ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 54

നാഗമാഹാത്മ്യം...

ഭാഗം: 54

63. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

വെട്ടിക്കോട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ദുഷ്ട ഉരഗങ്ങളെക്കൊണ്ട് ജനങ്ങൾക്കുണ്ടാകുന്ന ദോഷങ്ങളെ പരിഹരിക്കാനായി പരശുരാമൻ പ്രാർത്ഥിച്ചു. അദ്ദേഹം തപസ്സു ചെയ്തു. അദ്ദേഹത്തിന്റെ തപസ്സിൽ, പ്രാർത്ഥനയിൽ പ്രസാദിച്ച് അനന്തമൂർത്തി ദർശനമരുളി . അദ്ദേഹം ക ണ്ടു (ദർശിച്ചു). ആയിരം ഫണങ്ങളുള്ള സ്വർണ്ണ നിറമുള്ള , മനോഹര ശരീരമുള്ള രത്നങ്ങളാൽ ദീപ്തമായ ശിരസ്സുയർത്തി സന്തോഷഭാവത്തിൽ, അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് അനന്തമൂർത്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

വിഷ്ണു ഭഗവാൻ പൂർണ്ണരൂപത്തിൽ പള്ളികൊള്ളുന്നത് സാക്ഷാൽ അനന്തനിലാണ്. അതിനാൽ വിഷ്ണുഭഗവാനെ അനന്തശായി. ശേഷശായി , ഭോഗിശയനൻ എന്നൊക്കെ പുകഴ്ത്തുന്നുണ്ട്. ഭഗവാന്റെ തന്നെ മറ്റൊരവതാരയായ പരശുരാമൻ കൺകുളിർക്കേ കണ്ടു ആ രൂപം . പെട്ടെന്ന് രൂപം അപ്രത്യക്ഷമായി. ഭഗവാൻ ചോദിച്ചു എന്താണ് തപസ്സിന്റെ ഉദ്ദേശ്യം!. സർവ്വഗുണ സമ്പന്നനായ അനന്തൻ സന്തുഷ്ടനായി പരശുരാമന് വരമരുളി.

പരശുരാമൻ അഭ്യർത്ഥിച്ചു. ഈ മണ്ണിൽ (കേരള മണ്ണിൽ) അവിടത്തെ നിത്യസാന്നിദ്ധ്യം ഉണ്ടാവണം. ഈ കേരളമെന്ന പ്രദേശം വാസയോഗ്യമാണങ്കിലും ഇവിടുത്തെ വെള്ളം ഓരു നിറഞ്ഞതാണ്. അത് ഭക്ഷണയോഗ്യമല്ല,കൂടാതെ നാഗൻമാർ ജനങ്ങളെ ക്രമാതീതമായി ഉപദ്രവിക്കുന്നു . ഒരു പരിഹാരം ഉണ്ടാക്കണം. ഞാൻ താമസിപ്പിച്ച ജനങ്ങളാണവർ. അവർക്ക് സൗകര്യമില്ലാത്ത ജീവിതം എന്തിന്. അദ്ദേഹത്തിന്റെ അഭ്യർത്ഥമാനിച്ച് അനന്തൻ പരിവാരസമേതനായി കേരളത്തിലെത്തി ജലം ശുദ്ധമാക്കി. (കേരളം സമുദ്രത്തിലായിരുന്ന തിനാലും സമുദ്രം തൊട്ടടുത്തു കിടക്കുന്നതിനാലും ഭൂമിയിൽ ലവണരസം ഉണ്ടായിരുന്നു എന്നാണ് . ഇന്നും ഓരും പ്ര ദേശമുണ്ട്.) സർപ്പങ്ങളെല്ലാം ശ്രീ അനന്തന്റെ ആജ്ഞമാനിച്ച് പ്രത്യേകസ്ഥലങ്ങളിലേയ്ക്ക് മാറി. ഭൂമി വാസയോഗ്യമായി.

ശ്രീ അനന്തന്റെ സാന്നിധ്യമുണ്ടായപ്പോഴേയ്ക്കും ത്രിമൂർത്തികൾ അവിടെ പ്രത്യക്ഷപ്പെട്ടു. ശില്പിയെ വരുത്തി ഒരു അനന്തവിഗ്രഹമുണ്ടാക്കി. അഞ്ചുഫണനാഗത്തിന്റെ (അഞ്ചു ഫണനാഗമായിട്ടാണല്ലോ വിഷ്ണുവിന്റെ ഛത്രമായിട്ടും ശയ്യയായിട്ടും വിളങ്ങി കൊള്ളാനുള്ള കല്പന) പ്രതിമയുണ്ടാക്കിച്ചു . ത്രിമൂർത്തികളുടെ തേജസ്സ് അതിൽ ആവാഹിച്ചു. അപ്രകാരം നാഗരാജവിഗ്രഹം തയ്യാറാക്കി. പരശുരാമൻ ആ സ്ഥലത്ത് തന്റെ ആയുധമായ കലപ്പ കൊണ്ട് മണ്ണു വെട്ടി കൂട്ടി ഒരു ഉയർന്ന സ്ഥലം ഒരുക്കി നാഗരാജാവിന്റെ വിഗ്രഹത്തെ അവിടെ പ്രതിഷ്ഠിച്ചു. പൂജാദികർമ്മങ്ങൾ അനുഷ്ഠിച്ചു. കുറച്ച് സമീപവാസികളായ ചില ബ്രാഹ്മണരെ വരുത്തി പൂജകൾ പഠിപ്പിച്ചു . കർമ്മങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തു. അതുപോലെ എന്നും ചെയ്യണമെന്നും , ചെയ്താൽ ഭഗവത് പ്രസാ ദം ലഭിക്കുമെന്നും പറഞ്ഞു. അപ്രത്യക്ഷനായി.

മണ്ണു വെട്ടി കൂട്ടി പ്രതിഷ്ഠനടത്തിയതിനാൽ ഈ സ്ഥലത്തിന് അന്നുതൊട്ട് വെട്ടിക്കോട്ട് എന്ന പേരു പ്രസിദ്ധമായി. ഒരു നാഗരാജാരാധനാ കേന്ദ്രം ആദ്യമായി കേരളക്കരയിൽ ഉദയം ചെയ്തു.

വെട്ടിക്കോട് പ്രദേശത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തായി താമസിച്ചിരുന്ന മേപ്പള്ളിമന (ഇല്ലമെന്നും പറയും) യ്ക്കലെ നമ്പൂതിരിമാരെയാണ് പൂജയ്ക്ക് ഏർപ്പെടുത്തിയത്. ആ ഇല്ലത്തെ നമ്പൂതിരിയുടെ പരമ്പരയിൽപ്പെട്ട നമ്പൂതിരിമാർ തന്നെയാണ് ഇന്നും അവിടത്തെ പൂജാരികൾ. പരശുരാമന്റെ നിർദ്ദേശപ്രകാരം തന്നെയാണ് പൂജാദികർമ്മങ്ങൾ നടത്തുന്നത് . ഇല്ലത്തെ നിലവറയിലും പൂജ നടത്തുന്നുണ്ടെന്നാണ്. ഇന്നും ആമൂലഭവനം അവിടെ ഉണ്ടെന്നാണ് അറിവ്. കുഞ്ഞുകുട്ടികളായി പാർക്കുന്നത് ആ ഭവനത്തിലല്ല. വേറെ ഭാഗത്താണ് വേറെ കെട്ടിടത്തിലാണ്.

കന്നിമാസം ആയില്യം ദിവസമാണ് ശ്രീ അനന്തന്റെ ജൻമം. പരശുരാമൻ വെട്ടിക്കോട്ടു പ്രതിഷ്ഠ നടത്തിയതും ആ ദിവസം (കന്നിമാസം ആയില്യം) തന്നെയാണ്. അതിനാൽ കന്നിമാസ ആയില്യമാണ് വെട്ടിക്കോട്ടു പ്രാധാന്യമായി കരുതുന്നത്. അന്നവിടെ ഉത്സവത്തിന്റെ പ്രതീതിയാണ് . ഭക്തജനതിരക്ക് നിയന്ത്രണാതീതമാണ് ഇക്കാലത്ത്. ധാരാളം ഭക്തർ അവിടെയെത്തി വഴിപാടുകൾ നടത്തുന്നുണ്ട്. കന്നിമാസം ആയില്യം മുതൽ കുംഭമാസം ആയില്യം വരെയാണ് സർപ്പദൈവ പ്രീതിയ്ക്കുള്ള സമയം. അക്കാലത്ത് സർപ്പങ്ങൾ സന്തോഷത്തോടെ പൂജ സ്വീകരിച്ച് പ്രസാദിച്ച് അനുഗ്രഹം ചൊരിയുന്നു. വർഷകാലം അവയ്ക്ക് വിശ്രമകാലമാണ്.

സാധാരണ ക്ഷേത്രങ്ങളിലെ പോലെയല്ല അവിടത്തെ പൂജാകർമ്മങ്ങൾ.സാധാരണ ക്ഷേത്രങ്ങളിൽ നിർമ്മാല്യദർശനം, അഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ പിന്നെ ദീപാരാധന സന്ധ്യയ്ക്ക് , അതു കഴിഞ്ഞ് അത്താഴ പൂജ എന്നീ ക്രമത്തിലാണ്. ഉച്ച പൂജ കഴിഞ്ഞു നട അടച്ചാൽ വൈകിട്ട് അഞ്ച് മണിക്ക് നട തുറന്നിട്ട് സന്ധ്യാ സമയത്ത് ദീപാരാധനയുണ്ട്. എന്നാൽ ഈ നാഗരാജക്ഷേത്രത്തിൽ വൈകിട്ട് പൂജ പതിവില്ല . രാവിലെ അഭിഷേകം നിവേദ്യം മറ്റു പൂജകളൊക്കെ കഴിഞ്ഞാൽ സന്ധ്യയ്ക്ക് ദീപം തെളിക്കൽ മാത്രമേയുള്ളൂ. എന്നാൽ ഭക്തജനങ്ങൾക്ക് ആരാധനയ്ക്കുള്ള സ്വാതന്ത്രമുണ്ട്. രാത്രികാലത്ത് മറ്റു ക്ഷേത്രദർശനം പോലെ ഇവിടെയില്ല. കാവു പ്രദേശമായതിനാലും സർപ്പങ്ങളെ ചിലർക്കെങ്കിലും ഭയമായതിനാലും രാത്രി ദർശനം അനുവദനീയമല്ല.

ആദ്യമായി കേരളത്തിൽ സർപ്പപൂജയ്ക്കുള്ളതായി പ്രഖ്യാപിച്ച ഈ ആരാധനാലയം ആദിമൂലം വെട്ടിക്കോട് എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നു. ഇവിടെ പുള്ളവൻമാർ വീണമീട്ടി പാടുന്ന സമ്പ്രദായമുണ്ട്. ആയില്യം നാളിൽ പൂജാദികർമ്മങ്ങൾ കഴിഞ്ഞ് വിഗ്രഹത്തെ അലങ്കരിച്ച് പുള്ളുവൻ പാട്ട് , വാദ്യമേളങ്ങൾ, ജനാവലി എന്നിവയുടെ അകമ്പടിയോടെ നിലവറയിലേയ്ക്ക് എഴുന്നള്ളിക്കുന്ന പതിവുണ്ടെന്നാണ്. എല്ലാ മാസത്തിലുമില്ല . കന്നി, തുലാം, കുംഭം എന്നീ മാസങ്ങളിലെ ആയില്യത്തിനും പൂയത്തിനും വിശേഷാൽ എഴുന്നള്ളത്തുണ്ട്. പൂയം , ആയില്യം നാളുകൾ സർപ്പങ്ങൾക്ക് പ്രാധാന്യമുള്ള നാളുകളാണ്.

ആദിമൂലം വെട്ടിക്കോട്ടു വാഴും ശ്രീ അനന്താ, ദുരിത മാലിന്യങ്ങളൊക്കെ നീക്കേണമേ , എന്നാണ് പുള്ളാൻ പാട്ടിൽ അവർ പാടുന്നത്. ഈ വീണസ്വരം കേട്ടാൽ സർപ്പങ്ങൾ സന്തോഷിച്ച് പ്രസാദിക്കുമെന്നാണ്. അതിനാൽ ജനങ്ങൾ സർപ്പം പാട്ടിന് പ്രാമുഖ്യം കൊടുത്തിട്ടുണ്ട്. ഗൃഹങ്ങളിലും, സർപ്പക്കാവിനു മുന്നിലും , ക്ഷേത്രങ്ങളിലും, സർപ്പക്ഷേത്രങ്ങളിലുമെല്ലാം തന്നെ ഈ പാട്ടിന് പ്രസിദ്ധിയും പ്രശസ്തിയുമുണ്ട്.നിലവിളക്ക് കൊളുത്തി വച്ച് ഒരുക്കുകൾ വച്ച് പാടിക്കുന്ന വരും, വിളക്കു മാത്രം തെളിച്ച് പാടിയ്ക്കുന്നവരുമുണ്ട്. പാട്ടു കഴിഞ്ഞാൽ പുള്ളോന് ദക്ഷിണ കൊടുത്ത് സന്തോഷിപ്പിക്കണം. എവിടെ വച്ചു പാടിയാലും ദക്ഷിണ കൊടുക്കേണ്ടത് അനിവാര്യമാണ്. സമയവും കാലവുമറിഞ്ഞ് ദക്ഷിണ കൊടുക്കുകയാണ് പതിവ് . ദക്ഷിണ കൂടാതെ കർമ്മം സഫലീകൃതമാകുന്നില്ല എന്നാണ് പ്രമാണം. ദക്ഷിണ ഇത്രവേണം എന്നു ചോദിച്ചു വാങ്ങാൻ പാടില്ലന്നും, അറിഞ്ഞു കൊടുക്കുന്നത് വാങ്ങണമെന്നുമാണ് പ്രമാണം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment