ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

30 July 2023

നാഗമാഹാത്മ്യം - 67

നാഗമാഹാത്മ്യം...

ഭാഗം: 67

71. കാളിയമർദ്ധനം 
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
 കാളിയൻ എന്ന സർപ്പം കാളിന്ദി നദിയിലായിരുന്നു വസിച്ചിരുന്നത്. തന്റെ ശത്രുവായ ഗരുഡൻ അവിടെ പ്രവേശിക്കില്ല എന്ന ധൈര്യത്തോടെയായിരുന്നു കാളിയൻ വസിച്ചിരുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട്. പണ്ട് കാളിന്ദി നദിയുടെ മുകളിൽ കൂടി പറന്ന ഗരുഡന്റെ ശക്തമായ ചിറകടിമൂലം വെള്ളവും അതിലുണ്ടായിരുന്ന മത്സ്യങ്ങളും മുകളിലേയ്ക്ക് ഉയരുകയും സൗഭരീ മുനിയുടെ ശരീരത്തിൽ പതിക്കുകയും ചെയ്തു . ഇതിൽ കോപിഷ്ഠനായ മുനി ഗരുഡനെ ഇനി കാളിന്ദിനദിയുടെ മുകളിലൂടെ പറന്നാൽ തലപൊട്ടിത്തെറിക്കുമെന്ന് ശപിച്ചു. അതിനുശേഷം ഗരുഡൻ അതുവഴി പറക്കാതെയായി. ഈ ഒറ്റകാരണം കൊണ്ട് കാളിയൻ ധൈര്യപൂർവ്വം കാളിന്ദിയിൽ വസിച്ചു.

ഒരു നാൾ കൃഷ്ണനും, ബലരാമനും , ഗോപാലൻമാരുമൊത്ത് കാളിന്ദീ തീരത്തെത്തി. കാളിയന്റെ വിഷമേറ്റ് ആ പ്രദേശത്തെ വൃക്ഷങ്ങൾ ഉണങ്ങുകയും മൃഗങ്ങളും, പക്ഷികളും ചത്തുവീഴുകയും ചെയ്തു. അവിടത്തെ ജലം കുടിച്ച ഗോക്കളെല്ലാം മൃത്യുയടഞ്ഞു. ഇതുകണ്ട കണ്ണൻ അവരെയെല്ലാം തന്റെ മായയാൽ പുനർജീവിപ്പിച്ചു . ഇതിനെല്ലാം കാരണം കാളിയന്റെ വിഷമാണെന്ന് മനസ്സിലാക്കിയ കൃഷ്ണൻ അവിടെ നിന്ന ഒരു കടമ്പു വൃക്ഷത്തിന്റെ മുകളിൽ കയറി ചുറ്റുപാടും നോക്കി കാളിയന്റെ താമസം എവിടെയാണെന്ന് കണ്ടുപിടിച്ചു. ഉടൻ തന്നെ കണ്ണൻ നദിയിലേയ്ക്ക് എടുത്തു ചാടി. ഇതറിഞ്ഞ കാളിയൻ കണ്ണനെ വരിഞ്ഞുമുറുക്കുവാൻ തുടങ്ങി. കണ്ട് നിന്ന ഗോപാലന്മാർ ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

എന്നാൽ കണ്ണൻ കാളിയന്റെ ചുറ്റുകൾ ഓരോന്നായി അഴിച്ച് അവന്റെ ശിരസ്സിൽ കയറി നിന്ന് നൃത്തം ചെയ്യാൻ ആരംഭിച്ചു. കാളിയൻ കൃഷ്ണനെ ഉപദ്രവിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല . ഈ കാഴ്ച കണ്ട ദേവന്മാരും , മഹർഷിമാരും ആകാശത്തു നിന്ന് പൂക്കൾ വർഷിക്കാൻ തുടങ്ങി. ദേവസ്ത്രീകളും, ഗോപികമാരും ഭക്തിപൂർവ്വം കൃഷ്ണനെ നോക്കിനിന്നു.

കണ്ണന്റെ ഏറെ നേരത്തെ നൃത്തം കൊണ്ട് കാളിയൻ മയങ്ങിത്തുടങ്ങി. കാളിയന്റെ ജീവനാപത്തുസംഭവിക്കു മെന്ന് ഭയന്ന അവന്റെ പത്നിമാർ കൃഷ്ണനെ സ്തുതിച്ചു.കരുണാമയനായ ആ കാരുണ്യവാൻ കാളിയന്റെ ശിരസ്സിൽ നിന്ന് താഴെയിറങ്ങി ആ പത്തിയിൽ തലോടി. ആ തലോടലോടെ കാളിയന്റെ മയക്കം അവസാനിച്ചു . കാളിയൻ പറഞ്ഞു അല്ലയോ ഭഗവാനെ എന്നോട് ക്ഷമിക്കൂ എന്റെ ജന്മനാ ഉള്ള സ്വഭാവം കൊണ്ടാണ് ഞാൻ എല്ലാപേരെയും ഉപദ്രവിച്ചത്. അവിടുന്ന് എന്നോട് ക്ഷമിച്ചാലും. ഇതുകേട്ട ഭഗവാൻ പറഞ്ഞു നിന്നപ്പോലെ ഉഗ്രവിഷമുള്ള സർപ്പം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് വസിക്കുന്നത് ഉചിതമല്ല. ആയതിനാൽ നീ സമുദ്രമധ്യത്തിലുള്ള രമണകം എന്ന ദ്വീപിൽ പോയി വസിക്കുക . അവിടെ നിന്നെ ആരും ഉപദ്രവിക്കുകയില്ല. മാത്രമല്ല എന്റെ കാൽപ്പാടുകൾ ശിരസ്സിൽ ഉള്ളതുകൊണ്ട് ഗരുഡനും നിന്നെ ഉപദ്രവിക്കുകയില്ല. ഭഗവാന്റെ വാക്കുകൾ ശിരസ്സാ വഹിച്ച കാളിയനും പരിവാരങ്ങളും അവിടെ നിന്ന് യാത്രയായി.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment