ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 63

നാഗമാഹാത്മ്യം...

ഭാഗം: 63

68. നാമമാഹാത്മ്യം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ഈ കലികാലത്ത് കലിദോഷങ്ങളിൽ നിന്നും മോചനം നേടാനുള്ള ഒരു രക്ഷാകവചമാണ് നാമകീർത്തനം , അഥവാ നാമജപം. സാധാരണയായി കുഞ്ഞുന്നാൾ മുതൽ ജപിക്കുന്ന നാമമാണ് രാമനാമം.

രാമരാമ രാമരാമ രാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

എന്നാണ് ജപിക്കുന്നത്. ഇങ്ങനെ ജപിച്ചു ജപിച്ചു വളരുമ്പോൾ കുഞ്ഞായ നാൾ മുതൽ മനം രാമനിൽ എത്തുന്നു. വളരും തോറും ശരീരത്തോടൊപ്പം ബുദ്ധിയും മനസ്സും വളരുന്നു. വളരേണ്ടതുമാണ് . അതോടൊപ്പം ഈശ്വര വിശ്വാസവും , ഭക്തിയും വളരുന്നു. ഈശ്വരനിൽ മനം സുദൃഢമാകുന്നു. ഈശ്വരനിൽ മനം വച്ചു കൊണ്ടുള്ള ഏതു കർമ്മവും സഫലമാകുന്നു.

കൗമാരയൗവനപ്രായങ്ങളിൽ മാനസികാവസ്ഥയ്ക്കു മാറ്റം വരുന്ന കാലമാണ്. ആ സമയം ജീവിത സൗധം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിൽ മനസ്സു വഴുതി പിടിവിട്ടുപോകുന്നു ചിലരുടെ പിടിവിട്ട മനസ്സ് ചിലപ്പോൾ അജ്ഞാനമാകുന്ന അ ന്ധകാരത്തിൽ പെട്ട് ഉഴലാൻ ഇടയാകുന്നു. എന്നാൽ ആ കാലഘട്ടത്തിലും ഈശ്വരനെ കൂട്ടുപടിച്ച് ഈശ്വര സഹായത്താൽ ജീവിതത്തിൽ മുന്നേറുന്നതിന് ബുധിമുട്ടുണ്ടാകുന്നില്ല . അ വൻ ജീവിതത്തിൽ തളരുമ്പോൾ ഈശ്വരന്റെ തണലിൽ വിശ്രമിക്കുന്നു. പിന്നെ പൂർവ്വാധികം ഉൻമേഷത്തോടെ ജീവിത ത്തിൽ മുന്നേറുന്നു. ഈശ്വരന്റെ ബലത്തിൽ അവന് ആശ്വാസം കിട്ടുന്നു. നാശം സംഭവിക്കുന്നില്ല. ചെയ്യുന്ന കർമ്മങ്ങൾ സഫലമാകുന്നു.

അങ്ങനെ രാമനാമ (ഈശ്വരനാമ) ത്തിന്റെ ബലത്തിൽ മനുഷ്യൻ മനുഷ്യനായി തീരാൻ സാധിക്കുന്നു. രാമ ശബ്ദം ദ്വയാക്ഷരബ്രഹ്മമാണ്, താരകബ്രഹ്മമാണ് , പരബ്രഹ്മത്തിന്റെ പര്യായശബ്ദമാണ്, സർവ്വവിദ്യയാണ്, അന്തർയ്യാമിയാണ്, വിദ്യാഭ്യാസ സ്വരൂപമാണ് , ആർക്കും പെട്ടെന്നറിയാൻ സാധിക്കാത്ത അവ്യക്തമായ ഭക്തിസ്വരൂപമാണ്, ജ്ഞാനസ്വരൂപമാണ്. ജ്ഞാനം കൊണ്ടേ അതറിയാൻ സാധിക്കൂ . അത് അറിവിന്റെ ആദ്യ അക്കമാണ്. ആ ഒന്നാണ് ഈശ്വരൻ. ഒന്നിന്റെ വലതു വശത്ത് എത്ര പൂജ്യമിട്ടാലും വലുതും ചെറുതുമായ സംഖ്യയുണ്ടാകും. ഈ സംഖ്യയുണ്ടാക്കുന്നതിന് ഒന്ന് കൂടിയേതീരൂ. ഒന്നില്ലെങ്കിൽ ഒന്നുമില്ല. ശൂന്യം. അതുപോലെയാണ് ഈ ജീവ ജഗത്തുണ്ടായത്. ഈശ്വരനും ജഗത്തും രണ്ടും ഈ നാമത്തിലടങ്ങിയിരിക്കുന്നു.

'രാ' എന്നാൽ ജഗത്ത്. 'മ' എന്നാൽ ഈശ്വരൻ. 'രാ’ എന്ന ജഗത്ത് മായയാണ്. ആ മായ മോഹിപ്പിക്കുന്നതാണ്. അതു മനുഷ്യനെ മോഹത്തിലാഴ്ത്തി അജ്ഞാനാന്ധകാരത്തിലേയ്ക്കു നയിക്കുന്നതാണ് . ഈശ്വരന്റെ മായാവിലാസം കൊണ്ടുണ്ടായ ത്രിഗുണാത്മക പ്രകൃതി മായാ ജഗത്താണ്. അതിലകപ്പെട്ടു പോയാൽ അന്ധകാരത്തിലകപ്പെട്ടതു തന്നെ.

അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു ദീപം കൂടിയേ തീരൂ. ആ ദീപമാണ് "മ" എന്ന ഈശ്വരൻ , ഈശ്വരൻ ജ്ഞാനമാണ്. പ്രകാശമാണ്. ആ ജ്ഞാനത്തിന്റെ പ്രകാശത്തിന്റെ (ഈശ്വരന്റെ) സഹായത്താൽ എത്ര വലിയ അന്ധകാരത്തിൽ നിന്നും രക്ഷപ്പെടാം. ജ്ഞാനം കൊണ്ടേ അതു സാധ്യമാകൂ . അപ്പോൾ ഈ 'രാ' എന്ന മായാ അതിൽ നിന്നും ലഭിക്കുന്ന സുഖ മെന്നു വിചാരിക്കുന്ന സുഖം (അത് യഥാർത്ഥസുഖമല്ല അതായത് ലൗകിക ജീവിതത്തിൽ നിന്നു കിട്ടുന്ന സുഖം) ദുഃഖമാണ്. ശരിയായ സുഖം ആത്മസുഖമാണന്നു മനസ്സിലാക്കി , തിന്റെ നിസ്സാരതയെ മനസ്സിലാക്കി അതിൽ നിന്നും പതുക്കെ പതുക്കെ മോചനം നേടി ഈശ്വരനെ ശരണം പ്രാപിക്കാൻ സാധിക്കുന്നു . ഈശ്വരശരണത്തിലെത്തിയാൽ പിന്നെ ജീവൻമുക്തിക്കുള്ള മാർഗ്ഗം തെളിയും. ഇതാണ് രാമനാമജപം കൊണ്ടുദ്ദേശിക്കുന്നത്.

ത്രിമൂർത്തികൾ പോലും സദാ ഈ നാമജപത്തിൽ മുഴുകി ധ്യാനനിരതരായി കാലം കഴിക്കുകയാണ്. പിന്നെ ജപിക്കുന്ന മറ്റൊരു നാമം കൃഷ്ണ നാമം. അത് പ്രകൃതി പുരുഷൻമാരുടെ ഏകനാമമാണ്. 'കൃഷ്' എന്ന ധാതു ആകർഷക സത്താവാചകമാണ്. 'ണ' എന്നത് നിർവൃതി വാചകമാണ്. ഇതിന്റെ ഐക്യം പരമാനന്ദ സ്വരൂപമായ ആകർഷക പരബ്രഹ്മം തന്നെയാണ് . സാധാരണ ജപിക്കുന്ന മഹാമന്ത്രമാണ്. ഈ രാമ കൃഷ്ണ എന്ന നാമങ്ങളുടെ സമ്മേളിതരൂപം. അതാണ് 32 അക്ഷരമുൾക്കൊള്ളുന്ന ഈ നാമം.

ഹരേ രാമ ഹരേ രാമരാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഈ നാമജപം വളരെ വളരെ മഹിമയുള്ളതാണ്. മാഹാത്മ്യമുള്ളതാണ്. അഖണ്ഡനാമയജ്ഞത്തിന് ഈ നാമമാണുപയോഗിക്കുന്നത്. ഇതിനെ മഹാമന്ത്രങ്ങളുടെ കൂട്ടത്തിലാണ് ഗണിച്ചിരിക്കുന്നത്. ഇതിലെ ശ്രവണകീർത്തനങ്ങൾ ഭക്ത ഹൃദയത്തിൽ ഭഗവത് ചൈതന്യം നിറയ്ക്കാൻ പര്യാപ്തമാണ്. അത് ഭഗവത് കടാക്ഷത്തിന്, ഈശ്വരകൃപയ്ക്ക് ആക്കം കൂട്ടുന്നു . ഭഗവാൻ ശ്രീരാധയുടേയും ശ്രീമാധവന്റേയും രൂപങ്ങൾ ധരിച്ച് വൃന്ദാവനത്തിൽ രാധാമാധവലീല ആടിയത് ഏകത്വത്തിന്റെ ദർശനമാണ്. രാധമൂലപ്രകൃതിയും ശ്രീ മാധവൻ പുരുഷനുമാണ്. ആ ഏക ബ്രഹ്മം പ്രകൃതിമാൻമാരിൽ നിലകൊണ്ട് രണ്ടായി രണ്ടു രൂപങ്ങൾ, രണ്ടു ശരീരങ്ങൾ സ്വീകരിച്ചു കൊണ്ടാണ് വൃന്ദാവനത്തിൽ ലീലകളാടിയത്. ഭഗവാന്റെ രാധാഭാവത്തിൽ നിന്ന് കൃഷ്ണനാമവും രാധാരമണ ഭാവത്തിൽ നിന്ന് (രാധയെ രമിപ്പിക്കുന്ന ഭാവത്തിൽ നിന്ന്) രാമനാമവുമുണ്ടായി. ഭഗവാന്റെ സന്തോഷദായിനിയും, ആഹ്ലാദസ്വരൂപിണിയുമായ രാധ കൃഷ്ണ ചിത്തത്തെ ഹരിച്ചിരുന്നതിനാൽ 'ഹരാ' എന്ന പേര് രാധയ്ക്കുണ്ടായി. 'ഹരാ' എന്നതിന്റെ സംബോധനാരൂപമാണ് ഹരേ', ഭഗവാൻ തന്റെ ഭക്തിയ്ക്ക് വിദ്യ (തത്ത്വജ്ഞാനം) പ്രദാനം ചെയ്തു കൊണ്ട് അവിദ്യ (അജ്ഞാനം) യേയും അതിൽ കൂടിയുണ്ടാകുന്ന മോഹതാപങ്ങളേയും അതിൽ നിന്നുള്ള പാപങ്ങളേയും ഹരിക്കുന്നതിനാൽ (ഇല്ലാതാക്കുന്നതിനാൽ) 'ഹരി' എന്ന പേരുണ്ടായി ഭഗവാന് . ഇപ്രകാരം രാമശബ്ദവും, കൃഷ്ണശബ്ദവും , ഹരേ ശബ്ദവുമെല്ലാം തന്നെ ബ്രഹ്മത്തിന്റെ പര്യായ വാചകമായി. താരകബ്രഹ്മമായി, മഹാമന്ത്രമായി.

മനുഷ്യനിലുള്ള ചൈതന്യം മായാവലയത്താൽ കെട്ടപ്പെട്ടിരിക്കുകയാണ്. നാമകീർത്തനത്തിന്റെ ശക്തികൊണ്ട് ക്രമേണ ആ കെട്ട് അയഞ്ഞയഞ്ഞ് ബലഹീനമായി പൊട്ടിപോകുന്നു. പിന്നെ ഈശ്വരനിലേയ്ക്കുള്ള ആകർഷണവലയം ദൃഢതരമാകുന്നു. ഈശ്വരശക്തിയ്ക്ക് അധീനമായി തീരുന്ന മനസ്സ് . ആ മനസ്സ് ആത്മാവിനെയറിയുന്നു. ആ ആത്മാവു കൊണ്ട് പരമാത്മാ ചൈതന്യം മനസ്സിലാകുന്നു. ഇതാണ് ആ നാമത്തിന്റെ മഹാമന്ത്രത്തിന്റെ മായാ ശക്തി.

നാമവും നാമിയും ശ്രേഷ്ഠം തന്നെയാണ്. എങ്കിലും നാമിയിൽ കാണുന്ന മഹത്വമാണല്ലോ നാമത്തിന്നാധാരം. അതിനാൽ നാമമാണ് ശ്രേഷ്ഠമെന്നും പക്ഷമുണ്ട്. നാമിയുടെ മഹത്തായ കൃപ കൊണ്ടാണല്ലോ നാമത്തിന് മഹിമയാർജ്ജിക്കാൻ കഴിയുന്നത്. ആ മഹിമയാണ് . മാഹാത്മ്യമാണ് നാമത്തിനുണ്ടാകുന്നത്. നാമിയുടെ മഹത് ശക്തി നാമത്തിൽ പൂർണ്ണമായും നിഹിതമായിരിക്കുന്നു വെന്ന് ശിഷ്ടാഷ്ടകത്തിൽ പറയുന്നുണ്ട്. ഒരു ഭക്തന്റെ ശുദ്ധമായ ഹൃദയത്തിൽ നിന്നുതിരുന്ന ശബ്ദ വീചികൾ (നാമത്തിന്റെ) ഭഗവാന്റെ കർണ്ണപുടങ്ങളിൽ പതിച്ചാൽ അദ്ദേഹത്തിന് പിന്നെ ഇരിക്കപൊറുതിയില്ല. അദ്ദേഹം ഭക്തചിത്തത്തെയറിഞ്ഞ് കടാക്ഷം ചൊരിയുന്നു. ഇതാണ് നാമത്തിന്റെ മഹാത്മ്യം. അജാമിളൻ പാപ സമ്പൂർണ്ണമായ ജീവിതം നയിച്ചിരുന്നിട്ടും നാരായണാ എന്നെ രക്ഷിക്കാനാരുമില്ലേ . ഓടി വരണേ എന്നു വിളിച്ചപ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടായില്ലേ? പാഞ്ചാലി കൗരവസഭയിൽ നിന്ന് കൃഷ്ണാ എന്നു നീട്ടി വിളിച്ചപ്പോൾ ദുശ്ശാസനന് അവൻ ഉദ്ദേശിച്ചപോലെ ദ്രൗപദിയെ വിവസ്ത്രയാക്കാൻ സാധിച്ചോ ? ഇല്ല.

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങളാണ് ആ നാ മ മാഹാത്മ്യത്തിനുള്ളത് ? ഇങ്ങനെയുള്ള ആവിഷ്ണുവിന്റെ മഹിമയറിയാൻ സാധിക്കാതെ ആ നാമമഹിമയറിയാൻ സാ ധിക്കാതെ വിഷ്ണുവാഹനമായ ഗരുഡൻ അഹംഭാവിയായി സ്വാമിയെ അശക്തനെന്നു വിചാരിച്ചില്ലേ? അതിന്റെ ഫലമെന്തുണ്ടായി ? ജ്ഞാനിയാണെങ്കിലും ഒരു കാകന്റെ വാക് ധോരണിയിൽ കൂടി ആ ഭക്തവത്സലനായ ഭഗവാന്റെ മാഹാത്മ്യം , ഭ ക്തി എന്നിവ മനസ്സിലാക്കാൻ ഇടയായില്ലേ? അങ്ങനെയറിഞ്ഞ പക്ഷീന്ദ്രന് സ്വയം ലജ്ജിതനാകാൻ ഇടയായില്ലേ? കഷ്ടം എന്റെ സ്വാമിയെ അറിയാൻ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടിവന്നില്ലേ! എന്നു തോന്നിയില്ലേ?

നാമത്തിന്റെ ഫലമായി ലഭിക്കുന്നത് പൂർണ്ണ ഭക്തിയാണ്. പ്രേമത്തിന്റെ പരാകാഷ്ഠയാണല്ലോ ആ പൂർണ്ണഭക്തി. ആ പ്രേമഭാവത്തിലെത്തിക്കഴിഞ്ഞാൽ ഭക്തനും ഭഗവാനും ഒന്നായിതീരുന്നു . ഇതാണ് പരമപ്രേമം. ഇതു മനസ്സിലാക്കിക്കഴിഞ്ഞാൽ ജീവിതസൗഭാഗ്യം തന്നെ.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ


No comments:

Post a Comment