ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 52

നാഗമാഹാത്മ്യം...

ഭാഗം: 52

62. കാകഭുശുണ്ഡി ഗരുഡ സംവാദം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാകൻ സ്വന്തം കഥ അപ്പോൾ ഗരുഡനോടു പറഞ്ഞു കാകൻ മുൻ കല്പത്തിലെ കലിയുഗത്തിൽ ഞാൻ മനുഷ്യനായി പിറന്നിരുന്നു. അയോദ്ധ്യയിലായിരുന്നു പിറന്നത്. അന്ന് രാമപുരി (അയോദ്ധ്യ) യെ പറ്റിയോ , രാമനെ പറ്റിയോ, അദ്ദേഹത്തിന്റെ മഹാത്മ്യത്തെ പറ്റിയോ, അയോദ്ധ്യയുടെ മഹിമയെ സംബന്ധിച്ചോ ഒന്നുമറിയാമായിരുന്നില്ല . വെറും അജ്ഞാനി. കലിദോഷബാധയിൽ പാപചിത്തനായി. പാപകർമ്മങ്ങളിൽ നിന്ന് വിട്ട് നില്ക്കാനായില്ല. കാലം അതിനനുവദിച്ചില്ല . അങ്ങനെ പാതകിയായി , പാപം നിമിത്തം കലിയുടെ കരാളഹസ്തത്തിലമർന്ന് ജീവിതം ദുഃഖപൂർണ്ണമായി തീർന്നിരുന്നു. ആരും സഹായഹസ്തം നീട്ടാനുണ്ടായിരുന്നില്ല. ദുഃഖ വും ദുരിതവുമായി മുന്നോട്ടു നീങ്ങി.

അക്കാലത്ത് ഒരിക്കൽ നാട്ടിൽ വറുതിയനുഭവപ്പെട്ടു. ധ്യാനമില്ല. പൂജയില്ല. ഈശ്വരചിന്തയുമില്ല. മനുഷ്യരെല്ലാം അന്നമില്ലാതെ, ഭക്ഷണമില്ലാതെ , ദാരിദ്ര്യത്തിന്റെ കൊടും തീയിൽ വെന്തമരാൻ തുടങ്ങി. ഓരോരുത്തർ ഭക്ഷണം തേടി നാടുവിട്ടുപോയി . ഞാനും നാടുവിട്ടു. ഒരു സ്ഥലത്തെത്തി. തൊഴിൽ ചെയ്തു സമ്പാദ്യമുണ്ടാക്കി തുടങ്ങി. അപ്പോഴും പാപചിന്ത വിട്ടു മാറിയിരുന്നില്ല. അങ്ങനെ കഴിയവേ ഒരു താപസനെ കണ്ടുമുട്ടാനിടയായി. അദ്ദേഹം ശിവാർച്ചനാ നിരതനായി കാലം കഴിക്കുകയായിരുന്നു. ലോമേശൻ എന്ന ഋഷിവര്യനായിരുന്നു അദ്ദേഹം. എന്റെ മുജ്ജൻമസുകൃതം കൊണ്ടോ എന്തോ , അദ്ദേഹത്തിന്റെ സമ്പർക്കത്തിൽ പെടാനിടയായി. അദ്ദേഹം ഉപദേശിച്ചു. ഈ കലികാലത്തിൽ രാമനാമജപം അഥവാ ഹരിനാമജപം കൻമഷഹരമാണ്. ആ ജപം കൊണ്ട് മോക്ഷപദം വരെ ലഭിക്കും . സദാനാമം ജപിക്കണം. അദ്ദേഹം ഹരിഗുണങ്ങളെ വിസ്തരിച്ച് പറഞ്ഞു. ഹരിരൂപം വർണ്ണിച്ചു തന്നു. എന്നാൽ രാമന്റെ രൂപഗുണങ്ങളിലാണ് എനിക്കാകർഷണമുണ്ടായത്. അദ്ദേഹം എത്ര ഉപദേശിച്ചിട്ടും സഗുണഭക്തിയിൽ നിന്ന് നിർഗുണഭക്തിയിലേയ്ക്ക് എന്റെ മനം ചെന്നില്ല. ഗുരു അനേകാനേകപ്രാവശ്യം നീതിഓതിയിട്ടും എനിക്ക് മാറ്റമുണ്ടായില്ല. പിന്നെ ഗുരുവിൽ നിന്നും വിട്ടു നിന്നു.

ഒരിക്കൽ ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജപിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയം ഗുരു അവിടെ ആഗതനായി. ഞാൻ ഗുരുവിനെ കണ്ടമട്ട് നടിച്ചില്ല. ഗുരുവിനെ വന്ദിക്കുകയോ , ആദരിക്കുകയോ ചെയ്തില്ല. എന്നാലും ക്ഷമാശീലനായ ഗുരു, സൽഗുണസമ്പന്നനായ ഗുരു ക്ഷമിച്ചു . ക്ഷോഭിച്ചില്ല. ഭഗവാൻ പറയുന്നത്. നീ എന്നെ നിന്ദിച്ചാലും ഗുരുവിനെ നിന്ദിക്കരുത്. എന്തെന്നാൽ ഗുരുവാണ് ഈശ്വരനെ അറിയിച്ചു തരുന്നത്. അതിനാൽ ഗുരു ആദരണീയനാണ്. ഗുരുവിനെ എവിടെ കണ്ടാലും വന്ദിക്കണം. ആദരിക്കണം. ഗുരു നിന്ദ ചെയ്തതിന് ശിക്ഷ കൊടുക്കണമെന്ന് ഭഗവാൻ ശഠിച്ചു. ഇതിന്റെ പ്രത്യാഘാതം ഓർത്ത് ഗുരു ശിവനെ പ്രസാദിപ്പിച്ച് പറഞ്ഞു . ശിഷ്യന്റെ അപരാധം പൊറുക്കണം. അതിന്റെ ധ്വനി കാതിൽ വീഴും മുൻപേ ശിവൻ ശപിച്ചു. ഗുരുവിനെ മാനിക്കാത്ത നീ പെരുമ്പാമ്പായി പോകട്ടെ. ഇതു കേട്ട ഗുരു ഞെട്ടി. അദ്ദേഹം ശിവനെ വീണ്ടും സ്തുതിഗീതങ്ങളാൽ പ്രസാദിപ്പിച്ചു. ശിവൻ ചോദിച്ചു. എന്തുവരമാണ് വേണ്ടത് ? ഗുരു പറഞ്ഞു ശിഷ്യന്റെ അറിവില്ലായ്മ പൊറുത്ത് മോചനം നല്ക ണം. ഗുരുവിന്റെ അപേക്ഷമാനിച്ച് ശിഷ്യനു മോചനത്തിനുള്ള വഴി പറഞ്ഞു. രാമനെ പോലെ ക്ഷമാശീലനായ ബ്രാഹ്മണ രെ ഞാനും മാനിക്കുന്നു. അവരെ രാമനെ പോലെ എനിക്കും പ്രിയമാണ്. അതുകൊണ്ട് ശാപമോക്ഷം കൊടുക്കുന്നു. അന്തിജൻമത്തിൽ അയോദ്ധ്യയിൽ ജൻമമെടുത്ത് രാമപ്രിയനാകാൻ സാധിക്കും . ഉടൻ തന്നെ ഞാൻ അജഗരമായി മാറി. ജൻമങ്ങൾ പലതു കഴിഞ്ഞു. പുണ്യഫലമായി ദ്വിജജൻമം ലഭിച്ചു. അന്ന് പിതാവ് ബ്രാഹ്മണനു വേണ്ട ധർമ്മനീതികൾ പഠിക്കാൻ ഗുരുവിനെ ഏല്പിച്ചു. ഗുരുവേണ്ടതെല്ലാം പഠിപ്പിച്ചു എങ്കിലും ഞാൻ വിവേക ശൂന്യമായി പെരുമാറി വന്നു. ഗുരുവിനെ ഒട്ടും അനുസരിച്ചില്ല.തൻനിമിത്തം ഗുരുവെന്നെ കാകനായി പോകട്ടെ എന്നു ശപിച്ചു. പാപവിനാശനത്തിന് രഘുവരചരിതം ഉപദേശിച്ചു.

കാകരൂപം പൂണ്ട ഞാൻ രാമഗൃഹത്തിലെത്തി. അന്നു രാമൻ കുട്ടിയായി കളിച്ചു നടക്കുന്ന കാലം. രാമദർശനം ലഭിച്ച ഞാൻ അവിടെ തന്നെ പാർത്തു. രാമദർശനവും അദ്ദേഹത്തിന്റെ സാമീപ്യവും , അദ്ദേഹത്തിന്റെ കയ്യിൽ നിന്നു കിട്ടിയ ഭക്ഷണവും എല്ലാം എന്റെ മനഃശുദ്ധിക്കുകാരണമായി . ഒരു ദിവസം ഞാൻ രാമന്റെ കയ്യിൽ നിന്നും ഭക്ഷണം കൊത്തി മുകളിലോട്ടു പറന്നു. അതിദൂരം പറന്നു. അത്ഭുതമെന്നു പറയട്ടെ. രാമന്റെ ഭുജം നീണ്ടു നീണ്ടു ഒപ്പം എത്തി. ഇതുകണ്ട ഞാൻ തളർന്നു താഴെ വീണു. എനിക്ക് രാമന്റെ ഉദരത്തിലെ വിശിഷ്ട കാഴ്ചകൾ ലഭ്യമായി. രാമമഹിമ മനസ്സിലായി ഭക്തി സാന്ദ്രമായി രാമനെ വണങ്ങി , സ്തുതിച്ചു. രാമൻ എനിക്ക് ജ്ഞാനം പ്രദാനം ചെയ്തു. ശിഷ്ടജീവിതം സുമേരുപർവ്വതത്തിലെ അരയാലിൽ കഴിഞ്ഞ് രാമചരിതം പ്രചരിപ്പിച്ച് കഴിയാൻ ഉപദേശിച്ചു. ദിവ്യത്വം പ്രദാനം ചെയ്തു . ചിരഞ്ജീവിയാകാൻ അനുഗ്രഹിച്ചു. അന്നു തൊട്ട് ഞാൻ ഇവിടെ പാർക്കുകയാണ്. ഈ വരം അനുസരിച്ച് കാക്കകൾ മരിക്കുകയില്ല. ആരെങ്കിലും കൊന്നാൽ മാത്രമേ കാക്ക മരിക്കുകയുള്ളൂ.

കാകന്റെ കഥയറിഞ്ഞ ഗരുഡന് രാമനിൽ നിശ്ചല ഭക്തി വർദ്ധിച്ചു.രാമമഹിമയാൽ കാക രൂപത്തിലും ജ്ഞാനിയായി കഴിയുന്ന , ജ്ഞാനം പ്രചരിപ്പിക്കുന്ന അദ്ദേഹത്തോട് പക്ഷിരാജന് അളവറ്റ ബഹുമാനം തോന്നി. തനിക്ക് എല്ലാമറിയാ മെന്നുള്ള ഭാവം മാറി . അഹം മാറി, വിഷ്ണുവിനെ വഹിക്കു ന്ന വഹനമായിട്ടും തനിക്ക് വിഷ്ണുവിന്റെ മഹിമ അറിയാനായില്ലല്ലോ എന്ന കുണ്ഠിതം തോന്നി. കാകന്റെ ഇടമുറിയാതെ യുള്ള വാക്ധോരണിയിലും രാമ ഭക്തിയിലും വിഷ്ണു ഭക്തി രൂഢമൂലമായി തീർന്നതിൽ ഗരുഡന് സന്തോഷം തോന്നി. ഗരുഡന് രാമനിൽ ഭക്തി ദൃഢമായി തീർന്നു. രാമനെ മനസാ വണങ്ങി.

പ്രേമത്തിന്റെ, സ്നേഹത്തിന്റെ പരാകാഷ്ഠയാണ് ഭക്തിഭാവന. മനുഷ്യജൻമത്തിൽ സമ്പാദിക്കേണ്ട ഏറ്റവും വലിയ സിദ്ധിയും ഭക്തിയാണ് . ഭക്തിയിൽ പരമില്ലൊരു സിദ്ധി മർത്ത്യന്നീയുലങ്കിലൊരു ലബ്ധി...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment