ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 23

നാഗമാഹാത്മ്യം...

ഭാഗം: 23

32. ആസ്തിക മാഹാത്മ്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
രാജാജനമേജയൻ ആസ്തികന്റെ ഉപദേശം ശ്രവിച്ചു കൃതാർത്ഥനായി. അദ്ദേഹം യജ്ഞം അവസാനിപ്പിച്ച് അവ ഭ ഭൃതസ്നാനം (ഈ സ്നാനത്തോടു കൂടിയാണ് യജ്ഞം അവസാനിപ്പിക്കേണ്ടത്) ചെയ്തു. എല്ലാവരേയും യഥാവിധി യാത്രയാക്കി. സന്തോഷപുരസ്സരം ആസ്തികനെ ദാനങ്ങൾ നൽകി അയച്ചപ്പോൾ പറഞ്ഞു അശ്വമേധ യജ്ഞം നടത്താൻ ഉദ്ദേശമുണ്ട് . ആ സമയത്ത് അവിടുന്ന് എഴുന്നള്ളണം. വന്നകാര്യം സാധിച്ചതിൽ ആസ്തികന് വളരെ സന്തോഷമായി. ആ സന്തോഷവാർത്ത അമ്മയേയും അമ്മാവനേയും അറിയിക്കുന്നതിനായി മാതൃഗൃഹത്തിലെത്തി. രണ്ടുപേരും വാർത്ത കേട്ട് സന്തുഷ്ടരായി. എല്ലാവരും ഉണ്ണിയ്ക്ക് ആശീർവാദങ്ങൾ ചൊരിഞ്ഞു. നാഗങ്ങളെല്ലാം പ്രീതിപൂണ്ടു. ആസ്തികനോടു ആവശ്യമുള്ള വരം ചോദിക്കാൻ പറഞ്ഞു. വരം നല്കാൻ നാഗങ്ങൾ തയ്യാറായി. ആസ്തികൻ പറഞ്ഞു പ്രാതഃസന്ധ്യയ്ക്കും (പുലർകാലത്തും) സായഃസന്ധ്യയ്ക്കും (വൈകിട്ടും) എന്റെ (ആസ്തികന്റെ) ധർമ്മാഖ്യാനം ആര് ഓതുന്നുവോ അവർക്കും അതു ശ്രവിക്കുന്നവർക്കും വിഷഭയം ഉണ്ടാകാൻ പാടില്ല. അതായത് ആസ്തികനാണല്ലോ സർപ്പങ്ങളെ രക്ഷിച്ചത് . അതിനു പകരം സ്വന്തമായി ഒന്നും ആവശ്യപ്പെട്ടില്ല. മറ്റുള്ളവർക്ക് വേണ്ടി സ്വാർത്ഥത വെടിഞ്ഞ് വരം വരിക്കയാണുണ്ടായത്. അദ്ദേഹത്തെ വിചാരിക്കുന്നവർക്കും സ്തുതിക്കുന്നവർക്കും അതു കേൾക്കുന്നവർക്കും സർപ്പഭയം ഉണ്ടാകാൻ പാടില്ല. അങ്ങനെയുള്ള ഭക്തരെ സർപ്പം ദംശിക്കരുത്. അവരെ കാത്തു കൊള്ളണമെന്നർത്ഥം.

ഇതു കേട്ട വാസുകി പ്രസാദിച്ച് വരം നല്കി. നിന്റെ ആഗ്രഹം സഫലമാകട്ടെ! ഇരവും പകലും നിന്നെ (ആസ്തികനെ) ഓർമ്മിക്കുന്നവർക്ക് സർപ്പവിഷം ഏല്ക്കില്ല . ആസ്തീകമന്ത്രം കേട്ടിട്ടും സർപ്പം പിൻമാറിയില്ലങ്കിൽ ആ സർപ്പത്തിന്റെ തല നൂറായി പൊട്ടിത്തെറിക്കട്ടെ. എല്ലാവർക്കും സന്തോഷമായി.

സർപ്പങ്ങളെ രക്ഷിക്കുന്നതിനായി തന്നെയായിരുന്നു ആസ്തികന്റെ ജനനം. ജൻമോദ്ദേശം അദ്ദേഹം നിർവ്വഹിച്ചു. അതു മൂലം മാതാവായ ജരല്ക്കാരു ദേവിക്കും , പിതാവായ ജരല്ക്കാരു താപസനും കീർത്തി ലഭിച്ചു. കാലങ്ങൾ പിന്നിട്ടിട്ടും അവരുടെയൊക്കെ നാമത്തിന് ഒരു മങ്ങലും ഏല്ക്കാതെ ഈ കലികാലത്തിലെ വിശേഷകാലത്തും നിലനില്ക്കുന്നു . എന്നത് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ വർദ്ധിപ്പിക്കുന്നു. ജരല്ക്കാരുവിന്റെ പുത്രപ്രാപ്തികൊണ്ട് പിതൃക്കളും ശുദ്ധരായി. ദേവൻമാരും തൃപ്തരായി. നാഗങ്ങളും രക്ഷ പ്രാപിച്ചു. ഭൂലോകത്തുള്ളവർക്ക് സർപ്പ വിഷഭയത്തിനുള്ള മന്ത്രവും ലഭിച്ചു. ആസ്തികന്റെ ത്യാഗത്താൽ സർപ്പസത്രത്തിൽ എരിഞ്ഞു പോയ (ചാമ്പലായിപോയ) നാഗങ്ങൾക്കും മോക്ഷം ലഭിച്ചു . സത്യസർപ്പങ്ങളെ പാതാളത്തിൽ വാഴാൻ അനുവദിച്ചു. അല്ലാത്തവ അവരുടെ സൗകര്യം പോലെ വനങ്ങളിലും മലകളിലും ഭൂമിയിലെ പൊത്തുകളിലും വിലങ്ങുകളിലും വാണുകൊള്ളാൻ അനുവദിച്ചു..

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment