ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 37

നാഗമാഹാത്മ്യം...

ഭാഗം: 37

46. ആരാധനയും ഉപാസനയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈശ്വരനെ പ്രീതിപ്പെടുത്താൻ വേണ്ടി, ഈശ്വരകൃപ ലഭിക്കുന്നതിനു വേണ്ടിയുള്ള രണ്ടു കാര്യങ്ങളാണ് ആരാധനയും, ഉപാസനയും. ആരാധന എന്നാൽ ഒരു വിഗ്രഹം വച്ചു പൂജിക്കുകയോ, അതിനുവേണ്ട ആചാരോപചാരങ്ങൾ ചെയ്യുകയോ ചെയ്യുന്നു എന്നൊക്കെയാണ്. ഭഗവാനിൽ ഭക്തിയുണ്ടാകുന്നതിനുള്ള ആദ്യപടിയാണ് ആരാധന . വിഗ്രഹാരാധനയിൽ കൂടി ഉപാസനസാധ്യമാണ്. ഇതിന് ഭക്തിവേണം. ഭക്തിയോടു കൂടി ആരാധന നടത്തി നടത്തി ഉപസാനയിലെത്താം. ഭക്തി തന്നെ നവവിധമാണ് ലഭിക്കുക. ശ്രവണം , കീർത്തനം, സ്മരണം, സേവനം, പൂജനം, നമസ്ക്കാരം, ദാസ്യം, സഖ്യം, അർപ്പണം . ഈശ്വരനാമങ്ങൾ കേൾക്കുക, ഭഗവാനെ പറ്റിയുള്ള കീർത്തനങ്ങൾ ആലപിക്കുക, ഈശ്വരനെ സ്മരിക്കുക , ഭഗവദ് സേവനം ചെയ്യുക, പൂജിക്കുക , നമസ്കരിക്കുക, ഈശ്വരനു ദാസ്യവൃത്തി ചെയ്യുക, സഖാവിനെ പോലെ വിചാരിക്കുക, സർവ്വസ്വവും ഭഗവാനിലർപ്പിക്കുക. സർവ്വാർപ്പണം കൊണ്ട് ഭക്തിയുടെ പാരമ്യതയിൽ എത്തിച്ചേരുന്നതാണ്. അവിടെ ഞാൻ എന്ന വ്യക്തിയ്ക്ക് പ്രസക്തിയില്ല. എല്ലാം ഭഗവാനാണ് ഭഗവാനുള്ളതാണ് എന്ന സങ്കല്പത്തിലെത്തുകയാണ് . നമുക്കു കിട്ടുന്നതെന്തും ഭഗവാൻ തരുന്നു എന്നാണ്. ഈ നിലയിൽ എത്തിച്ചേരുമ്പോൾ ഉപാസന തുടങ്ങും. ഏതിലും ഈശ്വരനെ ദർശിക്കുകയാണവിടെ.

ആരാധന ചെയ്യുന്നത് ദേവന്റെ പ്രതിമയോ ചിത്രമോ, രൂപം വരച്ചു വച്ചോ ഒക്കെ പൂജിക്കലാണ്. ഉപാസന ചെയ്യുന്നത് ആ ദേവന്റെ ആ ദേവനിൽ അന്തർലീനമായിരിക്കുന്ന പുരുഷന്റെ അവ്യക്തവും അദൃശ്യവുമായ ചൈതന്യത്തെയാണ് . ആ ചൈതന്യത്തെ സാക്ഷാൽക്കരിക്കുകയാണ് ചെയ്യുന്നത്. പണ്ടുപണ്ടു മുതൽ തന്നെ ആരാധനയും ഉപാസനയുമുണ്ടായിരുന്നു. പലരും പലരൂപത്തിലാണ് ദൈവത്തെ കണ്ടിരുന്നത് അഥവാ കല്പിച്ചിരുന്നത്.

പ്രകൃതിയിലെ വസ്തുക്കളെ ഉപാസിച്ചിരുന്നു, ഈശ്വര സാക്ഷാൽക്കാരം നേടിയിരുന്നു അതിന് ധ്യാനയോഗമാണ്. അവർ ശീലിച്ചത്. ആരാധനയ്ക്ക് വേണ്ടതിനെക്കാൾ ഏകാഗ്രതയും ഏകാന്തതയും ധ്യാനത്തിന് അഥവാ ഉപാസനയ്ക്ക് ആവശ്യമാണ് . അതിന് അഷ്ടാംഗയോഗം ശീലിക്കണം. അതായത് യമം, നിയമം , ആസനം, പ്രാണായാമം , പ്രത്യാഹാരം, ധാരണ, ധ്യാനം , സമാധി എന്നിവ ശീലിക്കണം.

അഹിംസ, സത്യം, ആസ്തേയം (പരദേവ്യം അപഹരിക്കാതിരിക്കുക), ബ്രഹ്മചര്യം , അപരിഗ്രഹം (വിലപിടിപ്പുള്ള വസ്തുക്കൾ സ്വീകരിക്കാ തിരിക്കുക) ഇവയെല്ലാം യമത്തിലുൾപ്പെടുന്നു. ബാഹ്യാന്തരശൗചം (ദേഹശുദ്ധി , മനഃശുദ്ധി), സംതൃപ്തി, തപസ്സ് , സ്വാധ്യായം (അർത്ഥം ഗ്രഹിച്ച് പുരാണഗ്രന്ഥ ങ്ങൾ അഥവാ മതഗ്രന്ഥങ്ങൾ പാരായണം ചെയ്യുക). ഈശ്വരോപാസന നടത്തുക ഇവയെല്ലാം നിയമങ്ങളിലുൾപ്പെടുന്നു . യമനിയമാദികൾ പാലിച്ചു കൊണ്ട് ശുദ്ധമായ സ്ഥലത്ത് ഉചിതമായ ആസന (ഇരിപ്പട)ത്തിൽ ഇരുന്ന് പ്രാണായാമം ശീലിക്കണം. പൂരകരേചകകും ഭകം എന്ന് മൂന്നുരീതിയാണ് പ്രാണായാമം. ആദ്യം ശ്വാസം ഉള്ളിലേക്ക് എടുത്ത് പിന്നെ അല്പം കഴിഞ്ഞ് പുറത്തേയ്ക്കു വിടുന്നു. ശ്വാസം ഉള്ളിലേക്ക് വലിച്ച് അല്പസമയം ശ്വാസം അടക്കി പിന്നീട് അല്പാല്പമായി ശ്വാസം വെളിയിലോട്ടു വിടണം. ഉള്ളിലേയ്ക്കെടുക്കുന്നത് പൂരകം, പുറത്തേയ്ക്കു വിടുന്നത് രേചകം. ശ്വാസം അടക്കുന്നത് കുംഭകം. ഇതുശീലിക്കുന്നത് കുറേശ്ശേ കുറെശ്ശെ വേണം. ഒരു ദിവസം പത്തു പ്രാവശ്യം വീതം തുടങ്ങി പിന്നെ കൂടുതൽ കൂടുതൽ മനഃശക്തി പോലെ ആകാം. പിന്നെ ധ്യാനത്തിൽ മുഴുകുക ധ്യാനത്തിൽ കൂടി കുറെ നാൾ കഴിയുമ്പോൾ സമാധി അവസ്ഥയിലെത്താം . ഇങ്ങനെ ഈശ്വര സാക്ഷാൽക്കാരം നേടാം. അതാണ് ബ്രഹ്മാനന്ദപ്രാപ്തി. ഗീതയിലും ഭാഗവതത്തിലുമൊക്കെ ഇതേപറ്റി പ്രസ്താവിക്കുന്നുണ്ട്.

ഇപ്രകാരം ധ്യാനയോഗത്തിൽ എത്തുന്നവർക്ക് ഈശ്വരപൂജ ശരിയായി നിർവ്വഹിക്കാൻ പ്രയാസമില്ല. ഈ ഉപാസനകളെ സഗുണോപാസന, നിർഗുണോപാസന എന്ന് രണ്ടുതരമാണ് പറയുന്നത്. വിഗ്രഹാരാധന അതായത് ദേവന്റെ രൂപം ധ്യാനിച്ച് പൂജാദികർമ്മങ്ങൾ ചെയ്യുക സഗുണോപാസനയാണ്. നിർഗുണോപാസന ധ്യാനയോഗത്തിൽ കൂടി നിരാകാരനായ ദേവനെ ധ്യാനിക്കുകയാണ് . അത് ഈശ്വരസാക്ഷാൽക്കാരത്തിനുള്ള ധ്യാനമാണ്. അതിന് രാഗാദികളിൽ നിന്നും വിമുക്തമാക്കി മനസ്സിനെ ശുദ്ധമാക്കണം. ശുദ്ധ മനസ്സിലെ ജ്ഞാനം പ്രകാശിക്കും , ഭക്തി ഉണ്ടാകും, ഏതു രൂപത്തിൽ ദേവനെ ഉപാസിച്ചാലും ഇവയെല്ലാം കൂടിയേ തീരൂ.

എല്ലാ ജീവികളുടേയും കാര്യവസ്തുക്കളുടേയും ഉല്പത്തിക്കു നിമിത്തം ആദിത്യജൻമമാണ്. അതുകൊണ്ട് ആദിത്യന്റെ ഉദയാസ്തമയം എല്ലാവരും കൊണ്ടാടുന്നു. ഉദയം പ്രാതഃസന്ധ്യ , അസ്തമയം സായംസന്ധ്യ ഈ രണ്ടു നേരങ്ങളിലും എല്ലാ ആളുകളും സ്തുതിഗീതങ്ങൾ പാടുകയോ, മന്ത്രങ്ങൾ ഉരുവിടുകയോ , നാമം ജപിക്കുകയോ ചെയ്ത് ദേവപ്രസാദം നേടുന്നു. ആ സമയം ജീവികൾ ഉന്ഥാനം ചെയ്യുന്നു. അപ്പോൾ മനുഷ്യന് ആന്തരികമായും, ബാഹ്യമായും ജ്ഞാനമുണ്ടാകുന്നു.

ബാഹ്യമായ അന്ധകാരം നീങ്ങി പ്രകാശം പരക്കുന്ന പോലെ മനസ്സിലെ അന്ധകാരം (അജ്ഞാനം) നീങ്ങുന്നതിനും സൂര്യൻ സഹായിക്കുന്നു.അജ്ഞാനം മാറി ജ്ഞാനമുണ്ടാകുന്നു. സൂര്യൻ ഉദിക്കുമ്പോൾ ഒരു പാമ്പു മുറ്റത്തു വന്നാൽ അതു പാമ്പാണെന്ന് അറിവുണ്ടാകുന്നു. ഇരുട്ടത്ത് അതുണ്ടാകുന്നില്ല.

പലപല രൂപത്തിലും ഭാവത്തിലും ഈശ്വരാരാധന ചെയ്യുന്നതുപോലെ തന്നെയാണ് നാഗത്തിന്റെ ആരാധനയും ഉപാസനയും നാഗങ്ങളിൽ അനന്തനേയും വാസുകിയേയും നാഗയക്ഷിയമ്മയേയുമൊക്കെ ദൈവമായി തന്നെ ഉപാസിക്കുന്നുണ്ട്. ഇവയുടെ ബിംബങ്ങൾ ഉണ്ടാക്കി പ്രതിഷ്ഠ നടത്തി ആരാധനയും പൂജകളും നടത്തി പ്രസാദിപ്പിക്കുന്നുണ്ട് . എല്ലാ രൂപങ്ങളും ബ്രഹ്മത്തിന്റെ പ്രതിരൂപങ്ങളാണെന്നാണ ല്ലോ. ഇവയുടെ ഉപാസനയും ബ്രഹ്മോപാസനയാണ്. ഭഗവാൻ കൃഷ്ണൻ ഗീതയിൽ ബോധിപ്പിക്കുന്നത്. ഏതേതു രൂപത്തിൽ എന്നെ ധ്യാനിക്കുന്നുവോ അതാതു രൂപത്തിലിരുന്ന് ഞാൻ അവർക്ക് (ഭക്തൻമാർക്ക്) അവരുടെ അഭീഷ്ടങ്ങൾ സാധിച്ചു കൊടുക്കുന്നു എന്നാണ് . ഏതു രൂപത്തിലുപാസിച്ചാലും എന്നെയാണുപാസിക്കുന്നത്. അവർക്ക് കിട്ടുന്ന ഫലപ്രാപ്തിയും ഞാൻ കൊടുക്കുന്നതാണ്.

മറ്റു രാജ്യങ്ങളിലേയും മതങ്ങളിലേയും ധർമ്മഗ്രന്ഥങ്ങളെ അപേക്ഷിച്ച് ഭാരതീയ ധർമ്മഗ്രന്ഥങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അതെന്തന്നാൽ മനുഷ്യാത്മാവിന്റെ മഹത്വത്തേയും, യാഥാർത്ഥ്യത്തേയും , പ്രാധാന്യത്തേയും വ്യക്തമാക്കി അതിനനുസരിച്ച് ചിന്താധാരയെ ഒഴുക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു എന്നത് . അത് മനുഷ്യനിൽ ധർമ്മ പ്രവർത്തന വ്യഗ്രത ത്വരിതപ്പെടുത്താനും, ജിജ്ഞാസ വിശേഷിച്ച് ബ്രഹ്മത്തെ പറ്റിയുള്ള (ആത്മാവിനെ സംബന്ധിച്ച) ജിജ്ഞാസ ഉണർത്തി അതിനനുസരിച്ചുള്ള അന്വേഷണത്തിൽ പലതും കണ്ടുപിടിക്കാനുമൊക്കെ അവനെ പ്രേരിക്കുന്നു. ആ അന്വേഷണത്തിൽ മനുഷ്യനിൽ പണ്ടു പണ്ടു ബാഹ്യം ആന്തരികം, അ തായത് ബാഹ്യമായ പ്രവർത്തികളും (കർമ്മം) , ആന്തരികമായ പ്രവർത്തികളും ഉടലെടുക്കാൻ കാരണമായി. ബാഹ്യമായ പ്രവർത്തികളെ കർമ്മമെന്നും ആന്തരികമായ പ്രവർത്തനത്തെ ഉപാസന എന്നു പേരു കൊടുത്തു. എല്ലാവിധ ചേഷ്ടകളും കർമ്മമാണ്. ഈശ്വരോപാസനയ്ക്കു വേണ്ടിയുള്ള വേദത്തിൽ അറിയിച്ചിരിക്കുന്നതു പോലെന്നത്. അത് ഈശ്വരപ്രീതിയ്ക്കുള്ള കർമ്മമാണ് . എന്നാൽ ഭൗതികങ്ങളായ ഉപകരണങ്ങളെയെല്ലാം വിട്ടിട്ട് ക്രിയ കേവലം മാനസികം മാത്രമാകുമ്പോഴാണ് അത് ഉപാസനയായി മാറുന്നത്. ഈ രണ്ടിന്റേയും ലക്ഷ്യം ഒന്നു തന്നെയാണ്. ഈശ്വരപ്രീതി. അതു നേടുകയാണ് ലക്ഷ്യം..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment