ഭാഗം: 33
42. കാളിയമർദ്ദനം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പുരാണങ്ങളിൽ വളരെയധികം പ്രസിദ്ധിയാർജ്ജിചിരിക്കുന്ന കഥയാണ് കാളിയമർദ്ദനം. കാളിയൻ എന്ന സർപ്പം വിഷമുള്ള സർപ്പമാണ്. ആരേയും തരം കിട്ടിയാൽ കടിക്കുന്ന സ്വഭാവം. നല്ല അഹന്തയുള്ള സർപ്പം. അഹങ്കരിച്ചു തിമിർത്തു മദിച്ചു കഴിയുന്ന കാലം . ഗരുഡൻ നാഗങ്ങളെ കൊന്നൊടുക്കുന്ന കാലത്ത് നാഗാരിയിൽ നിന്നും കാളിയൻ രക്ഷപ്പെട്ടു നടക്കുകയായിരുന്നു. എങ്കിലും ഭയന്നാണ് കഴിഞ്ഞിരുന്നത്. ആരെ? വിനതാസുതനെ ? എന്തിന്, എപ്പോഴാണ് കൊല്ലാൻ വരുന്നത് എന്നു ഭയന്ന്.
അങ്ങനെ ഭയന്നിരിക്കെ ഒരു സംഭവമുണ്ടായി. സൗരഭി - എന്ന താപസൻ നിത്യം കാളിന്ദിനദിയിൽ കുളിച്ച് തർപ്പണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഒരു ദിവസം താപസൻ സ്നാനാന്തരം കയ്യിൽ വെള്ളമടുത്തു ജപിച്ചു നില്ക്കുമ്പോൾ ഗരുഡൻ അവിടെ വന്ന് ജലത്തിൽ നിന്നും മത്സ്യങ്ങളെയെടുത്ത് പറന്നുയരവേ ആ ജലത്തുള്ളികൾ അദ്ദേഹത്തിന്റെ കയ്യിലെ ജലത്തിൽ തെറിച്ചു അശുദ്ധമാക്കി ആ ജലം കണ്ട് നോക്കിയപ്പോൾ നാഗാരി പറന്നുപോകുന്ന കണ്ടു. താപസൻ ഉടനെ ഗരുഡനെ ശപിച്ചു . ഇനി മുതൽ കാളിന്ദിതീരത്ത് വന്നു ഇതുപോലെ ചെയ്താൽ നിന്റെ തല തെറിച്ചുപോകും. അതിൽ പിന്നെ പക്ഷിരാജൻ കാളിന്ദിയിലേയ്ക്ക് വരാതായി. ശാപഭയം കൊ ണ്ട്. ഇതറിഞ്ഞ കാളിയൻ ഭയം കൂടാതെ കാളിന്ദിതടവും കാളിന്ദിയും വാസസ്ഥാനമാക്കി. അവിടെ വസിച്ചു തുടങ്ങിയപ്പോൾ പുത്രദാരാദികളും അന്യസർപ്പങ്ങളും അവിടെ വന്ന് വാസം ഉറപ്പിച്ചു. കാളിന്ദിയിൽ ഗരുഡൻ വരികയില്ലല്ലോ ? ഭയക്കാതെ സ്വൈര്യമായി ജീവിക്കാമല്ലോ എന്നു കരുതി.
കാളിയന്റെ ഉപദ്രവത്താൽ കാളിന്ദീപുളിനം മരുഭൂമിയായി മാറി.വൃക്ഷലതാദികളും പക്ഷിമൃഗാദികളുമെല്ലാം സർപ്പത്തിന്റെ വിഷജ്വാലയേറ്റ് കരിഞ്ഞുപോയി (നശിച്ചുപോയി). അവിടെ തീരത്ത് ഒരു കടമ്പു മാത്രം പച്ച പിടിച്ചിരുന്നു. അതെന്തെന്നാൽ പക്ഷീന്ദ്രനായ ഗരുഡൻ അമ്മയുടെ ദാസ്യം ഒഴിക്കാൻ ദേവലോകത്തു നിന്ന് അമൃതകലശം കൊണ്ടു വരവേ വിശ്രമിക്കാനായി ആ കടമ്പിൻമേൽ അല്പം ഇരുന്നു . അപ്പോൾ അമൃതകലശം തുളുമ്പി അതിൻമേൽ അമൃതസ്പർശമുണ്ടായി. അമൃത് അമരമാക്കുന്നതാണല്ലോ? അതുകൊണ്ട് അമൃതസ്പർശത്താൽ ആ കടമ്പുമാത്രം ഉണങ്ങാതെ നിന്നിരുന്നു. അക്കാലത്ത് ഭഗവാൻ വിഷ്ണു കംസനിഗ്രഹാർത്ഥം , ദുഷ്ടനിഗ്രഹാർത്ഥം, ധർമ്മസംസ്ഥാപനാർത്ഥം ഭൂമിയിലവതരിച്ച് അമ്പാടിയിൽ നന്ദസൂനുവായി യശോദാ മാതാവിന്റെ പരിലാളനയേറ്റു പരിലസിക്കുന്ന കാലമായിരുന്നു.
ശ്രീകൃഷ്ണൻ തന്റെ ഉറ്റ ചങ്ങാതികളായ ഗോപബാലരോടും ഗോക്കളോടും ഒപ്പം ഒരു ദിവസം കാളിന്ദീതീരത്തു വന്നു.
ദാഹിച്ചപ്പോൾ പശുക്കളും ഗോപാലരും കാളിന്ദീജലം കോരികുടിച്ചു. അല്പസമയത്തിനുള്ളിൽ എല്ലാവരും വിഷനീർ കുടിച്ചതിനാൽ ബോധംകെട്ടു വീണുപോയി.അല്പനിമിഷങ്ങൾക്കുള്ളിൽ സഖാക്കളെ തേടി വന്ന ശ്രീകൃഷ്ണൻ ഈ കാഴ്ച കണ്ടു. അദ്ദേഹത്തിനു മനസ്സിലായി കാളിയനാണിതിനു ഹേതു . കാളിയന്റെ ഈ അഹങ്കാരം ശമിപ്പിച്ച് നല്ലവനാക്കണമെന്നു വിചാരത്തോടെ ഭഗവാൻ ആ കടമ്പു വൃക്ഷത്തിൽ കയറി കാളിയന്റെ സ്ഥാനം നോക്കി എടുത്തു പാടി കാളിയനെ പിടിച്ചു. എന്നാൽ കാളിയൻ ആളെ അറിയാതെ , കാര്യമറിയാതെ വേഗം ശ്രീകൃഷ്ണന്റെ ഉടൽതന്റെ ശരീരം കൊണ്ട് വേഷ്ടിച്ചു. അതായത് കാളിയൻ ഭഗവാന്റെ തിരുവുടലിൽ ചുറ്റി. അനങ്ങാൻ പാടില്ലാത്ത നിലയിലാക്കി. അപ്പോൾ ഭഗവാൻ എന്തു ചെയ്തുവെന്നോ!? മുമ്പ് അഘന്റെ വായിൽ വച്ച് വലുതായ പോലെ ശരീരം വലുതാക്കി. കാളിയന് ശ്വാസം പോലും വിടാൻ വയ്യാതായപ്പോൾ അയഞ്ഞു. തിരുവുടൽ ഉപേക്ഷിച്ചു. ആ തക്കം നോക്കി ശ്രീകൃഷ്ണൻ അവന്റെ മസ്തകത്തിൻമേൽ കയറി ഫണങ്ങളിൽ മാറിമാറി ന്യത്തം ചെയ്തു. നൃത്തം തുടർന്നപ്പോൾ കാളിയൻ തളർന്നു. മാഴ്കി തളർന്നവൻ കേണു. അങ്ങ് ആരെന്നറിയാതെ ഈ അജ്ഞൻ ചെയ്തപരാധം പൊറുക്കണം. അങ്ങ് ആരെന്ന് അറിയാറാകണം എന്നു പറഞ്ഞപ്പോൾ സർപ്പവധുക്കളും കാളിയനും പ്രത്യേകം പ്രത്യേകം ഭക്തിപാരവശ്യത്താൽ ഭഗവാനെ പാടി പുകഴ്ത്തി പ്രസാദിപ്പിച്ചു. അവരുടെ ഭക്തി കണ്ട് ഭഗവാൻ പ്രസാദിച്ച് അരുളി ചെയ്തു . കാളിന്ദിയിലെ വിഷജലം ശുദ്ധമാക്കി ജനങ്ങൾക്ക് ഉപയോഗപ്രദമാക്കണം. അതിന് നിങ്ങൾ ഇവിടം ഉപേക്ഷിച്ച് രമണകദ്വീപിൽ പോയി വസിച്ചു കൊള്ളുക. കാളിയൻ പ്രഭോ! അവിടെ ചെന്നാൽ വൈനതേയൻ ഞങ്ങളെയെല്ലാം ഭക്ഷണ മാക്കും. അതുകൊണ്ട് അങ്ങനെ കല്പിക്കരുത്. ശ്രീകൃഷ്ണൻ എന്റെ പാദചിഹ്നങ്ങൾ നീ തലയിൽ അണിയുന്നകാ ലം വരെ അവൻ നിന്നെ തൊടുകയില്ല. ഭയപ്പെടേണ്ട. അവിടെ ചെന്ന് വിനതാസുതനെ കണ്ടു കാര്യങ്ങൾ ഉണർത്തിച്ച് പരിവാരസമേതം അവിടെ സുഖമായി വസിച്ചുകൊള്ളുക . ഇതു കേട്ടകാളിയൻ പരിവാരസമേതം രമണകത്തിലേയ്ക്ക് പോയി. ഇപ്രകാരം കാളിയന്റെ ദർപ്പമടക്കി.
കാളിന്ദീജലം പരിശുദ്ധമാക്കി. ഉപയോഗപ്രദമാക്കി.ഇപ്രകാരം നോക്കിയാൽ പൗരാണിക ഗ്രന്ഥങ്ങളിൽ സർപ്പങ്ങളുമായി ബന്ധപ്പെട്ട അനേകാനേക കഥകൾ കാണാൻ കിട്ടും. ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് മനുഷ്യൻ അവന്റെ ഉത്ഭവ (ഉത്പത്തി) കാലം മുതൽ തന്നെ നാഗങ്ങളുമായുള്ള ബന്ധം പുരാണങ്ങൾ വിശദീകരിക്കുന്നുണ്ടെന്നാണ്. ഇവയിൽ കൂടി മനുഷ്യനുപകാരം ചെയ്യുന്നവയും അപകാരം ചെയ്യുന്നവയുമായ സർപ്പങ്ങളെ അറിയാൻ സാധിക്കുന്നു . വിഷമുള്ളവ മനുഷ്യനു ദോഷം ചെയ്യുന്നവയാണെങ്കിലും ചില പ്രത്യേക അവസരങ്ങളിൽ ഉപകാരവുമുണ്ട്. തക്ഷകൻ ചിത്രാംഗദനെ സമ്മാനിച്ചത് , കാർക്കോടകൻ നളന് ചെയ്ത ഉപകാരം തുടങ്ങിയ അനേകകഥകൾ ഉപകാരത്തിനുദാഹരണമാണ്. മനുഷ്യനാണ് മനുഷ്യന് ദോഷം ചെയ്യുന്നത്. അവന്റെ മഹത്വാകാംക്ഷ അവനെ കൊണ്ട് അതു ചെയ്യിക്കുന്നതാണ്. സർപ്പങ്ങൾ ഉദ്ദേശിക്കുന്നത്ര ദോഷകാരികളല്ല.
തുടരും...
ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ
മഹാബലായ നാഗാധിപതയേ നമഃ
No comments:
Post a Comment