ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം -3

നാഗമാഹാത്മ്യം...

ഭാഗം: 3

3. ചതുർമുഖൻ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അവിടെയെത്തിയപ്പോഴാണ് കാര്യം മനസ്സിലായത്. എന്തു ചെയ്യാം അദ്ദേഹം യോഗനിദ്രയിലാണ്. യോഗമായാ ദേവിയെ അകറ്റിയാലെ ഭഗവദ്ർശനം ലഭിക്കൂ എന്നു മനസ്സിലാക്കിയ അദ്ദേഹം യോഗമായയെ പ്രത്യക്ഷപ്പെടുത്താനായി ശ്രമം . ഭക്തിയോടെ നാമസങ്കീർത്തനത്താൽ ദേവിയെ സ്തുതിച്ചു. ദേവി പ്രത്യക്ഷമായി. ദേവിയുടെ രൂപം കണ്ട് ബ്രഹ്മാവ് ഭയന്നു. മുഖം തിരിച്ചു. എങ്ങോട്ടു നോക്കിയാലും ദേവി മുന്നിൽ തന്നെ . നാലു വശത്തേയ്ക്കും മുഖം തിരിച്ചതിനാൽ അന്നു തൊട്ട് ബ്രഹ്മാവ് ചതുർമുഖനായി ഭവിച്ചു. ദേവി അരുളിച്ചെയ്തു. പത്മജാ ! ഭയപ്പെടേണ്ട. ഇതാ എന്നേ നോക്കൂ. ദേവി സൗമ്യമായ രൂപം കാട്ടി നിന്നു. ഭയം നീങ്ങിയ പത്മജൻ ദേവിയോട് മധു കൈടഭൻമാരുടെ കാര്യമുണർത്തിച്ചു . ഭയപ്പെടേണ്ട , ഞാൻ അവരെ കൈകാര്യം ചെയ്തു കൊള്ളാമെന്നു പറഞ്ഞു ദേവി ജലത്തിലേയ്ക്കെടുത്തു ചാടി....

4. ഭൂമി മേദിനിയായത്
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
അനേകകാലം ദേവാസുരൻമാർ (ശ്രീ നാരായണനും മധുകൈടൻമാരും തമ്മിൽ) ജലത്തിൽ വച്ച് ഘോരയുദ്ധം നടന്നു. ആർക്കും ജയമോ തോൽവിയോ ഉണ്ടായില്ല. അസുരൻമാരുടെ വരബലവും, ആയുധശക്തിയും, യുദ്ധകൗശലവും , ദേഹബലവും, വീര്യശൗര്യങ്ങളുമെല്ലാം കണ്ട ഭഗവാന് അവർ നിസ്സാരൻമാരല്ലന്നു മനസ്സിലായി. അവരെ തോല്പിക്കുക അത്ര സുഖകരമല്ലെന്നു ബോധ്യമായി . ഭഗവാൻ വിചാരിച്ചു. ബലവീര്യം കൊണ്ട് ഇവരെ തോല്പിക്കുക സാധ്യമല്ല. കൗശലം കൊണ്ടേ അതു സാധിക്കൂ. നാരായണൻ അവരോടു പറഞ്ഞു. നിങ്ങളുടെ വീര്യശൗര്യബലത്തിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഞാൻ നിങ്ങൾക്ക് വരം തരാം എന്തുവരമാണു വേണ്ടത് ? ഞാൻ വരദാനതല്പരനാണ്. ചോദിച്ചു കൊൾക . ഇതുകേട്ട അസുരൻമാർ പറഞ്ഞു. കൊള്ളാം നല്ല കഥ. ഞങ്ങളോടു തോറ്റു നില്ക്കുന്ന നീ എന്തുവരമാണു തരാൻ പോകുന്നത് ? നിന്റെ വരം ആർക്കുവേണം? നിനക്കു വേണമെങ്കിൽ ഞങ്ങൾ അങ്ങോട്ടു വരം തരാം എന്താ ?

ഭഗവാൻ ശരി, ഞാൻ വരം വരിക്കുന്നു. എനിക്കു നിങ്ങളെ നിഗ്രഹിക്കാനാകണം. വരം കേട്ട അവർ ഞെട്ടിത്തരിച്ചു. അപ്പോൾ നമ്മുടെ മരണം തിട്ടം ചിന്തിച്ചു . എങ്കിലും പറഞ്ഞു ഞങ്ങൾക്ക് നിന്നോടു യുദ്ധം ചെയ്തു മതിയായില്ല. വീണ്ടും യുദ്ധം ചെയ്യണം. ഭഗവാൻ ഇല്ല , അതു സാധ്യമല്ല വരം വരിച്ചു കഴിഞ്ഞു. ഇനിയും നിങ്ങൾക്ക് അങ്ങനെയാഗ്രഹമുണ്ടെങ്കിൽ ഒരുകാര്യം ചെയ്യാം. നിങ്ങൾ ഒരിക്കൽ കൂടി ഭൂമിയിൽ ജനിക്കണം. അന്ന് ഞാനും പിറക്കാം . അന്ന് വീണ്ടും ഏറ്റുമുട്ടാം. ഞാൻ ശ്രീരാമനായി അവതരിച്ച് മധുവിനോടു യുദ്ധം ചെയ്തുകൊല്ലും. എന്റെ മറ്റൊരു രൂപമായ അനന്തമൂർത്തി ലക്ഷ്മണനായവതരിച്ച് കൈടഭനോടേറ്റു മുട്ടി അവനെ കൊല്ലും. അന്നു നിങ്ങൾക്കു സായൂജ്യം ലഭിക്കും. ഇപ്പോൾ ഞാൻ നിങ്ങളെ വധിക്കും.

അസുരർ അപേക്ഷിച്ചു. ഭഗവാനേ! ഈ ജലത്തിലും ആകാശത്തിലും വച്ചു കൊല്ലരുതേ , ആ അഭ്യർത്ഥനമാനിച്ച് ഭഗവാൻ വിശ്വരൂപമെടുത്തു രണ്ടു തുടയിലും വച്ച് രണ്ടുപേരേയും വധിച്ചു . അവരുടെ മേദസ്സിനെ ഭൂമിയിലിട്ടുറപ്പിച്ചു. അന്നുതൊട്ട് ഭൂമിയ്ക്ക് മേദിനി എന്ന പേരുണ്ടായി. (ഭൂമിക്ക് മേദിനി എന്ന പേരു കൊടുത്തു.)

മധുകൈടഭൻമാരിൽ നിന്നു ബ്രഹ്മാവിനെ രക്ഷിച്ചു. താനല്ലാതെ സൃഷ്ടിക്കാരുണ്ട് എന്ന അഹങ്കാരം ശമിപ്പിച്ചു. മധു കൈടഭൻമാരുടെ അഹങ്കാരവും ശമിപ്പിച്ചു . ഭഗവാൻ യോഗനിദ്രയിലാണ്ടു. (അതനുസരിച്ച് ത്രേതായുഗത്തിൽ ശ്രീ നാരായണൻ ശ്രീരാമനായവതരിച്ചപ്പോൾ മധുഖരനായി പിറന്നു സീതാന്വേഷണാർത്ഥം വനത്തിൽ സഞ്ചരിച്ചപ്പോൾ ശ്രീരാമൻ ഖരനെ കണ്ടുമുട്ടി. യുദ്ധം ചെയ്തു അവനു മോക്ഷം നല്കി. അനന്തമൂർത്തി ലക്ഷ്മണനായവതരിച്ച് കൂടെയുണ്ടായിരുന്നു . രാവണവധത്തിന് ലങ്കയിലെത്തിയപ്പോൾ കൈടഭൻ അവിടെ അതികായനായ് ജൻമമെടുത്ത് യുദ്ധത്തിനെത്തി. ലക്ഷ്മണൻ അവനെ യുദ്ധത്തിൽ നിഗ്രഹിച്ചു...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment