ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 45

നാഗമാഹാത്മ്യം...

ഭാഗം: 45

57. കേരളവും സർപ്പാരാധനയും
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ഭാരതത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഭൂവിഭാഗമാണ് കേരളം. ഗോകർണ്ണം മുതൽ കന്യാകുമാരി വരെയായിരുന്നു കേരളം. ഭാഷാടിസ്ഥാനത്തിൽ ഇൻഡ്യ (ഭാരതം) സംസ്ഥാന വിഭജനം നടത്തിയപ്പോൾ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. തെക്ക് കേരളത്തിന്റെ കുറച്ചുഭാഗം തമിഴ്നാട്ടിനു പോയി. വടക്ക് കാസർകോഡ് വരെ കിട്ടി. ഭാരതത്തിൽ പണ്ടു പണ്ട് ഈശ്വരാരാധനയുണ്ടായിരുന്നതായി പുരാണങ്ങളിൽ നിന്നറിയുന്നു . എല്ലാ ജാതിമതസ്ഥരും ഈശ്വരാരാധന നടത്തുന്നുണ്ട്. പേരിനും, ആരാധനയ്ക്കും, ആരാധനാരീതിക്കും വ്യത്യാസം കാണുന്നു എന്നു മാത്രം ദൈവം എല്ലാവർക്കും കൂടിയുള്ള ഒരേ ഒരു ചൈതന്യമാണ്. ഒരാളെ പലപേരിൽ വിളിക്കുന്നതു കൊണ്ടോ അറിയപ്പെടുന്നതു കൊണ്ടോ , ആൾ പലതാകുന്നില്ല.അതുപോലെ പലപേരിൽ അറിയുന്ന ദൈവം പലതാകുന്നില്ല. ഒരേ ഒരു ദൈവത്തിന്റെ വിവിധ രൂപ ഭാവങ്ങളാണ് ആരാധനയ്ക്കു വിഷയീഭവിക്കുന്നത്.

കേരളവും ആരാധനയിൽ ഭിന്നമല്ല. പണ്ട് മനുഷ്യർ പ്രകൃതിയെ കൂടുതൽ സ്നേഹിച്ചിരുന്നു. പ്രകൃതിയിലെ പല വസ്തുക്കളേയും ആരാധിച്ചിരുന്നതായി പറയുന്നുണ്ട്. ശിലായുഗം മുതൽ ഇന്നു വരെയുള്ള ആളുകൾ ആരാധനയിൽ പിന്നോക്കമല്ല. ഹിന്ദുക്കൾ പലദൈവങ്ങളെ ആരാധിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം ശ്രീകൃഷ്ണൻ , ശ്രീരാമൻ, ഗണപതി , സരസ്വതിദേവി, മുരുകൻ, അയ്യപ്പൻ തുടങ്ങി അനേക ദൈവങ്ങളുണ്ടെന്നാണ് . അത് ശരിയായ ജ്ഞാനത്തിന്റെ കുറവാണ്. ഈ ആരാധനാമൂർത്തികളെല്ലാം തന്നെ ഒരേ ദൈവത്തിന്റെ വിവിധ രൂപങ്ങളാണ്. ഓരോരോ ആവശ്യം വരുമ്പോൾ ഭഗവാൻ രൂപം മാറി വരുന്നുവെന്നു മാത്രം.

ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതയിൽ വ്യക്തമാക്കുന്നുണ്ട്. ഗീതയിലെ പത്താം അദ്ധ്യായം വിശദമായി മനസ്സിലാക്കി തരുന്നുണ്ട്. ഏതു രൂപത്തിലാണെങ്കിലും ഭാവത്തിലാണങ്കിലും ഈശ്വരാരാധന നടത്തുക, പൂജിക്കുക എന്ന കാര്യം . അതുകൊണ്ട് പൂജിക്കുന്നവർക്ക് , ആരാധിക്കുന്നവർക്ക് കാമ്യഫലം ഉണ്ടാകുന്നുണ്ട് ഏതു രൂപത്തിൽ ആരാധിച്ചാലും ഫലം കൊടുക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

യോ യോ യാം യാം തനും ഭക്ത: ശ്രദ്ധയാർച്ചിതു മിച്ചതി
തസ്യാചലാം ശ്രദ്ധാം താമേവ വിദധാമ്യഹം" (ഗീത 7/21)

ആഗ്രഹങ്ങൾ സാധിക്കാൻ വേണ്ടി ഭക്തർ പലരും പല പല ദൈവങ്ങളെ ആരാധിക്കുന്നു. വിശ്വാസത്തോടു കൂടിയാ ണ് ആരാധിക്കുന്നത്, ഉപാസിക്കുന്നത്. അവയ്ക്ക് അതാതു ദേവനിൽ ഉറച്ച ഭക്തി കൊടുക്കുന്നത് ഞാനാണ്. പക്ഷെ അവരതറിയുന്നില്ല . ഭഗവാൻ ശ്രീ കൃഷ്ണൻ സർവ്വദേവതാമയനാണ്. ഇഹലോകത്തിലേയും പരലോകത്തിലേയും വേണ്ട വിഷയങ്ങൾ പ്രദാനം ചെയ്യാൻ അദ്ദേഹത്തിനു കഴിയും. എന്നാൽ ജനങ്ങൾ ഇതു മനസ്സിലാക്കാതെ വിഷയങ്ങളിൽ മോഹിച്ച് തത്വം മനസ്സിലാക്കാതെ , മനസ്സിലാക്കാൻ ശ്രമിക്കാതെ ശാസ്ത്രാസ്ത്രത്തെ തെറ്റിദ്ധരിച്ച് ആ ആരാധനാക്രമം സ്വീകരിച്ച് അതാതു ദേവൻമാരെ (അവർ ഭജിക്കുന്ന അവർക്ക് നല്ലതെന്നും , ഫലം കൊടുക്കുമെന്നും വിചാരിക്കുന്ന) ഭിന്നമായി കാണുന്നു . ദൈവം പലതുണ്ടെന്ന് തെറ്റിദ്ധരിക്കുന്നു. ഈ തെറ്റിദ്ധരിക്കുന്നതിന്റെ ഫലം കിട്ടണമെന്നാഗ്രഹിക്കുന്നവർ ഇഷ്ടദൈവത്തെ ഉപാസിക്കുന്നു. അതുകൊണ്ട് സർവ്വദേവതാമയനായി ഭഗവാനെ ഉപാസിക്കാൻ അവർക്ക് കഴിയുന്നില്ല. അവർ ഇഷ്ടദേവനെ പൂജിക്കുന്നു. അതിനുള്ള ഫലം ആ ദേവനിൽ നിന്നു കിട്ടുന്നു. അതു ഭഗവാൻ കൊടുത്തതാണെന്ന് അവരറിയുന്നില്ല. അവർ വിചാരിക്കുന്നത് ശിവൻ വേറെ , വിഷ്ണുവേറെ, സ്കന്ദൻ വേറെ, ഗണപതി വേറെ, ദേവി വേറെ , നാഗരാജൻ വേറെ എന്നീ ഭാവത്തിലാണ് . ഇപ്രകാരം ആരാധിക്കുന്നതിനാൽ അവരിൽ കൂടിയാണ് ഭഗവാൻ ഫലം കൊടുക്കുന്നത്. നേരിട്ടു ഭജിക്കുന്നവർക്ക് അദ്ദേഹം നേരിട്ട് ഫലം കൊടുക്കുന്നു എന്നാണ് ഗീതയിലും ബോധിപ്പിക്കുന്നത്.

ഉദാഹരണത്തിന് നമ്മൾ നാഗദേവതാ പൂജയാണ് ചെയ്യുന്നതെങ്കിൽ അതു (നാഗം) സാക്ഷാൽ ഈശ്വരനാണ്. അതേ ഈശ്വര ചൈതന്യമാണ് എന്നറിഞ്ഞു പൂജിച്ചാൽ ഈശ്വരനാണ് ഭജനയുടെ ഭക്തിയുടെ ഫലം തരുന്നത്. ഇതു വേറെ ദൈവം എന്ന നിലയിൽ വിചാരിച്ചു പൂജിച്ചാൽ ഫലം തരുന്നത് നാഗദേവതയിൽ കൂടിയാണ് . ഇതുപോലെ ഏതുദേവനെ ഭജിച്ചാലും പൂജിച്ചാലും ഈശ്വരൻ ഒന്നു തന്നെ എന്നുവിചാരിച്ചാൽ മതി. മറ്റൊരു ദേവതാ പൂജയാണു ചെയ്യുന്നതെങ്കിൽ ഭഗവാന്റെ അറിവിൽ കൂടി തന്നെയാണ് ആ പ്രസാദം നമുക്കു ലഭിക്കുന്നത്. ഭഗവാൻ തന്നെയാണ് ഫലം തരുന്നത്. അതു നമ്മൾ നമ്മുടെ അറിവില്ലായ്മ മൂലം അറിയാത്തതാണ്. എല്ലാം ഭഗവാൻ , എല്ലാത്തിലും ഭഗവാൻ എന്നവിചാരത്തോടെ എല്ലാം ചെയ്താൽ ശുഭമാകും.

കേരളത്തിൽ സർപ്പത്തിനേയും ദൈവത്തേപോലെ ആരാധിക്കുന്നു. അല്ലാ ദൈവമായി ആരാധിക്കു ന്നു. കേരളം വനങ്ങളുടേയും ഗിരികളുടേയും നദികളുടേയും സ്ഥാനമാണ്. സർപ്പങ്ങൾക്കു വാസയോഗ്യമായ ഈ സ്ഥലത്ത് ധാരാളം സർപ്പങ്ങൾ അധിവസിക്കുന്നുണ്ട് . കേരളീയർ സർപ്പാരാധന നടത്തുന്നതിന്റേയും അവരെ ദൈവമായി വി ചാരിച്ച് പൂജിക്കുന്നതിന്റേയും ഒരു ചരിത്രമുണ്ട്.

ഭഗവാൻ വിഷ്ണുവിന്റെ ഒരവതാരമായ പരശുരാമൻ ക്ഷത്രിയവംശവിനാശനം വരുത്തി കൂട്ടത്തിൽ മാഹിഷ്മതിയിലെ രാജാവായ കാർത്തവീര്യർജ്ജുനൻ രാമനാൽ വധിക്കപ്പെട്ടു. നൃപനെ കൊന്നാൽ ബ്രഹ്മഹത്യാപാപമുണ്ടെന്നും പാപശാന്തിയ്ക്കായ് തീർത്ഥനം നടത്തുകയും ഭൂമി ദാനം ചെയ്യുകയും വേണമെന്നു പിതാവ് പറഞ്ഞു . അതനുസരിച്ച് രാമൻ തീർത്ഥാടനം നടത്തി. കേരള ഭൂപ്രദേശം കശ്യപനു ദാനം ചെയ്തു. സമുദ്രത്തിൽ ആണ്ടു കിടക്കുന്ന ഭൂവിഭാഗത്തെ പരശുരാമൻ മഴുവെറിഞ്ഞ് വീണ്ടെടുത്തായിരുന്നു ദാനം ചെയ്തതെന്ന് ഒരു പക്ഷമുണ്ട്. കേരളം പണ്ടു മുതലേ തന്നെ ഭാരതത്തിന്റെ ഭാഗമായി പുരാണം പറയുന്നുണ്ട്. പലഭാഗത്തും പല പല ഭൂപൻമാരുടെ പേരിന്റെ കൂട്ടത്തിൽ കേരളം എന്നു പറയുന്നുണ്ട്. പാപശാന്ത്യർത്ഥം കശ്യപ്രബാഹ്മണനു ദാനം ചെയ്ത ഭൂമിയാണ് കേരളമെന്ന് പരക്കെ വിശ്വാസമുണ്ട്.ആദ്യകാലത്ത് ബ്രാഹ്മണരായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അവർ പൂജാദി കർമ്മങ്ങൾ ചെയ്തിരുന്നു. ഈശ്വരനെ ആരാധിക്കുമായിരുന്നു. അവർ നാഗൻമാരെ ആരാധിച്ചിരുന്നു . ചിലർക്കതിൽ ഭയവുമുണ്ടായിരുന്നു എന്നാണ്. പരശുരാമൻ ഭൂമിയുടെ അധിദൈവമായി സർപ്പദൈവത്തെ ആരാധിക്കാൻ കല്പിച്ചു. സർപ്പാരാധനമൂലം മനുഷ്യൻ നിർഭയനായും വിശ്വാസിയുമായും തീരുമെന്നും പറഞ്ഞു. ഭൂമിക്കുടയവർ സർപ്പങ്ങളാണ് , അവരെ ദൈവമായി ആരാധിച്ചാൽ സമ്പത്തും, സന്താനലാഭവും ഉണ്ടാകുമെന്നും രോഗാദികളായ വ്യാധികളും ശമിച്ച് സുഖമായ ജീവിതം ലഭിക്കുമെന്നും ഉപദേശിച്ചു പരശുരാമൻ.

നമ്മുടെ നാട്ടിലെ ധാരാളം വനങ്ങളും പർവ്വതങ്ങളുമൊക്കെ സർപ്പവാസത്തിനു യോജിച്ച സ്ഥലങ്ങളായിരുന്നുവെന്നാണ്. അവയുടെ വാസസ്ഥാനവും അതു തന്നെയാണല്ലോ . എങ്കിലും അവയെ ഏതെങ്കിലും സ്ഥലത്തിരുത്തി ആരാധിക്കുക എന്ന രീതി നിലവിൽ വന്നു. ജനങ്ങൾ പൊതുവെ എല്ലാവരും സർപ്പങ്ങളെ ദൈവമായി ആരാധിച്ചുതുടങ്ങി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment