ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 June 2022

ഭഗവദ്ഗീതയിലെ ഈശ്വരചിന്ത

ഭഗവദ്ഗീതയിലെ ഈശ്വരചിന്ത

ആദ്യമേ തന്നെ പറയട്ടെ, ഭഗവദ്ഗീതയിലെ ഈശ്വരൻ നിങ്ങളെ പാപികളായി കണക്കാക്കുന്നുമില്ല, നിങ്ങളുടെ പാപഭാരങ്ങളൊന്നും ഏല്‍ക്കുന്നുമില്ല.

നാദത്തേ കസ്യചിത് പാവം
ന ചൈവ സുകൃതം വിഭുംഃ
അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ഈന്തവഃ

"അവന്‍ ആരുടേയും പുണ്യത്തേയും, പാപത്തേയും എടുക്കുന്നില്ല, ആര്‍ക്കും കൊടുക്കുന്നുമില്ല" (5:15).

അതുകൊണ്ട് "അയ്യോ ദൈവമേ എനിക്ക് ഈ ഗതി നീ വരുത്തിയല്ലോ"എന്ന് നിലവിളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നീ ചെയ്യുന്ന കർമ്മത്തിന്‍റെ ഫലം നിനക്ക് ലഭിക്കും. ഇന്നലെ നീ ചെയ്തതിന്‍റെ ഫലമാണ് ഇന്ന് നിനക്ക് ലഭിക്കുന്നത്. ഇന്ന് ചെയ്യുന്നത് നാളെ നിന്നെ പിന്തുടരുകയും ചെയ്യും. നീ ചെയ്യുന്നത് പുണ്യമായാലും, പാപമായാലും അതിന്‍റെ ഫലം നീ തന്നെ അനുഭവിക്കും. ആ കര്‍മ്മഫലം ആര്‍ക്കും പങ്കിട്ടുകൊടുക്കാനാകില്ല, എന്ന് ഭഗവദ്ഗീതാ മതം.

തന്‍റെ അണികള്‍ പാര്‍ട്ടി വിട്ടുപോകുമോ എന്ന ഭയമില്ലാത്തതുകൊണ്ട് "മറ്റു ദൈവങ്ങളില്‍ വിശ്വസിക്കരുത് എന്നൊന്നും ഭഗവദ്ഗീതയിൽ ഇല്ല, 

യേƒപ്യന്യ ദേവതാ ഭക്താ
യജന്തേ ശ്രദ്ധയാന്വിതാഃ
തേfപി മാമേവ കൗന്തേയ
യജന്ത്യ വിധിപൂർവകം

“മറ്റു ദേവന്മാരില്‍ (ദൈവത്തില്‍) ഭക്തിവച്ച് വിശ്വാസത്തോടു കൂടി ആ ദൈവങ്ങളെ യജിക്കുന്നവരും എന്നെത്തന്നെയാണ് യജിക്കുന്നത്. പക്ഷെ അത് വിധിയുടെ യഥാര്‍ത്ഥ്യമറിഞ്ഞിട്ടല്ലെന്ന് മാത്രം (9:23)”

 ഇതില്‍ നിന്നും ഭഗവദ്ഗീത ഒരു സെമറ്റിക് ചിന്താഗതിയല്ല, മറിച്ച് ഒരു മതേതരത്വം ആണെന്ന് മനസ്സിലാക്കാം. നീ ഏത് ദൈവത്തെ ആരാധിച്ചാലും എന്നെത്തന്നെയാണ് ആരാധിക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ മതി എന്ന് ഭഗവദ്ഗീതയിൽ പറയുന്നുത് ആരുടേയും വിശ്വാസങ്ങളെ നിന്ദിക്കാതെ, മനുഷ്യരെ തമ്മിലടിപ്പിക്കാതെ, എല്ലാറ്റിനേയും സ്വീകരിക്കുന്ന എത്ര മനോഹരമായ ചിന്താഗതി , അല്ലേ? ഇതുതന്നെയാണ് ഭാരതീയ ഗ്രന്ഥങ്ങളെ മഹനീയമാക്കുന്നതും.

തന്നെ ആരാധിക്കാത്തവരെല്ലാം ശത്രുക്കൾ ആണെന്നോ മറ്റോ ഭഗവത് ഗീതയിൽ പറയുണ്ടോ? 

ഭഗവദ്ഗീതയില്‍ പറയുന്നു, നിനക്കൊരു ശത്രുവുണ്ട്. പക്ഷെ അത് മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരൊന്നുമല്ല. പിന്നെ ആരാണ് ആ ശത്രു?

ഭഗവദ്ഗീതയില്‍ പറയുന്ന ശത്രു ഇതാണ്

കാമ ഏഷ ക്രോധ ഏഷ
രജോഗുണസമുദ്ഭവഃ 
മഹാശനോ മഹാപാപ്മാ 
വിദ്ധ്യേനമിഹ വൈരിണം

"രജോഗുണത്തില്‍ നിന്നുണ്ടായതും, എത്ര വിഷയങ്ങള്‍ കിട്ടിയാലും മതിവരാത്തതും, കൊടും ക്രൂരതകള്‍ ചെയ്യിക്കുന്നതും, നല്ലതു ചെയ്യാനനുവദിക്കാത്തതുമായ ആ ശത്രു, നിന്‍റെ കാമവും ക്രോധവുമാണെന്നറിഞ്ഞാലും" (3:37)

ഇവിടേയും ഒരു യുദ്ധത്തിൻ്റെ ആവശ്യമുണ്ടെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. എങ്ങനെയായിരിക്കണം 
യുദ്ധം

ഏവം ബുദ്ധേഃ പരം ബുദ്ധ്വാ
സംസ്തഭ്യാത്മാനമാത്മനാ
ജഹി ശത്രും മഹാബാഹോ 
കാമരൂപം ദുരാസദം

"ബുദ്ധിയില്‍ നിന്ന് അന്യമാണ് ആത്മാവെന്നറിഞ്ഞ് രൂപം മാറി സഞ്ചരിക്കുന്നതും, പിടികിട്ടാന്‍ ഞെരുക്കമുള്ളതുമായ കാമക്രോമധങ്ങളാകുന്ന ആ ശത്രുവിനെ നശിപ്പിക്കാന്‍ വിഷയങ്ങളില്‍ മനസ്സിനെ പ്രവര്‍ത്തിപ്പിക്കാതെയാക്കി നീ കരുത്തോടെ യുദ്ധം ചെയ്താലും." (3:43)

വിഷയങ്ങളില്‍ നിന്ന് മനസ്സിനെ അകറ്റി ഏകാഗ്രമാക്കുക എന്നതാണ് ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന യുദ്ധം, ഇങ്ങനെ യുദ്ധത്തിന് ഇറങ്ങുന്നവർക്ക് ഭഗവദ്ഗീതയിൽ പറയുന്ന സമ്മാനമെന്ത്??  

അന്തകാലേ ച മാമേവ
സ്മരന്മുക്ത്വാ കലേവരം 
യഃ പ്രയാതി സ മദ്ഭാവം 
യാതി നാസ്ത്യത്ര സംശയഃ

"ഇങ്ങനെ ദേഹങ്ങളേയോ ദേഹധര്‍മ്മങ്ങളേയോ ഒന്നും ഓര്‍ക്കാതെ ചിത്തം കൊണ്ട് സ്വയം പ്രകാശിച്ചുകൊണ്ടിരുന്നവര്‍ എന്നെത്തന്നെ പ്രാപിക്കുന്നു" (8:5).

ഇതിലും വലിയ സമ്മാനം വേറെന്തു വേണം?

ഇനി ഈശ്വരൻ അദൃശ്യനോ, ദൃശ്യനോ എന്നതിന്ന്
ഉത്തരം ഭഗവദ്ഗീതയില്‍ തന്നെ പറയുന്നുണ്ട്. എന്താണെന്നല്ലേ?

യോ മാം പശ്യതി സര്‍വ്വത്ര
സര്‍വ്വം ച മയി പശ്യതി
തസ്യാഹം ന പ്രണശ്യാമി
സ ച മേ ന പ്രണശ്യതി

"എല്ലാറ്റിലും എന്നെയും, എന്നില്‍ എല്ലാറ്റിനേയും കാണുന്ന സമദര്‍ശിയായ യോഗിയ്ക്ക് ഞാന്‍ അദൃശ്യനായോ, എനിക്ക് അവന്‍ അദൃശ്യനായോ ഇരിക്കുന്നില്ല." (6:30)

 ഈ ഭൂമിയിലെ ഒരു ചെറിയ ഉറുമ്പിനും മനുഷ്യനുള്ള അതേ അവകാശം ഇവിടെയുണ്ട്. എന്ന സമത്വദർശനമാണ് ഗീതയിൽ ഉള്ളത്, 

ആത്മൌപമ്യേന സര്‍വ്വത്ര
സമം പശ്യതി യോഽര്‍ജുന
സുഖം വാ യദി വാ ദുഃഖം 
സ യോഗീ പരമോ മതഃ

എന്നാല്‍ "തനിക്കുണ്ടാകുന്ന സുഖദുഃഖങ്ങള്‍ പോലെത്തന്നെയാണ് മറ്റുള്ള പ്രാണികള്‍ക്കും എന്നറിയുന്ന യോഗി അത്യന്തം ശ്രേഷ്ഠനാണ്" (6:32)

ഇനി നമുക്ക് ഈ ഉപദേശങ്ങളൊക്കെ തന്ന ഭഗവദ്ഗീതയിലെ ആ ഈശ്വരൻ ആരാണെന്ന് ? എവിടെയാണ് താമസിക്കുന്നത്? സ്വര്‍ഗ്ഗത്തിലാണോ? നമുക്ക് പരിശോധിക്കാം.

ഭഗവദ്ഗീതായിൽ ഭഗവാൻ സ്വയം പരിചയപ്പെടുത്തുന്നുണ്ട്.

ദേഹീ നിത്യമവധ്യോഽയം
ദേഹേ സര്‍വ്വസ്യ ഭാരത
തസ്മാത്സര്‍വ്വാണി ഭൂതാനി 
ന ത്വം ശോചിതുമര്‍ഹസി

"ഞാന്‍ എല്ലാ പ്രാണികളുടേയും ശരീരത്തിലിരിക്കുന്ന ആത്മാവാകുന്നു." (2:30)

മത്തഃ പരതരം നാന്യത്
കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം
സൂത്രേ മണിഗണാ ഇവ

"മാലയിൽ നൂലിനെ ആശ്രയിച്ച് മണികള്‍ നില്ക്കുന്നതുപോലെ ഞാനെന്ന ആത്മാവിനെ ആശ്രയിച്ചു മാത്രമാണ് ഈ ലോകമെല്ലാം നിലകൊള്ളുന്നത്." (7:7)

പ്രകൃതിം സ്വാമവഷ്ടഭ്യ
വിസൃജാമി പുനഃ പുനഃ
ഭൂതഗ്രാമമിമം കൃത്സ്നം
അവശം പ്രകൃതേര്‍വ്വശാത്

"സ്വതഃസത്തയില്ലാത്ത ഈ പ്രകൃതിയ്ക്ക് സത്താരൂപേണ, ഞാന്‍ താങ്ങായി നിന്ന് ഈ ഭൂതവര്‍ഗ്ഗത്തെ മുഴുവനും പിന്നെയും പിന്നെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. (9:8)

സൃഷ്ടിയും സംഹാരവും ഒരോ സെക്കന്‍റിലും നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭഗവദ്ഗീതയില്‍ പറയുന്നു.

മയാധ്യക്ഷേണ പ്രകൃതിഃ
സൂയതേ സചരാചരം
ഹേതുനാനേന കൌന്തേയ
ജഗദ്വിപരിവര്‍തതേ

"സര്‍വ്വാധിഷ്ഠാനമായ എന്‍റെ സത്ത കൊണ്ടാണ് പ്രകൃതിയില്‍ നിന്ന് ചരാചരാത്മകമായ ഈ പ്രപഞ്ചം പിറവിയെടുക്കുന്നതും, നാനാവിധത്തില്‍ പരിണമിച്ചുകൊണ്ടിരിക്കുന്നതും. പ്രകൃതിയുടെ സൃഷ്ടിയ്ക്ക് ഞാന്‍ അധിഷ്ഠാനമായ സാക്ഷി മാത്രമാകുന്നു." (9:10)

നിനക്ക് വേണ്ടി ഒരു ദൈവവും പിറന്നിട്ടില്ല. എനിക്കു വേണ്ടിയും പിറന്നിട്ടില്ല. നമുക്കായ് ഉള്ളത് ഒരേയൊരു ദൈവം. നിന്നിലും എന്നിലും കുടികൊള്ളുന്ന ദൈവം.

നമ്മളിലാണ് അവനിരിക്കുന്നത്. നമ്മുടെ ഹൃദയത്തുടിപ്പത്രേ അവന്‍റെ ചൈതന്യം. ആ ചൈതന്യത്തെ അറിയാന്‍ സ്വന്തം ഉള്ളിലേക്ക് കടക്കൂ എന്നാണ് "കടവുള്‍"എന്ന തമിഴ്പദം സൂചിപ്പിക്കുന്നതും.

ആ പരമചൈതന്യത്തെ പരബ്രഹ്മമെന്നോ.... എന്തു പേരിട്ട് വിളിച്ചാലും ശരി. അതൊന്നത്രേ സത്യം. നാം പരസ്പരം ദ്വേഷിക്കാതിരിക്കട്ടെ. നമുക്കൊരുമിച്ച് ആ ബ്രഹ്മവിദ്യ നേടാനായി പരിശ്രമിക്കാം.

No comments:

Post a Comment