ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

17 June 2022

ശാലിയര്‍

ശാലിയര്‍

വസ്ത്രനിര്‍മ്മാണം തൊഴിലാക്കിയവരാണ് ശാലിയര്‍. ഈ കലയില്‍ വിദഗ്ധരായ ഇവരെ ശാലികന്‍, ചാലിയന്‍, എന്നും അറിയപ്പെടുന്നു. ചേലനെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് ഇവരെ ചാലിയര്‍ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകള്‍ സ്ഥാപിക്കുക. ശാലിയര്‍ എന്നും ഇതിനാല്‍ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹര്‍ഷിയുടെ പരമ്പരയില്‍പ്പെട്ടവരാണിവര്‍. ഇവരില്‍ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്. തെരുവ് സമ്പ്രദായത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് 96 തെരുവുകള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളും ഉണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂര്‍, വെള്ളൂര്‍ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു. 

കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കല്‍, പുതിയതെരു കൂടാലി, എരുവേശി, കാഞ്ഞിരോട് രാമര്‍തെരു, നടമ്മല്‍, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകള്‍. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവര്‍ നടത്തുന്നു. വലംങ്കൈ വിഭാഗം ഗണപതിയെ ആരാധിക്കുന്നു.

പാലക്കാട് ജില്ലയിലെ നെയ്ത്തുകാരാണ് ദേവാംഗന്മാര്‍. ഇവരില്‍ ചിലര്‍ തെലുങ്കും, കന്നടയും സംസാരിക്കുന്നവരാണ്. ഇവര്‍ക്ക് ജാടര്‍ എന്നും വിളക്കുന്നു. മക്കത്തായ വിഭാഗക്കാരാണിവര്‍. ഇവരിലെ സമുദായ പ്രമാണിമാരെ ചെട്ടിയാര്‍ എന്നും അറിയപ്പെടുന്നു. ദേവാംഗ, പട്ടാര, ശാലിയ, വിഭാഗങ്ങളെ ഒന്നിച്ച് പദ്മശാലിയര്‍ എന്നും വിളിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാനതൊഴില്‍ തുണിനെയ്ത്തുതന്നെയാണ്.

നെയ്ത്തുകാരന്‍റെ കുലദൈവം ഗണപതി ആയതെങ്ങനെ ?

പണ്ട് ശാലിയര്‍ ഭ്രാഹ്മണരായിരുന്നു എന്ന് പറയപ്പെടുന്നു. അത് ശല്യഭ്രാഹ്മണര്‍ എന്നറിയപ്പെട്ടു . അന്നത്തെ കാലത്ത് ഒരു ആചാരമുണ്ടായിരുന്നു. പാപനിവൃത്തിക്കായി ഭ്രാഹ്മണര്‍ക്ക് സദ്യനടത്തുന്ന ഒരേര്‍പ്പാട്. സദ്യക്ക് എന്തുമാത്രം വിഭാവങ്ങളുണ്ടയിരുന്നാലും സദ്യയുണ്ണുന്ന ഭ്രാഹ്മണര്‍ക്ക് ഒരിക്കലും ത്രിപ്തിവരാറില്ലത്രേ. സദ്യ കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോള്‍ 'ഛെ അതു മോശം, ഇതു മോശം' എന്നൊക്കെ അഭിപ്രായങ്ങള്‍ പാസ്സാക്കിയായിരുന്നത്രെ ഇവരുടെ യാത്ര. തന്‍റെ പാപം തീര്‍ന്നില്ലെങ്കിലും വേണ്ടില്ല ഇത്തരക്കാരെയോന്നു പറ്റിക്കണമെന്നു കരുതി ഒരു മഹാ പാപി ഒരു സദ്യ ഏര്‍പ്പെടുത്തി. ഭ്രാഹ്മണരെയെല്ലാം സദ്യക്ക് ക്ഷണിച്ചു. സദ്യക്ക് വിളമ്പാന്‍ ഒരു പുതിയ കറികൂടി ഉണ്ടായിരുന്നു. ചെമ്മീന്‍ വറുത്തു പൊടിച്ച് തയ്യാറാക്കിയ ഒരു കറി. സദ്യയെല്ലാം കഴിഞ്ഞപ്പോള്‍ ഭ്രാഹ്മണരോട് അഭിപ്രായം ചോദിച്ചു. എങ്ങിനെയുണ്ടായിരുന്നു? 'ബഹുകേമം' എല്ലാവരും ഒരേ സ്വരത്തില്‍ അറിയിച്ചു. എന്നാല്‍ വിഡ്ഢികളെ നിങ്ങള്‍ വാരിക്കോരിക്കുടിച്ചത് ചെമ്മീന്‍കറിയാണ്. ഇതു കേള്‍ക്കേണ്ട താമസം പലരും ബോധംകെട്ടുവീണു. ചിലര്‍ക്ക് ചര്‍ദ്ദി. അങ്ങനെ ബഹളത്തോട് ബഹളം. ഇനി എന്താ ഒരു നിവര്‍ത്തി. അരുതാത്തത് ചെയ്തുപോയില്ലേ? ഭ്രാഹ്മണര്‍ കൂട്ടായി ആലോചിച്ചു. ജീവനോടുക്കുകതന്നെ. അല്ലാതെ മത്സ്യം വയറ്റിലാക്കിയ ഭ്രാഹ്മണര്‍ക്ക് വേറെന്തു ഗതി? അവര്‍ നാല്‍പ്പത്തിയെട്ട് പേരുണ്ടായിരുന്നു. എല്ലാവരുംകൂടി തീക്കുണ്ഡമുണ്ടാക്കി അതില്‍ ചാടാന്‍ തന്നെ തീരുമാനിച്ചു. നാല്‍പ്പത്തിയെഴ് പേരും ചാടി. അവസാനത്തെ ആള്‍ ചാടാന്‍ പുറപ്പെട്ടപ്പോളതാ പരമശിവന്‍ പ്രത്യക്ഷപ്പെടുന്നു. ശിവന്‍ അയാളുടെ കൈ പിടിച്ച്‌ ചോദിച്ചു: എന്താ കാട്ട്ണ്? നാല്‍പ്പതിയെട്ടാമന്‍ കാര്യമെല്ലാം പരമശിവന്‍റെ അടുത്ത് അറിയിച്ചു. ഏയ്, ഇത്തരത്തില്‍ ഞാനിവിടെ ജീവിച്ചിട്ടെന്താ? എന്നെ മരിക്കാന്‍ അനുവദിക്കണമെന്നായി. എന്നാല്‍ പരമശിവന്‍ അയാളെ മരിക്കാന്‍ അനുവദിച്ചില്ല. മാത്രമല്ല ശിവന്‍ ഒരു കറുകപ്പുല്ല് ജപിച്ച് തീക്കുണ്ഡത്തിലേക്ക് എറിയുകയും ചെയ്തു. മരിച്ച നാല്‍പ്പത്തിയേഴ് പേരും ഉയിര്‍ത്തെഴുന്നേറ്റു എല്ലാവരോടുമായി ശിവന്‍ പറഞ്ഞു: നിങ്ങളെല്ലാം ഇനി ഒന്നായി താമസിച്ച് നെയ്ത്ത് തൊഴിലായി സ്വീകരിച്ചോളൂ. (രാജകൊട്ടാരത്തില്‍ പട്ടുവസ്ത്രം നിര്‍മ്മിക്കുവാനുള്ള അവകാശം രാജാവ് ഈ ഒരു വിഭാഗത്തിനു കല്പിച്ചുനല്‍കി.) പിന്നെ എന്‍റെ മകന്‍ ഗണപതിയെ താമസസ്ഥലത്ത് പ്രതിഷ്ഠ നടത്തി പൂജിക്കുകയും ചെയ്തോളൂ. നിങ്ങള്‍ക്ക് ഗുണം വരും. എല്ലാ വര്‍ഷവും ഞാനും പാര്‍വതിയും നിങ്ങളെ കാണാന്‍ അങ്ങോട്ട്‌ വരും. ഇത്രയും പറഞ്ഞ് ശിവന്‍ അപ്രത്യക്ഷനായി. എല്ലാവരും ശിവന്‍ പറഞ്ഞതുപോലെത്തന്നെ ചെയ്തു. നെയ്ത്തു തൊഴിലായി സ്വീകരിച്ചു, കൂട്ടായി ഒരിടത്ത് താമസിച്ചു. ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ ശിവനും പാര്‍വ്വതിയും തന്‍റെ പ്രജകളെ കാണാന്‍ വരും. അന്ന് ശാലിയത്തെരുവുകള്‍ക്ക് ഒരു ഉത്സവമായിരിക്കും. വിഷു ദിവസത്തിലാണ് ശിവനും പാര്‍വ്വതിയും എത്തുക. വിഷു ദിവസം ഉണങ്ങിയ വാഴക്കൈകള്‍ കൊണ്ട് ശരീരം പൊതിഞ്ഞ് രണ്ടുപേര്‍ ശിവനും പാര്‍വ്വതിയുമായി വേഷം കെട്ടി തെരുവുകളിലെ വീടുകളിലെല്ലാം കയറിയിറങ്ങും. നിലവിളക്ക് കൊളുത്തി വീട്ടുകാര്‍ അവരെ സ്വീകരിക്കും. ഇതുകൂടാതെ ഗണപതിക്കോവിലില്‍ പ്രത്യേക ഉത്സവങ്ങളും നടത്തും. ഉത്സവത്തിന് ചെണ്ടകൊട്ടുന്നതും ഈ സമുദായത്തിലുള്ളവര്‍ തന്നെയാണ്. 



No comments:

Post a Comment