അവയെ കൊന്ന്; മൃഗയാവിനോദരുചിതലാഭം ച സംപ്രാപ്സ്യസി – വേട്ടയാടി കാലം കഴിക്കുന്നതില്‍ ആശയുള്ളവനായിരിക്കുന്നതിന്റെ ഫലത്തെ; സംപ്രാപ്സ്യസി – പ്രാപിക്കുക.

ഹേ ജഗദീശ! ആദികിരാത! പര്‍വ്വതവാസി‍ന്‍ , ഭവാന്‍ വേട്ടയ്ക്കായി ഇങ്ങുമങ്ങും അലഞ്ഞുനടക്കേണ്ട. എന്റെ മനസ്സാകുന്ന വന്‍കാട്ടി‍ന്‍ നടുവി‍ല്‍ മത്സരം, ദുരാഗ്രഹം തുടങ്ങിയ അനേകം മൃഗങ്ങള്‍ കൂട്ടംകൂട്ടമായി ചുറ്റിത്തിരിയുന്നുണ്ട്. അതിനാല്‍ എന്നില്‍തന്നെ വാസമുറപ്പിച്ച് അവയെ കൊന്നുകൊണ്ട് മൃഗയാവിനോദംകൊണ്ടുള്ള സുഖമനുഭവിച്ചാലും.

📝 സ്ലോകം :-
കരലഗ്നമൃഗഃ കരീന്ദ്രഭംഗോ
ഘനശാര്‍ദൂലവിഖണ്ഡനോഽസ്തജന്തുഃ |
ഗിരിശോ വിശദാകൃതിശ്ച ചേതഃ-
കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ || 44 ||

👉 അർത്ഥം :-
കരലഗ്നമൃഗഃ – കയ്യി‍ല്‍ കനേന്തിയവനായും; കരീന്ദ്രഭംഗഃ – ഗജാസുരന്റെ ദര്‍പ്പമടക്കിയ(വധിച്ച)വനായും; ഘനശാര്‍ദൂല വിഖണ്ഡനഃ – ഭയങ്കരനായ വ്യാഘ്രാസുരനെ കൊന്നവനായും; അസ്തജന്തുഃ – (തന്നില്‍ )ലയിച്ച ജീവജാലങ്ങളോടു കൂടിയവനായും; ഗിരിശഃ – പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്നവനായും; വിശദാകൃതിഃ ച – സ്വച്ഛമായ തിരുമേനിയോടു കൂടിയവനുമായ; പഞ്ചമുഖഃ – അഞ്ചുശിരസ്സുകളോടുകൂടിയ പരമേശ്വര‍ന്‍ ; മേ ചേതഃകഹരേ – എന്റെ ഹൃദയമാകുന്ന ഗുഹയി‍ല്‍; അസ്തി – ഇരുന്നരുളുന്നുണ്ട്; ഭീഃ കുതഃ – ഭയപ്പെടുന്നതെന്തിന്ന് ?

കയ്യില്‍ മാനേന്തി, ഗജാസുരനേ കൊന്ന് ഭയങ്കരനായ വ്യാഘ്രാസുരനേയും വധിച്ച് ജീവജാലങ്ങളെല്ല‍ാം തന്നി‍ല്‍ ലയിക്കെ, പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്ന സ്വച്ഛമായ തിരുവുടലാര്‍ന്ന അഞ്ചു ശിരസ്സുകളുള്ള ഈശ്വരനെന്ന സിംഹം എന്റെ ഹൃദയമാകുന്ന ഗുഹയില്‍ ഇരുന്നരുളുമ്പോ‍ള്‍ ഭയത്തിന്നവകാശമെവിടെ ?

📝 സ്ലോകം :-
ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃ സംസേവിതേ ശാശ്വതേ
സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്വീപിതേ |
ചേതഃപക്ഷിശിഖാമണേ ത്യജ വൃഥാസംചാരമന്യൈരലം
നിത്യം ശങ്കരപാദപദ്മയുഗലീനീഡേ വിഹാരം കുരു || 45 ||

👉 അർത്ഥം :-
ചേതഃപക്ഷി – ശിഖാമണേ! മനസ്സാകുന്ന ഉത്തമപക്ഷിന്‍ ! ഛന്ദഃശാഖിശിഖാന്വിതൈഃ – വേദങ്ങളാകുന്ന വൃക്ഷങ്ങളുടെ കൊമ്പുക(ഉപനിഷത്തുക)ളോടുകൂടിയതും; ദ്വിജവരൈഃ – ബ്രഹ്മണശ്രേഷ്ഠന്മാരാ‍ല്‍ (ഉത്തമപക്ഷികളാല്‍ ); സംസേവിതേ – വിട്ടുപിരിയാതെ ആശ്രയിക്കപ്പെട്ടതും; ശാശ്വരേ – നാശമില്ലാത്തതും; സൗഖ്യാപാദിനി – സുഖത്തെ നല്‍കുന്നതും; ഖേദഭേദിനി – തളര്‍ച്ചയെ തീര്‍ക്കുന്നതും;സുധാസാരൈഃ – അമൃതനിഷ്യന്ദികളായ; ഫലൈഃ ദീപിതേ – ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമായ; ശങ്കരപാദപദ്മയുഗളീനീഡേ ശ്രീശംഭുവിന്റെ പൊല്‍ത്താരടിയിണകളാകുന്ന കൂട്ടില്‍ ; നിത്യം വിഹാരം – കുരു എല്ലായ്പോഴും ക്രീഡിച്ചുകൊണ്ടു വാഴുക; വൃഥാ – യാതൊരു ഉപകാരവുമില്ലാതെ; സഞ്ചാരം ത്യജ – അലഞ്ഞുനടക്കുന്നതിനെ വിട്ടൊഴിക്കുക; അന്യൈഃ അലം – മറ്റുള്ളവരെ തിരഞ്ഞ നടന്നതുമതി.

ഹൃദയമാകുന്ന ശ്രേഷ്ഠഖഗമേ! വേദവൃക്ഷത്തിന്റെ ശാഖക(ഉപനിഷത്തുക)ളോടുകൂടിയതും ദ്വിജവര്‍യ്യന്മാരാ‍ല്‍ പരിസേവിക്കപ്പെട്ടതും നാശമില്ലാത്തതും സൗഖ്യത്തെ നല്‍കുന്നതും തളര്‍ച്ചയില്ലാതാക്കുന്നതും അമൃതനിഷ്യന്ദികളായ ഫലങ്ങള്‍കൊണ്ടുപശോഭിക്കുന്നതുമായ ശ്രീ ശംഭുവിന്റെ കാലിണകളാകുന്ന കൂട്ടില്‍തന്നെ എന്നും ക്രീഡിച്ചമര്‍ന്നുകൊള്ളുക. വെറുതെ അലഞ്ഞു നടക്കേണ്ട. മറ്റുള്ളവയെ തിരഞ്ഞു നടന്നതുമതി.

📝 സ്ലോകം :-
ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ-
രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ |
നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു
സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥ‍ാംഘ്രിസൌധാന്തരേ || 46 ||

👉 അർത്ഥം :-
മാനസരാജഹംസ! – ഹൃദയമാകുന്ന കലഹംസമേ; നഖരാജീകാന്തിവിഭവൈഃ – നഖസമൂഹങ്ങളുടെ ശോഭയാകുന്ന ഐശ്വര്‍യ്യത്താ‍ല്‍; ആകിര്‍ണ്ണേ – വ്യാപിക്കപ്പെട്ടതായി; ഉദ്യത്സുധാവൈഭവൈഃ – വര്‍ദ്ധിച്ചുയരുന്ന സുധാവ്യാപ്തിയാല്‍ ; ആധൗതേ അപി ച – വെണ്മയാര്‍ന്നതും എന്നല്ല; പദ്മാരഗലളിതേ – താമരപ്പുവിന്റെ ശോഭയാര്‍ന്ന അതിസുന്ദരമായിരിക്കുന്നതും; ഹംസവ്രജൈഃ – അരയന്നകൂട്ടങ്ങളാ‍ല്‍ ; ആശ്രിതേ – സേവിക്കപ്പെട്ടതുമായ ഗിരിജാനാഥ‍ാംഘ്രിസൗധാന്തരേ – പാര്‍വ്വതിയുടെ; പതിഹാഹ – പരമേശ്വരന്റെ തിരുവടികളായ മണിമാളികയുടെ ഉള്ളില്‍; സ്ഥിതാ – ഇരുന്നുകൊണ്ട്; ഭക്തിവധൂഗണൈഃ – ച ഭക്തിയാകുന്ന വധൂജനങ്ങളൊന്നിച്ച്; രഹസി നിത്യം – സ്വൈരമായി എല്ലാനാളും; സ്വേച്ഛാവിഹാരം കുരു – ഇഷ്ടംപോലെ ക്രീഡിച്ചുകൊള്‍ക.

ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായി, എന്നല്ല, ചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക.

📝 സ്ലോകം :-
ശംഭുധ്യാനവസന്തസംഗിനി ഹൃദാരാമേഽഘജീര്‍ണ്ണച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാലശ്രിതാഃ |
ദീപ്യന്തേ ഗുണകോരകാ ജപവചഃപുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദസുധാമരന്ദലഹരീ സംവിത്ഫലാഭ്യുന്നതിഃ || 47 ||

👉 അർത്ഥം :-
ശംഭുധ്യാനവസന്തസംഗിനി – പരമശിവന്റെ ധ്യാനമാകുന്ന വസന്തനാ‍ല്‍ സേവിക്കപ്പെട്ട; ഹൃദാരാമേ – മനസ്സാകുന്ന; ഉദ്യാനത്തില്‍ സ്രസ്താഃ – ഉതിര്‍ന്നു കിടക്കുന്ന; അഘജീര്‍ണ്ണച്ഛദാഃ – പാപങ്ങളാകുന്ന പഴുത്ത ഇലകളും; വിലസിതാഃ – ശോഭയാര്‍ന്ന; പുണ്യപ്രവാളശ്രിതാഃ – സത്കര്‍മ്മങ്ങളാകുന്ന ഇളംതളിരുകളും ഉള്ള; ഭക്തിലതാച്ഛടാഃ – ഭക്തിയാകുന്ന മൊട്ടുകളും; ജപവചഃ – പുഷ്പാണി ജപവചനങ്ങളാകുന്ന പുഷ്പങ്ങളും; സദ്‍വാസനാഃ – ശുഭവാസനയാകുന്ന സുഗന്ധങ്ങളും; ജ്ഞാനാനന്ദസുധാമരന്ദലഹരീ – ജ്ഞാനമാകുന്ന അമൃതം, സന്തോഷമാകുന്ന പുന്തേന്‍ ഇവയുടെ പ്രവാഹത്തോടുകൂടിയ; സംവിത് ഫലാഭ്യുന്നതിഃ ദിപ്യന്തേ – ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയും;
ദിപ്യന്തേ – പരിലസിക്കുന്നു.

പരമശിവധ്യാനമാകുന്ന വസന്തത്തോടുകൂടിയ മനസ്സാകുന്ന പൂങ്കാവനികയി‍ല്‍ കൊഴിഞ്ഞുകിടക്കുന്ന പാപങ്ങളാകുന്ന പഴുത്ത ഇലകളോടും ശോഭയാര്‍ന്ന പുണ്യമാകുന്ന ഇളംതളിരുകളോടും കൂടിയ ഭക്തിയാകുന്ന വല്ലീസമൂഹങ്ങള്‍ സദ്ഗുണങ്ങളാകുന്ന മൊട്ടുകളോടും ജപവചനങ്ങളാകുന്ന പുഷ്പങ്ങളോടും ശുഭവാസനയാകുന്ന സുഗന്ധത്തോടും ജ്ഞാനമാകുന്ന അമൃതം സന്തോഷമാകുന്ന പൂന്തേന്‍ ഇവയുടെ പ്രവാഹത്തോടും ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയോടും കൂടിയവയായിട്ട് പരിലസിക്കുന്നു.

📝 സ്ലോകം :-
നിത്യാനന്ദരസാലയം സുരമുനിസ്വാന്ത‍ാംബുജാതാശ്രയം
സ്വച്ഛം സദ്ദ്വിജസേവിതം കലുഷഹൃത്സദ്വാസനാവിഷ്കൃതം |
ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയപല്വലഭ്രമണസംജാതശ്രമം പ്രാപ്സ്യസി || 48 ||

👉 അർത്ഥം :-
മനോഹംസാവതംസ! – മനസ്സാകുന്ന രാജഹംസമേ!; നിത്യാനന്ദസാലയം – നാശമില്ലാത്ത ബ്രഹ്മാനന്ദരസമാകുന്ന ജലത്തിന്നിരിപ്പിടമായും; സുരമുനിസ്വാന്ത‍ാംബുജാതാശ്രയം – ദേവന്മാരുടേയും മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കളുടെ സ്ഥാനമായും; സ്വച്ഛം – നിര്‍മ്മലമായും; സദ്വിജസേവിതം – സത്തുക്കളായ ബ്രാഹ്മണരാകുന്ന കളഹംസങ്ങളാ‍ല്‍ സേവിക്കപ്പെട്ടതായും; കലുഷഹൃത് സദ്വാസനാവിഷ്കൃതം – പാപങ്ങളെ ദൂരിക്കരിക്കുന്നതായും നല്ല വാസനയാല്‍ പ്രകാശിപ്പിക്കപ്പെട്ടതായും സ്ഥിരം ശാശ്വതമായുമിരിക്കുന്ന; ശംഭുധ്യാനസരോവരം വ്രജ – ശിവദ്ധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക; ക്ഷുദ്രാശ്രയപല്വലഭ്രമണസഞ്ജാതശ്രമം – അല്പന്മാരുടെ ആശ്രയമാകുന്ന അല്പസരസ്സുക്കളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള കഷ്ടത്തെ; കിം പ്രാപ്സ്യസി – എന്തിന്നുവേണ്ടി അനുഭവിക്കുന്നു?

മനസ്സാകുന്ന രാജഹംസമേ! നിത്യനന്ദരസത്തിന്നാസ്പദമായി, ദേവന്മാരുടേയും, മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കള്‍ക്കു ആശ്രയമായി, നിര്‍മ്മലമായി, സദ്ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സമാശ്രയിക്കപ്പെട്ടതായി, പാപങ്ങളെ ദൂരിക്കരിക്കുന്നതായി, സദ്‍വാസനയാര്‍ന്നതായി, ശാശ്വതവുമായിരിക്കുന്ന ശിവധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക.

📝 സ്ലോകം :-
ആനന്ദാമൃതപൂരിതാ ഹരപദ‍ാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |
ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവ‍ധിതാ || 49 ||

👉 അർത്ഥം :-
ആനന്ദമൃതപൂരിത – പരമാനന്ദമായ ജലം നിറയ്ക്കപ്പെട്ട; ഹരപദ‍ാംഭോജാലവാലോദ്യതാ – ശിവന്റെ പാദാരവിന്ദമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും; സ്ഥൈര്‍യ്യോപഘ്നംമുപേത്യ – ധ്യാനനിഷ്ഠയാകുന്ന ഊന്നുകോലിനെ ആശ്രയിച്ചു പടര്‍ന്നു; ശാഖോപശാഖാന്വിതാ – വള്ളികളും ചെറുവള്ളികളുമുള്ളതായി; ഉച്ചൈര്‍മാനസകായമാനപടലീം – ഉയര്‍ന്നിരിക്കുന്ന മനസ്സായ പന്തലി‍ല്‍; ആക്രമ്യ – പടര്‍ന്നുപിടിച്ചതും; നിഷ്കല്മഷാഭക്തിലതികാ – യാതൊരു കേടും ബാധിക്കാതിരിക്കുന്നതും(നിഷ്കപടവു)മായ ഭക്തിയാകുന്ന ലത; സത്കര്‍മ്മസംവര്‍ദ്ധിതാ – മുജ്ജന്മംചെയ്ത പുണ്യവിശേഷങ്ങളാല്‍ വളര്‍ത്തപ്പെട്ടതായിട്ട്; മേ നിഗ്യാഭീഷ്ടഫലപ്രദാ – എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍ക്കുന്നതായി; ഭവതു – ഭവിക്കുമാറാകേണമേ.

ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട് നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതും, ഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന ഉയര്‍ന്ന പന്തലി‍ല്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതും, മുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.

📝 സ്ലോകം :-
സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമഭ്രമരാഭിരാമമസകൃത് സദ്വാസനാശോഭിതം |
ഭോഗീന്ദ്രാഭരണം സമസ്തസുമനഃപൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം ശിവാലിംഗിതം || 50 ||

👉 അർത്ഥം :-
സന്ധ്യാരംഭവിജൃംഭിതം – സന്ധ്യാസമയമായിത്തുടങ്ങുമ്പോ‍ള്‍ (നര്‍ത്തനക്രീഡയി‍ല്‍ പൊങ്ങുന്നതും) വിടരുന്നതും; ശ്രുതിശിരഃസ്ഥാനന്തരാധിഷ്ഠിതം – ഉപനിഷത്തി‍ല്‍ സ്ഥിതിചെയ്യുന്നതും ചെവി,ശിരസ്സ് എന്നിവയില്‍ ചൂടുന്നതും; സപ്രേമഭ്രമരാഭിരാമം – പ്രേമത്തോടുകൂടിയ ഭ്രമരംബികയാലഭിരാമനും, പ്രേമസഹിതരായ വണ്ടിനങ്ങളാലതിമനോഹരവും; അസകൃത് – അടിക്കടി; സദ്വാസനാശോഭിതം – സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനും, നല്ല ഗന്ധംകൊണ്ട് തിളങ്ങുന്നതും; ഭോഗീന്ദ്രാഭരണം – സര്‍പ്പങ്ങളെ ആഭരണമായണിഞ്ഞവനും, വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും; സമസ്തസുമനഃപൂജ്യം – എല്ലാ ദേവന്മാരാലും പൂജിക്കപ്പെട്ടവനും, എല്ലാ പുഷ്പങ്ങളെക്കാളും ശ്രേഷ്ഠവും; ഗുണാവിഷ്കൃതം – സത്വഗുണത്താ‍ല്‍ പ്രകാശിക്കുന്നവനും, സുഗന്ധം തുടങ്ങിയ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ; ശിവാലിംഗിതം ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം – മല്ലികാലതയാ‍ല്‍ ചുറ്റിപ്പിണയപ്പെട്ട മത്രുതമരത്തിന്നു തുല്യനായി, ശ്രീശക്തിയായ പാര്‍വ്വതിയാ‍ല്‍ ആലിംഗനം ചെയ്യപ്പെട്ടവനായി, ശ്രീ ശൈലത്തില്‍ നിവസിക്കുന്ന മല്ലികാര്‍ജ്ജൂനമെന്ന മഹാലിംഗത്തെ; സേവേ – ഞാ‍ന്‍ ഭജിക്കുന്നു.

സന്ധ്യാകാലം സമീപിക്കുമ്പോള്‍ നര്‍ത്തനക്രീഡയാലുയരുന്നവനും ഉപനിഷത്തിലന്തര്‍ഭവിച്ച് സ്ഥിതിചെയ്യുന്നവനും പ്രേമവതിയായ ഭ്രമരാദേവിയാലുപശോഭിക്കുന്നവനും, അടിക്കടി സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനും, സര്‍പ്പഭൂഷണനും, എല്ലാദേവന്മാരാലും പൂജിക്കപ്പെട്ടവനും, സത്വഗുണയുക്തമായി പ്രകാശിക്കുന്നവനും ശ്രീശക്തിയായ പാര്‍വ്വതിയാലാലിംഗനം ചെയ്യപ്പെട്ടവനും, സന്ധ്യയില്‍ വിടരുന്നതും ചെവി, ശിരസ്സ് എന്നിവയില്‍ ചൂടുന്നതും ഉത്സാഹഭരിതങ്ങളായ വണ്ടിനങ്ങളാലതിസുന്ദരവും നറുമണമാര്‍ന്നതും വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും എല്ലാ പുഷ്പങ്ങളെക്കാളുമതിശ്രേഷ്ഠവും സൗരഭ്യം ഭംഗി എന്നീ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ മുല്ലയാ‍ല്‍ ചുറ്റിപിണയപ്പെട്ട അര്‍ജ്ജുന (മരുതു) വൃക്ഷത്തിന്നു തുല്യനും, ശ്രീശൈലവാസിയുമായ മല്ലികാര്‍ജ്ജുനമെന്ന മഹാലിംഗത്തിലധിവസിക്കുന്ന ശ്രീശംഭുവിനെ ഞാന്‍ ധ്യാനിക്കുന്നു..

No comments:

Post a Comment