ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 6

നാഗമാഹാത്മ്യം...

ഭാഗം: 6

8. നാഗോല്പത്തി
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കശ്യപന്റെ ഭാര്യമാരിൽ കദ്രുവും വിനതയും സുകുമാരികളും സുന്ദരികളും ഭർത്തൃശുശ്രൂഷയിൽ അതീവ തല്പരരുമായിരുന്നു. അവർ തന്റെ നിരന്തര സേവന ശുശ്രൂഷകളാൽ പതിയെ പ്രസാദിപ്പിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹം വളരെ സന്തോഷിച്ചു . സന്തുഷ്ടനായ കശ്യപൻ ഒരിക്കൽ രണ്ടു പേരേയും അരികത്തു വിളിച്ചു പറഞ്ഞു. ഞാൻ നിങ്ങളു ടെ സേവനത്തിൽ വളരെ സന്തോഷവാനാണ്. നിങ്ങൾക്കു വേണ്ട വരം തരാൻ ഞാൻ ആഗ്രഹിക്കുന്നു . വരം വരിച്ചു കൊള്ളൂ. ആദ്യം കദ്രുതന്നെ പറയട്ടെ, എന്തുവരമാണു വേണ്ടത്. പിന്നെ വിനത പറയട്ടെ.

കദ്രു പറഞ്ഞു ഭവാൻ എനിക്ക് വരം തരാനുദ്ദേശിക്കുന്നുവെങ്കിൽ എനിക്ക് ശ്രേഷ്ഠൻമാരും ബലശാലികളുമായ ആയിരം പുത്രൻമാർ പിറക്കാൻ അനുഗ്രഹിക്കണം.

വിനത പറഞ്ഞു എനിക്ക് അതിനെക്കാൾ ബലശാലികളായ രണ്ടു നല്ലപുത്രൻമാർ ഉണ്ടാകാൻ വരം തരണം.

അദ്ദേഹം രണ്ടുപേർക്കും ഇഷ്ടവരം ദാനം ചെയ്തു. അല്പകാലത്തിനുശേഷം കശ്യപൻ തപസ്സിനായി പുറപ്പെട്ടു വനത്തിൽ ചെന്ന് ഘോരതപസ്സു തുടങ്ങി.

ഇഷ്ടവരം ലഭിച്ച കദ്രുവും വിനതയും സന്തോഷത്താൽ സുഖമായി ഒരുമയോടെ ജീവിച്ചു വന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ കദ്രു ആയിരം മുട്ടകളെ (അണ്ഡങ്ങളെ) പ്രസവിച്ചു. അതിനെ വേണ്ടവണ്ണം ശുശ്രൂഷിച്ചു . അഞ്ഞൂറു വർഷം ചെന്നപ്പോൾ മുട്ടകൾ ഓരോന്നായി വിരിഞ്ഞു തുടങ്ങി. അതു നാഗൻമാരായിരുന്നു. കന്നിമാസം ആയില്യം നക്ഷത്രം ദ്വാദശിതിഥി വെള്ളിയാഴ്ച ദിവസസമാണ് ആദ്യ അണ്ഡം വിരിഞ്ഞത്. അതു ആയിരം ഫണമുള്ള മിന്നിതിളങ്ങുന്നതും കോടി സൂര്യപ്രഭ പരത്തുന്നതുമായ സാക്ഷാൽ അനന്തനായിരുന്നു . പിന്നെ വാസുകി , തക്ഷകൻ, കാളിയൻ തുടങ്ങി സഹസ്രം അണ്ഡങ്ങൾ വിരിഞ്ഞു. ഇവയെ കണ്ടു സന്തോഷിച്ച കദ്രു അവയ്‌ക്ക് പാൽ കൊടുത്തു വളർത്തി വളരെ സ്നേഹത്തോടെ പരിലാളിച്ചു. കന്നിമാസം ആയില്യം തുടങ്ങി കുംഭമാസം ആയില്യം വരെയുള്ള ദിവസങ്ങൾ കൊണ്ട് ആയിരം സർപ്പങ്ങളും പുറത്തു വന്നു . അതിൽ ആയിരം ഫണങ്ങളുള്ളവ, എണ്ണൂറു ഫണങ്ങളുള്ളവ, അഞ്ഞൂറു ഫണങ്ങളുള്ളവ , പിന്നെ നൂറ്, പത്ത്, അഞ്ച്, മൂന്ന് , ഒന്ന് എന്നിങ്ങനെ തലയുള്ളവയുണ്ട്.

സർപ്പങ്ങൾ തന്നെ മൂന്നു തരമുണ്ട്. സത്വഗുണപ്രധാനർ, രജോഗുണപ്രധാനർ, തമോഗുണപ്രധാനർ. സത്വഗുണപ്രധാനർ സത്യമുള്ളവയാണ് . അവയ്ക്ക് ആരെയും കണ്ടാൽ കടിക്കുക എന്ന സ്വഭാവമില്ല. ചിലപ്പോൾ ഭയപ്പെടുത്തുമെന്നു മാത്രം. അവയ്ക്ക് ഏതാണ്ട് സ്വർണ്ണ നിറമായിരിക്കും. അവയെ കണ്ടാലുടൻ സർപ്പദൈവങ്ങളെ രക്ഷിക്കണേ, എന്തെങ്കിലും ദോഷം തോന്നിപ്പോയങ്കിൽ ക്ഷമിക്കണേ എന്നു യാചിച്ചു ഈ തൊഴുതാൽ അവ നേരെ തിരിഞ്ഞു പൊയ്ക്കൊള്ളുന്നതാണ്. അവ സാക്ഷാൽ വിഷ്ണു അംശമായ സത്യ നാഗങ്ങളാണ് . ഉപദ്രവിച്ചാൽ സർപ്പങ്ങൾ ഉപ്രദവിക്കുന്നതാണ്.

