ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

20 July 2023

നാഗമാഹാത്മ്യം - 24

നാഗമാഹാത്മ്യം...

ഭാഗം: 24

33. ഒരു ചിന്താവിഷയം
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
മഹാഭാരതം എന്ന ബ്രഹത് ഗ്രന്ഥത്തിലെ ചിന്തിക്കാനുള്ള വിഷയങ്ങളിൽ ഒന്നാണ് സർപ്പങ്ങളുടെ കഥ. അതിൽ സർപ്പങ്ങളുടെ ഉത്ഭവം വളർച്ച , നാശകാരണം, അഗ്നിയിൽ നിന്നുള്ള ഭയത്തിൽ അവയുടെ സന്താപം, ആ സന്താപമൊഴിക്കാൻ വേണ്ടി ആസ്തികനെന്ന ബ്രാഹ്മണന്റെ യജ്‌ഞം, ആ യജ്ഞം സഫലമാകുന്നത് എല്ലാം ചിന്തോദ്വീപകമായ വിഷയങ്ങളാണ്. ഇതിൽ ഒരു തത്വം ഒളിഞ്ഞിരിക്കുന്നതു കാണാം . അഹം അഥവാ ഞാനെന്ന അഹങ്കാരഭാവം നന്നല്ല. അതുകൊണ്ട് ഏതുകർമ്മം ചെയ്താലും ഫലം വിഫലം തന്നെ. എത്ര ബലമുള്ളവനും പൗരുഷമുള്ളവനും അഹം കൊണ്ട് വിജയം വരിക്കാൻ സാധ്യമല്ല. ഏതു കാര്യത്തിനും അഹം വെടിഞ്ഞ് ഈശ്വരനിൽ എത്തണം . ഈശ്വരന്റെ സഹായത്തോടെ മാത്രമേ വിജയശ്രീയെ വേൾക്കാനാവൂ. ഇല്ലെങ്കിൽ അതിന്റെ ദുരന്തഫലം അനുഭവിച്ചു തന്നെ തീരണം. ഉദാഹരണം.

കദ്രു മാതാവിന്റെ അഹം കാരണം സർപ്പവംശത്തിനു വന്ന ദുര്യോഗം ഒരു നല്ല തെളിവാണ്. നാഗങ്ങൾക്കു മൊത്തമായും സഹോദരിയും സപത്നിയുമായ വിനതയ്ക്ക് കുറേ ഏറെദുരിതങ്ങളും ദുഃഖങ്ങളും അനുഭവിക്കേണ്ടിവന്നു . വിനതയുടെ പുത്രനായ ഗരുഡന് വളരെയേറെ കഷ്ടതകൾ സഹിക്കേണ്ടിവന്നു. പിതാവും ജ്ഞാനിയുമായ കശ്യപപ്രജാപതിക്കും ബ്രഹ്മദേവനും ദേവൻമാർക്കുമൊക്കെ സന്താപിക്കേണ്ടി വന്നു.

പരീക്ഷിത്തുമഹാരാജാവിന് അല്പനിമിഷത്തേയ്ക്കുണ്ടായ അഹം ഞാൻ രാജാവല്ലേ? എന്നെ മാനിക്കേണ്ടതല്ലേ ? അദ്ദേഹത്തിനു ശാപലബ്ധിക്ക് കാരണമായി. അതിന്റെ ഫലമായി തക്ഷകനെ ഭയന്ന് ഏകസ്തംഭഗൃഹത്തിൽ വാഴേണ്ടിവന്നു. എന്നിട്ടും തക്ഷകനിൽ നിന്നും രക്ഷപെടാൻ സാധിച്ചില്ല . പക്ഷെ അദ്ദേഹത്തിന്റെ ഈശ്വരഭക്തികൊണ്ട് അതിന്റെ ഗുരുത്വം കുറഞ്ഞ് മോക്ഷപാതയിലെത്തി. ജനമേജയമഹാരാജാവു തക്ഷകനോടുള്ള പകവീട്ടുന്നതിനായി സർപ്പങ്ങളെമൊത്തത്തിൽ ചുട്ടുചാമ്പലാക്കാൻ ഒരുങ്ങിയത് ആ അഹമല്ലേ ? ഞാൻ രാജാവല്ലേ? എനിക്ക് എന്താണ് ചെയ്തുകൂടാത്തത്. എന്ന തോന്നലാണ് പകയിൽ നിന്നുളവായത് . അതിന്റെ ഫലമായല്ലേ അനേകനാഗങ്ങൾ വെന്തു മരിച്ചത്. ആസ്തികനെന്ന ബ്രാഹ്മണസത്തമൻ വിചാരിച്ചിരുന്നില്ലെങ്കിൽ അതോടെ തന്നെ സർപ്പവംശവിച്ഛേദം സംഭവിച്ചേനെ. പൂർവ്വികൻമാരുടെ സുകൃതഫലമായിരിക്കാം അതു സംഭവിക്കാത്തത്. എന്നനുമാനിക്കാം.

ജനമേജയന് അഹം മൂലം സർപ്പയജ്ഞം പൂർത്തീകരിക്കാനായില്ല. പരീക്ഷിത്തു രാജന് അഹം തോന്നിയെങ്കിലും പിന്നീട് ഈശ്വരഭജനത്തിൽ കൂടി ദൈവബലം മനസ്സിലായതിനാൽ മോചനം ഭവിച്ചു. ഗരുഡന് ഒരല്പം അഹം തോന്നിയതിനാൽ എന്നെക്കാൾ ശക്തിമാനായി ആരുണ്ട്. പാലാഴിമഥനത്തിനായി ഈശ്വരാജ്ഞ അനുസരിച്ച് വാസുകിയെ എടുത്തു കൊണ്ടുവരാൻ പോയില്ലേ ? എന്നിട്ട് എന്തുണ്ടായി.വാസുകിയെ പൊക്കി എടുത്തുകൊണ്ടു പറക്കാനായോ? ഇല്ല . എത്രമടക്കായി എടുത്തിട്ടും വാസുകിയുടെ വാൽ ഭൂമിയിൽ തന്നെ കിടന്നതേയുള്ളൂ. അപ്പോൾ തന്നെക്കാൾ ശക്തിമാനാണ്. വാസുകി എന്ന് തെളിഞ്ഞില്ലേ? അഹം വെടിഞ്ഞു കൊണ്ട് പറന്നപ്പോൾ ആനയേയും ആമയേയും വൃക്ഷശിഖരത്തേയുംമൊക്കെ കൊണ്ടു പറക്കാനായില്ലേ? ഭഗവാൻ വിഷ്ണുവിനെ വഹിച്ചുകൊണ്ട് പറന്ന് വിഷ്ണു വാഹനനാകാൻ സാധിച്ചില്ലേ ?

അനന്തൻ ഘോര തപസ്സു ചെയ്തു ഈശ്വരബലത്താൽ വരപ്രസാദവും നേടി ആദിശേഷനായി. പ്രളയകാലത്തിൽ എല്ലാം നശിച്ചാലും ബ്രഹ്മാണ്ഡം നശിച്ചാലും അനന്തന് നാശമുണ്ടാകയില്ലെന്നും ശേഷിച്ചിരിക്കുമെന്നും ബ്രഹ്മാവിന്റെ വരം ലഭിച്ചു . അതിനാൽ അനന്തൻ ആദിശേഷനായി തീർന്നു. ഒരിക്കലും നാശമില്ല.

ജീമൂതവാഹനൻ ഈശ്വരബലത്താൽ മരണത്തിൽ നിന്നും രക്ഷപെട്ട് വിദ്യാധരചക്രവർത്തിയായി. സ്വന്തം ശരീരം ത്യാഗം ചെയ്ത് അദ്ദേഹം സർപ്പങ്ങളെ രക്ഷിച്ചില്ലേ. ഒരു കാലത്ത് ഗരുഡൻ സർപ്പങ്ങളോടുള്ള പക നിമിത്തം (സ്വന്തം അമ്മ യെ ദാസിയാക്കുന്നതിന് കൂട്ടു നിന്ന സർപ്പങ്ങളോടുള്ള പക നിമിത്തം) സർപ്പങ്ങളെ തിന്നൊടുക്കിയപ്പോൾ വിദ്യാധരൻ സ്വാർത്ഥ ത്യാഗത്തിലൂടെ സർപ്പങ്ങളെ രക്ഷിച്ചു. ഇങ്ങനെ അനേകാനേക കഥാഭാഗങ്ങളുണ്ട് . ഇതിൽ നിന്നെല്ലാം നമ്മൾ മനസ്സിലാക്കേണ്ടത് എന്താണ് ? ഈശ്വരന്റെ സഹായം കൂടാത്ത ബലവും പൗരുഷവും നിരർത്ഥകമാണ്.

ദൈവമേവ ബലം മന്യേ പൗരുഷം ഹി നിരർത്ഥകം

അതായത് എത്ര ബലമുണ്ടായാലും പൗരുഷമുണ്ടായാലും ഈശ്വരബലം ഉണ്ടെങ്കിലേ കാര്യസാധ്യമുണ്ടാകൂ . പാലാഴി മഥനവും ഇതിനുദാഹരണമാണ്. ദേവൻമാർക്ക് കൈയ്യിൽ എത്തിപ്പിടിക്കാൻ കിട്ടിയ അമൃത് ഭഗവാൻ വിചാരിച്ചിട്ടേ ആസ്വദിക്കാൻ കഴിഞ്ഞുള്ളൂ . ഭഗവാൻ മോഹിനീവേഷം ധരിച്ച് അസുരൻമാരെ മോഹിപ്പിച്ച് അമൃതു വീണ്ടെടുത്തു ദേവകൾക്കു കൊടുക്കയാണു ചെയ്തത്. ദേവകളുടെ മിടുക്കൊന്നും ഫലപ്രദമായില്ല...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment