ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

22 July 2023

നാഗമാഹാത്മ്യം - 51

നാഗമാഹാത്മ്യം...

ഭാഗം: 51

61. നാഗപാശം [തുടർച്ച]
🧡▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀▀🧡
കാലമായപ്പോൾ വിഷ്ണു ഭഗവാൻ അയോദ്ധ്യയിൽ ദശരഥമഹാരാജാവിന്റെ പുത്രനായി ജനിച്ചു. രാമൻ എന്ന പേരിൽ വളർന്നു. മിഥിലാരാജ്യത്തെ ജനകമഹാരാജാവിന്റെ പുത്രി സീതാദേവിയെ വിവാഹം കഴിച്ചു. പിതാവിന്റെ സത്യപാലനത്തിനായി പത്നി സീതാദേവിയോടും അനുജൻ ലക്ഷ്മണ നോടും കൂടി 14 വർഷം വനവാസത്തിനു പോയി. രാവണവധമായിരുന്നു ഉദ്ദേശം. അനന്തമൂർത്തി (സങ്കർഷണമൂർത്തി) രാമന്റെ അനുജനായി ലക്ഷ്മണനെന്ന നാമധേയത്തിൽ ഒപ്പം കൂടിയതാണ്. രാവണിയെ വധിക്കുക എന്നതായിരുന്നു ലക്ഷ്മണന്റെ കർത്തവ്യം. വനവാസത്തിനിടെ ലങ്കാധിപൻ മായാസീതയെ കണ്ടു. മോഹമേറി. ശാപഭയത്താൽ നില്ക്കുന്ന നിലയിൽ നിന്ന സ്ഥലത്ത് നിന്ന് പൊക്കി രഥത്തിൽ വച്ച് ലങ്കയിൽ കൊണ്ടുപോയി ശിംശുപാ വൃക്ഷച്ചുവട്ടിൽ ഇരുത്തി. നാലു രാക്ഷസികളെ കാവലുമിരുത്തി. ജ്യേഷ്ഠൻ ചെയ്തത തെറ്റാണെന്നും ദേവിയെ മടക്കി കൊടുത്തു രാമനെ ശരണം പ്രാപിച്ചാൽ രക്ഷകിട്ടുമെന്നും വിഭീഷണൻ വിനീതമായി ഉണർത്തിച്ചു . ഇതുകേട്ടു കോപിച്ച രാവണന് വിഭീഷണന്റെ ധർmma ശാസ്ത്രമൊന്നും ഇഷ്ടപ്പെട്ടില്ല. അതിനാൽ വിഭീഷണനെ ആട്ടിപായിച്ചു. രാമ ഭക്തനായ രാവണസോദരൻ ശ്രീരാമനെ ശരണം പ്രാപിച്ചു. അദ്ദേഹം അഭയം നല്കി.

ശ്രീരാമൻ ലക്ഷ്മണനുമൊന്നിച്ച് സീതാന്വേഷണാർത്ഥം വനാന്തരങ്ങളിൽ സഞ്ചരിക്കവെ ഹനുമാനെ കണ്ടുമുട്ടി, സുഗ്രീവന്റെ കൂടെ കൂടിയിരുന്ന ഹനുമാനെ സഹായത്തിനു ലഭിച്ചു. ഹനുമാന്റെ ഇച്ഛയനുസരിച്ച് അദ്ദേഹത്തിന്റെ സ്വാമി സുഗ്രീവനുമായി സഖ്യം ചെയ്തു.സീതാന്വേഷണത്തിനു സഹായിക്കാമെന്ന് സുഗ്രീവനും ബാലിയെ വധിച്ച് കിഷ്ക്കിന്ധയിലെ രാജാവാക്കാമെന്ന് രാമനും തമ്മിൽ അന്യോന്യം സഖ്യം ചെയ്തു. രാമൻ ആദ്യം തന്നെ വാക്കുപാലിച്ചു . സുഗ്രീവൻ സീതാന്വേഷണാർത്ഥം നാലു ദിക്കിലേയ്ക്കും വാനരപ്പടയെ നിയോഗിച്ചു. ജാംബവാൻ നേതാവായിരുന്നു. ഇപ്രകാരം ദേവസഭയിൽ വച്ചരുളി ചെയ്ത പോലെ രാവണവധത്തിന് ശ്രീരാമനും , ഹനുമാനും, ജാബവാനും വിഭീഷണനുമെല്ലാം ഒ ത്തുകൂടി പദ്ധതി തയ്യാറാക്കി. തെക്കുദിക്കിലേയ്ക്ക് പോയവരിൽ ഹനുമാൻ സമുദ്രം ചാടി കടന്ന് ലങ്കയിലെത്തി. ലങ്കാലക്ഷ്മി അവിടെ വസിക്കുന്നിടത്തോളം ശത്രുക്കൾ എവിടെ പ്രവേശനം അസാധ്യമായതിനാൽ മാരുതി ലങ്കാലക്ഷ്മിയെ അവിടെന്നു പറഞ്ഞയച്ചു. ലങ്കയിൽ പ്രവേശിച്ചു സീതാമാതാവിനെ ദർശിച്ചു . രാവണന്റെ ഉദ്യാനമെല്ലാം തകർത്തു. ചോദിക്കാൻ വന്ന രാവണപുത്രൻ അക്ഷകുമാരനേയും പടയേയും കൊന്നു. രാവണിയുടെ ബ്രഹ്മാസ്ത്രത്തെ മാനിച്ചു കിടന്നു. രാവണ സഭയിലെത്തി. ലങ്കേശൻ ഹിതോപദേശം ചെയ്തു. ലങ്കാ ഒരു പരിധിവരെ ചുട്ടു പൊട്ടിച്ചു. തിരിയെ സമുദ്രം കടന്ന് ശ്രീ രാമസ്വാമിയെ വിവരമറിയിച്ചു. രാമനും ലക്ഷ്മണനും വാനരപ്പടയും സുഗ്രീവനും വിഭീഷണനും ഹനുമാനുമൊന്നിച്ച് സമുദ്ര ത്തിൽ ചിറകെട്ടി ലങ്കയിലെത്തി. ഘോരയുദ്ധം നടന്നു.

യുദ്ധത്തിനിടയിൽ ഒരു ദിവസം രാവണി തന്റെ നാഗാസ്ത്രം പ്രയോഗിച്ച് എല്ലാവരേയും വീഴ്ത്തി. രാമാദികളെ ജയിച്ചു എന്ന് വീമ്പിളക്കി ലങ്കയിലെത്തി പിതാവിനെ വിവരമറിയിച്ചു. നാഗപാശത്താൽ എല്ലാവരും മൃതരായതു കണ്ട് ദുഃഖിച്ച് ശ്രീരാമൻ ലക്ഷ്മണന്റെ ദേഹത്തിൽ വീണു മോഹാലാസ്യപ്പെട്ടു . ദേവഗണങ്ങൾ ഇതുകണ്ട് നാഗാരിയെ സ്തുതിച്ചു. ഈ സമയം വൈകുണ്ഠത്തിൽ അന്ധകാരം പരന്നു. പെട്ടന്ന് പക്ഷിരാജൻ ചിറകടിച്ചു പറന്ന് യുദ്ധക്കളത്തിലെത്തി. ഗരുഡന്റെ ചിറകടിയേറ്റപ്പോൾ തന്നെ വിഷജ്വാലകൾ അകന്നു തുടങ്ങി. ദേവകൾ സ്തുതിച്ചു വീണ്ടും വീണ്ടും

ശ്രീ ഗരുഡായ നമഃ ശ്രീ ഗരുഡായ നമഃ ശ്രീ വൈനതേയായ നമഃ
കുങ്കുമാങ്കിതഗാത്രായ കുന്ദായ ധവളായ ച
വിഷ്ണുവാഹനരൂപായ പക്ഷിരാജനമോ നമഃ

ഗരുഡൻ പ്രസാദിച്ചു സന്തോഷിച്ചു നാഗപാശം വേർപെടുത്തി. എല്ലാവരേയും രക്ഷിച്ചു. മൃതരായി എന്നു കരുതിയ എല്ലാവരും ജീവിച്ചെഴുന്നേറ്റു . നല്ല ഉഷാറായി. ഗരുഡായ നമഃ ഗരുഡായ നമഃ ഏവരും സ്തുതിച്ചു.

ഗരുഡൻ ശ്രീരാമ സ്വാമിയെ താണു വണങ്ങി സ്തുതിച്ചു വാഴ്ത്തി പറഞ്ഞു. ഹേ സ്വാമിൻ, ത്രിമൂർത്തികളും, നാലു വേദങ്ങളും, പഞ്ചഭൂതങ്ങളും , ആറുശാസ്ത്രങ്ങളും, സപ്തർഷികളും ഏകാദശരുദ്രൻമാരും. ആദിത്യൻമാരും എന്നുവേണ്ട ത്രിലോകത്തുള്ളവരെല്ലാം അങ്ങയുടെ കടാക്ഷവീക്ഷണത്തിനായി നിന്തിരുവടിയുടെ തൃപ്പാദങ്ങളെ വണങ്ങുന്നു . ദുഷ്ടനിഗ്രത്തിനും ശിഷ്ടപരിപാലനത്തിനും ധർമ്മരക്ഷയ്ക്കുമായി അങ്ങ് മായാവിദ്യകൾ കാണിക്കുന്നു. അടിയനെ ഈ മായയിലകപ്പെടുത്തരുതേ. അവിടുത്തെ മായ അടിയനും അറിവുള്ളതാണല്ലോ?

പാശം വേർപെട്ടെങ്കിലും നശിപ്പിക്കാൻ സാധിച്ചില്ല. വീണ്ടും ഒരു പ്രാവശ്യം രാവണി വിചാരിച്ചു രാമലക്ഷ്മണൻമാരെ ഇല്ലാതാക്കിയാൽ യുദ്ധം തന്നെ തീർന്നു. സുഖമായി ലങ്കയിൽ വാഴാം. അതിനായി രാവണി രാമലക്ഷ്മണൻമാരെ നാഗപാശത്താൽ ബന്ധിച്ച് ആരും കാണാതെ മാറ്റി . എല്ലാവരും പക്ഷീന്ദ്രനായ നാഗാരിയെ സ്തുതിച്ചു. പോരാത്തതിന് നിമിത്തം കണ്ട് (വൈകുണ്ഠത്തിൽ അന്ധകാരം പരക്കും) നാഗാരി എത്തി രാമലക്ഷ്മണൻമാരെ നാഗപാശത്തിൽ നിന്നും മോചിപ്പിച്ചു.നാഗപാശത്തെ ഭൂജിച്ചു. അപ്രകാരം ശ്രീ പരമേശ്വരൻ കൊടുത്ത വരം ഫലിച്ചു . നാഗാരി തൃപ്തനായി. ഗരുഡന്റെ അപേക്ഷയനുസരിച്ച് രാമദേവസ്പർശത്താൽ പുളകിതനായി. രാമദേവനെ സ്തുതിച്ചു തിരിച്ചു പോയി.

വാസ്തവത്തിൽ ഭഗവാൻ വിചാരിച്ചാൽ ഒരുനൊടിയിടകൊണ്ട് രാവണനെ കൊല്ലുന്നതിനോ , നാഗപാശം വേർപെടുത്തുന്നതിനോ സാധിക്കായ്കയല്ല. പിന്നെന്താണ് അതു ചെയ്യാഞ്ഞതെന്നല്ലേ ? കാരണമുണ്ട് . തന്റെ ഒരു ചെറുവിരലാൽ ഈ ലോകം സൃഷ്ടിച്ചു കാത്തഴിക്കുന്നതിന് അദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. ഗീതയിൽ അതു പറയുന്നുണ്ട്.

വിഷ്ടഭ്യാഹമിദം കൃത്സ്നമേകാം ശേനസ്ഥിതോ ജഗത്. അങ്ങനെയുള്ള ഭഗവാൻ അതു ചെയ്യാത്തത് ? രാമൻ മനുഷ്യനായിട്ടാണ് അവതരിച്ചത്. അപ്പോൾ മനുഷ്യൻ ചെയ്യുന്നതുപോലെ വേണം ചെയ്യാൻ. മനുഷ്യോചിതമായ കർമ്മങ്ങൾ ചെയ്ത് മനുഷ്യനു പാഠമാകാൻ മാതൃകയാകാൻ മാത്രമാണ് ജീവിച്ചത്. ഒരു മനുഷ്യൻ എങ്ങനെയൊക്കെയായിരിക്കണം എന്നാണ് രാമൻ ലോകത്തിന് ബോധ്യപ്പെടുത്തിയത്.

ഗരുഡൻ നാഗപാശം വേർപെടുത്തി എല്ലാവരേം രക്ഷിച്ചു. ശ്രീരാമദേവനെ സ്തുതിച്ചു പോയി.എന്നാൽ തന്റെ കർമ്മത്തിൽ അഭിമാനം പൂണ്ട് നാഗാരി നാരദർഷിയോടു ചോദിച്ചു ഹേ! മുനേ! ഭഗവാനായ വിഷ്ണുവിനുപോലും നാഗപാശത്തെ വേർപെടുത്താനായില്ലല്ലോ ? എനിക്കല്ലേ അതു ചെയ്യാൻ സാധിച്ചത്? (താൻ അത്ര വലിയ ശക്തിശാലിയല്ലേ എന്ന ഒരഹന്ത ഉണ്ടായിയെന്നർത്ഥം) അതിനു കാരണമെന്താണ്? നാരദർഷി പറഞ്ഞു അതൊന്നും എനിക്കറിയില്ല . ബ്രഹ്മദേവനോടു ചോദിച്ചാൽ പറയുമായിരിക്കും. ഗരുഡൻ ബ്രഹ്മലോകത്തെത്തി വിധാതാവിനോടു ചോദിച്ചു. എനിക്കറിയില്ലന്നും ലോകപാലകനായ വിഷ്ണുദേവനോടു ചോദിക്കാൻ പറഞ്ഞു. ഗരുഡൻ വൈകുണ്ഠത്തിലെത്തി ചോദ്യമുന്നയിച്ചു. അദ്ദേഹം അരുളിചെയ്തു. അത് പരമേശ്വരനോടു ചോദിച്ചാൽ ഉത്തരം കിട്ടാതിരിക്കില്ല എന്നു പറഞ്ഞൊഴിഞ്ഞു. പക്ഷീന്ദ്രൻ നേരെ കൈലാസത്തിലെത്തി മഹാദേവനോടു ചോദിച്ചു . അദ്ദേഹം പറഞ്ഞു ഇതിനുത്തരം എനിക്കിപ്പോൾ പറയാനാവില്ല. സുമേരൂ പർവ്വതത്തിന്റെ മുകളിൽ ഒരരയാൽ നില്പുണ്ട്. അതിൽ ഒരു കാകൻ വസിക്കുന്നുണ്ട്. ആ കാകനെ ദർശിച്ച് അവന്റെ സഹവാസത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വിഷ്ണുവാഹൻ നേരെ സുമേരുവിലെത്തി. ഗരുഡൻ കണ്ടു , കാകന്റെ ചുറ്റും പലതരം പക്ഷികൾ കൂടിയിരിക്കുന്നു.

കാകൻ എന്തോ പറയാൻ ഭാവിക്കുന്നു. ഗരുഡനെ കണ്ടയുടനെ കാകൻ വളരെ ബഹുമാനപുരസ്സരം അദ്ദേഹത്തിനു സ്വാഗതമരുളി. ഇരിപ്പടം സജ്ജമാക്കി ആസനസ്ഥനാക്കി. വരവിന്റെ ഉദ്ദേശ്യം എന്താണന്നു തിരക്കി . ആ സമയം പക്ഷിരാജൻ കാകഭൂശുണ്ഡിയോട് ഓരോന്ന് ചോദിക്കുകയും കാകൻ അതിനുത്തരം പറയുകയും ചെയ്യുന്നതാണ് കാകഭൂശുണ്ഡി ഗരുഡസംവാദം...

തുടരും...

ഓം നാഗരാജായ നമഃ
ഓം നമഃ കാമരൂപിണേ 
മഹാബലായ നാഗാധിപതയേ നമഃ

No comments:

Post a Comment