എന്താണ് ഈ പ്രേതം ഭൂതം യക്ഷി , പിശാച് എന്ന് പറയുന്നത്..? സത്യത്തിൽ ഇങ്ങിനെ വല്ലതും ഉണ്ടോ? അതിന്റെ വാസ്തവം എന്താണ് .?
പഞ്ചമഹാഭൂതങ്ങളാൽ നിർമ്മിതമായ ശരീരം ജഡമാണ്. എന്നാൽ ആത്മാവിന്റെ സംയോഗത്താൽ അത് ചേതനമായി കാണപ്പെടുന്നു. ആത്മാവ് ശരീരം വിട്ട് പുറത്ത് പോകുമ്പോൾ വീണ്ടും അത് ജഡമായിത്തീരുന്നു. ആത്മാവ് ചേതനമാണ്. അതിന് ജനനവും മരണവുമില്ല. കാരണം ആത്മാവ് അനാദിയാണ് അതുകൊണ്ട് തന്നെ അന്തരഹിതനും നിത്യനുമാണ്.
ജീവാത്മാവ് അഥവാ ആത്മാവിനോട് കൂടി ചേരുമ്പോഴാണ് ശരീരത്തിന് കർമ്മം ചെയ്യാൻ സാധിക്കുന്നത്. ഇതിൽ നിന്നും വേർപ്പെട്ടാൽ ശരീരം നിഷ്‌ക്രിയമായി തീരുന്നു. ഇപ്രകാരം നിഷ്ക്രിയമായ ശരീരം മൂലം യാതൊരു പ്രയോജനവുമില്ലാത്തതിനാൽ അതിനെ ദഹിപ്പിച്ചു കളയുന്നു. ഓർമ്മിക്കുക ! ഭൗതിക ശരീരത്തേയാണ് ദഹിപ്പിക്കുന്നത്. ആത്മാവിന് ഒരിക്കലും മരണമില്ല. മാത്രവുമല്ല ആത്മാവ് ഒരു ഭൗതിക വസ്തുവല്ല. ശരീരത്തിന് കർമ്മം ചെയ്യുന്നതിനുള്ള തത്വം ആത്മാവാണ്. അതുകൊണ്ട് ശരീരം കർമ്മം ചെയ്യുന്നത് നിർത്തിയാൽ അത് മരിച്ചു പോയി എന്ന് മനസ്സിലാക്കാം...
ശരീരം മരിക്കുമ്പോൾ നമ്മളതിനെ അഗ്നിയിൽ ദഹിപ്പിക്കുന്നു. അപ്പോൾ ആ ശരീരം ഭസ്മമായി എന്നാണ് കണ്ടു നിൽക്കുന്നവർക്ക് തോന്നുന്നത്. എന്നാൽ യഥാർത്ഥത്തിൽ പഞ്ചമഹാഭൂതങ്ങളിൽ അതായത് പൃഥ്വിവി , ജലം, അഗ്നി, വായു, ആകാശം എന്നിവയിൽ ലയിക്കുകയാണ് ചെയ്യുന്നത്. അതായത് സ്വന്തം കാരണങ്ങളാൽ ലീനമായി തീരുന്നു.
എപ്പോഴാണോ മനുഷ്യന് മൃത്യു സംഭവിക്കുന്നത് അതായത് എപ്പോഴാണോ പ്രാണൻ പുറത്ത് പോകുന്നത് അപ്പോൾ ആ മൃതശരീരത്തെ "പ്രേതം" എന്നു വിളിക്കുന്നു. മൃതശരീരത്തെ അഗ്നിയിൽ ദഹിപ്പിക്കുമ്പോൾ ആ ശരീരം "ഭൂതം " ആയിത്തീരുന്നു. അതായത് ആ ശരീരം ഭസ്മമായി കഴിഞ്ഞാൽ പിന്നെ അത് ഭൂതകാലത്തെ ഓർമ്മയായി മാറുന്നു.
ഏതാണോ കഴിഞ്ഞു പോയത് അതിനെയാണ് "ഭൂതം"എന്ന് പറയുന്നത്.
ഓരോ ശബ്ദത്തിനും അതിന്റേതായ അർത്ഥമുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വർത്തമാനവും ഇനി വരാനുള്ളത് ഭാവിയുമാണ്. ഭൂതം എന്ന് പറഞ്ഞാൽ ഇതുമാത്രമേ അർത്ഥമാക്കേണ്ടതുള്ളൂ...
എന്നാൽ ഇവിടെ ചിലർ ഭൂത - പ്രേത പിശാചുകൾക്ക് വലിയ രൂപഭാവനകകൾ നൽകി അലങ്കരിക്കുന്നു. തലയിൽ രണ്ട് കൊമ്പുകളും വലിയ കൂർത്തപല്ലുകളും, ചുകന്നകണ്ണുകളുമുള്ള ഭയാനകമായ അമാനുഷിക രൂപാകാരങ്ങൾ നൽകുന്നു.
ഇപ്രകാരം സങ്കൽപ്പിക്കുന്നതിൽ നിന്ന് ആരേയും തടയാൻ സാധ്യമല്ല. മാനസിക ബലം കുറഞ്ഞവർ ഇപ്രകാരമുള്ള കഥാ വർണ്ണനകൾ കേട്ട് അത് വിശ്വസിച്ചു പോരുന്നു. ഈ ഭൂത പ്രേത പിശാചുക്കൾ തങ്ങളെ കൊല്ലുമെന്നും, പിടിച്ച് തന്നുകയും, രക്തം ഊറ്റി കുടിക്കുകയും ചെയ്യുമെന്ന് വല്ലാതെ ഭയപ്പെടുകയും ചെയ്യുന്നു. മാത്രവുമല്ല നമ്മുടെ ബന്ധുക്കളായ മരിച്ച് പോയ ആത്മാക്കൾ പ്രേത ഭൂത പിശാചുകളായി വന്ന് നമ്മേ ദോഹിക്കുമെന്നും സാമാന്യ ജനങ്ങൾ ഇപ്പോഴും കരുതി പോരുന്നു. ഓർക്കുക! ഇവിടെ മനുഷ്യരിൽ മാത്രമല്ല ആത്മാവുള്ളത്. ഈ പ്രകൃതിയിലെ സർവ്വ ജീവ പ്രാണികളിലും വർത്തിക്കുന്നത് ഈശ്വരന്റെ ചേതനാ സത്തതന്നെയാണ്.
നമുക്ക് ചുറ്റിലും അനേകം ജീവികൾ നിത്യേന ചത്തൊടുങ്ങുന്നുണ്ട്. എന്തുകൊണ്ടാണ് ഇവയുടെയെല്ലാം ആത്മാക്കൾ പ്രേത ഭൂത പിശാചുക്കളായി വന്ന് നമ്മേ ഉപദ്രവിക്കാത്തത് എന്ന് ഇനിയെങ്കിലും ഏവരും ചിന്തിക്കേണ്ടതാണ്..!
സത്യത്തിൽ ഇതല്ലാം അജ്ഞാനം കൊണ്ട് സംഭവിക്കുന്നതാണ്. വാസ്തവത്തിൽ ഇത്തരം ഭയപ്പെടുത്തുന്നതായ പ്രേത ഭൂത പിശാചുകൾ ഒന്നും തന്നെയില്ല. കുഞ്ഞുന്നാളുകളിൽ മുതിർന്നവരിൽ നിന്ന് പറഞ്ഞു കേട്ട ഭ്രമാത്മകവും, സാങ്കൽപ്പികവുമായ യക്ഷി ഭൂത പ്രേത കെട്ടുകഥകൾ കേട്ട് വളർന്നവർ കാലാന്തരത്തിൽ അവരിൽ നിന്ന് തലമുറകളിലേക്ക് അജ്ഞാതമായി പകർന്ന് വന്ന്ചേർന്ന ഭയാനകമായ ഒരു മാനസിക അവസ്ഥയാണിത്. ഇന്ന് വരെ കാണാത്തതോ അറിയാത്തതോ, പ്രത്യക്ഷത്തിൽ അനുഭവിക്കാത്തതോ ആയ യാതൊരു അടിസ്ഥാനമില്ലാത്ത വെറും സാങ്കൽപ്പിക സൃഷ്ടികൾ.
ഇന്നത്തെ ആധുനിക കാലത്ത് ഇതിന്റെ പ്രചാരം കയ്യടക്കിയിരിക്കുന്നത് സിനിമ-സീരിയൽ സാഹിത്യാദി കെട്ട്കഥകളും ആണെന്ന് മാത്രം. സമൂഹത്തിലിന്നും ചില ആളുകൾ ആദ്യം പ്രേത ഭൂതപിശാചു കളാലുള്ള തങ്ങളുടെ അനുഭവങ്ങളെ പറ്റി പറയുകയും പിന്നീട് അവയെ തുരത്താനുള്ള മാർഗ്ഗങ്ങളും, പറഞ്ഞുക്കെടുക്കുകയും ചെയ്യുന്നു. ചിലർ ഇക്കാര്യത്തിൽ താന്ത്രികരായി ചമഞ്ഞ് തങ്ങൾ ഭൂത പ്രേത യക്ഷി ബാധഒഴിപ്പിക്കാൻ കഴിവുള്ളവരാണെന്ന് സ്വയം അവകാശപ്പെടുന്നവരുമുണ്ട്.
എവിടെ ആരാണോ ദുഃഖിതരായിരിക്കുന്നത് ആ ദുഃഖത്തിൽ നിന്നുള്ള മോചനത്തിനായി ആളുകൾ ഇത്തരം താന്ത്രിക ക്രിയകളിൽ വിശ്വസിച്ച് സ്വന്തം ധനത്തേയും മറ്റും ചിലവഴിച്ച് കൂടുതൽ ദു:ഖിതരായി തീരുന്നു...
മറ്റ് ചിലർ ആട്, കോഴി എന്നിവയുടെ മാംസം ഭഗവാന് പൂജിക്കുകയും ആ മാംസം പ്രസാദമായി വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത്തരം ആളുകൾ സ്വയം ഈശ്വരനേക്കാൾ വലിയവരാണെന്ന് ഇവിടെത്തെ സാധാരണക്കാരും കരുതി പോരുന്നു. മറ്റുള്ളവരിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ചില സ്വർത്ഥ തന്ത്രങ്ങൾ മാത്രമാണിതെല്ലാം. ഭൗതിക വസ്തുക്കളോടുള്ള ആസക്തി മനുഷ്യനെ എന്തല്ലാം ആക്കി തീർക്കുന്നില്ല എന്ന് ഏവരും തിരിച്ചറിയേണ്ടതാണ്..?
യഥാർത്ഥ ഈശ്വരവിശ്വാസം, ആ ഈശ്വരന്റെ സൃഷ്ടി നിയമങ്ങളെ കുറിച്ചുള്ള ബോദ്ധ്യം, ആത്മവിശ്വാസം, പ്രകൃതി നിയമങ്ങളുടെ പാലനം ഇവയുണ്ടെങ്കിൽ ഒരു പ്രേതത്തേയും, ഭൂതത്തേയും, യക്ഷിയേയും , മറുതയേയും പിശാചിനേയും, ഒന്നും പേടിക്കേണ്ടതില്ല.. ഈശ്വരൻ തന്നെയാണ് ആത്മജ്ഞാനം നൽകുന്നവനും , ശാരീരികവും മാനസികവുമായ ബലം നൽകുന്നവനും.
*ഓർക്കുക.! ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു തത്വങ്ങളാണ് ഭൂതം എന്ന് പൊതുവെ പറയുന്നത്. ഇവ ജഡപദാർത്ഥങ്ങളാണ്. ഇവയിൽ ജീവനില്ല. ഇവയെ പഞ്ചഭൂതങ്ങൾ എന്നു വിളിക്കുന്നു. നമ്മുടെ ശരീരം ഈ പഞ്ചമഹാഭൂതങ്ങളാൽ നിർമ്മിതമാണ്. മൃത്യുവിന്ശേഷം ശരീരം ഈ പഞ്ചമഹാഭൂതത്തിൽ ലയിക്കുന്നു. അതായത് മരണ ശേഷം ജീവാത്മാവ് പഞ്ചഭൂതങ്ങളിൽ സ്ഥിതനായി തീരുന്നു എന്നർത്ഥം. ഈ സ്ഥൂലശരീരത്തെ ഉപേക്ഷിക്കുമ്പോഴാണ് ആത്മാവ് ഈശ്വരാധീനമായി തീരുന്നത്. ഈശ്വരന്റെ ആജ്ഞാനുസാരമാണ് ആത്മാവ് പുതിയ ശരീരത്തെ പ്രാപിക്കുന്നത്. അതിനാൽ തന്നെ ആത്മാക്കൾക്ക് സ്വന്തം ഇച്ഛപ്രകാരം മറ്റൊരു സ്ഥൂല ശരീരത്തിലേക്ക് പരകായ പ്രവേശം നടത്താൻ ഒരിക്കലും സാദ്ധ്യമല്ല. കാരണം ജഡമാകുന്ന പഞ്ചഭൂതങ്ങളെ ചലിപ്പിക്കുന്നത് ചേതനയാണ്. ഭൂതങ്ങൾക്ക് സ്വയം ഒന്നും ചെയ്യാൻ സാധിക്കില്ല എന്നത് തന്നെ. അതുകൊണ്ട് തന്നെ ഇവിടെ യഥാർത്ഥത്തിൽ പ്രേത - ഭൂത - യക്ഷി പിശാച് എന്ന പേരിൽ ഒരു മനുഷ്യനോ, മൃഗമോ, പ്രാണിയോ ഒന്നും തന്നെയില്ല, ഇനി ഒരിക്കലും ഉണ്ടാവുകയും ഇല്ല എന്നർത്ഥം...
No comments:
Post a Comment