ഭാഗം: 15
23. ശ്രീപരീക്ഷിത്തിന്റെ കഥ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പാണ്ഡവ കൗരവയുദ്ധം അവസാനിച്ചപ്പോൾ ദ്രോണപുത്രനായ അശ്വത്ഥാമാവ് പാണ്ഡവ വംശവിച്ഛേദം വരുത്തണമെന്നു നിശ്ചയിച്ചു. അങ്ങനെ ചെയ്താൽ പാണ്ഡവ കുലം പൊട്ടിമുളയ്ക്കുകയില്ലന്നു വിചാരിച്ച് എല്ലാ കുഞ്ഞുങ്ങളേയും നശിപ്പിച്ചു. അന്ന് അർജ്ജുനപുത്രനായ അഭിമന്യുവിന്റെ ഭാര്യ ഉത്തര ഗർഭിണിയായിരുന്നു . കുലനാശം കാംക്ഷിച്ചി രുന്ന ദ്രോണപുത്രൻ ആ ഗർഭസ്ഥ ശിശുവിനേയും കൊല്ലാനായി ബ്രഹ്മാസ്ത്രം തൊടുത്തു. ബ്രഹ്മാസ്ത്രത്തിനെ ബ്രഹ്മാസ്ത്രം കൊണ്ടല്ലാതെ എതിരിടുക സാധ്യമല്ല. ആ സമയം പാർത്ഥൻ അവിടെയില്ലായിരുന്നു. പാഞ്ഞു വരുന്ന ബ്രഹ്മാസ്ത്രം കൊണ്ട് ഉത്തര ഭയവിഹ്വലയായി ഓടി ഭഗവാൻ കൃഷ്ണനെ ശരണം പ്രാപിച്ചു . ശ്രീ കൃഷ്ണൻ ബ്രഹ്മാസ്ത്രത്തിന്റെ വരവും അതിന്റെ ലക്ഷ്യവും മനസ്സിലാക്കി വേഗം ബ്രഹ്മാസ്ത്രം തൊടുത്ത് അതിനെ ഖണ്ഡിച്ച് ഗർഭസ്ഥശിശുവിനെ രക്ഷിച്ചു. ആ ഗർഭസ്ഥശിശുവിനെ പ്രസവകാലം വരെ ഭഗവാന്റെ നിരീക്ഷണത്തിൽ രക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെ പരീക്ഷിച്ചുളവായ ആ ശിശുവിന് പരീക്ഷിത്ത് എന്നു നാമകരണം ചെയ്തു . പരീക്ഷിത്തിന്റെ ജാതകത്തിൽ ഉഗ്രസർപ്പമായ തക്ഷകൻ കടിച്ചു മരണമടയുമെന്ന കാര്യം ധർമ്മപുത്രർ ആരേയും അറിയിച്ചിരുന്നില്ല.
24. ശാപം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മന്നരിൽ മന്നരായ പാണ്ഡവരുടെ മഹാപ്രസ്ഥാനകാലത്ത് അവർ പരീക്ഷിത്തിനെ കുരു രാജാവായി അഭിഷേകം ചെയ്തു. മഹാരാജാവായ ശ്രീ പരീക്ഷിത്ത് ധർമ്മനിഷ്ഠയോടെ മുപ്പതു വർഷം സത്ഭരണം കാഴ്ചവച്ച് പ്രജകളെയെല്ലാം സന്തുഷ്ടരാക്കി. അദ്ദേഹത്തിന് 66 വയസ്സ് ചെന്നപ്പോൾ ഒരു ദിവസം നായാട്ടിനായി കാട്ടിൽ പോയി. കുറെ ചെന്നപ്പോൾ അദ്ദേഹത്തിന് ദാഹമുണ്ടായി. ദാഹശമനാർത്ഥം ജലമന്വേഷിച്ചു നടന്നു . അപ്പോൾ ഒരു താപസാശ്രമം കണ്ടു. ഒരു മുനി കണ്ണുമടച്ച് തപസ്സിരിക്കുന്നതു മനസ്സിലാക്കാതെ ജലം തരണേ എന്നഭ്യർത്ഥിച്ചു. മുനി തപസ്സിൽ ലീനനായിരുന്നതിനാൽ ഒന്നും കേട്ടില്ല. അതുതന്നെ ധിക്കരിയാണെന്നു തെറ്റിദ്ധരിച്ചു രാജാവ്. അല്പനേരം നിന്ന രാജാവിൽ അഹംഭാവം ഉടലെടുത്തു. രാജാവായ തന്നെ ആദരിക്കേണ്ടത് മര്യാദമാത്രമല്ലേ ? ആദരിച്ചില്ലന്നതോ പോകട്ടെ, ധിക്കരിക്കയും ചെയ്തില്ലേ? അതിനു ശിക്ഷകൊടുക്കുക തന്നെ വേണമെന്നു നിശ്ചയിച്ചു അവിടെവിടയോ കിടന്ന ഒരു ചത്ത സർപ്പത്തെ മുനിയുടെ കണ്ഠത്തിലണിയിച്ചു തിരിയെ പോയി. അല്പസമയത്തിനുശേഷം ശൃംഗി എന്ന മുനിപുത്രൻ ആഗതനായി . താപസൻ മൃതസർപ്പത്തെ ചുമന്നിരിക്കുന്നതു കണ്ട കുമാരന് അതു സഹിച്ചില്ല. മുനി കുമാരൻ പെട്ടന്ന് ശാപവാക്കുകൾ ഉച്ചരിച്ചു. ഈ പ്രവർത്തി ചെയ്തത് ആരുതന്നെയായാലും അയാൾ ഏഴാം ദിവസം തക്ഷകൻ കടിച്ച് മൃതിയടയട്ടെ. കുറച്ചു സമയം കഴിഞ്ഞപ്പോൾ മഹർഷി സമാധിയിൽ നിന്നുണർന്നു.അദ്ദേഹത്തിന്റെ പേർ ശമീകനെന്നായിരുന്നു. വിവരങ്ങളറിഞ്ഞ ശമീകമഹർഷി ശൃംഗിയെ കുറ്റപ്പെടുത്തി. രാജാക്കൻമാർക്ക് സപ്തവ്യസനങ്ങളുണ്ട്. അതിൽപ്പെട്ട് ചിലപ്പോൾ സന്ദർഭവശാൽ എന്തെങ്കിലും അവിവേകം കാട്ടി എന്നുവച്ച് ശപിക്കുന്നത് മര്യാദയല്ല . ക്ഷമയാണുണ്ണി താപസർക്ക് ഭൂഷണം. ശപിച്ചത് ഒട്ടും ശരിയായില്ല. ക്ഷമയുണ്ടെങ്കിലേ വിഷ്ണു പ്രീതി ലഭിക്കുകയുള്ളൂ. ഇപ്പോൾ ശപിച്ചതുമൂലം ഈശ്വരപ്രീതിപോലും കിട്ടാൻ അർഹതയില്ലാതായി. പിന്നീട് അദ്ദേഹം ഒരു മുനികുമാരനെ വിളിച്ച് വേഗം കൊട്ടാരത്തിൽ ചെന്ന് പരീക്ഷിത്തു മഹാരാജാവിനോടു ശാപവൃത്താന്തം രഹസ്യമായി അറിയിക്കാൻ ചട്ടം കെട്ടി. മുനികുമാരൻ രാജാവിനെ കണ്ട് രഹസ്യമായി കാര്യമുണർത്തി. ഇതുകേട്ട രാജാവു പറഞ്ഞതോ, മുനേ! ഈശ്വരകൃപ കൊണ്ടാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്. ആ ജീവിതം മതി എന്നു കല്പിച്ചത് ഭഗവാനാണ്. അതിന് സങ്കടപ്പെടുന്നതെന്തിനാണ്. അങ്ങ് ഒരു കാര്യം എനിക്കു വേണ്ടി ചെയ്യണം. എന്തെന്നാൽ അടിയന് പരലോകപ്രാപ്തിയ്ക്ക് ഇത്രയും ദിവസം എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹത്തോടൊന്ന് ചോദിച്ചറിയിക്കണം. ഈശ്വരപ്രീതിക്ക് എന്തെങ്കിലും ചെയ്യേണ്ടതാണെന്ന് മുനിമാർ അറിയിച്ചു.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment