ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

27 June 2022

പഞ്ചകോശങ്ങൾ ഉപനിഷത്തിൽ

 പഞ്ചകോശങ്ങൾ ഉപനിഷത്തിൽ

ജീവന്റെ ആസ്ഥിത്വത്തിനെ ആവരണം ചെയ്തിരിക്കുന്ന അഞ്ചു പാളികളെയാണ് പഞ്ചകോശമെന്നു പറയുന്നത്. ഇത് യോഗികളുടെ ശരീരശാസ്ത്രമാണ്. ആയുർവേദത്തിന്റെയും താന്ത്രിക്ക് മെഡിറ്റേഷന്റെയും മൗലികതത്വങ്ങൾ അടങ്ങിയിരിക്കുന്നതും പഞ്ചകോശങ്ങളിലാണ്. തീർച്ചയായും യോഗാശാസ്ത്രവും ഇതിലടങ്ങിയിട്ടുണ്ട്. യോഗികളുടെ കാഴ്ചപ്പാടിൽ മനുഷ്യജീവിതം ശരീരത്തിലെ ഓരോ ഭാഗങ്ങളാലും ബന്ധിതമാണ്. അതേ സമയം ഓരോ അവയവങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. മനസും ശരീരവുമെല്ലാം ഇതിൽ ബന്ധിതമാണ്.
ശരീരത്തിന്റെ നിലനില്പ്പിനായുള്ള ഈ പ്രവർത്തന മണ്ഡലങ്ങളെ കറങ്ങുന്ന ഒരു ചക്രത്തിന്റെ അഞ്ചു പാളികളോടാണ് ഉപമിച്ചിരിക്കുന്നത്. ഉപനിഷത്തിൽ ഈ ചക്രപാളികളെ പഞ്ചകോശങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. പഞ്ചകോശങ്ങളെ ഒരു ചെറുനാരങ്ങായുടെ അടുക്കുകളോട് (layers) ഉപമിക്കാം. നാരങ്ങയുടെ ഓരോ പാളികളും (layers) അടുത്ത പാളിയോട് ബന്ധിതമാണ്. ഈ തത്വങ്ങൾ തന്നെയാണ് മനുഷ്യ ശരീരത്തിന്റെ നിലനിൽപ്പിലുള്ളതും.

ജീവന്റെ പരമാനന്ദ സത്യത്തെ പഞ്ച കോശങ്ങളെന്ന് ഉപനിഷത്തിൽ അറിയപ്പെടുന്നു. അവകളെ അന്നം അഥവാ ഭക്ഷണം, പ്രാണൻ അഥവാ ജീവൻ, മനസ്, വിജ്ഞാനം, ആനന്ദം എന്നിങ്ങനെ അഞ്ചു കോശങ്ങളായി വേർതിരിച്ചിരിക്കുന്നു. അറിവിന്റെ വ്യാപ്തിക്കപ്പുറം സഞ്ചരിക്കുന്ന ഈ കോശങ്ങളെ (പാളികളെ ) മായയായി കണക്കാക്കുന്നു. കാരണം, മായ സത്യമാണ്. ദൈവമാണ്. ഇവിടെ മായ മനുഷ്യന്റെ നിലനില്പ്പിന്റെ സത്യമാണ്. ഈ കോശങ്ങൾ തമ്മിലുള്ള പ്രവർനങ്ങളെ അറിയപ്പെടാത്ത ശക്തിയായ മായയായി കരുതാം. ഇവിടെയാണ്‌ നാം ഈശ്വരന്റെ ശക്തി ലീലാവിലാസങ്ങളിൽ വിസ്മയപൂരിതമാകുന്നത്. 
അന്നമയ കോശം ഭൌതിക തലത്തിലെ ആവരണമാണ്. പ്രാണമയ കോശം പ്രാണരക്ഷക്കുള്ള ശക്തിയുടെ ആവരണമാണ്. മനോമയ കോശം മനശക്തി സംബന്ധിച്ച വലയവും. വിജ്ഞാനമയ കോശം മനസിന്റെ ഉപരിതലത്തിൽ പ്രവർത്തിക്കുന്നു. അവിടം അറിവിന്റെ പാനപാത്രമാണ്. ദിവ്യമായ അതീന്ദ്രിയ ശക്തികളെക്കുറിച്ചുള്ള പഠനവും ഈ വലയത്തിനുള്ളിൽ സ്ഥിതിചെയ്യുന്നു. അഞ്ചാമത്തെ ആനന്ദമയ മറ്റു നാല് കോശങ്ങളാൽ ആവരണം ചെയ്തിരിക്കുന്നു. സ്വയമിതിനുള്ളിൽ ആത്മമെന്നു സങ്കല്പ്പിക്കുന്ന പരമാനന്ദമാണ്. അനുഭവജ്ഞാനാതീതമായ മായ എന്ന സത്യമാണ് ഈ കോശത്തിൽ കുടികൊള്ളുന്നത്‌. ഈ കോശത്തെ സ്വർഗീയാനുഭൂതിയായ നിർവൃതിയെന്നും വിളിച്ചുകൊള്ളൂ.

 1.അന്നമയ കോശം: 

 യോഗികളുടെ ശരീരശാസ്ത്രമായ പഞ്ചകോശങ്ങളിലെ ആദ്യത്തെ പാളിയാണ് അന്നമയ. അന്നമയ ഭൌതിക ശരീരത്തിന്റെ അനുഭവങ്ങളാണ്. അന്നമെന്നു പറഞ്ഞാൽ ഭക്ഷണം. അതിൽ മായയും ഒളിച്ചിരിക്കുന്നു. അങ്ങനെ, അന്നമയ കോശമെന്നത് നമ്മുടെ ഭൌതിക ശരീരമുൾകൊള്ളുന്ന ഭക്ഷണത്തിന്റെ സമതലമാണ്. പ്രാണന്റെ നിലനില്പ്പു, പൂർണ്ണമായും ഈ മായയെ ആശ്രയിച്ചിരിക്കുന്നു. വെള്ളം, വായു, ഭക്ഷണം എന്നിവകൾ പ്രാണൻ വരളാതെ നിലനിർത്തുന്നു. ഈ കോശം ഒരു വാളുറ പോലെയാണ്. വാളിനെ വാളുറ കേടില്ലാതെ സൂക്ഷിക്കുന്നതുപോലെ പ്രാണനെ കാത്തു സൂക്ഷിക്കുന്നതും അന്നമയയാണ്. ഭക്ഷണമില്ലാതെ ഏതാനും ദിവസങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും ഏതു നിമിഷവും പ്രാണനറ്റുപോവാം. യോഗായിൽ ശരീരശാസ്ത്രത്തെപ്പറ്റിയുള്ള സൂക്ഷ്മനിരീഷണമാണ് ആദ്യത്തെ തുടക്കം.

2. പ്രാണമയ കോശം :

പ്രാണമയകോശം, ഭൌതികശരീരവും ജീവനെ ബാധിക്കുന്ന മറ്റുള്ള കോശങ്ങളും മനസും ശരീരവുമായി ബന്ധിപ്പിക്കുന്നു. ജീവന്റെ ശക്തിയായ പ്രാണൻ മനുഷ്യാവയവങ്ങളിൽ ഒന്നായി പ്രവർത്തിക്കുന്നു. ഓരോ ചലനങ്ങളും ശ്വാസവും അചഞ്ചലമായി പ്രവർത്തിക്കുന്നു. ശരീരവും പ്രാണനുമൊത്ത് മനുഷ്യനാക്കി തീർക്കുന്നു. പ്രാണനും ശരീരവും യാനപാത്രത്തിനുള്ളിലിരുന്നു സ്വയം വിവേകമതികളാകുന്നു. ഭൌതികശരീരം കൂടാതെ അന്നമയയുടെ ശക്തിയിൽ ആത്മം അവനിൽ ഉറക്കുകയാണ്. രക്ത മാംസത്തോടെയുള്ള മനുഷ്യനിൽ ആത്മമെന്ന മായാശക്തിയും അവനിൽ നിറയും. പ്രാണമയ, മനുഷ്യന്റെ പ്രാണവായുവിനോടും നാഡികളിലെ രക്തയോട്ടത്തോടും ബന്ധിതമാണ്.
പ്രാണവായു അഞ്ചു വിധമെന്ന് തൈത്രിയ ഉപനിഷത്ത് പറയുന്നു. അവകൾ പ്രാണ, അപന,സാമന, ഉദന, വ്യാന എന്നിവകളാണ്. ഇവകൾ ഓരോന്നും ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമാണ്.
 'പ്രാണ' ഹൃദയത്തെയും ശ്വാസകോശത്തെയും ബന്ധിപ്പിച്ച് ശ്വസിക്കുവാൻ സഹായിക്കുന്നു. ആമാശയങ്ങൾ , കിഡ്നി, അടിവയറ്, ജനനേന്ദ്രിയ പ്രവർത്തനങ്ങൾ 'അപന' യുടെ ജോലിയാണ്. 'സാമന', ഹൃദയം, പാൻക്രിയാസ്, കരൾ എന്നിവകളുടെ സമനിലമാണ്. 'ഉദന' തലച്ചോറിനെയും തല കഴുത്തുകളെയും ഇന്ദ്രീയാനുഭൂതികളെ സംബന്ധിച്ചും വിവേകം ഉണ്ടാക്കുന്നു. മനുഷ്യശരീരത്തിനു മൊത്തമായ ശക്തി സംഭരിച്ചു വെക്കുന്നത് 'വ്യാന'യാണ്. ശരീരത്തിന്റെ ശക്തിയെയും നീക്കങ്ങളെയും നിയന്ത്രിക്കുന്നു. വ്യാനയുടെ പ്രവർത്തന തടസത്തിൽ കൈവിറകൾ, ബോധമില്ലാത്ത മനസ്സ്, ചലനശക്തിയുടെ കുറവുകൾ എന്നിവ അനുഭവപ്പെടും.

3. മനോമയ കോശം 

മനസിനെ ആവരണം ചെയ്തിരിക്കുന്ന ഈ പാളികളിൽ കാര്യകാരണങ്ങളെ ചിന്തിക്കുവാനും നീതികരിക്കുവാനും അഞ്ചു മണ്ഡലങ്ങലിലെയും ഇന്ദ്രിയങ്ങൾ ഒന്നായി പ്രവർത്തിക്കുവാനും ഇടയാകുന്നു. ഞാനും എനിക്കും എന്ന് സ്വതന്ത്രമായി വിവേചിച്ചറിയുന്ന കാരണങ്ങളും ഈ വലയത്തിനുള്ളിലാണ്. ഉപബോധമനസിന്റെ പ്രവർത്തനങ്ങളും ഈ പാളികളിൽ വസിക്കുന്നു. ഈ കോശത്തോടൊപ്പം അന്നമയയും പ്രാണമയയും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നു. ഉള്ളിലുള്ള ലോകവും ബാഹ്യലോകവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലവുംകൂടിയാണ് മനസെന്നു പറയുന്ന ഈ മായ. ബാഹ്യമായ ലോകങ്ങളെ ഇന്ദ്രീയങ്ങളിൽകൂടി ആവാഹിച്ച് അഹംബോധത്തെ സൃഷ്ടിക്കുന്നു. ഭൌതിക ശരീരത്തിനുള്ളിൽ അന്തർജ്ഞാനത്തെ നിറയ്ക്കുന്നതും പരിപോഷിപ്പിക്കുന്നതും ഈ കോശമാണ്.

4. വിജ്ഞാനമയ കോശം 

വിജ്ഞാനവും വിവേകവും തമ്മിൽ ബന്ധിപ്പിക്കുന്നതും ഈ കോശത്തിനുള്ളിലാണ്. ചിലപ്പോൾ ഉപബോധമനസുമായും പ്രവർത്തിക്കുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെ അഗാധമായി ചിന്തിക്കുന്ന സമയത്തും മനസിനെ സമതുലനാവസ്ഥയിൽ വിവേകം പിടിച്ചുനിർത്തുന്നു. വിജ്ഞാനകോശം എന്നുള്ളത് ഒരു വ്യക്തിയും ആഗോളമനസും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. ബോധമനസിലേക്ക്‌ അറിവുകളെ പ്രവഹിപ്പിക്കുന്നു. ഈ കോശം ഉണർന്നിരിക്കുന്ന സമയത്താണ് ഒരുവനിൽ അന്തർജ്ഞാനവും ഉണ്ടാകുന്നത്. ബാഹ്യലോകത്തിൽനിന്നും വാസ്തവികതയെ തിരിച്ചറിയുന്നതും ഇവിടെയാണ്‌. പുസ്തകങ്ങളിൽക്കൂടിയല്ലാത്ത വിവെകത്തിലേക്കും നയിക്കുന്നു. ആ വിജ്ഞാനം നമ്മുടെ ഹൃദയത്തിൽനിന്നുള്ള പരമസത്യവും ആയിരിക്കും.

5.ആനന്ദമയ കോശം

പരമാത്മാവിലേക്കുള്ള അത്മത്തിന്റെ, അതീതമായ പ്രാണന്റെ ഉറവിടവും ഇവിടെയാണ്‌. ഉപബോധ മനസിനെ സൂക്ഷിക്കുന്നതും ഇവിടെയാണ്‌. മനസും ശരീരവും ഇന്ദ്രീയങ്ങളും ഉറങ്ങുന്ന സമയത്തും ഉപബോധമനസ് പ്രവർത്തിക്കുന്നതു ഈ കോശത്തിൽനിന്നാണ്

No comments:

Post a Comment