ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

7 June 2022

പ്രത്യംഗിരാ ദേവി

പ്രത്യംഗിരാ ദേവി

"സിംഹീം സിംഹമുഖീം സഖീം ഭഗവതഃ ശ്രീ ഭൈരവോല്ലാസത് 
ശൂല സ്ഥൂല കപാല പാശ ഡമരു വ്യാഘ്രാഗ്ര ഹസ്‌താംബുജാം 
ദംഷ്ട്രാകോടി വിസം കടാസ്യ കുഹരാം ആരക്ത നേത്രത്രയം 
ബാലേന്ദുജ്ജ്വല മൗലികാം ഭഗവതീം പ്രത്യംഗിരാം ഭാവയേ"

പല പരമ്പരകളിലും ശ്രീവിദ്യ ഉപാസകർ തങ്ങളുടെ പുജകളുടെ ആരംഭത്തിൽ പ്രത്യംഗിരാദേവിയെ പൂജിക്കാറുണ്ട്. ഭക്തരുടെ ദൃഷ്ടിദോഷം, ഗ്രഹദോഷം, ആഭിചാരദോഷം എന്നിവ നശിപ്പിക്കുന്ന ദേവതയാണ് അമ്മ. 

ഉപാസകരുടെ ശത്രുക്കളെ നശിപ്പിക്കുന്ന അത്യുഗ്രദേവതയാണ് പ്രത്യംഗിരാ ദേവി. ഋഗ് വേദത്തിൽ, പ്രത്യംഗിരാസൂക്തത്തിൽ 48 ഋക്കുകളിലായി പ്രത്യംഗിരാദേവിയുടെ ആരാധനയെ പറയുന്നു. ഇതിൽ പല ഋക്കുകളും പ്രയോഗിച്ചാൽ ശത്രുവിന്റെ സമ്പൂർണ്ണ നാശമാണ് ഫലം. അത്തരത്തിലുള്ള ഒരു ഋക്കിന്റെ ഏകദേശം അർത്ഥം ഇതാണ്.

"എനിക്കാരെയും ഉപദ്രവിക്കാൻ താല്പര്യമില്ല, മറ്റുള്ളവർക്ക് നല്ലത് ചെയ്യാനേ എനിക്കാഗ്രഹമുള്ളു. ആരെങ്കിലും എന്നെ ഉപദ്രവിക്കാനോ നശിപ്പിക്കുവാനോ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നുവെങ്കിൽ അവരെ യമലോകത്തേക്ക് എത്തിക്കുക"

യോഗ്യരായവർക്ക് ഗുരുമുഖത്ത് നിന്നുമാത്രം സ്വീകരിച്ചു സിദ്ധിയാക്കേണ്ട വിദ്യയാണ് അമ്മ പ്രത്യംഗരാദേവിയുടേത്. അല്ലാത്ത പക്ഷവും, വേണ്ടാത്ത കാര്യങ്ങൾക്കും പ്രയോഗങ്ങൾക്കും ശ്രമിച്ചാലോ വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിൽ പെട്ടത് പോലെ ആയിപ്പോകും. സാധാരണ ഭക്തർ ഭക്തിയോടെ അമ്മയായി കണ്ടു ആരാധിച്ചാൽ മതി. 

പല ഋഷിമാരും ഉപാസകരും അമ്മയെ ഉപാസിച്ചു ധ്യാനവും, സ്തുതികളും, പൂജ/താന്ത്രിക വിധികളും ഉണ്ടാക്കിയിട്ടുണ്ട്. രുദ്രയാമള തന്ത്രം, പ്രപഞ്ചസാരസംഗ്രഹം, പ്രപഞ്ചസാരം മുതലായ ഗ്രന്ഥങ്ങളിൽ ഇത് പ്രതിപാദിക്കുന്നുണ്ട്. അംഗിരസ്സ്, പ്രത്യംഗിരസ്സ് എന്നീ മഹർഷിമാരാണ് അമ്മയെ ഈ കാലഘട്ടത്തിൽ തപസ്സ് ചെയ്തു പ്രത്യക്ഷമാക്കിയത് അതിനാൽ അമ്മ അവരുടെ പേരിൽ അറിയാൻ ഇഷ്ടപ്പെട്ടു. 

എന്തിനായിരിക്കും ഉഗ്രദേവതകളെ സാധകർ ഉപാസിച്ചു സിദ്ധിയാക്കേണ്ടത്? ആത്മീയ സാധനയിൽ ക്രമേണ സാത്വികാരായി മാറുന്ന ഉപാസകരെ ശത്രുക്കളിൽ നിന്നും ഈ ദേവതകൾ സംരക്ഷിക്കും.

No comments:

Post a Comment