ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 13

നാഗമാഹാത്മ്യം...

ഭാഗം: 13

18. ദാസ്യത്തിൽ നിന്നും വിനതയുടെ മോചനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
വിഷ്ണുവാഹനൻ ഗരുഡൻ സന്തുഷ്ടനായി ദേവലോകത്തെത്തി. ദേവൻമാർ തടഞ്ഞു. ദേവൻമാരും ഗരുഡനും തമ്മിൽ ഘോരയുദ്ധമായി. ഗരുഡൻ ഒറ്റയ്ക്കും ദേവൻമാർ കൂട്ടത്തോടെയും പൊരുതി . ഗരുഡന്റെ ചിറകുകൊണ്ടും കൊക്കു കൊണ്ടുമൊക്കെയുള്ള അടിയുമറ്റുമേറ്റു ദേവൻമാർ അവശരായി. ഇന്ദ്രന്റെ വജ്രായുധത്തിനു പോലും ഗരുഡനെ ഒന്നും ചെയ്യാനായില്ല. ഗരുഡൻ ഒടുവിൽ തന്റെ തൂവലിലൊന്ന് പറിച്ച് ഇന്ദ്രനെ നോക്കി വിട്ടു. ഇന്ദ്രൻ പോലും പരവശനാ യി. ദേവഗണങ്ങൾ തോറ്റു. ഇന്ദ്രൻ പരാജയം സമ്മതിച്ചു. ദേവലോകം വാഴുന്നതിനു സമ്മതിച്ചു. അല്പസമയത്തേക്കെങ്കിലും ബാലഖില്യാൻമാരുടെ ശാപം ഫലിച്ചു . ഗരുഡന് ഇന്ദ്രപദം ലഭ്യമായി. എന്നാൽ ഗരുഡൻ പറഞ്ഞു. ദേവേന്ദ്രാ! ഞാൻ ഇന്ദ്രലോകം വാഴാൻ വന്നതല്ല. എനിക്ക് കുറച്ച് നേരത്തേയ്ക്ക് അമൃതകുംഭം വേണം. അമ്മയുടെ ദാസ്യം ഒഴിച്ച് മോചിപ്പിച്ചതിനു ശേഷം തിരികെ ഇതുപോലെ എത്തിച്ചു തരാം. ഇന്ദ്രലോകം വാണുകൊള്ളൂ. എന്നു പറഞ്ഞ് പീയുഷത്തിനു നേരെ ചെന്നു അവിടെ അഗ്നിയെ കണ്ടു. അണച്ചു. അപ്പോൾ രണ്ടു പന്നഗേന്ദ്രൻമാർ ധൂളിജാലം വർഷിച്ചു. ഗരുഡൻ ആ കാള സർപ്പങ്ങളുടെ കണ്ണു മൂടി അമൃതെടുത്തു. സ്വന്തം ആവശ്യത്തിനു വേണ്ടിയല്ല പക്ഷിരാജൻ അമൃത് കൊണ്ടുപോകുന്നതെന്നറി ഞ്ഞ ഇന്ദ്രൻ ഗരുഡനുമായി സഖ്യത്തിലായി. അതു തിരികെ ലഭിക്കുമെന്നറിഞ്ഞതിൽ സന്തോഷിച്ചു. ഗരുഡൻ അപ്രകാരം പല വൈഷമ്യങ്ങളും തരണം ചെയ്ത് അമൃതകലശം ഏന്തി പുറപ്പെട്ടു. അപ്പോൾ ഭഗവാൻ വിഷ്ണു പ്രത്യക്ഷനായി. തനിക്കു ഭഗവാന്റെ വാഹനമായിരുന്നാൽ കൊള്ളാമെന്നു ഗരുഡൻ പറഞ്ഞു. അന്നു മുതൽ ഭഗവാൻ വിഷ്ണു ഗരുഡനെ തന്റെ വാഹനമായി സ്വീകരിച്ചു . കൂടാതെ തന്റെ ധ്വജത്തിനു അടയാളമായും സ്വീകരിച്ചു. അങ്ങനെ പക്ഷിരാജൻ വിഷ്ണു വാഹനനായി....

19. പന്നഗരുടെ ദ്വിജിഹ്വത്വം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 ഗരുഡൻ തന്റെ ബലവീര്യങ്ങളെ തെളിയിച്ച് ദേവൻമാരെകൊണ്ട് അമൃതകലശം കൊണ്ടു വന്നു മാതാവിന്റെ മുന്നിൽ സർപ്പഗണങ്ങൾ കാൺകെ സ്ഥലം മൊഴുകി ദർഭ വിരിച്ച് കലശം അതിൽ വച്ചു പറഞ്ഞു. അമൃതുകൊണ്ട് വന്നു. അമ്മ മോചിതയായി . ഇന്നു മുതൽ എന്റെ അമ്മ സ്വതന്ത്രയാണ്. നിങ്ങൾ പറഞ്ഞതു പോലെ ചെയ്തു അമ്മയെ മോചിപ്പിച്ചിരിക്കുന്നു എന്ന് സർപ്പങ്ങളോടും മാതാ കദ്രുവിനോടും പറഞ്ഞു . അമൃത് കണ്ടയുടനെ സർപ്പങ്ങൾ അമൃതു ഭുജിക്കുന്നതിനായി കുളിച്ചു വരാൻ പോയി.

ശാപമോചനത്തിന് അമൃത് കൊണ്ടു വരണമെന്നേയുണ്ടായിരുന്നുള്ളൂ. ഉടൻ തന്നെ പക്ഷി രാജൻ അമൃതകലശവു മെടുത്ത് വേഗം ദേവലോകത്തെത്തി വാക്കുപാലിച്ചു. പന്നഗർ കുളിച്ചു വന്നപ്പോൾ കലശമില്ല. നിരാശരായി അവർ വേഗം അമൃതു വച്ചിരുന്ന ദർഭപുല്ല് ആർത്തിയോടു നക്കി. അപ്പോൾ അവരുടെ നാക്കുകൾ കീറി രണ്ടായി പോയി. അന്നു മുതൽ സർപ്പങ്ങൾ ദ്വിജിഹ്വരായി തീർന്നു . അമൃതു തുളുമ്പി വിണതിനാൽ അന്നു തൊട്ട് ദർഭ ശുദ്ധവസ്തുവായി വാഴ്ത്തി. ഹോമം, യാഗം തുടങ്ങിയ സൽക്കർമ്മങ്ങൾക്ക് ദർഭ അവശ്യ വസ്തുവായി തീർന്നു...

20. അനന്തന്റെ തപസ്സ്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മാതാ കദ്രുവിന്റെ ശാപം മൂലം സർപ്പഗണങ്ങൾ രണ്ടു തട്ടിലായി. അമ്മയെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും, മാതൃവചനം പാലിക്കേണ്ടതാണെങ്കിലും മറ്റുള്ളവർക്ക് ദോഷവും അഹിതവുമായി പ്രവർത്തികൾ ആധർമ്മത്തിൽപ്പെടും. ധർമ്മം പാലിക്കുന്നവർക്ക് മറ്റുള്ളവരെ ദ്രോഹിക്കുക ഹിതകരമല്ല . ആയതിനാൽ ധർമ്മാധർമ്മങ്ങൾ തമ്മിൽ വടം വലിയായി. കദ്രുസുതർ പരസ്പരം കലഹിച്ചു. സഹോദരൻമാർ തമ്മിലുള്ള കലഹം അനന്തനെ വേദനിപ്പിച്ചു. ഗൃഹത്തിൽ എന്നും കലഹത്തിൽ കഴിയുക പ്രയാസമായതിനാൽ അനന്തൻ കദ്രുമാതാവിനേയും സഹോദരഗണങ്ങളേയും വിട്ട് തപസ്സിനു പോയി. ഗന്ധമാദന പർവ്വതത്തിലും, ബദര്യാശ്രമത്തിലും , ഗോകർണ്ണത്തുമൊക്കെ പോയി. ഉഗ്ര തപസ്സു ചെയ്ത് വായു മാത്രം ഭക്ഷിച്ച് ഉഗ്രമായ തപസ്സു ചെയ്തതിന്റെ ഫലമായി ബ്രഹ്മാവു പ്രത്യക്ഷപ്പെട്ടു . തപസ്സു മതിയാക്കുന്നതിനു കല്പിച്ചു. ഈ തപസ്സുകൊണ്ട് പ്രജകൾക്ക് താപം ഉണ്ടാകുന്നതിന്നാൽ തപസ്സു നിർത്തി വരം വാങ്ങി സുഖമായി പാർക്കുമെന്ന് വിധാതാവു പറഞ്ഞു. അപ്പോൾ തപസ്റ്റു നിർത്തി അനന്തൻ പറഞ്ഞു.

ശത്രുക്കളെപോലെ കഴിയുന്ന ഭ്രാതാക്കളോടൊത്ത് ജീവിക്കാൻ പ്രയാസമാണ്. അതു കാണാതിരിക്കാൻ ഞാൻ തപസ്സുചെയ്തു ദേഹത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നു. ഗൃഹവാസം എന്നാൽ അസാധ്യമാണ്.ബ്രഹ്മദേവൻ അരുളി ചെയ്തു.ധർമ്മത്തിൽ നിന്റെ ചിത്തം നില്ക്കുന്നതു കൊണ്ട് നീ ധർമ്മിഷ്ഠനായി തന്നെ വരും . ഭ്രാതാക്കളെ ചൊല്ലി നീ ദുഃഖിക്കേണ്ട.മാതാവിന്റെ തെറ്റ് ഭ്രാതാക്കൾക്ക് വിപത്തായി തീർന്നതാണ്. ഇതെല്ലാം എനിക്ക് നേരത്തെ അറിയാം. ഇതൊക്കെ വിധിയാണ്. നീ ലോകത്തിനെന്നും നൻമചെയ്തുകൊണ്ട് സുഖമായി വസിക്കണം. പാതാളത്തിൽ ചെന്ന് ഭൂമിയെ ഇളകാതെ തലയിൽ താങ്ങികൊള്ളുക. നീ ഫണജാലം കൊണ്ട് ഭൂമിയെ താങ്ങുന്നതിനാൽ ധർമ്മദേവനായിതീരും. എല്ലാവരും നിന്നെ ദേവനായി കരുതി പൂജിക്കും. കൂടാതെ വിഷ്ണുപ്രിയനായി തീരും. പ്രളയ കാലത്ത് ബ്രഹ്മാണ്ഡം നശിച്ചാലും നീ ശേഷിക്കും. ഗരുഡനും നീയും ഒന്നിച്ചു തന്നെ ലോകനന്മചെയ്യണം . വിഷ്ണുവിന്റെ ശയനമായി നീയും വാഹനമായി ഗരുഡ നും കഴിയണം. നിങ്ങൾ സഹോദരൻമാർ കലഹിക്കാതെ മറ്റുള്ളവർക്കു മാതൃകയായി സഹായമായി കഴിയണം. ബ്രഹ്മാവിന്റെ അരുളപ്പാടു ശിരസ്സാവഹിച്ച് അനന്തൻ യാത്രയായി....

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment