ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 50

നാഗമാഹാത്മ്യം...

ഭാഗം: 50

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
ശിവൻ നാഗഭൂതത്തിനോടു പറഞ്ഞു. ഇനി നീ വൈകുണ്ഠത്തിൽ പോയി വാണു കൊള്ളൂ. പറഞ്ഞതു കേൾക്കാത്തതിന്റെ ഫലം അനുഭവിച്ചല്ലോ? ഇന്നു മുതൽ നിന്റെ പേര് നാഗപാശം എന്നായിരിക്കും. നിന്നെക്കൊണ്ട് ലോകത്തിന് ധാരാളം ഉപകാരമുണ്ടാകും . നാഗാസ്ത്രം എയ്യുമ്പോൾ നീ അവിടെ എത്തി ചുറ്റിപ്പിണഞ്ഞ് ശത്രുക്കളെ എതിർത്ത് കൊല്ലണം എന്ന് പറഞ്ഞ് നാഗപാശത്തെ വൈകുണ്ഠത്തിലേയ്ക്കയച്ചു.

കാലം കടന്നു. പൊയ്ക്കൊണ്ടേയിരുന്നു. പൗലസ്ത്യൻ' എന്ന തപോധനൻ ധർമ്മതല്പരനായി വാഴുന്നകാലം. കൈകസി എന്ന രാക്ഷസി അവിടെയെത്തി പറഞ്ഞു. എനിക്ക് അങ്ങയുടെ കൂടെ ഗൃഹസ്ഥാശ്രമജീവിതം നയിക്കണമെന്നുണ്ട്. അങ്ങയെ പോലെയുള്ള സൽസന്താനങ്ങൾ ആരും ആഗ്രഹിക്കുമല്ലോ ? എനിക്ക് അങ്ങയെപോലെയുള്ള പുത്രരെ തരാൻ കൃപയുണ്ടാകണം . അക്കാലത്ത് ഒരു സ്ത്രീ വന്ന് പുരുഷനോട് സൽസന്താനം ആവശ്യപ്പെടുന്നത് നിഷിദ്ധമല്ല. ധർമ്മാനുസൃതം മുനി കൈകസിയെ വിവാഹം കഴിച്ചു. മുന്നു പുത്രൻമാരും ഒരു പുത്രിയുമുണ്ടായി. മൂത്തപുത്രൻ രാവണനായിരുന്നു. രാവണൻ സിദ്ധികൾ കൈവരിക്കുന്നതിനായി ബ്രഹ്മദേവനെ തപസ്സു ചെയ്തു. വളരെ നാൾ തപസ്സു ചെയ്തിട്ടു ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടില്ല. അതിനാൽ രാവണൻ തന്റെ തല ഓരോന്നായി വെട്ടി ഹോമിച്ചു . പത്താമത്തെ തലയും വെട്ടാൻ ആരംഭിക്കവേ ബ്രഹ്മദേവൻ പ്രത്യക്ഷപ്പെട്ടു ചോദിച്ചു. വത്സാ , എന്താണു തപസ്സിന്റെ ഉദ്ദേശം? എന്തു വരമാണു നിനക്കു വേണ്ടത് ?

രാവണൻ പ്രഭോ! എനിക്ക് അമരത്വം പ്രദാനം ചെയ്യണം, ബ്രഹ്മാവ് അമരത്വം ലോകത്തിലാർക്കും തന്നെ ലഭിക്കുന്നതല്ല. ജനിച്ചവൻ മരിക്കും നിശ്ചയം. അതിനെ തടുക്കാൻ എനിക്കും സാധ്യമല്ല. ജനനമരണം നിയതിയുടെ നീതിയാണ് . അതിനെ മറികടക്കാൻ ആർക്കും സാധ്യമല്ല. പിന്നെന്തുവരമാണ് വേണ്ടത്? വേണമെങ്കിൽ നിന്റെ മരണം നിനക്ക് തന്നെ തെരഞ്ഞെടുക്കാം. രാവണൻ എങ്കിൽ എന്നെ ഒരു മനുഷ്യനല്ലാതെ മറ്റാരും തന്നെ കൊല്ലരുത്. എന്റെ മരണം ഒരു മനുഷ്യനാൽ മാത്രമേ സംഭവിക്കാവൂ. വരം കൊടുത്തു ബ്രഹ്മാവ് അ പ്രത്യക്ഷനായി.

രാവണൻ ആലോചിച്ചു. താൻ അമരൻ തന്നെയായിരക്കുന്നു. ത്രിമൂർത്തികളാലും, ഇന്ദ്രനാലും , മറ്റാരാലും വധിക്കപ്പെടാത്ത താൻ വെറും കൃമികീടമായിരിക്കുന്ന മനുഷ്യനാൽ വധിക്കപ്പെടുകയോ ? അസംഭവ്യം. ഈ ചിന്തയിൽ രാവണൻ മദമത്തനായി. അവന്റെ രാക്ഷസപ്രവർത്തികൾ ഉണർന്നു. അഹങ്കരിച്ച് ആനന്ദിച്ചുല്ലസിച്ച് നാടുനീളെ നടന്ന് അക്രമപ്രവർത്തികൾ കൊണ്ട് തന്റെ പരാക്രമം തെളിയിച്ചു. മനുഷ്യരേയും, മൃഗങ്ങളേയും , ദേവദാനവൻമാരേയും മാത്രമല്ല താപസൻമാരേയും വെറുതെ വിട്ടില്ല. സുന്ദരികളായ സ്ത്രീജനങ്ങളെ (മനുഷ്യരേയും ദേവാംഗനകളേയും) തന്റെ ചൊല്പടിക്കു നിർത്താൻ തുനിഞ്ഞിരുന്നു. തൻമൂലം അനേക ശാപങ്ങളേയും എല്ക്കേണ്ടതായി വന്നു. രാവണന്റെ ശബ്ദം കേട്ടാൽ ദേവകൾ പോലും വിറച്ചു പോയിരുന്നു. തങ്ങൾ അമൃതാഹാരികളാണ് . അമരൻമാരാണ് എന്നുള്ള ചിന്തപോലും അപ്പോൾ ഇല്ലായിരുന്നു. ഒരിക്കൽ ഇന്ദ്രലോകമാക്രമിക്കാനിരിക്കെ, ദേവകൾ അതറിഞ്ഞ് ഇന്ദ്രൻ മയിലായും, യമൻ പട്ടിയായും എന്നു വേണ്ട ഓരോരുത്തർ ഓരോ രൂപത്തിൽ മാറി നിന്നു. അവനോടെതിരിടാൻ അവർ തയ്യാറായില്ല. അത്രഭയമായിരുന്നു രാവണനെ. അവന്റെ (രാവണന്റെ) ഉപജാപങ്ങളും ഉപദ്രവങ്ങളും അക്രമങ്ങളും സഹിക്കവയ്യാതായപ്പോൾ ഭൂമിദേവി തന്നെ വിഷമിച്ചു. ബ്രഹ്മാവിനോടു പറഞ്ഞു. അങ്ങയുടെ വരദർപ്പത്താൽ രാവണൻ ലോകത്തെ നടുക്കുന്നു. പോം വഴിയുണ്ടാക്കണം. ബ്രഹ്മദേവൻ മഹാദേവനോടു കൂടി ആലോചിക്കാമെന്നു പറ ഞ്ഞു,കൈലാസത്തിലെത്തി എല്ലാവരും. മഹാദേവനും പറഞ്ഞു നമുക്ക് പത്മനാഭനോടു കൂടി കാര്യം ഉണർത്തിക്കണം. അങ്ങനെ എല്ലാവരുമൊത്ത് പാലാഴി വാസനെ ശരണമടഞ്ഞു . അവർ ബോധിപ്പിച്ചു രാവണന്റെ അക്രമം സഹിക്കവയ്യ. ഒരു മനുഷ്യനെ കൊണ്ട് അവനെ വധിക്കാൻ സാധിക്കാവൂ എന്ന വരം അവൻ വാങ്ങിയിട്ടുണ്ട്. ഒരു മനുഷ്യനല്ലാതെ അവനെ വധിക്കാൻ മറ്റാർക്കും സാധ്യമല്ല. സാധാരണ മനുഷ്യൻ അവനെ വധിക്കാൻ അപ്രാപ്തനാണെന്നറിയാമല്ലോ? അതിനാൽ നിന്തിരുവടി മനുഷ്യനായി പിറന്ന് ദശമുഖനെ വധിച്ച് ത്രൈലോക്യം രക്ഷിക്കണം. ഭഗവാൻ അരുളിചെയ്തു തഥാസ്തു . അങ്ങിനെയാകട്ടെ. ഞാൻ രാമനായവതരിച്ച് രാവണനെ കൊന്ന് ത്രൈലോക്യം പാലിക്കുന്നുണ്ട്. ആരും വിഷമിക്കേണ്ട.

എല്ലാവരും തത്തൽസ്ഥാനങ്ങളിൽ പോയി സ്വന്തം പ്രവർത്തി ചെയ്തു കൊള്ളൂ. ബ്രഹ്മസഭകൂടി. ധർമ്മദേവൻമാരെല്ലാം സന്നിഹിതരായി. വിഷ്ണുഭഗവാൻ ചോദിച്ചു ആകട്ടെ രാവണവധത്തിന് നിങ്ങൾക്കാർക്കെങ്കിലും എന്നെ സഹായിക്കാനാകുമോ , അതോ ഞാൻ തന്നെ എല്ലാം ചെയ്യണമെന്നുണ്ടോ ?

ശിവൻ എന്റെ അംശം ഹനുമാനായി പിറന്ന് അങ്ങേയ്ക്ക് വേണ്ടുന്ന സഹായങ്ങൾ ആജ്ഞാനുസരണം ചെയ്യുന്നതാണ്. ബ്രഹ്മാവ് പറഞ്ഞു എന്റെ അംശം ജാംബവാനായി പിറന്ന് യുദ്ധത്തിനു വേണ്ടത്ര സഹായം ചെയ്യാം. ധർമ്മദേവൻ ഞാൻ രാവണന്റെ അനുജൻ വിഭീഷണനായി ലങ്കയിലെ വിവരങ്ങളെല്ലാം മനസ്സിലാക്കി യുദ്ധത്തിന് അങ്ങേയ്ക്ക് വേണ്ടത്ര സഹായം ചെയ്യുന്നതാണ്. ഇതെല്ലാം കേട്ട് വിഷ്ണു ദേവൻ പ്രസന്നനായി പറഞ്ഞു തക്കസമയത്ത് നാം അയോദ്ധ്യയിലെ ദശരഥന്റെ പുത്രനായി ജനിക്കും . ധർമ്മരക്ഷ ചെയ്യും ആരും ഇതേ ചൊല്ലി ആകുലപ്പെടേണ്ട. എപ്പോഴൊക്കെയാണോ ലോകത്തിൽ അധർമ്മം പെരുകി ധർമ്മലോപമുണ്ടാകുന്നത്. അപ്പോഴൊക്കെ ഭഗവാൻ അവതാരമെടുത്ത് ധർമ്മരക്ഷ ചെയ്ത് സത്തുക്കളെ രക്ഷിക്കാറുണ്ട്. ഇത് ഗീതയിലും പറയുന്നുണ്ട്

യദായദാഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാത്മ്യഹം പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ.

രാവണൻ ശ്രീപരമേശ്വരനെ തപസ്സു ചെയ്ത് പ്രസന്നനാക്കി ദിവ്യാസ്ത്രങ്ങളെല്ലാം സമ്പാദിച്ചു. ദേവിയെ തപസ്സു ചെയ്തു പ്രസാദിപ്പിച്ചു. ഭദ്രകാളിരൂപത്തെയാണ് പ്രസാദിപ്പിച്ചത് . ഭദ്രകാളി പ്രസാദിച്ച് ലങ്കയുടെ രക്ഷയ്ക്കായി തന്റെ ഒരംശമായി ലങ്കാലക്ഷ്മിയെ ലങ്കയിലേയ്ക്കയച്ചു. ലങ്കാലക്ഷ്മി അവിടെ വസിക്കുന്ന കാലത്തോളം രാവണനോ ലങ്കയ്ക്കോ യാതൊരു കുഴപ്പവും ഉണ്ടാകില്ലെന്നും വരം കൊടുത്തു . രാവണൻ അതീവ സന്തുഷ്ടനായി. ലങ്കയിലുടനീളം ഭദ്രകാളി ക്ഷേത്രങ്ങൾ പണിത് പൂജ ചെയ്തിരുന്നു എന്നാണ് പുരാണ കഥകളിൽ പറയുന്നത്...

മയൻ എന്ന അസുരന് പരമേശ്വരസ്വാമിയുടെ പ്രസാദത്താൽ ഒരു മകളുണ്ടായി. അവളുടെ നാമം മണ്ഡോദരി എന്നോതി. ഒരിക്കൽ രാവണൻ മയനെ ആക്രമിക്കാനായി എത്തി. മയൻ രാവണനോടു യുദ്ധം ചെയ്തു ജയിക്കാനുള്ള തന്റേടമില്ലാതെ രാവണനോടു പറഞ്ഞു. എനിക്കങ്ങയോടു യുദ്ധം ചെയ്യണമെന്നു താല്പര്യമില്ല . അങ്ങയുടെ യശസ്സ് എനിക്കറിയാം. എനിക്ക് സുന്ദരിയും സുശീലയുമായ ഒരു മകളുണ്ട്. അവൾ അ ങ്ങേയ്ക്കു യോജിച്ച കളത്രമാണ്. അവളെ വിവാഹം കഴിച്ചു നമുക്ക് ബന്ധുത്വമുറപ്പിക്കാം. രാവണൻ മയന്റെ പുത്രി സ്വാധ്വിയായ മണ്ഡോദരിയെ വിവാഹം കഴിച്ചു. ലങ്കയിൽ ചെന്നു വാണു.

മണ്ഡോദരിയിൽ രാവണനുണ്ടായ ആദ്യസന്താനമാണ് മേഘനാഥൻ. ജനിച്ചയുടൻ തന്നെ ഗംഭീരശബ്ദത്തിൽ മേഘഗർജ്ജനം പോലെ കരഞ്ഞതിനാൽ മേഘനാഥൻ എന്ന പേരിട്ടു. രാവണപുത്രനായതിനാൽ രാവണിയെന്നും ഗർഭം ഉണ്ടായയുടൻ തന്നെ ഗർഭം പൂർണ്ണമായി ഉടനെ തന്നെ പ്രസവിച്ചതിനാൽ കാനീനൻ എന്നും പേരുകിട്ടി . കൂടാതെ പരമേശ്വരനെ കഠിന തപസ്സാൽ പ്രീതിപ്പെടുത്തി സകലവിധമായb, വിദ്യകളും വശമാക്കിയതിനാൽ മായാവിയെന്നും, ഇന്ദ്രനെ ജയിച്ചതിനാൽ ഇന്ദ്രജിത്തെന്നും പേരുണ്ട്. രാവണിയുടെ തപസ്സിൽ സന്തുഷ്ടനായ ശിവൻ ഇന്ദ്രജാലം, മഹേന്ദ്രജാലം, സ്തംഭനം, ഉച്ചാടനബി , മാരണം, മോഹനം, വശ്യം തുടങ്ങിയ അറുപത്തിനാലു വിദ്യകളും അവനുവശമാക്കി കൊടുത്തു. കൂടാതെ നാഗാസ്ത്രവും കൊടുത്തു. നാഗപാശം എന്നവരായുധത്തോ ടൊപ്പം ഇവയെല്ലാം പ്രയോഗിക്കുന്ന മായാവി എന്ന പേര് ശിവഭഗവാൻ കൊടുത്തതാണ്. ഈ അസ്ത്രങ്ങളെല്ലാം സമ്പാദി ച്ചുവന്നപ്പോഴാണ് രാവണൻ ദേവലോകത്തു യുദ്ധം ചെയ്യുകയാണെന്നറിഞ്ഞ്. ഉടനെ ദേവലോകത്തെത്തി. ഇന്ദ്രനെ ബഹ്മാസ്ത്രം തൊടുത്തു വീഴ്ത്തി . ബ്രഹ്മാസ്ത്രത്തെ മാനിച്ച് ഇന്ദ്രൻ അവിടെ വീണുകിടന്നു. ഉടനെ രാവണിനാഗപാശത്താൽ ഇന്ദ്രനെ വരിഞ്ഞു മുറുക്കി കെട്ടി രഥത്തിലെടുത്തു ലങ്കയിൽ കൊണ്ടുപോയി കാരാഗ്രഹത്തിൽ വച്ചു. നാഗപാശം വേർപെടുത്തി ഇന്ദ്രനെ ചങ്ങലയ്ക്കിട്ടു. അന്നുമുതൽ രാവണി ഇന്ദ്രജിത്ത് എന്ന പേരിലറിയപ്പെട്ടു.

ഇതറിഞ്ഞ ബ്രഹ്മാവ് ലങ്കാധിപനോടു ചോദിച്ചു നിനക്ക് ഇന്ദ്രനെ ജയിക്കണമെന്നല്ലേ ഉണ്ടായിരുന്നുള്ളൂ. അതോ ലങ്കയിലെ തടവിൽ ഇന്ദ്രൻ എന്നും കഴിയണമെന്നുണ്ടോ ? രാവണൻ പറഞ്ഞു എനിക്ക് ഇന്ദ്രനെ കാരാഗ്രഹത്തിൽ വയ്ക്ക് ണമെന്നില്ല. രാവണിയാണ് അതു ചെയ്തത്.അവനോടു ചോദിക്കട്ടെ. രാവണിയെ വരുത്തി. ബ്രഹ്മാവു ചോദിച്ചു . ഹേ രാവണി , ഇന്ദ്രൻ അല്പനാളായല്ലോ കാരാഗ്രഹത്തിൽ കിടക്കു ന്നു. വിട്ടയച്ചാൽ വേണ്ടില്ല. ബ്രഹ്മാവിന്റെ അപേക്ഷമാനിച്ച് ഇന്ദ്രനെ വിട്ടയച്ചു. ഇന്ദ്രജിത്തിന്റെ പേരും പെരുമയും വർദ്ധിച്ചു. നാഗപാശം രാവണി സൂക്ഷിച്ചു. നാഗപാശം നാഗാസ്ത്രം എ ല്ലാം രാവണിക്കു വശംവദരായി.

ഗരുഡന് പണ്ട് പരമേശ്വരസ്വാമി വരം കൊടുത്തിരുന്നു. നിനക്ക് നാഗപാശത്തെ ഭൂജിക്കാനുള്ള ഒരവസരം വരും. അന്ന് നീ അതുപാഴാക്കരുത്. പക്ഷിരാജൻ അതു മറക്കാതെ ഓർത്തിരിക്കയായിരുന്നു. അങ്ങിനെയിരിക്കെ ഒരിക്കൽ ഭഗവാൻ നാരായണനും പക്ഷിരാജനും തമ്മിൽ വൈകുണ്ഠത്തിൽ വച്ചു കാണാനിടയായി . അന്നു ഭഗവാൻ ശ്രീനാരായണൻ അരുളി ചെയ്തു. രാമാവതാരശേഷം ലങ്കയിൽ വച്ച് രാമ രാവണയുദ്ധം നടക്കും ആ യുദ്ധത്തിൽ രാവണപുത്രനായ രാവണി നാഗപാശം തൊടുക്കും , ആ അവസരത്തിൽ വൈകും അന്ധകാരമയമാകും . തൽക്ഷണം നീ അവിടെയെത്തി നാഗപാശം കൊത്തി അറുത്ത് പോരണം. ഗരുഡൻ ഇതെല്ലാം ഓർത്തു പാർത്തിരിന്നു.
 
തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ
                  

No comments:

Post a Comment