ഗുണങ്ങളനുസരിച്ച് സർപ്പങ്ങൾ രണ്ടു തരമുണ്ട്. വിഷമുള്ളവ, വിഷമില്ലാത്തവ. കടിക്കുന്ന ക്രൂരസർപ്പങ്ങൾ, കടിക്കാത്ത ഉത്തമസർപ്പങ്ങൾ. തക്ഷകൻ , കാളിയൻ തുടങ്ങിയവ ക്രൂരസ്വഭാവമുള്ള, വിഷമുള്ള കടിക്കുന്ന സർപ്പങ്ങളാണ് . അനന്തന്റെ പരമ്പരയായവ നല്ല സർപ്പങ്ങളാണ്. മുട്ടയിട്ട് മുട്ട വിരിഞ്ഞാണ് ഇവയുടെ വംശവർദ്ധനവ്, വാസുകി ഭഗവാൻ പരമശിവന്റെ ഭൂഷണമായി സ്വീകരിച്ചിരിക്കുന്ന നല്ല സർപ്പമാണ് . വാസ്തവം നോക്കിയാൽ അനന്തനും വാസുകിയും രണ്ടും ഒന്നാണെന്നതാണ്. ശ്രീമദ് ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീ കൃഷ്ണൻ അർജ്ജുനന് ഉപദേശിക്കുന്ന പത്താം അദ്ധ്യായമായ വിഭൂതി വിസ്തര യോഗത്തിൽ ഭഗവാൻ തന്നെ അരുളിചെയ്യുന്നുണ്ട്.

സർപ്പാണാമസ്മി വാസുകി 10/28
അനന്തശ്ചാസ്മി നാഗാനാം 10/29

എന്ന്.

അതായത് സർപ്പങ്ങളിൽ വാസുകിയും നാഗങ്ങളിൽ അനന്തനും ഞാൻ തന്നെയാണ്. ഇവിടെ 'ഞാൻ' എന്നു പറഞ്ഞിരിക്കുന്നത് ഭഗവാൻ ശ്രീകൃഷ്ണനാണ്. ശ്രീ കൃഷ്ണൻ വിഷ്ണുവാണ് ; ഭഗവാനാണ് ഭാഗവതത്തിൽ ശ്രീ കൃഷ്ണനെ 'കൃഷ്ണസ്തു ഭഗവാൻ സ്വയം' എന്നാണു പറയുന്നത് . ഭഗവാൻ ശ്രീ കൃഷ്ണൻ ഒരവതാരം മാത്രമല്ല പിന്നെയോ സ്വയം ഭഗവാൻ തന്നെ മനുഷ്യരൂപത്തിൽ ലോകരക്ഷയ്ക്കായി പിറന്നതാണ് എന്നാണ്. വിഷ്ണു തന്റെ ശയ്യയായി സ്വീകരിച്ചിരിക്കുന്നത് അനന്തനെയാണല്ലോ. അതാണല്ലോ അനന്തശായി എന്നദ്ദേഹത്തെ പുകഴ്ത്തുന്നത്. വാസുകി ശിവഭഗവാന്റെ കണ്ഠഭൂഷണമാണ്. രണ്ടുപേരും ഒന്നുതന്നെയാണ്. ശിവനും വിഷ്ണുവും ഒരേ ചൈതന്യമാണ് . ഈശ്വരനാണ്, പരമേശ്വരനാണ്. പരബ്രഹ്മമാണ്. ഇത് ശ്രീമദ് ഭാഗവതത്തിൽ ബാണയുദ്ധമെന്ന ഭാഗത്ത് പറയുന്നുണ്ട്. ഭഗവാൻ വിഷ്ണുവിനോട് പരമശിവൻ പറയുന്നു. ഈ ബാണാസുരൻ എന്റെ ഭക്തനാണ്. അവനെ കൊല്ലരുത്. അപ്പോൾ വിഷ്ണു പറഞ്ഞു. മത്ഭക്തൻ ത്വത്ഭനും, തത്ഭക്തൻ മത്ഭക്തനുമാണ്. അതായത് വിഷ്ണുവിന്റെ ഭക്തൻ ശിവഭക്തനും ശിവഭക്തൻ വിഷ്ണുഭക്തനുമാണ് . രണ്ടുപേരും ഒന്നുതന്നെയാണ്. ഭിന്നമായി തോന്നുന്നത് അജ്ഞാനമാണ് . ഇതിൽ നിന്നും ശിവനും വിഷ്ണുവും ഭിന്നമല്ലെന്നറിയിക്കുകയാണ്. അപ്പോൾ ശിവനും , വാസുകിയും, അനന്തനുമെല്ലാം തന്നെ ഒന്നാണ് എന്നാണല്ലോ ഇതിന്റെ വിവക്ഷ. ജഗത് രൂപമായി (പ്രപഞ്ചരൂപമായി) തീർന്നിരിക്കുന്ന ഭഗവാന്റെ നാനാവിധരൂപത്തിലുള്ള, നാനാവർണ്ണത്തിലുള്ള അനേകരൂപങ്ങളാണ് ലോകത്തിൽ ദൃശ്യമായി കാണുന്നത് . ആ രൂപങ്ങളിൽ ഒരു രൂപമായി തന്നെയാണ് നാഗങ്ങളായി കാണപ്പെടുന്നത്...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment