ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

11 June 2022

കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം വെള്ളിനേഴി

കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം വെള്ളിനേഴി

വള്ളുവനാടിന്റെ ഹൃദയഭാഗമായ വെള്ളിനേഴി. ഭാരതപുഴയുടെ കൈവരിയായ കുന്തിപുഴയോട് അതിർത്തി പങ്കിടുന്ന സുന്ദര ഗ്രാമം. പച്ചയും കത്തിയും ചുവന്നടിയും തകർത്താടിയ വെള്ളിനേഴി. കേരളത്തിന്റെ കലാരംഗത്ത് വലിയ പങ്കാണ് ഈ സുന്ദര ഗ്രാമം സംഭാവന ചെയ്‌തിട്ടുള്ളത്‌. സാഹിത്യവും വേദങ്ങളും കലയും ഇഴുകിച്ചേർന്നു കിടക്കുന്ന വെള്ളിനേഴിയിൽ വലിയ പങ്കാണ് കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം വഹിച്ചിട്ടുള്ളത്. ഏകദേശം 300 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രം വെള്ളിനേഴിയുടെ ഹൃദയഭാഗത്താണ്‌ സ്ഥിതിചെയ്യുന്നത്. ശംഖ, ചക്ര, ഗദാ, പത്മധാരിയായ ചതുർബാഹു വിഗ്രഹമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഒളപ്പമണ്ണ മനുടെ ഊരാഴ്മയിൽ ആണ് കാന്തള്ളൂർ ശ്രീകൃഷ്ണ ക്ഷേത്രം.

ഐതീഹ്യം :

ഗുരുവായൂരപ്പന്റെ ഉപാസകനായ ഒരു നായർ തറവാട്ടിലെ മുതിർന്ന കാരണവർ. അദ്ദേഹം എല്ലാ മാസവും മാസംതൊഴാനായി ഗുരുവായൂരിൽ എത്തുമായിരുന്നു. കാലങ്ങളായി താൻ നടത്തിവരുന്ന ഉപാസന അദ്ദേഹം തുടർന്നു. പ്രായം അദ്ദേഹത്തെ കടന്നു പിടിച്ച സമയം, വാർദ്ധക്യത്തിന്റെ എല്ലാ അവസ്ഥകളും അദ്ദേഹത്തിന് കൂട്ടായി. ഒരു നാൾ അദ്ദേഹം മാസം തൊഴാൻ ഗുരുവായൂരിലെത്തുകയും ഉപാസിക്കുകയും ചെയ്തു. തിരിച്ചു പോരുന്ന സമയം അദ്ദേഹം തന്റെ വാർദ്ധഗ്യസഹജമായ അസുഖമുള്ളതിനാൽ ഇനി തറവാട്ടിലിരുന്നുള്ള ഭജനം ആവും ഉണ്ടാവുക എന്നും ഉണർത്തിച്ചു. തിരികെ നടക്കുമ്പോൾ തന്റെ ഓലക്കുടയും എടുക്കാൻ കാരണവർ മറന്നില്ല. തിരിച്ചദ്ദേഹം വെള്ളിനേഴിയുടെ മണ്ണിൽ എത്തുകയും ക്ഷീണം മൂലം അവിടെ അടുത്തുകണ്ട ചിറയിൽ ഇറങ്ങി കൈകാൽ ശുദ്ധം വരുത്താം എന്നും കരുതി. ചിറയിൽ ഇറങ്ങും മുമ്പ് അദ്ദേഹം തന്റെ ഓലക്കുട കരയിൽ വെച്ചു. കൈകാൽ ശുദ്ധമാക്കി കയറിയ അദ്ദേഹം അവിടെയിരുന്ന തന്റെ കുട എടുക്കാൻ നോക്കി പക്ഷെ അത് തൽസ്ഥാനത്തു ഉറച്ചു പോയിരുന്നു. അദ്ദേഹത്തിന് കൃഷ്ണ സാനിധ്യം മനസ്സിലാവുകയും അവിടെ താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ചെയ്തു.

ക്ഷേത്രത്തിന്റെ മുന്നിൽ വലിയൊരു ആൽമരം കാണാം. നീണ്ട നടവരമ്പാണ് അടുത്തതായി കാണുക. അഗ്രഹാര ഭംഗി ഉയർത്തിക്കാട്ടുന്ന നടവരമ്പിനു പടിഞ്ഞാറേ അറ്റത്തായി ഇരുനിലയോടു കൂടിയ ക്ഷേത്രഗോപുരം. പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ഗോപുരത്തിൽ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഗോപുരം കടക്കുന്നത് നമ്മൾ ആനക്കൊട്ടിലിലോട്ടാണ്. പന്ത്രണ്ടു വൃത്തതൂണുകൾ ചേർന്ന അതിവിശാലമായ ആനക്കൊട്ടിലാണ് കാണാൻ സാധിക്കുക. കൊടിമരത്തിന് മുന്നിൽ ബലിക്കല്ല്. വാതിൽമാടം കടന്നാൽ നമസ്കാരമണ്ഡപം. നമസ്കാരമണ്ഡപത്തിനു ഇടത്തായി തിടപ്പുള്ളിയും വലത് ഭാഗത്തത് മുളയറയും മണികിണറും. കന്നിമൂലയിലായി വിഘ്നങ്ങളകറ്റുന്ന ഗാംഭീര്യത്തോടെ മഹാഗണപതിയാണ് ഉപദേവത.
നാലമ്പലത്തിനു പുറത്ത്‌ ആനക്കൊട്ടിലിനു ഇടതുവശത്തായി അഗ്രശാലയും പത്തായ പുരയും. കരിങ്കൽ പാകിയ പ്രദിക്ഷണ വഴി, ചെങ്കൽകൊണ്ട് തീർത്ത ചുറ്റുമതിൽ, മതിലിനു പുറത്തു ഐതീഹ്യത്തിൽ കാണിക്കുന്ന ചിറ (ക്ഷേത്രക്കുളം). കുളപ്പുറയോട് കൂടിയതാണ് ക്ഷേത്രക്കുളം. 

ഈ ക്ഷേത്രം ചരിത്രത്തിലും ഇടംനേടിയിട്ടുണ്ട്. പ്രഗത്ഭരായ പല കലാകാരന്മാരുടെയും അരങ്ങേറ്റം ഇവിടെ വെച്ചാണ് നടന്നിട്ടുള്ളത്. കർണാടക സംഗീതത്തിന്റെ ചക്രവർത്തി സംപൂജ്യ ചെമ്പൈ വൈദ്യനാഥ ഭാഗവതർ അരങ്ങേറ്റം നടത്തിയത് ഈ തിരുനടയിലാണ്.
കഥകളിയുടെയും വാദ്യവിസ്മയങ്ങളുടെയും അമരക്കാരായ പലരും കാന്തളൂരപ്പന്റെ തിരുനടയിൽ അഭ്യസിച്ചു വന്നവരാണ്. കലയും സാഹിത്യവും വേദങ്ങളും കാന്തള്ളൂർ ശ്രീകൃഷ്ണക്ഷേത്രവുമായി ഇഴുകിചേർന്ന് കിടക്കുന്നു. ഗുരു കുഞ്ചുകുറുപ്പ്, പദ്മശ്രീ കീഴ്പടം കുമാരൻനായർ, നാണുനായർ, പദ്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ തുടങ്ങിയ പ്രഗത്ഭരായ കഥകളി കലാകാരന്മാർ ചൊല്ലിയാടിയതും ഈ തിരുസന്നിധിയിൽ തന്നെ. കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ് (കഥകളി സംഗീതം), കലാമണ്ഡലം അച്ചുണ്ണിപൊതുവാൾ (കഥകളി ചെണ്ട) തുടങ്ങിയ കലയെ നെഞ്ചോടു ചേർത്ത് പിടിച്ച കലാകാരന്മാരും ഏറെയാണ് കാന്തള്ളൂരിനുള്ളത്. ഒളപ്പമണ്ണ മന വക കളിയോഗവും കാന്തള്ളൂർ ക്ഷേത്രത്തിന്റെ പത്തായപുരയിലാണ് അന്ന് പ്രവർത്തിച്ചിരുന്നത്. ആയതിനാൽ കഥകളിയുടെ വിശ്വപ്രദാനമായ "കല്ലുവഴിച്ചിട്ട" ഉത്ഭവിച്ചതും ഇവിടുന്നു തന്നെ...

ക്ഷേത്രം ഇന്ന് :

ക്ഷേത്രം ഊരാഴ്മക്കാരായ ഒളപ്പമണ്ണ മനയിലെ അംഗം രക്ഷാധികാരിയായികൊണ്ടുള്ള ഭരണസമിതിയാണ് ഇന്ന് ഇവിടെ ഉള്ളത്. ക്ഷേത്രം തന്ത്രം അണ്ടലാടിമനക്കാർക്കാണ്.
ക്ഷേത്രത്തിൽ മലയാളമാസം മേടത്തിൽ മകയിരം പ്രതിഷ്ഠ ദിനമായി കൊണ്ടാടുന്നു. വൃശികമാസത്തിലെ തിരുവോണം തൃക്കൊടികയറി 3 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവവും വിപുലമായി കൊണ്ടാടുന്നു. വൈശാഖ മാസം ഭാഗവത സപ്താഹവും ജന്മാഷ്ടമിയും നവരാത്രി വിളക്കും ഇന്നും ഘോഷത്തോടെ കൊണ്ടാടുന്നു. കൂടാതെ എല്ലാ വിശേഷാൽ ദിവസങ്ങളും കൊണ്ടാടുന്നു.

ഉദയാസ്തമനപൂജയും തുളസിമാലയും നെയ്‌വിളക്കും, വെണ്ണയും, പഞ്ചസാരപ്പായസവും പ്രധാന വഴിപാടുകളാണ്. 

എല്ലാ മുപ്പട്ട് വെള്ളിയാഴ്ചകളിലും ഉപദേവനായ ഗണപതിക്ക് ഒറ്റയും ഇവിടുത്തെ ഏറെ വിശേഷാൽ വഴിപാടുകളാണ്.

സത്സന്താന ലബ്ധിക്കും മംഗല്യഭാഗ്യത്തിനും ഭഗവാനെ ഭജിക്കുന്നവർ ഏറെ ആണ്. അടിപ്രദിക്ഷണവും ഇവിടെ ഉപാസിച്ചു വരുന്നു.

No comments:

Post a Comment