ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 61

നാഗമാഹാത്മ്യം...

ഭാഗം: 61

67. കേരളത്തിലെ പ്രധാന സർപ്പാരാധനാ കേന്ദ്രങ്ങൾ
▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀

അനന്തൻകാട്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഇന്ന് അമ്പലപ്പുഴ എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശവും അനന്തങ്കാടും തമ്മിൽ ഒരു ബന്ധമുണ്ട്. അമ്പലപ്പുഴ ആലപ്പുഴ ജില്ലയിലും അനന്തകാട് തിരുവനന്തപുരം ജില്ലയിലു മാണ്. എങ്കിലും അവർക്കു തമ്മിൽ പണ്ടു മുതലേ തന്നെയുള്ള അടുപ്പവും ബന്ധവും സുസ്ഥിരമാണ് . അവയെ തമ്മിൽ അടുപ്പിക്കുന്നത് ശ്രീവില്വമംഗലം സ്വാമിയാരും, ശ്രീ അനന്തൻ വസിച്ചിരുന്ന , വസിക്കുന്ന കാടാണ് അനന്തകാട്. സ്വാമിയാർക്ക് ശ്രീ അനന്ത ഭഗവാൻ ദർശനം നല്കിയ സ്ഥലമാണത്. അതാണ് അതിന്റെ പ്രാധാന്യത്തിനു കാരണം. അനന്തൻ വസിക്കുന്നപുരം അന ന്തപുരം, തിരു എന്നത് ബഹുമാനസൂചകമാണ്. അതാണ് തിരുവനന്തപുരം. ശേഷശായിയായ ഭഗവാൻ ശ്രീ പത്മനാഭൻ വാണരുളുന്ന പവിത്രമായ പരിശുദ്ധമായനാട് . പുകഴ്പെറ്റ നാട്. നമ്മുടെ കേരളക്കരയുടെ രാജധാനി പണ്ട് കാടുകളെ കൊണ്ടും മേടുകളെ കൊണ്ടും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് രമ്യ ഹർമ്മ്യങ്ങളെ കൊണ്ടും കോൺക്രീറ്റ് മന്ദിരങ്ങളെകൊണ്ടും മോടിപിടിപ്പിച്ച നയനാനന്ദകരങ്ങളായ കാഴ്ചകളെ കൊണ്ടും മനോഹരമായ പ്രദേശമാണ്.

പണ്ടു പണ്ടു ഇന്നത്തെ അമ്പലപ്പുഴ പ്രദേശത്തിന് ചെമ്പകശ്ശേരി എന്നായിരുന്നു നാമധേയം ചെമ്പകശ്ശേരി തമ്പുരാക്കൻമാർ വാണിരുന്നതു കൊണ്ടാണ് ആ നാമധേയം ഉണ്ടായത്. ആ തമ്പുരാക്കൻമാരുടെ ഉദയത്തെപറ്റിയും ഒരു കഥയുണ്ട്. ആ രാജവംശത്തിന്റെ ആസ്ഥാനം ഇന്നത്തെ കോട്ടയം ജില്ലയിലുള്ള കുടമാളൂർ എന്ന സ്ഥലമായിരുന്നു. അക്കാലത്ത് അവിടം നമ്പൂതിരിമാരുടെ വിളനിലമായിരുന്നു . ഇവരിൽ വളരെ ഉദാരമനസ്ക്കനായ ഒരു ഉണ്ണി നമ്പൂതിരിയുണ്ടായിരുന്നു അന്ന്. ഒരിക്കൽ ഒരു പടയോട്ടകാലം, കൊച്ചീരാജാവുമായുണ്ടായ യുദ്ധത്തിൽ ഒരു സംഘം നായർ പടയാളികൾ പടയിൽ തോറ്റു. അവർ അവിടെ നിന്നും പലായനം ചെയ്തു. എത്തിയത് കുടമാളൂരുള്ള ആ നമ്പൂതിരി നാട്ടിൽ ആയിരുന്നു. വിശന്നു പൊരിഞ്ഞു കഷ്ടപ്പെട്ട ആ പടയാളികൾ കുറെ നമ്പൂതിരിമാർ ചതുരംഗം കളിച്ചു കൊണ്ടിരുന്ന സ്ഥലത്തെത്തി. അവരോട് അഭ്യർത്ഥിച്ചു. ഒരു നേരത്തേയ്ക്കെങ്കിലും അന്നം കിട്ടിയാൽ എങ്ങോട്ടെങ്കിലും പൊയ്ക്കെള്ളാമെന്നു പറഞ്ഞു. അന്ന് ആ ഉണ്ണി നമ്പൂതിരിയുടെ ഇല്ലം ദാരിദ്ര്യം കൊണ്ടു കൊടുമ്പിരികൊണ്ടിരിക്കുന്ന സമയമായിരുന്നു . ആ നമ്പൂതിരിമാർ പരിഹസിച്ച് പറഞ്ഞു. ദാ ആ ഉണ്ണി നമ്പൂതിരിയുടെ ഗൃഹത്തിലെത്തിയാൽ മൃഷ്ടാനം ഭോജനം തരാതിരിക്കില്ല. അത്ര ഉദാരമനസ്കനാണ് എന്നു പറഞ്ഞു ഇല്ലം ചൂണ്ടി കാട്ടികൊടുത്തു. ദാഹവും വിശപ്പും കൊണ്ടു പരവശരായ നായൻമാർ വേഗം ചൂണ്ടികാട്ടിയ ഇല്ലത്തെത്തി അന്നമഭ്യർത്ഥിച്ചു. ഉണ്ണിയ്ക്ക് മനസ്സിലായി ആ നമ്പൂതിരിമാർ തന്നെ പരിഹസിക്കുവാൻ തന്നെ അവരെ ഇങ്ങോട്ടു വിട്ടതായിരുന്നുവെന്ന് എന്താണൊരു പോം വഴി. ഇവർക്ക് ആ നമ്പൂതിരിമാരുടെ ചിത്തമറിയത്തില്ലല്ലോ ?

അർത്ഥിക്കുന്നവന് ദാനം കൊടുക്കാതിരിക്കുക എന്നത് ധർമ്മമല്ല. കൊടുക്കാൻ ഒന്നുമില്ലാതാനും. ഇങ്ങനെ വിചാരിച്ച് ഉണ്ണി വിഷമിച്ചു. പെട്ടെന്ന് തന്റെ കയ്യിൽ ആകെ ശേഷിച്ചിരുന്ന ഒരു മോതിരം ഊരി പടത്തലവന്റെ കയ്യിൽ കൊടുത്തു പറഞ്ഞു ഇപ്പോൾ ഇത്രമാത്രമേയുള്ളൂ . ഇതു വിറ്റു കിട്ടുന്ന പണം കൊണ്ട് അത്യാവശ്യകാര്യം നിർവ്വഹിക്കൂ. എന്നിട്ടു വരൂ. നിങ്ങൾക്കു ശുഭം വരട്ടെ! എന്നനുഗ്രഹിച്ചയച്ചു.

പടയാളികൾ മോതിരം വിറ്റു കിട്ടിയ പണം കൊടുത്ത് ആഹാരകാര്യം നിറവേറ്റി ഉണ്ണിയുടെ അടുത്തു ചെന്നു. ഉണ്ണി യുടെ മഹാമനസ്കതയും ഇല്ലത്തെ സ്ഥിതിയുമറിഞ്ഞ നായൻമാർ അദ്ദേഹത്തെ വിട്ടു പോകാൻ കൂട്ടാക്കിയില്ല. തങ്ങൾ അദ്ദേഹത്തെ വേണ്ടവണ്ണം സഹായിക്കാമെന്നേറ്റു . പോകാൻ മാത്രം പറയരുതെന്നായി അവിടെ കൂടി. അന്ന് ആ സ്ഥലങ്ങളെല്ലാം തെക്കംകൂർ രാജാവിന്റെ അധീനതയിലായിരുന്നു. ഉണ്ണിനമ്പൂതിരി രാജസന്നിധിയിൽ ചെന്ന് എനിക്കു താമസിക്കുന്നതിന് ഒരിടം തരണമെന്ന് വിനയപുരസ്സരം അഭ്യർത്ഥിച്ചു. ഉണ്ണിയുടെ മനോഗതമറിഞ്ഞ രാജാവ് കല്പിച്ചു. ഒരു ദിവസം കൊണ്ട് വെട്ടിയെടുക്കാവുന്നത്ര സ്ഥലം ഉണ്ണിയ്ക്കെടുക്കാം. ഇതറിഞ്ഞ രാജാവിന്റെ വിശ്വസ്ത സചിവൻ അതിനെ തടഞ്ഞു പറഞ്ഞു. എന്നാൽ രാജാവ് സ്വന്തം വാഗ്ദാനത്തിൽ നിന്നുമിളകിയില്ല. ഉണ്ണിയും കൂട്ടരും കൂടി കുറെ സ്ഥലം വെട്ടി പിടിച്ചു . അദ്ദേഹം തന്റെ ഉടവാളുകൊണ്ട് വെട്ടിപിടിച്ച അത്രയും ഭാഗം ഉടവാളൂർ എന്ന പേരിൽ അറിയപ്പെട്ടു. പിൽക്കാലത്തത് കുടമാളൂർ എന്ന പേരിലറിയപ്പെട്ടു.

 ഉണ്ണി നമ്പൂതിരി താമസിയാതെ അവിടെ ഒരില്ലവും പണിഞ്ഞ് ചുറ്റും കോട്ടയും കെട്ടി വിശ്വസ്തരായ നായൻമാരോടു കൂടി താമസിച്ചു വന്നു. 

അങ്ങനെയിരിക്കെ അദ്ദേഹം രാജ്യത്തിന്റെ വിസ്തൃതി കൂട്ടുന്നതിനായി ശ്രമിച്ചു. നായൻമാർ വളരെ വിശ്വസ്തരായിരുന്നു. അവർ മുന്നോട്ടു പോയി പോയി വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെ തീരത്തിനടുത്തുള്ള വേമ്പനാട്ട് പിടിച്ചടക്കി രാജ്യത്തിനു വിസ്തൃതി കൂട്ടിയപ്പോഴാണ് തലസ്ഥാനം ചെമ്പകശ്ശേരിയാക്കിയത് . ചേമ്പകശ്ശേരി എന്നത് അദ്ദേഹത്തിന്റെ ഇല്ലപ്പേരാണെന്നാണ് അഭിപ്രായം. ആ തലസ്ഥാനമാണ് ഇന്നത്തെ നമ്മുടെ അമ്പലപ്പുഴ എന്ന പഴയ ചെമ്പകശ്ശേരി. അദ്ദേഹം ഇവിടെ എത്തിച്ചേർന്നപ്പോൾ പുറക്കട (പ്രക്കാട്) എന്ന കടൽ തീരഭാഗത്ത് പ്രക്കാട്ടടികൾ എന്ന പേരിൽ ഒരു വംശം പ്രക്കാട്ടായിരുന്നു രാജ്യം ഭരിച്ചിരുന്നു. അവരുടെ തലസ്ഥാനം പ്രക്കാട്ടായിരുന്നു. അവിടെ കോട്ടകൊത്തളങ്ങളൊക്കെയുണ്ടായിരുന്നു. തുറമുഖവും ഉണ്ടായിരുന്നു . ചെമ്പകശ്ശേരി തമ്പുരാൻ അത് തന്റെ രാജ്യത്തോടു ചേർത്തു. അങ്ങനെ ചെമ്പകശ്ശേരി രാജ്യം രൂപം കൊണ്ടു പിന്നീട് പ്രക്കാട്ടു നിന്നും തലസ്ഥാനം മാറ്റി

അക്കാലത്തൊരിക്കൽ ശ്രീ വില്വമംഗലം സ്വാമിയാർ ചെമ്പകശ്ശേരിയിലെത്തി. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം കാടും വയലുമായിരുന്നു.അതിലെ സ്വാമിയാർ നടന്നു വന്നപ്പോൾ ഒരു മുരളീനാദം അദ്ദേഹത്തിന്റെ ശ്രദ്ധയാകർഷിച്ചു . അദ്ദേഹം നാദം കേട്ട ദിക്കിലേയ്ക്ക് കണ്ണുനട്ടു. ഇന്നു വടം വൃക്ഷം പോലെ പടർന്നു പന്തലിച്ചു നില്ക്കുന്ന ആൽമരം അ ന്ന് ഒരു ചെറിയ ആലായിരുന്നു. ആ വൃക്ഷത്തിൽ ഉണ്ണിക്കൃഷ്ണൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പീലി തിരുമുടി കെട്ടി വച്ച് , നെറ്റിയിൽ ഗോരോജന കുറി തൊട്ട്, വക്ഷസിൽ വനമാല ചാർത്തി അരയിൽ മഞ്ഞപ്പട്ടുടുത്ത്, കാലിൽ ചിലങ്കയണിഞ്ഞ്, കൈയ്യിൽ ഓടക്കുഴൽ ഏന്തി, ഒരു ശിഖരത്തിൽ കാൽ താഴോട്ടാക്കി ആട്ടി കൊണ്ട് മുരളീനാദമുതിർക്കുന്നു. സ്വാമിയാർ ആ രൂപം കൺകുളിർക്കെ കണ്ടു, ആസ്വദിച്ചു ഉണ്ണിക്കണ്ണനെ ഹൃദയത്തിലേറ്റി നടന്നു. അദ്ദേഹം മനസ്സിലാക്കി ഇതാ ഈ മണ്ണിൽ ഭഗവദ് സാന്നിദ്ധ്യമുണ്ടായിരിക്കുന്നു. വേഗം സ്വാമിയാർ തിരുമനസ്സുണർത്തി. ഉണ്ണികൃഷ്ണന്റെ ദിവ്യസാന്നിദ്ധ്യം ഈ മണ്ണിൽ ഉണ്ടായിരിക്കുന്നു. അദ്ദേഹത്തിനെ ഉചിത മായി സ്വീകരിച്ച് ക്ഷേത്രം പണിഞ്ഞ് കുടിയിരുത്തണം . അത് രാജ്യത്തിന് നൻമയെ ഉളവാക്കും, വില്വമംഗലം സ്വാമിയാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം കുറ്റിയടിച്ച സ്ഥലത്താണ് അമ്പലപ്പുഴ ക്ഷേത്രം ഉയർത്തിയത്. പിന്നീടാണ് ക്ഷേത്രസമീപത്ത് കൊട്ടാരം പണിഞ്ഞ് രാജാവ് താമസമാക്കിയത്.

വില്വമംഗലം സ്വാമിയാർ കുറെക്കാലം അമ്പലപ്പുഴ എന്ന ചെമ്പകശ്ശേരിയിൽ താമസിച്ചിരുന്നു. അന്ന് അദ്ദേഹം ഉണ്ണികൃഷ്ണനെ സേവിച്ച് പൂജിച്ച് കഴിഞ്ഞിരുന്നു. ഭഗവാൻ തന്റെ ഭക്തന്റെ ഭക്തി കണ്ട് അദ്ദേഹത്തിന്റെ ഭൃത്യവേലവരെ ചെയ്തിരുന്നു എന്നാണ്.

ദിവസവും ഒരു ഉണ്ണിയുടെ രൂപത്തിൽ വന്ന് ഭക്തന്റെ സമീപം നിന്ന് അദ്ദേഹത്തിനു വേണ്ട പൂജാസാമഗ്രികൾ ശേഖരിച്ചു കൊടുക്കുക. പൂജയ്ക്കൊരുക്കുക തുടങ്ങിയ സേവനം ചെയ്തിരുന്നു.ഉണ്ണിയുമായി സ്വാമിയാർക്ക് വിട്ടു പിരിയാൻ വയ്യാത്തത്ര ബന്ധമായിരുന്നു. ഇങ്ങനെയിരിക്കെ ഒരു ദിവസം ഉണ്ണികുസൃതി ചെയ്യുന്ന കൂട്ടത്തിൽ പൂജാ പുഷ്പത്തിൽ കാൽ സ്പർശിക്കുന്നതിനിടയായി. അതുകണ്ട് സ്വാമിയാർക്കു സഹിച്ചില്ല. കൃഷ്ണന്റെ പൂജാ പുഷ്പം ചവിട്ടുകയോ? പാടില്ലല്ലോ ? അദ്ദേഹം ഉണ്ണിയെ അസാരം ദേഷ്യപ്പെട്ട് പുറം കൈ കൊണ്ട് , മാറി നില്ക്കു ഉണ്ണീ എന്നു മാറ്റി നിർത്തി. പെട്ടെന്ന് ഉണ്ണി അപ്രത്യക്ഷനായി. ഉണ്ണിയെ മാറ്റി നിർത്തിയതും പുറം കൈ കൊണ്ട് തട്ടിയതും ഇഷ്ടപ്പെട്ടില്ലായിരിക്കാം. പിന്നെ ഉണ്ണിയെ കണ്ടില്ല. അപ്പോഴാണ് സ്വാമിയാർക്ക് മനസ്സിലായത്. അത് വെറും ഒരു ഉണ്ണിയല്ല, ഉണ്ണികൃഷ്ണനാണ്. അദ്ദേഹം ഉണ്ണീ! ഉണ്ണീ! എന്നു നീട്ടി വിളിച്ച് ഓടി നടന്നു . എവിടെ കാണാൻ ഉണ്ണിയുടെ പൊടിപോലും കണ്ടില്ല. കുറെ ചെന്നപ്പോൾ ഒരശരീരി ഇനി , എന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിൽ വരണം. പിന്നെ ശബ്ദമില്ല. വിഷണ്ണനായ സ്വാമിയാർ ദുഃഖവും സങ്കടവും കൊണ്ട് ഉണ്ണിയെ കാണാൻ ഉഴറി നടന്നു. പിന്നെ അനന്തൻകാട് എവിടെ എന്നായി അന്വേഷണം. ഉണ്ണിയെ കണ്ടേ അടങ്ങൂ. എന്നായി സ്വാമിയാർ. അദ്ദേഹം ലക്ഷ്യമില്ലാതെ കാടും മറ്റും താണ്ടി തെക്കോട്ടേയ്ക്കു നടന്നു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment