ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 49

നാഗമാഹാത്മ്യം...

ഭാഗം: 49

61. നാഗപാശം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശ്രീ പരമേശ്വരൻ നാഗങ്ങളെ തന്റെ വരുതിയിൽ നിർത്തുകയും തന്റെ ശിരോഭൂഷണമായും ആഭരണമായി കണ്ഠത്തിലും സ്ഥാനം നല്കി അനുഗ്രഹിച്ചു. കൂടാതെ മന്ത്രസിദ്ധികൊണ്ട് നാഗങ്ങളെ അസ്ത്രമായും ഉപയോഗിച്ചിരുന്നു. ത്രിമൂർത്തികളും നാഗാസ്ത്രത്തെ ശത്രു സംഹാരത്തിനായും ശത്രുക്കളിൽ നിന്നു രക്ഷകിട്ടാനുമായി അവയെ ഉപയോഗിക്കുന്നു . വളരെ ശ്രദ്ധാഭക്തിയോടു കൂടി തപസ്സു ചെയ്തു പ്രീതിപ്പെടുത്തുന്ന യോഗ്യനായ ഭക്തനും നാഗാസ്ത്രം ലഭിച്ചിരുന്നു. (പ്രദാനം ചെയ്തിരുന്നു). മന്ത്രം ചൊല്ലി (നാഗമന്ത്രം) . അസ്ത്രം പ്രയോഗിച്ചാൽ ആ അസ്ത്രം ഏല്ക്കുന്നവ ന്റെ ശരീരത്തിൽ അനേകം സർപ്പങ്ങളായി ചുറ്റി വരിഞ്ഞ് അവർഅവന്റെ കഥ കഴിക്കുന്നതിനുള്ള ശക്തിയാണ്.

അതു ലഭിക്കുന്നതിന് കഠിനമായ തപഃശക്തിയും ഭക്തിയും ആവശ്യമാണ്. ഭക്തൻ ദുഷ്ടനാണോ, ശിഷ്ടനാണോ എന്നൊന്നുമല്ല മൂർത്തികൾ നോക്കുന്നത്. ഭക്തിയുടേയും തപസ്സിന്റേയും ഫലം ഭക്തനു കിട്ടിയിരിക്കണമെന്നാണ്. ഈ തത്വം വച്ചാണ് ഹിരണ്യാക്ഷൻ , രാവണി തുടങ്ങിയ ദുഷ്ടൻമാർക്കും അസ്ത്രലാഭമുണ്ടായത് . ആര് കഠിനവ്രതത്തോടെ തപസ്സു ചെയ്താലും ഫലം കൊടുക്കേണ്ടത് ധർമ്മം മാത്രമാണ്. വരപ്രാപ്തി പിന്നെ ദുഷ്ടൻമാരെ മദമത്തരാക്കുക എന്നുള്ളത് വേറെ കാര്യം, ഭവിഷ്യത്തെ ഓർത്ത് വരം കൊടുക്കാതിരിക്കുന്നത് ധർമ്മ വിരുദ്ധമാണ്. അതാണ് ആരു ഭജിച്ചാലും സിദ്ധിനേടാൻ സാധിക്കുന്നത്. വരം നേടാൻ സാധിക്കുന്നത് . ഇതു പോലെയുള്ള വരം നേടിയ ഒരു ഭക്തനായിരു ന്നു നാഗാസുരൻ. അവൻ വരപ്രാപ്തി കൊണ്ട് മദിച്ചുല്ലസിച്ചിരുന്ന ഒരു ദുഷ്ട അസുരനായിരുന്നു. അവനും തപസിദ്ധി കൊണ്ട് നാഗാസ്ത്രം ലഭിച്ചിരുന്നു.

അവൻ (നാഗാസുരൻ) മഹേന്ദ്രപുരിയിൽ വാഴുന്ന കാലം. തന്റെ വീരപരാക്രമത്താൽ ലോകങ്ങളെ ജയിച്ചു കീഴടക്കി.ദേവൻമാർക്കിതറിഞ്ഞ് അസ്വസ്ഥത വർദ്ധിച്ചു. അവർ അഹമിഹയാ ഓടി നടന്നു. എന്തു ചെയ്യേണ്ടു എന്നായി . നാഗാസുരനെ നേരെ എതിർത്തു തോല്പ്പിക്കുന്ന കാര്യം അവർക്ക് ഓർക്കാനും കൂടി വയ്യായിരുന്നു. അവർ നേരെ ബ്രഹ്മാവിനെ കണ്ടു സങ്കടമുണർത്തിച്ചു. തന്നെ കൊണ്ടു മാത്രം അവനെ തടുക്കാൻ സാധ്യമല്ലെന്നും ശ്രീ ശങ്കരനോടു കൂടി കാര്യം ഉണർത്തിക്കാമെന്നും പറഞ്ഞു. ശങ്കരൻ പറഞ്ഞു. ഞാൻ തന്നെ ഇതിനു പോരാ , നമുക്ക് വിഷ്ണുവിനെ കൂടി കാര്യം അറിയിക്കണം. പാലകൻ അദ്ദേഹമാണല്ലോ ? ത്രിമൂർത്തികൾ ഒന്നിച്ച് നാഗാസുരനെ എതിർക്കാൻ പദ്ധതി തയ്യാറാക്കി.

അപ്പോഴേയ്ക്കും നാഗാസുരൻ തന്റെ സേനാനായകനായ വീരസേനനെ ദേവലോകം കീഴടക്കാനായി നിയോഗിച്ചു. സേനാനായകൻ വമ്പിച്ച സന്നാഹത്തോടെ ദേവലോകത്തെത്തി ആക്രമണം തുടങ്ങി. ത്രിമൂർത്തികളും വാർത്തയറിഞ്ഞെത്തി . ഘോരയുദ്ധം നടന്നു. യുദ്ധമധ്യേ വീറോടെ , വാശിയോടെ പോരാടുന്ന വീരസേനനെ കണ്ട് വിഷ്ണുദേവൻ നാഗാസ്ത്രം പ്രയോഗിച്ചു. അത്ഭുതമെന്നു പറയട്ടെ, അവൻ ആ അസ്ത്രം തന്റെ കയ്യാൽ പിടിച്ചെടുത്തു.

ശിവന്റെ ത്രിശൂലത്തിനും അവനെ വീഴ്ത്താനായില്ല.ത്രിമൂർത്തികൾ കിണഞ്ഞു പരിശ്രമിച്ചിട്ടും വീരസേനനെ ഒന്നും ചെയ്യാനായില്ല. അപ്പോൾ അവർക്കു മനസ്സിലായി ഈ അസുരൻ നിസ്സാരനല്ല . അവനെ അത്ര എളുപ്പം കൊല്ലാൻ സാധ്യമല്ല. ത്രിമൂർത്തികളേയും ജയിച്ചു എന്ന ആഹ്ലാദത്തോടെ അവൻ മടങ്ങി പോയി.

ത്രിമൂർത്തികളാലോചിച്ചു. എങ്ങിനെയാണ് ഇവിടെ ഇവനെ വധിക്കുക. ഒടുവിൽ ഒരു ഹോമം നടത്താൻ തീരുമാനിച്ചു. ബ്രഹ്മദേവന്റെ നേതൃത്വത്തിൽ എല്ലാ ദേവൻമാരുമൊന്നിച്ച് അതിഭയങ്കരമായ ഹോമം ആരംഭിച്ചു. അതിന്റെ അവസാനത്തിൽ ഹോമ കുണ്ഡത്തിൽ നിന്ന് ഒരു ഉഗ്രഭൂതം ജാതനായി . ഹുങ്കുരം ചെയ്ത് ത്രിമൂർത്തികളുടെ കൽപ്പന കാത്തുനിന്നു. ത്രിമൂർത്തികൾ കല്പിച്ചു മഹേന്ദ്രപുരിയിൽ ചെന്ന് നാഗാസുരനെ വധിച്ചു വരണം. അതിദുഷ്ടനായ അവന്റെ ഉപദ്രവത്താൽ ത്രിലോകവും കഷ്ടപ്പെടുന്നു. അവരെയെല്ലാം രക്ഷിക്കാൻ ഈ ഒരൊറ്റ പോം വഴിയേയുള്ളു. പോകു ജയിച്ചുവരൂ.ത്രിമൂർത്തികളുടെ ആജ്ഞാനുസരണം ഭൂതം നട കൊണ്ടു.

അതൊരു നാഗഭൂതമായിരുന്നു. അതിന്റെ അലർച്ചയും , ഹുങ്കാരവും കേട്ടാൽ ഭയപ്പെട്ടു പോകുമായിരുന്നു. അതിന്റെ വിഷജ്വാലകളിൽ നിന്ന് ആർക്കും രക്ഷപ്പെടുവാനാകുമായിരുന്നില്ല. അത്ര ഉഗ്രനായിരുന്നു നാഗഭൂതം . അതു നേരെ നാഗാസുരന്റെ നഗരിയിലെത്തി ഒരലർച്ച കൊണ്ട് തന്റെ സാന്നിദ്ധ്യം അറിയിച്ചു. കോപം കൊണ്ടു ജ്വലിച്ച നാഗാസുരൻ സേനാനായകനെ അവനെ എതിരിടാൻ അയച്ചു. നാഗഭൂതത്തിനോടെ തിർത്തു നില്ക്കാനുള്ള ഭുജബലം അവനില്ലായിരുന്നു. യുദ്ധത്തിൽ ഭൂതം അവനെ വിഴുങ്ങി . സേനാനായകൻ തിരിച്ചു വരാതീരുന്നപ്പോൾ നാഗാസുരൻ വീരകേസരിയായ മന്ത്രിയേയും പടകളേയും അയച്ചു. ആ ഭൂതം അവരെയെല്ലാം വിഴുങ്ങി തൃപ്തിയടഞ്ഞു. വിവരമറിഞ്ഞ നാഗാസുരൻ യുദ്ധക്കളത്തിലെത്തി. നാഗത്തെ നോക്കി.

നാഗാസുരനെ നേരിൽ കണ്ടനാഗം ചോദിച്ചു അല്ലാ നീ മുൻപേ മരിക്കുന്നുവോ, അതോ പടകളുടെ നാശം കണ്ടിട്ടു മരിക്കുന്നുവോ ? അസുരൻ പറഞ്ഞു ഇതിനുത്തരം നാവു കൊണ്ടല്ല, ബാണം കൊണ്ടാണ് നൽകുന്നത്. ഇരുവരും അസ്ത്രശസ്ത്രങ്ങൾ പ്രയോഗിച്ചു . അസുരന്റെ അമ്പുകളെല്ലാം വിഷാഗ്നിയിൽ എരിഞ്ഞു. അതുകണ്ട് നാഗത്തിന്റെ നേരെ ചാടിയ അസുരനെ നാഗഭൂതം കയ്യോടെ വിഴുങ്ങി. ത്രിമൂർത്തികളുടെ അനുഗ്രഹത്താൽ വന്ന കാര്യം സാധിച്ച നാഗഭൂതം ഈ സന്തോഷവാർത്ത അവരെ അറിയിക്കാനായി നേരെ അങ്ങോട്ടു നടന്നു ത്രിമൂർത്തികളെ കാര്യമറിയിച്ചു. വാർത്തയ റിഞ്ഞ് എല്ലാവർക്കും സന്തോഷമായി. നാഗാസുരനിൽ നിന്നും ലോകരക്ഷ നിർവ്വഹിച്ച ആ നാഗത്തെ ശ്രീ പരമേശ്വരൻ തന്റെ കണ്ഠാഭരണങ്ങളുടെ കൂട്ടത്തിൽ ചേർത്തു. അവിടെ കഴിഞ്ഞുകൊള്ളാൻ അനുവദിച്ചു.

അങ്ങനെ കൈലാസത്തിൽ കഴിഞ്ഞു വരവേ ഭൂതത്തിനൊരു പൂതി തോന്നി. തനിക്ക് പതിനാലു ലോകങ്ങളും ഒന്നു കാണണം. വിവരം പരമേശ്വരസ്വാമിയേയും അറിയിച്ചു. എനിക്ക് ലോകങ്ങളെല്ലാം ഒന്നു ചുറ്റി കറങ്ങി കണ്ടാൽ കൊള്ളാമെന്നുണ്ട്. അതിന് അങ്ങ് കല്പന തരണം . ഇതു കേട്ട ശിവ ഭഗവാൻ അരുളി ചെയ്തു. ശരി ആഗ്രഹം പോലെ ആകട്ടെ. പക്ഷെ ഒരു കാര്യം ശാല്മലദ്വീപിൽ മാത്രം നീ പോകരുത്.ബാക്കിയെല്ലാ സ്ഥലവും സന്ദർശിച്ച് മടങ്ങി വരിക. കൈലാസനാഥന്റെ കല്പനപ്രകാരം നാഗഭൂതം യാത്രതിരിച്ചു.അമ്പതുക്കോടി വിസ്താരമായ ഭൂലോകത്തിൽ ശാല്മല ദ്വീപൊഴികെ എല്ലാ സ്ഥലങ്ങളും കണ്ടു. മടങ്ങിവരും വഴി ഒരാലോചനയുണ്ടായി . ശ്രീ പരമേശ്വരസ്വാമി എന്തുകൊണ്ടാണ് ശാല്മല ദ്വീപിൽ പോകരുതെന്നു പറഞ്ഞത്. എന്തായിരിക്കും കാരണം.ത്രിമൂർത്തികളാലും നടക്കാത്ത കാര്യമല്ലേ ഞാൻ സാധിച്ചത്? എനിക്കൊരു ശത്രു പീഡ യ്ക്കും അവകാശമില്ലല്ലോ ?

അരുതെന്നു പറയുന്നത് ചെയ്യാനും വിലക്കിനെ ലംഘിക്കാനുമുള്ള ജീവന്റെ വാസന പണ്ടേയുള്ളതാണല്ലോ? നാഗത്തിനും അതു തന്നെ തോന്നി. സ്വാമിയുടെ വിലക്കിനെ ലംഘിച്ച് ശാല്മലദ്വീപിലെത്തി. അവിടെയെത്തിയപ്പോഴാണു മനസ്സിലായത് . തന്റെ ഗോത്രത്തിൽപെട്ടവർ തന്നെയാണല്ലോ ഇവിടെ വസിക്കുന്നത് എന്ന്. അവർക്കാർക്കും തന്നെ നാഗഭൂതത്തിന്റെ മേൻമയെ പറ്റിയൊന്നും അറിവില്ലായിരുന്നില്ലോ ? അതുകൊണ്ട് ആരും അത്ര കാര്യമായി വിചാരിച്ചില്ല. അത് നാഗത്തിനത്ര രസിച്ചില്ല.

നാഗം പറഞ്ഞു. ഹേ!സർപ്പങ്ങളെ! ഞാനും നിങ്ങളുടെ ഗോത്രക്കാരനാണ്. ത്രിമൂർത്തികളാൽ പോലും വധിക്കാൻ സാധിക്കാതിരുന്ന നാഗാസുരനെ വധിച്ചത് ഞാനാണ്. നിങ്ങൾക്ക് എന്റെ നൻമയെ എന്റെ മേൻമയെ അറിഞ്ഞുകൂടാ ? അല്ലേ? സർപ്പങ്ങൾ , അത്ര മേൻമയുള്ളവനാണെങ്കിൽ ഒരു കാര്യം ചെയ്യ്, ഗരുഡൻ എന്നൊരു പ്രതാപിയുണ്ട്. അവൻ ഇന്ന് ഇവിടെ വരും. അവനു വേണ്ട ഊണും പൂജയും കൊടുക്കണം. ഇല്ലെങ്കിൽ അവൻ സർപ്പങ്ങളെ മുടിക്കും. എന്താ അവനെ തോല്പിച്ച് സർപ്പരക്ഷ ചെയ്യാൻ മിടുക്കുണ്ടോ ? ഉണ്ടെങ്കിൽ കാണട്ടെ.

അവർ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കേ, ഗരുഡന്റെ ചിറകടി ശബ്ദം കേട്ട് നാഗഭൂതമൊഴിയെ എല്ലാവരും സ്ഥലം വിട്ടു. നാഗഭൂതം അവിടെ തന്നെ നിലകൊണ്ടു. അതുകണ്ട് ഗരുഡൻ ചോദിച്ചു നീയാര്, എന്റെ വരിതിയില്ലാതെ എന്തിനിവിടെ വന്നു?

നാഗഭൂതം തന്റെ ഫണത്തെ പരത്തി ഗരുഡനോടു യുദ്ധം തുടങ്ങി. വളരെക്കാലം യുദ്ധം ചെയ്തിട്ടും ഗരുഡനെ തോല്പിക്കാനായില്ലന്നു മാത്രമല്ല. വല്ലാതെ ക്ഷീണിതനായി പിൻ മടങ്ങി. അതിന്റെ അഹങ്കാരമൊന്നൊടങ്ങി കുഹരത്തിലൊളിച്ചു. അതുവഴി സ്വാമിയെ ശരണം പ്രാപിച്ചു ശിവസന്നിധിയിലെത്തി.

സ്വാമി ചോദിച്ചു. നീ എന്തേ ഇത്ര വൈകിയത് ? ഇതുവരെ എവിടെ പോയിരുന്നു.അപ്പോഴേയ്ക്കും ഗരുഡനവിടെ നാഗത്തിനെ അന്വേഷിച്ചു. പാഞ്ഞെത്തി. ശ്രീ പരമേശ്വരനെ നമസ്ക്കരിച്ചു പറഞ്ഞു പ്രഭോ! ഈ നാഗഭൂതം എന്റെ ശത്രുവാണ് . ഞങ്ങൾ തമ്മിൽ യുദ്ധം ചെയ്തിരുന്നു. ഇടയ്ക്ക് ചാടി പോന്നതാണ് ഇവൻ. ഇവനെ അടിയനു വിട്ടു തരണം. ഈ പ്രാണൻ എനിക്കുള്ളതാണ്. സ്വാമി അരുളി ചെയ്തു. വൈനതേയാ! ഈ നാഗം എന്നെ അഭയം പ്രാപിച്ചതാണ്. ഞാൻ അഭ യം കൊടുത്തുപോയി. അതിനുശേഷമാണല്ലോ കാര്യം അറിഞ്ഞത്. ഒരു പ്രാവശ്യത്തേയ്ക്ക് അവനോടു ക്ഷമിക്കൂ . ഞാൻ അവനെ രക്ഷിച്ചുവെങ്കിലും ഒരിക്കൽ ഇവനെ ഭുജിക്കാൻ നിനക്കിടവരും. തല്ക്കാലം പോകു. അതിന് എന്റെ അനുഗ്രഹം നിനക്കുണ്ടാകട്ടെ എന്നു പറഞ്ഞു ഗരുഡനെ സമാശ്വസിപ്പിച്ചയച്ചു..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment