ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 43

നാഗമാഹാത്മ്യം...

ഭാഗം: 43

55. ഖാണ്ഡവദാഹം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാണ്ഡവൻമാർ ഇന്ദ്രപ്രസ്ഥാനത്തിൽ സന്തോഷമായി വാണരുളുന്ന കാലം, ധർമ്മപുത്രർ തന്റെ നാലു സഹോദരൻമാരുമായി രാജ്യഭാരം നടത്തി വാണിരുന്നത് ഏവരേയും സന്തോഷിപ്പിച്ചു. ശ്രീകൃഷ്ണൻ തന്റെ അനുഗ്രാശിസ്സുകൾ വേണ്ടത്ര ചൊരിഞ്ഞ് അവരെ ഐശ്വര്യമത്തരാക്കി . ഭഗവാൻ ശ്രീകൃഷ്ണൻ മദ്ധ്യമപാണ്ഡവനായ പാർത്ഥൻ , രണ്ടുപേരും സുഹൃത്തുക്കളും മിത്രങ്ങളും ബന്ധുക്കളുമൊത്ത് ഇന്ദ്രപ്രസ്ഥം സ്വർഗ്ഗതുല്യമാക്കി. ഒരു ദിവസം ശ്രീകൃഷ്ണൻ തന്റെ സഖാവും, മിത്രവും , ബന്ധുവുമായ അർജ്ജുനനും കൂടി ജലക്രീഡയ്ക്കായി പരിവാരസമേതം യമുനാനദീതീരത്തേയ്ക്ക് ചെന്നു. അവിടെ വളരെ അകലെ മനോമോഹനമായ വനം ദൃശ്യമായി. അത് ഖാണ്ഡവ വനമായിരുന്നു . അവിടെ പക്ഷിമൃഗാദികൾ സ്വഛന്ദം വിഹരിക്കുന്നതു കണ്ടു. ചൂരൽ, തേക്ക് പതിമുകം, പന, ചന്ദനം , കൂവളം തുടങ്ങിയ വൃക്ഷങ്ങൾ തോളോടു തോൾ ചേർന്ന് ആകാശം മുട്ടെ നില്ക്കുന്ന കാഴ്ചയും അവയിൽ അള്ളിപിടിച്ചു കയറിയിരിക്കുന്ന വള്ളികളും, അവയിൽ തൂങ്ങികിടക്കുന്ന പാമ്പുകളുമെല്ലാം കാണുന്നവർ നോക്കിനിന്നു പോകും. അത്രനയനാനന്ദകരമായ ആ കാഴ്ച കണ്ട് അവർ നോക്കി നിന്നുപോയി. ഭഗവാൻ ശ്രീകൃഷ്ണൻ വിചാരിച്ചു. ഈ വനത്തിനു നാശത്തിനുള്ള കാലമായിരിക്കുന്നുവല്ലോ വനം കേരളം വരെ വ്യാപിച്ചിരുന്നു. നീണ്ടു നിവർന്ന് ഇടതൂർന്ന ഘോര വനമായിരുന്നു അത്. ഈ സമയം തേജസ്വിയായ ഒരു ബ്രാഹ്മണബാലൻ അവരുടെ സമീപമെത്തി പറഞ്ഞു. ഞാൻ അഗ്നിയാണ് . എനിക്കു ഈ ഖാണ്ഡവവനം ദഹിപ്പിക്കണം. അതിന് എന്നെ സഹായിക്കണം. കാരണമാരാഞ്ഞ അവരോടു അഗ്നി കാര്യം വിശദമായി പറഞ്ഞു. ഒരിക്കൽ ശ്വേതകീ എന്ന രാജാവ് തുടർച്ചയായി യാഗാദികർമ്മങ്ങൾ ചെയ്തതിനാൽ ഋത്വിക്കുകൾ (യാജകർ , യജിക്കുന്നവർ) വീണ്ടും യാഗം ചെയ്യാൽ വിസമ്മതിച്ചു പറഞ്ഞു. തുടർച്ചയായിട്ടുള്ള യാഗം നിമിത്തം ഞങ്ങൾ ക്ഷീണിച്ചിരിക്കുന്നു. ധൂമമേറ്റേറ്റ് കണ്ണുകലങ്ങി. മന്ത്രം ഉച്ചരിക്കാൻ ബുദ്ധിമുട്ടാകുന്നു. ഇതുകേട്ട ശ്വേതകീ യജ്ഞം അവസാനിപ്പിക്കാതിരിക്കാൻ കിണഞ്ഞു പറഞ്ഞു. അവർ സമ്മതിക്കായ്കയാൽ വേറെ ഋത്വിക്കുകളെ കൊണ്ട് യജ്ഞം അവസാനിപ്പിച്ചു.

വീണ്ടും യജ്ഞം ചെയ്യാൻ ആരും മുതിർന്നില്ല. കോപം പൂണ്ടമന്നവൻ കൈലാസപർവ്വതത്തിൽ ചെന്ന് തപസ്സു ചെയ്തു. ശങ്കരൻ പ്രസാദിച്ചു എന്തു വരമാണ് വേണ്ടതെന്നന്വേഷിച്ചു. മന്നവൻ തന്നെ യജിപ്പിക്കാൻ അപേക്ഷിച്ചു. അപ്പോൾ ദേവദേവൻ ശിവശങ്കരൻ പറഞ്ഞു. യജിപ്പിക്കുക എന്നത് നമ്മുടെ ജോലിയല്ല . അതിന് വേറെ ആളുകളുണ്ട്. ഞാൻ പ്രസാദിച്ചു വരംതരാം , വരിച്ചുകൊൾക. പന്ത്രണ്ടുകൊല്ലം അങ്ങ് ബ്രഹ്മചര്യവ്രതം ഭീക്ഷിച്ചു ആജ്യധാരകൾ കൊണ്ട് അഗ്നിയെ പ്രസാദിപ്പിക്കണം. അപ്പോൾ വിചാരിച്ച കാര്യം സഫലമാകും.ശ്രീ ശങ്കരന്റെ ആജ്ഞപോലെ മന്നവൻ എല്ലാം ചെയ്തു വീണ്ടും ശിവനെ പ്രസാദിപ്പിച്ച് കാര്യം അറിയിച്ചു. അപ്പോൾ ശിവശങ്കരൻ പറഞ്ഞു . എന്റെ അംശമായി ദുർവാസാവെന്നു ഋഷി പുംഗനുണ്ട്. അദ്ദേഹം വിചാരിച്ചാൽ സത്രം നടത്താൻ സാധിക്കും. ശ്വേതകി ദുർവ്വാസാവിന്റെ സഹായത്താൽ യജ്ഞം നടത്തി. ആജ്യധാരയോടൊന്നൊന്നിച്ച് തുടർച്ചയായി ഹവിസ്സ് ഏറ്റതു കൊണ്ട് എനിക്ക് (അഗ്നിക്ക്) ഹവിസ്സിലുള്ള ആഗ്രഹം ന ശിച്ചു. രോഗം പിടിപെട്ടു. ആകെ തളർച്ചയും ഒന്നിലും ഇഛയില്ല. ഓജസ്സും തേജസ്സു മറ്റ് ഞാൻ ബ്രഹ്മാവിനോടുണർത്തിച്ചു കാര്യം . ബ്രഹ്മാവു പറഞ്ഞു പന്ത്രണ്ടു വർഷം തുടർച്ചയായി ഹവിസ്സു ഭുജിച്ചതിനാലാണ് രോഗം പിടിപ്പെട്ടത്. ഇതു തീർക്കാൻ ഖാണ്ഡവവനം ദഹിക്കുമ്പോൾ അതിലെ ജീവജാലങ്ങളുടെ മേദസ്സു ചെന്നാൽ മതി. ആ മേദസ്സു കൊണ്ട് അങ്ങയുടെ രോഗം മാറി പഴയതുപോലെ ആയിതീരും. വേഗം പോയി ഖാണ്ഡവം ദഹിപ്പിക്കു.

ഞാൻ ഖാണ്ഡവവനത്തിൽ പ്രവേശിച്ചു. പക്ഷെ അതി ലെ ജീവജാലങ്ങൾ തീ കെടുത്താൻ പരിശ്രമിച്ചു. കൂടാതെ അതിൽ പാർക്കുന്ന തക്ഷകൻ ഇന്ദ്രനോട് അഭയം ചോദിച്ചു ചെന്നതിനാൽ വർഷധാര കൊണ്ട് ഇന്ദ്രൻ അഗ്നിയെ വെന്നു. എന്റെ കാര്യം നടന്നില്ല. ഏഴുപ്രാവശ്യം ഞാൻ ശ്രമം നടത്തി . എല്ലാം പരാജയപ്പെട്ടു. ബ്രഹ്മദേവന്റെ അരുളപ്പാടനുസരിച്ചാണ് ഞാൻ ഭവാൻമാരോട് സഹായം അഭ്യർത്ഥിക്കുന്നത്. അഗ്നി ദേവന്റെ വാക്കുകൾ കേട്ട് അർജ്ജുനൻ പറഞ്ഞു. നല്ലവില്ലും അമ്പുകളും തേരും കുതിരകളും ലഭിച്ചാൽ ഞാൻ സഹായിക്കാം. അഗ്നി ഉടനെ വരുണനിൽ നിന്നും ലഭിച്ച ഗാണ്ഡീവമെന്ന വില്ലും, കപിധ്വജമായ രഥവും , ഒരിക്കലും അമ്പൊടുങ്ങാത്ത ഒരാവനാഴിയും അർജ്ജുനനു സമ്മാനിച്ചു. വരുണൻ ഒരു ഗദയും (കൗമോദകി എന്ന ഗദ) സമ്മാനിച്ചു.

കൃഷ്ണാർജ്ജുനന്മാർ സന്നദ്ധരായി നിൽക്കേ ഖാണ്ഡവവനം ദഹിച്ചു തുടങ്ങി. ഇതുകണ്ട ഇന്ദ്രൻ എത്തി മഴ പെയ്യിച്ചു തുടങ്ങി. വർഷധാരയെ കൃഷ്ണാർജ്ജുനൻമാർ തടഞ്ഞു നിർത്തി. പക്ഷേ കൃഷ്ണാർജ്ജുനന്മാരെ വെല്ലാൻ സാധിക്കാതെ വന്നതിനാൽ വനം ദഹിച്ചു. ഇന്ദ്രൻ കോപിച്ചു യുദ്ധസന്നദ്ധനായി. ഘോരയുദ്ധം നടന്നു . ദേവകൾ കൃഷ്ണാർജ്ജുനൻമാരോട് എതിരിട്ടു നില്ക്കാനരുതാതെ ഇന്ദ്രനെ ശരണം പ്രാപിച്ചു. അപ്പോൾ ഒരശരീരിയുണ്ടായി. ഈ ലോകത്തിലാർക്കും തന്നെ കൃഷ്ണാർജ്ജുനൻമാരെ തോല്പിക്കാനാവില്ല. അതിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. തക്ഷകനെ ചൊല്ലി കലഹിക്കേണ്ട. ഇന്ദ്രൻ യുദ്ധം നിറുത്തുക . തക്ഷകന്റെ പുത്രൻ അശ്വസേനൻ , മയൻ എന്നിവർ രക്ഷപ്പെട്ടു. ബാക്കി ജീവജാലങ്ങളെല്ലാം തന്നെ നശിച്ചു.

എല്ലാവരും അഗ്നിയെ സ്തുതിച്ചു പ്രസാദിപ്പിച്ചു. അഗ്നിയുടെ രോഗമെല്ലാം മാറി പൂർവ്വസ്ഥിതിയിലായി. ഖാണ്ഡവദാഹം നടന്നപ്പോഴും തക്ഷകൻ രക്ഷപ്പെട്ടു. അതിൽ ദഹിച്ചു പോയില്ല. മയൻ സന്തുഷ്ടനായി പാണ്ഡവർക്ക് ഒരു മായാസഭ നിർമ്മിച്ചു കൊടുത്തു . ജലം ഉള്ളിടത്ത് ഇല്ലെന്നും ഇല്ലാത്തിടത്ത് ഉണ്ടെന്നും തോന്നുന്ന അവസ്ഥ അതിന്റെ പ്രത്യേകതയാണ്. ഇന്ദ്രസഭപോലെ അത്ര മനോഹരമായ സഭയാണത്.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


No comments:

Post a Comment