ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

25 June 2022

ഭദ്രകാളിയുടെ ഉല്പത്തി മാർക്കണ്ഡേയ പുരാണത്തിൽ നിന്നും

ഭദ്രകാളിയുടെ ഉല്പത്തി മാർക്കണ്ഡേയ പുരാണത്തിൽ നിന്നും

മാർക്കണ്ഡേയപുരാണത്തിൽ ഭദ്രോത്പത്തിപ്രകരണം എന്ന ഭാഗത്താണ് ശിവന്റെ മകളായ ശ്രീ ഭദ്രകാളിയുടെ ഐതീഹ്യം പരാമർശിക്കുന്നത്. ദാരുമതിയുടെ പുത്രനായ ദാരികൻ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നു. അങ്ങനെ നീണ്ടതപസ്സിനൊടുവിൽ സംപ്രീതനായ ബ്രഹ്മാവ് അവനു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. അമരത്വം വരമായി ചോദിക്കുന്ന ദാരികനേ അത് തനിക്ക് നൽകാനാവില്ല എന്ന് ഉപദേശിച്ചു മറ്റെന്തങ്കിലും വരിക്കാൻ ആവശ്യപ്പെടുന്നു. പ്രപഞ്ചത്തിൽ ഏറ്റവും ശക്തിയില്ലാത്തത് സ്ത്രീകൾ ആണെന്ന് ധരിച്ചിരുന്ന അവൻ നാരിയുടെ കൈകളാൽ മാത്രം വധ്യരാവണമെന്നും മണിമന്ത്രവും ആവശ്യപ്പെടുന്നു. വരബലത്താൽ അഹങ്കരിച്ച ദാരികാസുരൻ മൂന്നുലോകവും കൈക്കലാക്കാൻ തീരുമാനിക്കുന്നു. അങ്ങനെ ദേവലോകത്തേക്ക് അസുരപടനയിക്കുന്നു. ദാരികനേ ജയിക്കാനാവില്ല എന്ന കണ്ട ദേവേന്ദ്രനും സംഘവും അമരാവതിയിൽ നിന്ന് രക്ഷപ്പെടുന്നു. അങ്ങനെ മുന്ന് ലോകവും ജയിച്ചു അസുരചക്രവർത്തിയായ ദാരികൻ മദിച്ചുനടക്കുന്നു.

ദേവലോകത്തിൽ നിന്ന് തുരത്തപ്പെട്ട ദേവന്മാർ സത്യലോകത്തിൽ ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. തന്നെക്കൊണ്ട് അസുരശ്രേഷ്ഠനെ നശിപ്പിക്കാനാവില്ല എന്ന് പറയുന്ന ബ്രഹ്മാവ് വൈകുണ്ഠത്തിൽപോയി മഹാവിഷ്ണുവിനെ കാണാൻ നിർദേശിക്കുന്നു. ബ്രഹ്മാവിന്റെ നേതൃത്വത്തിൽ വൈകുണ്ഠത്തിലേത്തിയ ദേവന്മാർ മഹാവിഷ്ണുവിനെ കണ്ടു സഹായം അഭ്യർത്ഥിക്കുന്നു തന്നെകൊണ്ടും ദാരുമതിയുടെ പുത്രനെ കൊല്ലാനാവില്ല എന്ന് നാരായണൻ അവരെ അറിയിക്കുന്നു. തുടർന്ന് ബ്രഹ്മാവിഷ്ണുദേവാദികൾ കൈലാസത്തിൽ ഉമാകാന്തനെ കാണാൻ പുറപ്പെടുന്നു.അങ്ങനെ കൈലാസത്തിൽ എത്തിയ ദേവന്മാരിൽ നിന്ന് കാര്യങ്ങൾ അറിഞ്ഞ ശ്രീ പരമേശ്വരൻ ഉഗ്രഭാവം കൈക്കൊള്ളുകയും നെറ്റിത്തടത്തിലെ മൂന്നാം തൃക്കണ്ണ് തുറക്കുകയും ചെയ്തു. ആ ത്രിനയനത്തിൽനിന്ന് പ്രപഞ്ചം അന്നുവരെ കണ്ടിട്ടില്ലാത്തവണ്ണം ഘോരമായ ദിവ്യസ്വരൂപത്തിൽ മൂലപ്രകൃതിയായ സാക്ഷാൽ പരാശക്തി കാളിയായി അവതരിക്കുന്നു. ആ ഉഗ്രരൂപത്തെ കാൺകെ ശ്രീപാർവ്വതിപോലും ഭയംകൊണ്ടു. പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ദിവ്യരൂപത്തിൽ സഹസ്രശിരസ്സുകളിൽ അന്ഗ്നിയാളുന്ന മൂവായിരം തൃക്കണ്ണുകളും ആയിരം തൃക്കൈകളിൽ അസ്ത്രശസ്ത്രങ്ങൾ ധരിച്ചും ആനത്തോൽമുലക്കച്ചയും പുലിത്തോൽ പാവാടയായും ചെമ്പട്ട് വലിച്ചുടുത്തും കരിവീരന്മാരെ കർണ്ണാഭരണമായും പത്തിനാഗങ്ങളെ തിരുമുടിയായും ധരിച്ചും നിൽക്കുന്ന ആദിചൈതന്യമൂർത്തിയെ ദേവന്മാർ സ്തുച്ചുവണങ്ങുന്നു. അമ്മയായ ശ്രീപാർവ്വതിയുടെ അഭ്യർത്ഥനപ്രകാരം ഒരുശിരസ്സും 16 തൃക്കൈകളും ചേർന്ന രൂപം സ്വീകരിച്ച മഹാദേവി ശേഷം അച്ഛനായ മഹാദേവനിൽ നിന്ന് തന്റെ അവതാരോദ്ദേശ്യം മനസിലാക്കുന്നു.

തുടർന്ന് മഹാവേതാളിയെ ഭക്ഷണം ഉറപ്പുനൽകി വാഹനമാക്കി ദാരികപുരിയിലേക്ക് തിരിക്കുന്നു. വൈകാതെ ദാരികപുരിയിലെത്തിയ മഹാഭൈരവിയുടെ സാന്നിദ്ധ്യത്തിൽ ദാരികാസുരൻ ചിലദുര്നിമിത്തങ്ങൾ കാണുകയും ഭാര്യയായ മനോദരിയോട് മണിമന്ത്രം ഉപദേശിച്ചശേഷം തനിക്ക് എന്തെങ്കിലും ആപത്തുണ്ടായാൽ മന്ത്രംജപിച്ചു രക്ഷിക്കാനും നിർദേശിക്കുന്നു. മറ്റൊരാൾക്ക് ഉപദേശിച്ചതിനാൽ ദാരികന് ആ മന്ത്രം ഉപഗോഗിക്കാനാവാതെ വരുന്നു. ശേഷം ഭദ്രകാളിയെ നശിപ്പിക്കുവാനായി ദാരികപ്പടയെ അയക്കുന്നു. ദാരികപ്പടയെ മുച്ചൂടും മുടിച്ച മഹാകാളിയെ നേരിടാൻ ദാരികസഹോദരനായ ദാനവേന്ദ്രൻ പുറപ്പെടുന്നു എന്നാൽ പ്രപഞ്ചമാതാവായ ദേവിയെയുണ്ടോ ദാനവേന്ദ്രന്ന് നശിപ്പിക്കാൻ കഴിയുന്നു. അങ്ങനെ ദേവിയുടെ ദിവ്യമായ നന്തകവാളാൽ ദാനവേന്ദ്രൻ കാലനൂർ പൂകുന്നു. തന്റെ സഹോദരൻ വധിക്കപ്പെട്ടതറിഞ്ഞ ദാരികാസുരൻ ദേവിയോട് പോരിനായി പടനിലത്തിൽ എത്തുന്നു. ഈസമയം ശ്രീപാർവതിയുടെ ഭക്തകൂടെ ആയിരുന്ന മനോദാരിയിൽ നിന്ന് ഗൗരി സൂത്രത്തിൽ മണിമന്ത്രം കൈക്കലാക്കുന്നു. അങ്ങനെ പലവിധ ആയുധങ്ങളാൽ 7 പോരുകൾ നടത്തുന്നു. ഇതിനിടയിൽ ദാരികൻ ദേവിയെയും അച്ഛനായ ശ്രീപരമേശ്വരനെയും അസഭ്യം പറയുകയും വീരവാദം നടത്തുകയും ഒക്കെ ചെയ്യുന്നു. കാളി-ദാരികയുദ്ധം മഹാഭീകരതയിലേക്ക് പോകുന്നതു കണ്ട സുരവൃന്ദൾ പോലും ഭയപ്പെടുന്നു. അങ്ങനെ 7 പോരുകൾക്കൊടുവിൽ മുപ്പാരിനെയും പോറ്റുന്ന ജഗതീശ്വരി ദാരികകണ്ഠം അറുത്തു രക്തപാനം ചെയ്യുന്നു. ദാരികവധത്തിനുശേഷവും കോപവും രക്തദാഹവും ശമിക്കാത്ത വന്ന ദേവിക്ക് മഹാദേവൻ തന്റെ അണിവിരൽ മുറിച്ചു 3 തുള്ളി രക്തം കൊടുക്കുന്നു. രക്തദാഹം ശമിച്ച ദേവി കോപം വെടിഞ്ഞു ഈരേഴുപത്തിനാലുലോകവും കത്തരുളീ മൂലസ്ഥാനമായ കൊടുങ്ങല്ലൂർകാവിൽ വിളങ്ങുന്നു എന്നാണ് വിശ്വാസം.

No comments:

Post a Comment