ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

14 November 2020

ദീപാവലിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ കഥകൾ

ദീപാവലിയുമായി ബന്ധപ്പെട്ട പ്രസിദ്ധമായ കഥകൾ

ഇന്ത്യയില്‍ ദീപാവലി വിളവെടുപ്പുത്സവവുമാണ്. കാര്‍ത്തിക മാസത്തില്‍ സൂര്യന്‍ തുലാരാശിയിലാണുള്ളത്. തുലാംരാശി വ്യാപാരത്തെ സൂചിപ്പിക്കുന്നു. കൃഷി, വ്യാപാരം, സമ്പത്ത്, ഐശ്വര്യം എന്നിവയുടെ നിറക്കാഴ്ചയാണ് ദീപാവലി. ഐതീഹ്യങ്ങള്‍ പലതാണ്. എന്നാല്‍ ദീപാവലി സന്ദേശം ഒന്നു തന്നെ. തിന്മക്കുമേല്‍ നന്മയുടെ വിജയം. വെളിച്ചം അന്ധകാരത്തെ മാറ്റുന്നു. അറിവ് അജ്ഞത ഇല്ലായ്മ ചെയ്യുന്നു. പ്രസിദ്ധമായ ഉപനിഷദ്മന്ത്രം സ്മരിക്കാം “തമസോമാ ജ്യോതിര്‍ഗമയാ”. ദീപാവലിയുമായി ബന്ധപ്പെട്ട് പുരണങ്ങളിൽ പല  പ്രസിദ്ധമായ കഥകളുണ്ട്.

രാമായണത്തിലെ കഥ

ശ്രീരാമന്‍, അച്ഛനായ ദശരഥന്റെ ആജ്ഞപ്രകാരം പതിനാലു വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്കു പോയി. സീതയും ലക്ഷ്മണനും രാമനെ പിന്‍തുടര്‍ന്നു. വനവാസത്തിനിടെ സീതയെ രാവണന്‍ കട്ടുകൊണ്ടുപോയി ലങ്കയില്‍ പാര്‍പ്പിച്ചു. രാമന്‍ രാവണനോട് യുദ്ധം ചെയ്ത് സീതയെ വീണ്ടെടുത്തു. അപ്പോഴേക്കും പതിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. സീതാസമേതനായി രാമന്‍ അയോധ്യയില്‍ തിരിച്ചെത്തി. സന്തുഷ്ടരായ പ്രജകള്‍ മണ്‍ചരാതില്‍ ദീപം തെളിയിച്ച് അവരുടെ പ്രിയപ്പെട്ട രാജാവിനെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും ദീപാലങ്കാരം നടത്തിയും അവര്‍ ആഹ്ലാദം പങ്കിട്ടു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, ബീഹാര്‍ എന്നിവിടങ്ങളില്‍ ഈ കഥക്കാണ് പ്രാധാന്യം.

മഹാഭാരതത്തിലെ കഥ

പാണ്ഡവര്‍ കൗരവരുമായി ചൂതാട്ടത്തില്‍ തോറ്റ് വനവാസത്തിനു പോയി. 13 വര്‍ഷത്തെ വനവാസത്തിനുശേഷം ഒരു വര്‍ഷത്തെ അജ്ഞാതവാസവും പൂര്‍ത്തിയാക്കി, പാണ്ഡവരും, ഭാര്യ ദ്രൗപതിയും അമ്മ കുന്തിയും ഹസ്തനപുരിയില്‍ തിരിച്ചെത്തിയത് കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്. നല്ലവരായ പാണ്ഡവരെ ഹസ്തിനപുര നിവാസികള്‍ക്ക് വളരെ ഇഷ്ടമായിരുന്നു. പാണ്ഡവരെ സ്വീകരിക്കാനായി അവര്‍ ദീപങ്ങള്‍ തെളിച്ച് കാത്തിരുന്നു. പാണ്ഡവരുടെ മടങ്ങിവരവ് ജനങ്ങള്‍ ആഘോഷമാക്കി.

ഭാഗവതത്തിലെ കഥ

നരകാസുരന്‍ ദുഷ്ടനായ അസുരരാജാവായിരുന്നു. ദുഷ്ടനായ നരകാസുരന്‍ ധാരാളം സ്ത്രീകളെ പിടിച്ച് തന്റെ അന്ത:പുരത്തില്‍ തടവിലാക്കിയിരുന്നു. ദീപാവലിയുടെ തലേദിവസം രാത്രി ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് നരകാസുരന്‍ തടവിലാക്കിയ സ്ത്രീകളെ മോചിപ്പിച്ചു. പുലര്‍ച്ചെ തിരിച്ചെത്തിയ ശ്രീകൃഷ്ണന് കുളിക്കാന്‍ സ്ത്രീകള്‍ വാസനതൈലം നല്‍കിയെത്ര. ഇതിന്റെ ഓര്‍മ്മക്കായാണ് ദീപാവലി ദിവസം രാവിലെ എണ്ണ തേച്ചു കുളിക്കുന്നത്.

ലക്ഷ്മീപൂജ

പണ്ട് പണ്ട് ദേവന്‍മാര്‍ക്ക് അമരത്വം ഉണ്ടായിരുന്നില്ല. പക്ഷേ ദേവന്‍മാരും അസുരന്‍മാരും അമരന്‍മാരാകാന്‍ ആഗ്രഹിച്ചു. അതിനായി അവര്‍ പാലാഴി കടഞ്ഞ് അമൃതെടുക്കാന്‍ തീരുമാനിച്ചു. പാലാഴി മഥന സമയത്ത് സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വന്നതാണ്, ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി. ഇത് കാര്‍ത്തിക മാസത്തിലെ അമാവാസിനാളിലായിരുന്നു. അന്നു തന്നെ മഹാവിഷ്ണു ദേവിയെ വിവാഹം കഴിച്ചു. ഈ പാവന മുഹൂര്‍ത്തിനു മിഴിവേകാന്‍, ദേവന്‍മാരും അസുരന്മാരും മഹാലക്ഷ്മിയുടെ ജനനവും വിവാഹവും ആഘോഷിക്കാന്‍ ദീപങ്ങളൊരുക്കി. ഭൂമിയില്‍ മനുഷ്യരും ദീപകാഴ്ചയൊരുക്കി. അന്നേദിവസം വീടുകളില്‍ ഐശ്വര്യത്തിനായി ലക്ഷ്മീ പൂജ നടത്തുകയും വിഭവ സമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്യുന്നു. ഇന്ത്യയില്‍ പലയിടത്തും ദീപാവലി നാളില്‍ കാളീപൂജയും നടത്തുന്നുണ്ട്.
            

No comments:

Post a Comment