പഴനിമല കയറാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ കുറവായിരിക്കും. എന്നാല്‍ പഴനിയോട് ഏറെ അടുത്തു നില്‍ക്കുന്ന സമാന അന്തരീക്ഷം നല്‍കുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുമുണ്ട്. കോഴിക്കോട് ജില്ലയിലെ മെഡിക്കല്‍ കോളേജിനടുത്ത് വെള്ളിപറമ്പ് എന്ന സ്ഥലത്താണ് മേല്‍പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീ ശരവണഭവ മഠം സ്വാമികളാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. കേരളത്തിന്റെ പരമ്പരാഗത ശൈലിയില്‍ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളുടെ അതേ രീതിയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.
കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്‌ക്ക് പഴനിയിലെ പോലെ തന്നെ നിരവധി പടികള്‍ കയറി വേണം ചെല്ലാന്‍. കുന്നിനു മുകളില്‍ ക്ഷേത്രത്തില്‍ എത്തിയാല്‍ മനസ്സിന് ശാന്തിയും, പോസിറ്റീവ് എനര്‍ജിയും ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പ്രകൃതിയോട് അത്രയും ചേര്‍ന്നു നില്‍ക്കുന്ന ഒരു ക്ഷേത്രമാണിത്. പഴനിയിലെ അതേ രീതിയിലുളള പൂജകളാണ് ഇവിടേയും നടത്തുന്നത്. കൂടാതെ പ്രസാദമായി പഞ്ചാമൃതവും നല്‍കുന്നു. ഇവിടെ എത്തുന്ന ഭക്തര്‍ക്ക് രാവിലെയും ഉച്ചയ്‌ക്കും വൈകീട്ടും രാത്രിയും എല്ലാം ഭക്ഷണം ലഭ്യമാണ്.
കുന്നില്‍ മുകളില്‍ പരന്നു കിടക്കുന്ന ക്ഷേത്രത്തോട് ചേര്‍ന്ന ഗോശാലയും ഉണ്ട്. ക്ഷേത്ര ആവശ്യത്തിനായുളള പാല്‍ അവിടെ നിന്നു തന്നെ ലഭിക്കുന്നു. ഒരുവട്ടം ഈ ക്ഷേത്രത്തില്‍ പോയാല്‍ അവിടേക്ക് വീണ്ടും പോകാന്‍ നമ്മെ ആകര്‍ഷിക്കുന്ന അന്തരീക്ഷമാണ് ഈ ക്ഷേത്രത്തിനുള്ളത് മനസ്സിന് ശാന്തിയും സമാധാനവുമുളള ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത തന്നെയാണ്. വളരെ ദൂരെ നിന്നും പോലും ആളുകള്‍ കോഴിക്കോടുളള ഈ പഴനി തേടി എത്താറുണ്ട്.
No comments:
Post a Comment