ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 20

നാഗമാഹാത്മ്യം...

ഭാഗം: 20

29. ഉത്തങ്കന്റെ സർപ്പസത്രപ്രേരണ
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
പരീക്ഷിത്തു രാജന്റെ പുത്രൻ ജനമേജയൻ സോദരൻമാരോടുമൊത്തു കുരുക്ഷേത്രത്തിൽ വച്ച് ദീർഘസത്രം ( ദീർഘനാൾ നീണ്ടു നില്ക്കുന്ന സത്രം) നടത്തി. അവർ സത്രം നടത്തി പോരുമ്പോൾ ഒരു സാരമേയം (ഇന്ദ്രന്റെ വളർത്തുപട്ടിയായ സരമ ) അവിടെ കടന്നു ചെന്നു. രാജാവിന്റെ സോദരൻമാർ അതിനെ അടിച്ചു. സരമ അതു അമ്മയോടു പറഞ്ഞു . ഞാൻ ഒരു തെറ്റും ചെയ്തില്ല. ഹവിസ്സ് നക്കുകയയോ നോക്കുകയോ ചെയ്തില്ല. എന്നിട്ടും അടിച്ചു. അമ്മ കോപിച്ചു കൊണ്ട് സത്രസ്ഥലത്തു ചെന്നു. എന്തിനാണു സത്മയ ശകാരിച്ചടിച്ചതെന്ന് ചോദിച്ചു. ആരും ഒന്നും മിണ്ടിയില്ല. കുറ്റം ചെയ്യാത്തവനെ ശിക്ഷിച്ചതുകൊണ്ട് നിനക്ക് അദൃഷ്ടഭയം (നിന ച്ചിരിക്കാത്ത ഭയം) ഉണ്ടാകട്ടെ എന്നു ശപിച്ചു. ജനമേജയന് സംഭ്രമവും വിഷാദവുമുണ്ടായി. അദ്ദേഹം പാപശാന്തിക്കു കർമം ചെയ്യാൻ പറ്റുന്ന ഒരു പുരോഹിതനെ അന്വേഷിച്ചു നടന്നു . തന്റെ രാജ്യത്തെ ഒരാശ്രമത്തിൽ കണ്ട മഹർഷിയോടു പുത്രനെ പുരോഹിതസ്ഥാനത്തു കിട്ടാൻ അപേക്ഷിച്ചു. മഹാ ദേവകൃത്യയെയൊഴിച്ചുള്ള എല്ലാ പാപങ്ങളും ഇവൻ ഇല്ലാതാക്കും എന്നു പറഞ്ഞു. പുത്രനെ കൂടെ വിടാൻ തയ്യാറായി. ജനമേജയൻ അദ്ദേഹത്തെ ഉപാദ്ധ്യാനനായിട്ടു വരിച്ചു കൂടെ കൂട്ടി കൊണ്ടുപോയി. അവിടെയെത്തി സോദരൻമാരോടു പറഞ്ഞു ഇദ്ദേഹം ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊടുക്കണം. അദ്ദേഹത്തെ സോദരൻമാരെ ഏല്പിച്ചു തക്ഷശിലയ്ക്കു പുറപ്പെട്ടു അവിടം കീഴടക്കി.

അക്കാലത്ത് ആപോദന്റെ പുത്രനായ ധൗമ്യനെന്ന മഹർഷിക്കു പ്രഗത്ഭവരായ മൂന്ന് ശിഷ്യൻമാരുണ്ടായിരുന്നു. ആരുണി, ഉപമന്യു , വേദൻ. അവർ വളരെ സമ്മതരായിരുന്നു. ഗുരു ഉപാദ്ധ്യായൻ വേദനോടൊരിക്കൽ കല്പിച്ചു . (ആരുണി, ഉപമന്യു ഇവരുടെ കാര്യം ഇവിടെ പ്രസക്തമല്ല) ഉണ്ണീ, വേദ എന്റെ ഗൃഹത്തിൽ താമസിച്ച് കുറച്ചുനാൾ എന്നെ ശുശ്രൂഷിക്കണം. നിനക്കു നല്ല ശ്രേയസ്സുണ്ടാകും . അവൻ അനേകകാലം അവിടെ താമസിച്ച് ഒന്നിനും പ്രതികൂലഭാവം കാണിക്കാതെ ഗുരുവിന്റെ സന്തോഷം സമ്പാദിച്ചു. ഗുരുപ്രസാദം കൊണ്ട് ശ്രേയസ്സും സർവ്വജ്ഞത്വവും സമ്പാദിച്ചു.

അവൻ പഠനം കഴിഞ്ഞ് ആചാര്യന്റെ സമ്മതപ്രകാരം ഗുരുകുലം വിട്ടു. സമാവർത്തനം ചെയ്ത് ഗൃഹസ്ഥാശ്രമം സ്വീകരിച്ചു. സ്വഗൃഹത്തിൽ അദ്ദേഹത്തിനും ശിഷ്യൻമാരുണ്ടായി. ഉത്തങ്കൻ (അഥവാ ഉതങ്കൻ എന്നും പറയുന്നുണ്ട്) . അതിൽ പ്രധാനിയായി കുറച്ചുകാലം കഴിഞ്ഞപ്പോൾ വേദനെ രാജാജനമേജയനും പൗഷ്യരാജാവും ചെന്ന് ഉപാദ്ധ്യായനനായി വരിച്ചു.

ഒരിക്കൽ വേദൻ ഗൃഹം വിട്ടു പോകുമ്പോൾ ശിഷ്യനായ ഉത്തങ്കനോടു ഗൃഹത്തിൽ വല്ല ന്യൂനതയും വന്നാൽ അതു തീർക്കണം എന്നു പറഞ്ഞിരുന്നു. അദ്ദേഹം ഗുരുവിന്റെ കല്പന ശിരസ്സാവഹിച്ചിരുന്നു. ഒന്നിനും ഒരു കുറവും വരുത്തിയിരുന്നില്ല. അക്കാലത്ത് ഗുരുപത്നിക്ക് ഋതുകാലമായി . ഗൃഹത്തി ലുള്ളവർ ഉത്തങ്കനെ വിളിച്ചു പറഞ്ഞു. ഗുരു ഇവിടെയില്ല. ഗുരു പത്നിയുടെ ഋതു നിഷ്ഫലമാകാതെ നീ പ്രവർത്തിക്കണം. ഉത്തങ്കൻ ആര് എന്തു പറഞ്ഞാലും ഈ അകൃത്യം ചെയ്യാൻ ഞാൻ തയ്യാറല്ല. എന്റെ ഗുരു കല്പിക്കാത്ത ഒരു കൃത്യവും ചെയ്യില്ല ഞാൻ. പിന്നെ ഗുരു ആജ്ഞാപിച്ചാൽ അകൃത്യവും ചെയ്യാവുന്നതാണ്. ഈ പറഞ്ഞ സമയത്ത് ഗുരു എത്തിച്ചേർന്നു . ശിഷ്യന്റെ വാക്കുകൾ കേട്ട് അദ്ദേഹം സന്തുഷ്ടനായി. ഗുരു സന്തോഷിച്ച് ശിഷ്യനോടു പറഞ്ഞു.നിനക്കെന്തിഷ്ടമാണു ഞാൻ ചെയ്യേണ്ടത്. നീ ധർമ്മപ്രകാരം എന്റെ ഇഷ്ടം നിറവേറ്റിതന്നു. നിന്നോടുള്ള പ്രീതിയും വർദ്ധിച്ചിരിക്കുന്നു. നിനക്കു പോകാം.

അക്കാലത്തെ ആചാരപ്രകാരം ഗുരുഗൃഹം വിട്ടുപോകുമ്പോൾ ഗുരു ദക്ഷിണ കഴിച്ചുവേണം പോകാൻ. അത് ഗുരു ആവശ്യപ്പെടുന്ന ദക്ഷിണയാണു കൊടുക്കേണ്ടത്. അതാണ് കീഴ്വഴക്കം . അതനുസരിച്ച് ഉത്തങ്കൻ ചോദിച്ചു. ഞാൻ ഗുരുദക്ഷിണയായി എന്താണ് തരേണ്ടത് (ചെയ്യേണ്ടത്) അരുളി ചെയ്താലും. പലപ്രാവശ്യമിതാവർത്തിച്ചപ്പോൾ ഗുരു പറഞ്ഞു അകത്ത് ചെന്ന് ഗുരുപത്നിയോടു ചോദിക്കൂ. അവരുടെ ഇഷ്ടം പോലെ ചെയ്യുക. ഇതു കേട്ട ഉത്തങ്കൻ ഗുരുപത്നിയോടു ചോദിച്ചു. എന്താണു ഗുരു ദക്ഷിണ വേണ്ടതെന്നു കല്പിക്കണം. ഗുരുപത്നി പൗഷ്യരാജാവിന്റെ അടുക്കൽ പോയി അദ്ദേഹത്തിന്റെ ഭാര്യയായ ക്ഷത്രിയസ്ത്രീ ധരിച്ചിരിക്കുന്ന കുണ്ഡലങ്ങൾ യാചിച്ചു കൊണ്ടു വരണം . ഇന്നേയ്ക്ക് നാലാം നാൾ പുണ്യ കർമ്മമാണ്. അന്ന് ആ കുണ്ഡലങ്ങൾ അണി ഞ്ഞു ബ്രാഹ്മണർക്ക് സദ്യവിളമ്പണം.

ഉത്തങ്കൻ പുറപ്പെട്ടു വഴിക്ക് ഒരു കാളയേയും അതിന്റെ പുറത്തിരിക്കുന്ന പുരുഷനേയും കണ്ടു. അയാൾ ഉത്തങ്കനെ വിളിച്ച് ചാണകം ഭക്ഷിക്കാൻ പറഞ്ഞു. നിന്റെ ഉപാദ്ധ്യായ നനും ഭക്ഷിച്ചിട്ടുണ്ട് എന്നു കേട്ട് അദ്ദേഹം കാളയുടെ ചാണകവും ഗോമൂത്രവും ഭക്ഷിച്ചു . നിന്നുകൊണ്ടു തന്നെ ആചമനം ചെയ്തു വേഗം നടന്നു.പൗഷ്യരാജാവിന്റെ സമീപം ചെന്നു പറഞ്ഞു ഞാൻ അതിഥിയാണ്. ഗുരുദക്ഷിണയ്ക്കായി ഭാര്യ യുടെ കുണ്ഡലങ്ങൾ തന്നാൽ കൊള്ളാം.പൗഷ്യൻ അന്തഃപുരത്തിൽ ചെന്ന് അർത്ഥിക്കുക എന്നു പറഞ്ഞു അകത്തേയ്ക്കു വിട്ടു.

ഉത്തങ്കനെ സൽക്കരിച്ചു ഭക്ഷണം നല്കി. അത് തണുത്തതും മുടിയുള്ളതുമായ ചോറായിരുന്നു. അതുകൊണ്ട് ഉത്തങ്കൻ രാജാവിനെ ശപിച്ചു . അന്ധനെ പോലെ പെരുമാറിയതിനാൽ അന്ധനാകട്ടെ. രാജാവ് പ്രതിശാപം കൊടുത്തു. അങ്ങ് അനപത്യനായി തീരും.

രാജാവ് ഉത്തങ്കനെ പ്രസാദിപ്പിച്ച് ശാപം പിൻവലിച്ചു. ഉത്തങ്കന് തപസിദ്ധിയുള്ളവനായതിനാൽ ശാപം ഫലിച്ചു . എങ്കിലും അദ്ദേഹം പറഞ്ഞു. അന്ധനായാൽ ഉടൻ തന്നെ വീണ്ടും കാഴ്ച ലഭിക്കും. കാഴ്ച ലഭിച്ചു പൗഷ്യന്.

കുണ്ഡലങ്ങൾ വാങ്ങി കൊണ്ട് ഉത്തങ്കൻ പുറപ്പെട്ടു. എന്നാൽ കുറെ ദൂരം ചെന്നപ്പോൾ ഇടയ്ക്കിടയ്ക്ക് ഒരു ബുദ്ധസന്യാസിയെ കാണും. പിന്നെ കാണില്ല. ഇങ്ങനെ കുറെ ദൂരം ചെന്നപ്പോൾ കുണ്ഡലങ്ങൾ താഴെവച്ച് നദിയിലിറങ്ങി ജലസ്പർശം ചെയ്തു വന്നു . കുണ്ഡലങ്ങൾ കണ്ടില്ല. ആളെ കണ്ട് പുറകെ ചെന്നു അത് തക്ഷകനായിരുന്നു. ബുദ്ധസന്യാസിയുടെ വേഷത്തിൽ വന്ന് കുണ്ഡലങ്ങൾ അപഹരിച്ച് ഒരു വിലത്തിൽ കൂടി നേരെ നാഗലോകത്തേയ്ക്ക് പോയി. ഉത്തങ്കൻ ആ വിലത്തെ കുഴിച്ചു നോക്കി. സാധിച്ചില്ല. അപ്പോൾ ഇന്ദ്രൻ തന്റെ വജ്രായുധം വിട്ടയച്ച് കുഴിയുണ്ടാക്കി കൊടുത്തു. ഉത്തങ്കൻ അതിൽ നാഗലോകത്തെത്തി. നാഗങ്ങളെ സ്തുതിഗീതത്താൽ പ്രസാദിപ്പിച്ചു . എന്നിട്ടും തക്ഷകനിൽ നിന്ന് കുണ്ഡലം കിട്ടിയില്ല. അങ്ങനെ നില്ക്കുമ്പോൾ നെയ്തുകോലിൽ നൂലുക്കേറ്റി വസ്ത്രം നെയ്യുന്ന സ്ത്രീകളെ കണ്ടു. ആ യന്ത്രത്തിൽ കറുത്തും വെളുത്തുമുള്ള നൂലുകളും ആറു കുമാരൻമാർ ചുറ്റിക്കുന്നതും പന്ത്രണ്ടരങ്ങളുള്ള ചക്രവും കണ്ടു. കൂടാതെ ഒരു പുരുഷനേയും ഒരു കുതിരയേയും കണ്ടു. അവൻ മന്ത്രങ്ങളെ കൊണ്ട് അവരെ സ്തുതിച്ചു . അതിനുശേഷം ആ പുരുഷൻ ഉത്തങ്കനോടു പറഞ്ഞു. ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു. നിനക്കെന്താണു ഞാൻ ചെയ്യേണ്ടത് എന്നറിയിച്ചു കൊൾക.

ഉത്തങ്കൻ നാഗങ്ങൾ എനിക്കു സ്വാധീനമാകണം. പുരുഷൻ പറഞ്ഞു ഈ കുതിരയുടെതിരയേയും ഗുദദ്വാരത്തിലൂടെ ഊതികൊൾക . ഉത്തങ്കൻ കുതിരയുടെ ഗുദദ്വാരത്തിലൂടെ ഊതിയപ്പോൾ അവിടം മുഴുവൻ പുകകൊണ്ടു നിറഞ്ഞു. കുതിരയുടെ സർവ്വദ്വാരങ്ങളിൽ നിന്നും അഗ്നിജ്വാലകൾ പുറപ്പെട്ടു.

നാഗലോകം പുകഞ്ഞു തുടങ്ങിയപ്പോൾ തക്ഷകൻ പുറത്തു വന്നു. ഉത്തങ്കന് കുണ്ഡലങ്ങൾ കൊടുത്തു ഉത്തങ്കൻ അതു കിട്ടിയപ്പോൾ ഓർത്തു ഇന്നാണല്ലോ ആ പുണ്യ ദിനം. അവിടെ എങ്ങനെ എത്തും. ഉത്തങ്കൻ ചിന്തയിൽ നില്ക്കുന്നതു കണ്ട പുരുഷൻ പറഞ്ഞു . ഉത്തങ്കാ! എനിക്കു താങ്കളുടെ വിഷമം മനസ്സിലായി. വേഗം ഈ കുതിരപ്പുറത്തു കയറൂ. കുതിര അവിടെ എത്തിക്കും ശീഘ്രം. കുതിരപ്പുറത്തേറി ഗുരുകുലത്തിലെത്തി. ഉപാദ്ധ്യായനിയെ വന്ദിച്ചു കുണ്ഡലങ്ങൾ നല്കി. പിന്നെ ഗുരുവിനെ വന്ദിച്ചു. എന്താണു താമസിച്ചതെന്ന് ഗുരു ചോദിച്ചപ്പോൾ നടന്ന കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കേൾപ്പിച്ചു. പിന്നെ ചോദിച്ചു . ആ കാള ആരാണ്? കാളപ്പുറത്തിരുന്ന് എന്നെ ചാണകം തീറ്റിച്ച പുരുഷൻ ആരാണ് ? നാഗലോകത്ത് ഞാൻ കണ്ട സ്ത്രീകളും ആറു കുമാരൻമാരും , പുരുഷനും കുതിരയുമൊക്കെ ആരാണ്. ഇതൊക്കെ അവിടന്ന് പറഞ്ഞു തന്നാൽ കൊള്ളാം. ഗുരു പറഞ്ഞു. ആ രണ്ടു സ്ത്രീകൾ ധാതാവും വിധാതാവുമാണ്.കറുത്തും വെളുത്തുമുള്ള നൂലുകൾ രാവും പകലുമാണ്. ആറു കുമാരൻമാർ ആറു ഋതുക്കളാണ്. പന്ത്രണ്ടരമുള്ള ചക്രം സംവത്സരവുമാണ്. ആ പുരുഷൻ പജ്ജർന്യനാണ്. കുതിര അഗ്നി ദേവൻ . വഴിക്കു കണ്ട കാള നാഗരാജാ ഐരാവതമാണ്. അതിന്റെ പുറത്തിരുന്ന പുരുഷൻ ഇന്ദ്രനാണ്. നീ ഭക്ഷിച്ച ചാണകം അമൃതാണ്. അതുകൊണ്ടാണ് നാഗലോകത്തു നിനക്കു രക്ഷ കിട്ടിയത്. ആ ഇന്ദ്രൻ എന്റെ സഖിയാണ്. അതാണ് എന്റെ ശിഷ്യനായ നിന്നോടു കൃപകാണിച്ചത്. അതുകൊണ്ടാണ് കുണ്ഡലം തിരികെ കിട്ടിയത്.

അദ്ദേഹം ശിഷ്യനെ അനുഗ്രഹിച്ചു വിട നല്കി. എന്നാൽ ഉത്തങ്കൻ ഗുരുഗൃഹത്തിൽ നിന്നും പുറപ്പെട്ടു സ്വഗൃഹത്തിലേയ്ക്കല്ല പോയത് , നേരെ ഹസ്തിനപുരത്തേയ്ക്ക ണ് പോയത്. അവന്റെ മനസ്സിൽ തക്ഷകനോടുള്ള പകയും കോപവും കത്തിക്കാളി തക്ഷകനേയും വംശത്തേയും നശിപ്പിക്കാനുള്ള വ്യഗ്രതയുണ്ടായി. രാജാവിനോടു സംഭാഷണമദ്ധ്യേ അറിയിച്ചു . തക്ഷകൻ മഹാസൂത്രശാലിയാണ്. നോക്കു അങ്ങയുടെ പിതാവിനെ സൂത്രത്തിൽ കൊന്നില്ലേ ? അച്ഛന്റെ മരണഹേതുവായ ശത്രുവിനെ സംഹരിക്കുന്നത് ധർമ്മം മാത്രമാണ്. അങ്ങ് ഒട്ടും വൈകിക്കാതെ സർപ്പസത്രം നടത്തി തക്ഷകനേയും തക്ഷകന്റെ വംശത്തേയും (സർപ്പവംശത്തേയും) നശിപ്പിക്കണം (സംഹരിക്കണം). രാജാവിനെ രക്ഷിക്കാൻ വന്ന കശ്യപനെ തിരിച്ചയച്ചില്ലേ? സർപ്പസത്രം കൊണ്ട് തക്ഷകനോടു പകരം വീട്ടി കൃതകൃത്യനാകുക. എന്നിങ്ങനെ പറഞ്ഞ് രാജാവിന്റെ പകയെ ആളികത്തിച്ച് സ്വന്തം പകയെ ജ്വലിപ്പിച്ചു . തക്ഷകൻ രണ്ടുപേർക്കും ഹാനി ചെയ്തതിനാൽ രണ്ടുപേരുടേയും മനസ്സിൽ വിദ്വേഷം വളർന്ന് സർപ്പസത്രം നടത്തുന്നതിന് കാരണമായി. രാജാവ് സർപ്പസത്രം ആരംഭിച്ചു.

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment