ഇതിൽ വരുന്ന പോസ്റ്റുകൾ എല്ലാം ശരി അവണം എന്നില്ല, നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരി എന്ന് തോന്നുന്ന കാര്യം മാത്രം ജിവിതത്തിൽ പകർത്തുക.

28 June 2022

പരശുരാം കുണ്ഡ്

പരശുരാം കുണ്ഡ്

അരുണാചൽപ്രദേശിലെ ലോഹിത് ജില്ലയിലെ ലോഹിത് നദിയുടെ താഴെ ഭാഗത്ത് സ്ഥിതിചെയ്യുന്ന പ്രമുഖ ദേശീയ ഹൈന്ദവ തീർത്‌ഥാടന കേന്ദ്രമാണ് പരശുരാം കുണ്ഡ്.

ഇതിന് പിന്നിൽ ഒരു പുരാണ കഥയുണ്ട്. വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ പിതാവ് ജമദഗ്നിയുടെ നിർദ്ദേശപ്രകാരം അമ്മ രേണുകയെ തന്റെ മഴു ഉപയോഗിച്ച് ശിരഛേദം ചെയ്തു. അനുസരണത്തിൽ സന്തുഷ്ടനായ പിതാവ് അദ്ദേഹത്തിന് ഒരു അനുഗ്രഹം നൽകാൻ തീരുമാനിച്ചു. അമ്മയെ വധിച്ച പാപം ചെയ്തതിനാൽ ആ മഴു പിന്നീട് കൈയിൽ നിന്ന് വേർപെടുത്താൻ കഴിയാതെ വന്നു. അതിനാൽ തന്റെ അമ്മയെ തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പരശുരാമൻ സ്വപിതാവിനോട് ആവശ്യപ്പെട്ടു. അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിനുശേഷവും കൈയിൽ നിന്ന് മഴു നീക്കം ചെയ്യാൻ കഴിഞ്ഞില്ല. അദ്ദേഹം ചെയ്ത ക്രൂരമായകുറ്റകൃത്യത്തിന്റെ പരിണിത ഫലമായിരുന്നു അത്. തന്റെ കുറ്റത്തിൽ അനുതപിച്ച അദ്ദേഹം സപ്തഋഷികളുടെ ഉപദേശം സ്വീകരിച്ച് ലോഹിത് നദിയുടെ തീരത്ത് എത്തി ശുദ്ധമായ വെള്ളത്തിൽ കൈ കഴുകി. എല്ലാ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കാനുള്ള ഒരു മോക്ഷ മാർഗ്ഗമായിരുന്നു അത്. കൈകൾ വെള്ളത്തിൽ മുക്കിയ ഉടൻ മഴു വേർപെട്ടു. ആ സ്ഥലമാണ് പരശുരാം കുണ്ഡ്.
പരശുരാം കുണ്ടിന്റെ ആദ്യ പുണ്യഘട്ട് (സ്ഥലം ) 1950-ൽ ആസം-ഭൂകമ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മുഴുവൻ നാമാവശേഷമാക്കിയ വേളയിൽ കുണ്ട് പൂർണ്ണമായും പ്രളയത്തിൽ ഒഴുകിയെത്തിയ കല്ല്കൊണ്ട് മൂടപ്പെട്ടു. എന്നാൽ,അന്ന് നിലവിൽ ഉണ്ടായിരുന്ന കുണ്ടിന്റെ അതേ സ്ഥലത്തിന് തന്നെ മുകളിൽ അപ്പോൾ വളരെ ശക്തമായ ഒരു ജല പ്രവാഹം പ്രത്യക്ഷപ്പെടുകയും വലിയ പാറകൾ നിഗൂഢമായ രീതിയിൽ നദീതീരത്ത് വൃത്താകൃതിയിൽ തനിയെ രൂപംകൊള്ളുകയും ചെയ്തു. തത്ഫലമായി പഴയതിന് പകരം അതിന്മുകളിൽ മറ്റൊരു കുണ്ട് രൂപം കൊണ്ടു. അതാണ്‌ ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്ന സ്ഥലം.
ഇവിടെ സാധാരണയായി ജനുവരി മാസത്തിലെ മകരസംക്രാന്തി ദിനത്തിൽ നേപ്പാളിൽ നിന്നും, ഇന്ത്യയിലുടനീളവും, പ്രത്യേകിച്ച് മണിപ്പൂർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുമായി 70,000 ഭക്തരും സന്ന്യാസികളും ഉൾപ്പെടെ ഓരോ വർഷവും ഇവിടെ പുണ്യസ്നാനം നടത്തുന്നു എന്നാണ് സർക്കാർ കണക്കുകൾ.

No comments:

Post a Comment